മണിക്കിലുക്കമില്ലാത്ത എട്ട് വർഷങ്ങൾ; മലയാളിയുടെ ഓർമ്മയിൽ എന്നും ജീവിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതി

2016 മാർച്ച് ആറിനാണ് കലാഭവൻ മണി വിട പറയുന്നത്

dot image

സിനിമയ്ക്കപ്പുറം മലയാളികളുടെ മനസിൽ ഇടം നേടിയ കലാഭവൻ മണി ഓർമ്മയായിട്ട് എട്ട് വർഷം. വേർപിരിഞ്ഞിട്ടും നാടൻപാട്ടുകളിലൂടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ് ചാലക്കുടികാരൻ ചങ്ങാതി.

രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായാണ് കലാഭവൻ മണിയുടെ ജനനം. സാമ്പത്തികമായ ഇല്ലായ്മകൾക്കിടയിലായിരുന്നു മണിയുടെ ബാല്യം. ദാരിദ്ര്യപൂർണ്ണമായ ചെറുപ്പകാലത്തെ മണി പലവേദികളിലും അനുസ്മരിച്ചിരുന്നു. ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മിമിക്രിയിലും അഭിനയത്തിലും തുടക്കം കുറിച്ചു. 1987ൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ മണി ഒന്നാംസ്ഥാനം നേടി.

1991- 92 കാലഘട്ടത്തിലാണ് മണി 'കലാഭവൻ' മണിയാകുന്നത്. കൊച്ചിൻ കലാഭവനിൽ ചേർന്നത് മണിയുടെ ജീവിതത്തിലെ വഴിത്തിരിവായി. അനുകരണമികവും വ്യത്യസ്തമായ നമ്പറുകളും കൊണ്ട് മണി മലയാളയ്കൾക്കിടയിൾ ശ്രദ്ധ നേടി തുടങ്ങി. 1995ല് പുറത്തെത്തിയ അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര് കഥാപാത്രത്തിലൂടെ സിനിമയിലും അരങ്ങേറി. സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ എന്ന കഥാപാത്രം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ മണിയിലെ അഭിനേതാവിന്റെ മികവും വരച്ചുകാട്ടി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മറുമലർച്ചി, വാഞ്ചിനാഥൻ, ബന്താ പരമശിവം, ജെമിനി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തിനും പ്രിയപ്പെട്ടവനായി.

അഭിനേതാവ്, മിമിക്രി കലാകാരൻ എന്നിവയ്ക്കൊപ്പം ഒരു ഗായകൻ എന്ന നിലയിലും മലയാളിക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. നാടൻപാട്ട് എന്ന് കേൾക്കുമ്പോൾ ഏതൊരാളും ആദ്യം ഓർക്കുന്ന പേര് മണിയുടേതാകും. നാടൻപാട്ടുകളെ ഇത്രത്തോളം ജനപ്രിയമാക്കുന്നതിൽ കലാഭവൻ മണി വഹിച്ച പങ്ക് ചെറുതല്ല.

2016 മാർച്ച് ആറിനാണ് കലാഭവൻ മണി വിട പറയുന്നത്. പാതിവഴിയിൽ വിട പറഞ്ഞുവെങ്കിലും ചാലക്കുടിക്കാരൻ തൻറെ പ്രതിഭയും നിഷ്കളങ്കമായ ചിരിയും സ്വതസിദ്ധമായ നർമ്മവും കൊണ്ട് ജനപ്രിയനായി ഇന്നും തുടരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us