'യെമലോകത്തിലെ വാഴ്വരങ്ക നാങ്കേ...എങ്കൾക്കേ യെമനാ നീ?' ജെമിനിയിലെ കലാഭവൻ മണിയുടെ സൂപ്പർഹിറ്റ് ഡയലോഗ് ആണ് ഇത്. തമിഴ്നാട്ടിൽ മണി എന്തായിരുന്നുവെന്നും അവിടുത്തെ ആളുകൾക്ക് ഇപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിയാത്തതിന്റെയും പ്രധാന കാരണം ജെമിനി എന്ന ചിത്രമാണ്. നായകനായ വിക്രത്തെ പോലും ചില സീനുകളിൽ മണി തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. 1991ലാണ് കലാഭവൻ മണി തന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. 'ക്യാപ്റ്റൻ പ്രഭാകരൻ' എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് മണി തമിഴ് സിനിമയിലേക്ക് ചുവട്വെക്കുന്നത്. പിന്നീട് 1998ൽ 'മരുമലർച്ചി' എന്ന മമ്മൂട്ടി നായകനായി എത്തിയ തമിഴ് ചിത്രത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ വേഷവുമായി മണി വീണ്ടുമെത്തി.
2002ലാണ് ജെമിനിയിൽ വില്ലനായി മണി എത്തുന്നത്. മിമിക്രി രംഗത്ത് തന്റെ കഴിവ് തെളിയിച്ച നടൻ ചിത്രത്തിലും അത് തന്നെ പലയിടങ്ങളിലും ചെയ്തു. തമിഴ് പ്രേക്ഷകർക്ക് അത്തരം ഒരു കഥാപാത്രം അന്നത്തെ കാലത്ത് ഒരു അത്ഭുതം ആയിരുന്നു. അവിടെയാണ് കലാഭവൻ മണി കൂടുതൽ ശ്രദ്ധ നേടി തുടങ്ങിയത്. മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡും ഇന്റർനാഷണൽ തമിഴ് ഫിലിം അവാർഡും അദ്ദേഹം ജെമിനിയിലൂടെ സ്വന്തമാക്കി. അതിന് ശേഷം വിജയ്യുമായി ആദ്യം അഭിനയിച്ച ചിത്രമാണ് 'പുതിയ ഗീതായി'. വില്ലനായി അവതരിച്ച് വീണ്ടും കൈയടി നേടിയ ചിത്രമായിരുന്നു അതും. ഇതോടെ കലാഭവൻ മണി തമിഴിൽ ഒരു സ്ഥാനം ഉറപ്പിച്ചു. നിരവധി അവസരങ്ങൾ അദ്ദേഹത്തെ തേടി വന്നു.
സംവിധായകൻ ശങ്കർ തന്റെ എല്ലാ സിനിമകളിലും ഒരു മലയാളി നടനെ കാസ്റ്റ് ചെയ്യുമെന്ന ഖ്യാതി പരക്കെ ഇൻഡസ്ട്രിയിൽ ഉണ്ടെന്നാണ് പലരുടെയും അഭിപ്രായം. ശേഷം വന്ന വാർത്ത ശങ്കറിന്റെ 2005ൽ പുറത്തിറങ്ങിയ 'അന്ന്യൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലേക്ക് മണിയെ കാസ്റ്റ് ചെയ്തുവെന്നായിരുന്നു. പിന്നീട് എല്ലാവരും കണ്ടത് അദ്ദേഹത്തിന്റെ വേറിട്ടൊരു പ്രകടനം തന്നെയായിരുന്നു. മണി എന്ന നടന്റെ കഴിവ് തിരിച്ചറിഞ്ഞ ശങ്കർ അദ്ദേഹത്തെ വീണ്ടും തന്റെ ഏറ്റവും വലിയ ചിത്രമായ 'എന്തിരൻ' ലേക്കും വിളിച്ചു. താര സുന്ദരി ഐശ്വര്യ റായിക്കൊപ്പം സ്ക്രീൻ പങ്കുവെക്കാനുള്ള ഭാഗ്യം കലാഭവൻ മണിയ്ക്ക് ലഭിച്ചുവെന്നായിരുന്നു അന്നത്തെ പ്രധാന വാർത്ത. മണി നടിയുടെ കൂടെ ചിത്രത്തിൽ പ്രവർത്തിച്ച അനുഭവം പല ഇന്റർവ്യൂകളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്.
2015ൽ ജീത്തു ജോസഫ് സംവിധാനത്തിൽ പുറത്തിറങ്ങിയ 'ദൃശ്യം' തമിഴ് പതിപ്പിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മലയാളത്തിൽ കലാഭവൻ ഷാജോൺ ചെയ്ത വേഷമാണ് മണി തമിഴിൽ ചെയ്തത്. മണിയുടെ ദൃശ്യത്തിലെ പ്രകടനത്തെ പ്രശംസിച്ച് കമൽ ഹാസൻ മിക്ക വേദികളിലും സംസാരിച്ചിട്ടുണ്ട്.
മണിക്കിലുക്കമില്ലാത്ത എട്ട് വർഷങ്ങൾ; മലയാളിയുടെ ഓർമ്മയിൽ എന്നും ജീവിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതിതമിഴ് സിനിമകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് അതുപോലെ തമിഴ് നടന്മാരെയും അവർക്ക് കേരളത്തിലുള്ള ഫാൻ ബേസും അതിന്റെ ഉത്തമ ഉദാഹരണമാണ്. ഇതുപോലെ കലാഭവൻ മണി എന്ന കലാകാരന് തമിഴ്നാട്ടിൽ ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ പല വേഷങ്ങളും ഇപ്പോഴും കണ്ട് ചിരിച്ചും കൈയ്യടിച്ചും രസിക്കുന്ന രസികർ അവിടെയുണ്ട്. ഇന്ന് കലാഭവൻ മണി മരിച്ചിട്ട് എട്ട് വർഷം തികയുകയാണ്. മലയാള സിനിമയും തമിഴ് സിനിമാ ലോകവും ഇപ്പോഴും മറക്കാൻ ആഗ്രഹിക്കാത്ത അതുല്യ പ്രതിഭയ്ക്ക് പ്രണാമം. ഒരിക്കലും മറക്കില്ല അദ്ദേഹം സിനിമ ലോകത്തിന് തന്ന കഥാപാത്രങ്ങളെയും നല്ല നിമിഷങ്ങളെയും....
മണിക്കിലുക്കമില്ലാത്ത എട്ട് വർഷങ്ങൾ; മലയാളിയുടെ ഓർമ്മയിൽ എന്നും ജീവിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതി