OSCAR 2024: തൊട്ടരികിൽ ഓസ്കർ, 'ഓപ്പൺഹൈമർ' നോളന്റെ രാശിയാകുമോ?

ആൻഡ് ദ് ഓസ്കർ ഗോസ് ടു ക്രിസ്റ്റഫർ നോളൻ എന്ന് കേൾക്കാനായി കാത്തിരിക്കാം

dot image

സിനിമകളിലെ പുത്തൻ പരീക്ഷണങ്ങളിലൂടെ എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. 96-മത് ഓസ്കർ നോമിനേഷനിൽ വീണ്ടും നോളന്റെ പേരെത്തുമ്പോൾ ആദ്യ ഓസ്കർ അദ്ദേഹം ഓപ്പൺഹൈമറിലൂടെ ഏറ്റുവാങ്ങും എന്ന പ്രതീക്ഷയിലാണ് ലോക പ്രേക്ഷകർ. അങ്ങനെയെങ്കിൽ നോളചരിതത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തപ്പെടും. മാത്രമല്ല ആഗോളതലത്തിൽ ചർച്ചയായ ഓപ്പൺഹൈമർ നോളന്റെ രാശിയാകുമോ എന്നാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

പുത്തൻ പരീക്ഷണങ്ങളുടെ ക്രാഫ്റ്റ്മാൻ

2002-ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളന്റെ രണ്ടാം ചിത്രം 'മൊമെന്റോ' ആണ് ഓസ്കർ നോമിനേഷനിൽ കയറിയ ആദ്യ ചിത്രം. സഹോദരൻ ജൊനാഥൻ നോളന്റെ ചെറുകഥയായ 'മൊമെന്റോ മോറി' എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരം. ഒരു മിസ്റ്ററി സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങിയ ചിത്രം സാധാരണ പ്രേക്ഷകനെ കുഴപ്പിക്കുന്നതായിരുന്നു. ക്ലൈമാക്സിൽ നിന്ന് തുടങ്ങി പിന്നിലേക്ക് സഞ്ചരിക്കുന്നതായിരുന്നു ഈ സിനിമയിലെ നോളൻ ടെക്നിക്. ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലുള്ള സീനുകൾ സിനിമയെ കഥയുടെ പുറകോട്ടുള്ള സഞ്ചാരത്തെയാണ് ദൃശ്യവത്കരിച്ചത്. മേക്കിംഗ് കൊണ്ട് 'മൊമെന്റൊ' ഏറെ വ്യത്യസ്തത പുലർത്തിയിരുന്ന സിനിമയാണ്. ആ വർഷത്തെ ഓസ്കറിൽ ചിത്രം മികച്ച തിരക്കഥ വിഭാഗത്തിലേക്ക് മത്സരിച്ചെങ്കിലും പുരസ്കാരം ലഭിച്ചത് റോബർട്ട് അൾട്മാൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത 'ഗോസ്ഫോർഡ്' പാർക്ക് എന്ന ചിത്രത്തിനായിരുന്നു.

പിന്നീട് 'ഇൻസോംനിയ' (2002), 'ബാറ്റ്മാൻ ബിഗിൻസ്' (2005), 'ദ പ്രെസ്റ്റീജ്' (2006), 'ദ ഡാർക്ക് നൈറ്റ്' (2008) എന്നീ ചിത്രങ്ങളിലൂടെ നോളന്റെ കഥകൾ പ്രേക്ഷകരും ആസ്വദിക്കാൻ തുടങ്ങി. 'നോളനിസം' എന്നത് ഒരു സ്റ്റഡി മെറ്റിരിയലാക്കിക്കൊണ്ട് സിനിഫൈലുകളും നിരൂപകരും ചർച്ചകൾ ആരംഭിച്ചത് 2010-ൽ പുറത്തിറങ്ങിയ 'ഇൻസെപ്ഷൻ' എന്ന സൈ-ഫൈ സിനിമയോടെയാണ്. നോളൻ ആരാധകരുടെ പ്രിയപ്പെട്ട സിനിമയായി മാറിയ ഇൻസെപ്ഷൻ അത്ര സിംപിൾ സിനിമല്ലായിരുന്നു.

ഓരോ തവണയും പുതിയ കഥകളും കൂടുതൽ ചുരുളുകളും അഴിയുന്ന എത്ര കണ്ടാലും പുതുമ നശിക്കാത്ത സിനിമയാണ് 'ഇൻസെപ്ഷൻ'. രണ്ടര മണിക്കൂർ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ഇൻസെപ്ഷൻ കണ്ടുതീർക്കാൻ കഴിയില്ലെന്ന് പറയേണ്ടിവരും. 1400 കോടി രൂപ ബജറ്റിലൊരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ 6000 കോടി വാരിയെടുത്ത ചിത്രം എന്ന് പറയുമ്പോൾ തന്നെ ഇൻസെപ്ഷൻ നോളന്റെ മാസ്റ്റർപീസാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 2010-ലെ ഏറ്റവും മികച്ച നാലാമത്തെ ചിത്രമായി ഇൻസെപ്ഷൻ മാറുമ്പോൾ മികച്ച ചിത്രം, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച കലാസംവിധാനം, മികച്ച ഒറിജിനൽ സ്കോർ എന്നീ വിഭാഗങ്ങളിൽ അക്കാദമി പുരസ്കാരത്തിന് അർഹമായി. അപ്പോഴും അദ്ദേഹത്തിന് മികച്ച സംവിധായകനാകാൻ കഴിഞ്ഞില്ല.

സിനിമാസ്വാദന രീതി തന്നെ മാറ്റി മറിച്ച ഇൻസെപ്ഷൻ നോളന്റെ പത്ത് വർഷത്തെ ഗവേഷണത്തിൻ്റെയും കഠിനാധ്വനത്തിന്റെയും ഫലമായിരുന്നു. ഒരാളുടെ സ്വപനത്തെ എങ്ങനെ മറ്റൊരാൾക്ക് പങ്കുവെയ്ക്കാൻ സാധിക്കും എന്ന ചോദ്യത്തിന് ഒരാളുടെ സ്വപ്നത്തിൽ കയറി മറ്റൊരാൾക്ക് എന്തെല്ലാം മാനിപ്പുലേഷൻ സാധിക്കുമെന്ന് ഇൻസെപ്ഷൻ പറയുന്നു.

2014-ൽ ആഗോള തലത്തിൽ ചർച്ചയായി മാറിയ സയൻസ് ക്ലാസ് ചിത്രമാണ് നോളന്റെ 'ഇന്റർസ്റ്റെല്ലാർ'. 87-ാമത് അക്കാദമി അവാർഡിൽ അഞ്ച് വിഭാഗത്തിലാണ് ഇന്റർസ്റ്റെല്ലാർ മത്സരിച്ചത്. ഇതിൽ മികച്ച വിഷ്വൽ ഇഫക്ട്സിന് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ എന്തുകൊണ്ടും ഇടം നേടാൻ സാധിക്കുന്ന സിനിമ കൂടിയാണ് ഇന്റർസ്റ്റെല്ലാർ എന്ന് പറയാം. ഇന്റർസ്റ്റെല്ലാറിലെ ഒരു സിനിന്റെ ഒരോ സെക്കൻഡും ഷൂട്ട് ചെയ്യാൻ വേണ്ടി നൂറ് ദിവസത്തോളമാണ് എടുത്തത്.

ബ്ലാക്ക് ഹോൾ കാണിക്കുന്ന ഒരു സീനിലെ ഒരോ ഫ്രെയ്മും റെൻഡർ ചെയ്യാൻ 100 മണിക്കൂറാണ് ഫിസിക്സ് ആൻഡ് വിഷ്വൽ എഫക്ട്സ് എൻജിനിൽ എടുത്തത്. അത്തരത്തിൽ ഒരോ സെക്കൻഡിനും നൂറ് ദിവസം എങ്കിലും എടുത്തിട്ടാണ് ഇൻസെപ്ഷൻ എന്ന മൈൻഡ് ബെൻഡിംഗ് സിനിമ ലോക പ്രേക്ഷകരിലേക്ക് നോളൻ എത്തിച്ചിട്ടുള്ളത്. സ്പേസ് ഒഡിസി പോലുള്ള സ്റ്റാൻലി കുബ്രിക്കിന്റെ എപിക് സിനിമകൾക്ക് ശേഷം ലോകം അടയാളപ്പെടുത്തിയ സംവിധായകന് പക്ഷെ എന്തുകൊണ്ട് ഓസ്കറിൽ മാത്രം മികച്ച സംവിധായകനാകാൻ കഴിഞ്ഞില്ല എന്നതും അത്ഭുതമാണ്.

ശേഷം 2017-ൽ ഡൺകിർക്ക്. 1940- ൽ 40,000ത്തോളം ബ്രിട്ടീഷ്-ഫ്രഞ്ച് സൈനീകർ ജർമ്മനിയിലെ ഡൺകിർക്കിലെ കടൽ തീരങ്ങളിൽ കുടുങ്ങുന്നതിൻ്റെയും അവരുടെ അതിജീവനത്തിൻ്റെയും കഥയാണ് ഡൺകിർക്ക് പറയുന്നത്. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമ ചിത്രീകരിച്ചതും വളരെ റിയലിസ്റ്റിക്കായി തന്നെയാണ്. ആളുകളെ കടത്താനുപയോഗിച്ചിരിക്കുന്ന ബോട്ടുകൾ മുതൽ യുദ്ധ വിമാനങ്ങളും സ്ഫോടനവുംമെല്ലാം വിഎഫ്എക്സിന്റെ സഹായമില്ലാതെ തന്നെ അതിമനോഹരമായി ചിത്രീകരിച്ചവയാണ്. 2018-ലെ ഓസ്കർ പുരസ്കാരത്തിൽ മികച്ച ശബ്ദസംയോജനം, മികച്ച ശബ്ദമിശ്രണം, മികച്ച ഫിലിം എഡിറ്റിംഗ് എന്നിവയ്ക്കുള്ള പുരസ്കാരം ഡൺകിർക്ക് നേടിയെങ്കിലും മികച്ച ചിത്രം മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടാനായില്ല.

ഇനി ഓപ്പൺഹൈമർ. സിനിമയിൽ വിഎഫ്എക്സ് സാധ്യതകൾ പരമാവധി ഒഴിവാക്കുന്ന നോളൻ 'ഓപ്പൺഹൈമർ' എന്ന പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത് മുതൽ മറ്റൊരു ദൃശ്യവിസ്മയത്തിന് സാക്ഷ്യം വഹിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാപ്രേമികൾ. ആ പ്രതീക്ഷകൾ ഒട്ടും തെറ്റിക്കാതെ തന്നെയാണ് സിനിമ ലോകമെമ്പാടും എത്തിയതും. ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രഞ്ജൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം പറയുന്ന സിനിമയാകുമ്പോൾ സ്ഫോടനങ്ങളും യഥാർത്ഥമായി ചിത്രീകരിക്കുമോ എന്ന് പലരും സംശയമുന്നയിച്ചിരുന്നു.

എന്നാൽ ആ ചോദ്യങ്ങൾക്ക് മറുപടി ഓപ്പൺഹൈമർ എന്ന സിനിമ തന്നെയായിരുന്നു. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചിത്രീകരിച്ച യഥാർത്ഥ ന്യൂക്ലിയർ സ്ഫോടന രംഗവും ഏറെ ശ്രദ്ധ നേടി. ലോക സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടാൻ ഓപ്പൺഹൈമറിന് സാധിച്ചു എന്നു മാത്രമല്ല, ഗോൾഡൻ ഗ്ലോബ്സ്, ബാഫ്റ്റ തുടങ്ങിയ വേദികളിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി ആധിപത്യം സ്ഥാപിച്ചു. നോളന്റെ മാജിക് 150 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയത്.

മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച സഹനടൻ, സഹനടി, അവലംബിത തിരക്കഥ, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, ശബ്ദം, ഒറിജിനൽ സ്കോർ, മേക്കപ്പ്-ഹെയർ സ്റ്റൈൽ, പ്രൊഡക്ഷൻ ഡിസൈൻ, ചിത്രസംയോജനം എന്നിങ്ങനെ 13 വിഭാഗങ്ങളിലാണ് ഓപ്പൺഹൈമർ മത്സരിക്കുന്നത്. എന്നിരുന്നാലും പ്രേക്ഷകർ കാത്തിരിക്കുന്നത് മികച്ച സംവിധായകൻ ആരാകുെം എന്നുള്ളതാണ്. ആൻഡ് ദ് ഓസ്കർ ഗോസ് ടു ക്രിസ്റ്റഫർ നോളൻ എന്ന് കേൾക്കാനായി കാത്തിരിക്കാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us