എക്സ്ട്രാ ഓർഡിനറി ഇന്ദ്രൻസ് @68

വെറുമൊരു കോസ്റ്റ്യൂമറിൽ നിന്നും തുടങ്ങിയ നീണ്ട 36 വർഷ ജീവിത കഥ.

അമിത മോഹന്‍
3 min read|12 Mar 2024, 07:53 am
dot image

മലയാളികളുടെ ഇന്ദ്രൻസിന് ഇന്ന് 68-ാം പിറന്നാൾ. ആ ചിരിയിൽ സന്തോഷമുണ്ട്, വേദനയുണ്ട്, നിസഹായതയുണ്ട്, അങ്ങനെ ഇന്ദ്രൻസ് എന്ന മഹാനടന് അഭിനയത്തിന്റെ പല മുഖങ്ങളാണ്. 'എനിക്കും ഉണ്ടെടാ മോനെ ഒരു എക്സ്ട്രാ ഓർഡിനറി കഥ പറയാൻ' എന്ന് പറയുന്ന ഒലിവർ ട്വിസ്റ്റിനെ പോലെ ഇന്ദ്രൻസ് എന്ന നടന്റെ ജീവിതത്തിലുമുണ്ട് ഒരു എക്സ്ട്ര ഓർഡിനറി കഥ. വെറുമൊരു കോസ്റ്റ്യൂമറിൽ നിന്നും തുടങ്ങി 36 വർഷം പിന്നിടുന്ന സിനിമാക്കഥ, അനുഭവങ്ങളുടെ ജീവിത കഥ.

സുരേന്ദ്രൻ കൊച്ചുവേലു അഥവാ കെ സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് അമ്മാവന്റെ കൂടെ തയ്യൽ പഠിക്കാൻ ചേരുന്നു. അവിടെ നിന്ന് ഇന്ദ്രൻസ് എന്ന നടനിലേക്കുളള യാത്ര ഒരു സിനിമാ കഥ പോലെ വിചിത്രം. തയ്യൽ പഠിക്കുന്ന കാലത്താണ് ഇന്ദ്രൻസ് നാട്ടിലുള്ള സുഭാഷ് സ്പോര്ട്സ് ആന്ഡ് ആര്ട്സ് ക്ലബിന്റെ നാടകങ്ങളില് അഭിനയിച്ചു തുടങ്ങിയത്. ഇന്ദ്രന്സ് എന്ന പേര് താരത്തിന്റെ തയ്യൽ കടയുടെ പേരാണ്. ആദ്യമായി തുടങ്ങിയ സ്ഥാപനം. പിന്നീട് സിനിമയിൽ എത്തിയപ്പോൾ ഇതേ പേര് സ്വന്തം പേരായി സ്വീകരിക്കുകയായിരുന്നു അദ്ദേഹം. വസ്ത്രാലങ്കാര രംഗത്തു നിന്നാണ് സിനിമയിലേക്കുള്ള തുടക്കം. പത്മരാജന്റെ മേക്കപ്പ്മാന് മോഹന്ദാസിന്റെ അസിസ്റ്റന്റായാണ് മലയാള സിനിമയിലെത്തിയത്. പിന്നീട് പത്മരാജന്റെ തന്നെ നമുക്കുപാര്ക്കാന് മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി. സി പി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായി മാറിയ ഇന്ദ്രൻസ് പിന്നീട് ചലച്ചിത്ര രംഗത്ത് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങി. വസ്ത്രാലങ്കാരകനായും ജൂനിയർ ആർട്ടിസ്റ്റായും സിനിമ രംഗത്ത് വർഷങ്ങളോളം അദ്ദേഹം പ്രവർത്തിച്ചു.

പിന്നീട് സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ് എന്ന ജയറാം ചിത്രത്തിലെ വേഷം ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ് പോലുള്ള മുൻ നിര ഹാസ്യ സാമ്രാട്ടുകൾ അരങ്ങു വാണിരുന്ന മലയാള സിനിമാ ലോകത്തേക്ക് തന്റെ ചിരി കൊണ്ടും ഹാസ്യ ഭാവം കൊണ്ടും ഇടം പിടിക്കാൻ ഇന്ദ്രൻസിന് അധികം സമയം വേണ്ടി വന്നില്ല. മെലിഞ്ഞ രൂപം കൊണ്ടും മുഖ ഭാവങ്ങൾ കൊണ്ടും മലയാളി പ്രേഷകരെ രസിപ്പിച്ചും ചിരിപ്പിച്ചും അഭിനയത്തിന്റെ പടവുകൾ ചവിട്ടി കയറുകയായിരുന്നു അദ്ദേഹം.

മേലേപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കൺമണി, മാനത്തെ കൊട്ടാരം, പട്ടാഭിഷേകം, അനിയൻ ബാവ ചേട്ടൻ ബാവ, പഞ്ചാബി ഹൗസ് എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സിനിമകളിൽ ഹാസ്യ നടനായി പ്രേക്ഷക മനസുകളിൽ ഇടം പിടിച്ച ഇന്ദ്രൻസ് എന്ന നടൻ ഇന്നും അഭിനയ രംഗത്ത് നിറഞ്ഞാടുകയാണ്. തനിക്ക് ഹാസ്യം മാത്രമല്ല വഴങ്ങുന്നത് എന്ന് തെളിയിക്കാൻ ഇന്ദ്രൻസിന് വേണ്ടി വന്നത് നീണ്ട സിനിമ ജീവിതം തന്നെയാണ്. 2000 ത്തിന്റെ തുടക്കത്തിലാണ് കോമഡി കഥാപാത്രങ്ങളിൽ നിന്നും വ്യത്യാസ്തമായ വേഷം നടനെ തേടിയെത്തുന്നത്. 2004 ൽ പുറത്തിറങ്ങിയ കഥാവശേഷൻ എന്ന ചിത്രത്തിലൂടെ ഒരു സ്വഭാവ നടൻ എന്ന ടാഗ് കൂടി അദ്ദേഹത്തെ തേടിയെത്തി. 2009 - ൽ ജയറാം ഡബിൾ റോളിൽ എത്തിയ രഹസ്യ പൊലീസ് എന്ന ചിത്രത്തില് വില്ലനായി എത്തുമ്പോഴും ഇന്ദ്രൻസ് എന്ന നടനിലെ അഭിനയ വൈദഗ്ധ്യം മലയാളി പ്രേക്ഷകരെ ആശ്ചര്യപെടുത്തിയിരുന്നു. പൊട്ടി ചിരിപ്പിക്കുന്ന ഇന്ദ്രൻസിൽ നിന്നും ഭയപെടുത്തുന്ന വില്ലനിലേക്ക് എത്തിയ നടൻ പിന്നീട് ഒരു അത്ഭുതം ആയി മാറുകയായിരുന്നു. മലയാളികൾക്ക് അതൊരു പുതിയ തിരിച്ചറിവായിരുന്നു മലയാള സിനിമയ്ക്കും. ഇയാൾക്ക് ഹാസ്യം മാത്രമല്ല നല്ല കട്ട വില്ലനിസവും നന്നായി വഴങ്ങുമെന്ന് മനസിലാക്കിയ മലയാള സിനിമ അന്ന് മുതൽ വേറൊരു ഇന്ദ്രൻസിനെ വാർത്തെടുക്കുകയായിരുന്നു.

2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2018-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രൻസ് സ്വന്തമാക്കുന്നത്. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും നേടി.

അഞ്ചാം പാതിരയിലെ റിപ്പർ രവിയായി വന്ന ഇന്ദ്രൻസ് പിന്നീട് യുവ തലമുറയുടെ ഹരമായി മാറുകയായിരുന്നു. വളരെ ലാളിത്യത്തോടെ ചിരിച്ചു മാത്രം കാണുന്ന അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ നിമിഷ നേരം കൊണ്ട് മാറി മറഞ്ഞപ്പോൾ മറഞ്ഞു പോയത് ഇന്ദ്രൻസ് എന്ന ഹാസ്യ നടൻ കൂടിയായിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ ആണ് നടനെ തേടിയെത്തിയത്. ഇടി വെട്ട് ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമല്ല ഒരു സിനിമയുടെ കാതൽ എന്ന് മലയാളി തിരിച്ചറിഞ്ഞിട്ട് കുറച്ചു കാലങ്ങളെ ആയിട്ടുള്ളു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച #ഹോം എന്ന സിനിമ മലയാളികൾക്ക് അത്തരത്തിൽ ഒരു അനുഭവം ആയിരുന്നു. ശ്രീനാഥ് ഭാസിയുടെ സിനിമ കാണാൻ എത്തിയവരുടെ മനസ് കൊണ്ട് പോയത് ഒലിവർ ട്വിസ്റ്റ് തന്നെയായിരുന്നു. സിനിമ കണ്ടതിനു ശേഷം ഒരു ഇന്ദ്രൻസ് മാജിക് എന്ന് പറയാത്ത പ്രേഷകർ വിരളമായിരിക്കും. ആരെയും വേദനപെടുത്താനും സന്തോഷിപ്പിക്കാനും ഒരു ചിരി കൊണ്ട് സാധിക്കുമെന്ന് ഇന്ദ്രൻസ് തന്റെ അഭിനയത്തിലൂടെ തെളിയിച്ചു. 'ഓർമകൾ എപ്പോഴും ഹൃദയത്തോട് ചേർത്തു വെയ്ക്കാൻ ഉള്ളതല്ലേ അത് ഒരിക്കലും ആരെയും കുറ്റപെടുത്താൻ ഉള്ളത് ആകേണ്ട ' എന്ന് ചിന്തിപ്പിച്ച ഒലിവർ ട്വിസ്റ്റ്, ഇന്ദ്രൻസ് എന്ന നായകന്റെ അഭിനയ ജീവിതത്തിലെ മാറ്റി നിർത്താൻ കഴിയാത്ത കഥാപാത്രം തന്നെയാണ്.

സിനിമ ലോകത്ത് 36 വർഷം പിന്നിടുമ്പോൾ 507 ഓളം സിനിമകളാണ് ഇന്ദ്രൻസിന്റെ കൈയിലുള്ള സമ്പാദ്യം. മലയാളികളെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളുമായി ഇനിയുമിനിയും ഇന്ദ്രന്സ് എന്ന നടന് ഇനിയുമിനിയും തിരശീലയില് നിറയട്ടെ!...

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us