ജൂണില് നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുമ്പായി ഒരു കടുത്ത തീരുമാനത്തിനൊരുങ്ങുകയാണ് ബിസിസിഐ. രോഹിത് ശര്മ്മ നയിക്കുന്ന ടീമില് വിരാട് കോഹ്ലിയുടെ പേര് ഉണ്ടായേക്കില്ല. കോഹ്ലിയുടെ ബാറ്റിംഗ് ശൈലി ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്നാണ് ബിസിസിഐ വിലയിരുത്തല്. 36ാം വയസിലും ആദ്യ പന്തില് സിക്സ് അടിക്കാന് രോഹിത് ശര്മ്മ പ്രാപ്തനാണ്. എന്നാല് പതിയെ തുടങ്ങി വലിയ സ്കോറിലേക്ക് എത്തുന്നതാണ് കോഹ്ലിയുടെ ബാറ്റിംഗ് ശൈലി. ഇത് ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്നാണ് ബിസിസിഐ പറയുന്നത്.
ഒന്നര പതിറ്റാണ്ടിലധികമായി ഇന്ത്യന് ക്രിക്കറ്റിന്റെ മുഖമാണ് കോഹ്ലി. സച്ചിന് തെണ്ടുല്ക്കര് വിരമിച്ചപ്പോള് ഇന്ത്യന് ക്രിക്കറ്റ് ആരാധകരെ പിടിച്ചുനിര്ത്തിയ താരം. തോല്വി മുന്നില് കാണുമ്പോഴും അയാള് ക്രീസിലുണ്ടെങ്കില് ഇന്ത്യന് ക്രിക്കറ്റിന് അത് ആശ്വാസമാണ്. പല മത്സരങ്ങളിലും അയാള് ഒറ്റയ്ക്ക് നിന്നുപൊരുതി. സ്വന്തം നാട്ടിലും വിദേശത്തുമെല്ലാം കോഹ്ലിയെന്ന റണ്മെഷീന് സ്കോറിംഗ് നടത്തി. 300 ലധികം റണ്സ് വെറും 40 ഓവറില് മറികടന്നത് മറന്നു പോയോ? ലസീത് മലിംഗയുടെ വേഗതയാര്ന്ന പന്തുകള് ഗ്രൗണ്ടിന്റെ നാല് വശങ്ങളിലേക്ക് അടിച്ചകറ്റിയ താരമാണ് അയാള്.
ക്രിക്കറ്റ് ആരാധകര്ക്ക് ബിസിസിഐയോട് ചോദിക്കാനുള്ളത് ഒറ്റ കാര്യമാണ്. ആക്രമണ ശൈലിയിലല്ല കളിക്കുന്നതെന്ന ഒറ്റ കാരണത്താല് കോഹ്ലിയെ മാറ്റി നിര്ത്താന് കഴിയുമോ? 2021ല് ലോകകപ്പ് ചരിത്രത്തില് ആദ്യമായി ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടു. മുന്നിര തകര്ന്നപ്പോള് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത് കോഹ്ലിയാണ്. 2022ല് പാകിസ്താനെതിരെ അവസാന പന്തില് ഇന്ത്യ വിജയിച്ചപ്പോഴും സമാന ഇന്നിംഗ്സിന്റെ ആവര്ത്തനമുണ്ടായി. ആ മത്സരത്തില് ഇതിഹാസ താരത്തിന്റെ ബാറ്റില് നിന്ന് പിറന്ന ഒരു ഷോട്ട് നൂറ്റാണ്ടിന്റെ ഷോട്ടായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് തിരഞ്ഞെടുത്തു. ട്വന്റി 20 ലോകകപ്പില് എപ്പോഴെങ്കിലും ഇന്ത്യന് മുന് നിര തകര്ന്നടിഞ്ഞാല് രക്ഷകനായി അയാള് അവതരിക്കണ്ടേ? പക്വതയാര്ന്ന ഇന്നിംഗ്സിന് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിക്കാന് കഴിഞ്ഞേക്കില്ലേ? അയാളുടെ അനുഭവ സമ്പത്തില്ലാതെ ഇന്ത്യന് ടീം പൂര്ണതയിലെത്തുമോ?
2008ലെ അണ്ടര് 19 ലോകകപ്പ് നേട്ടം കോഹ്ലിയെ ഇന്ത്യന് ടീമിലെത്തിച്ചു. ആദ്യ മത്സരത്തില് 22 പന്തില് വെറും 12 റണ്സ് മാത്രമാണ് വിരാട് കോഹ്ലി നേടിയത്. അയാള് ഒരു താരമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. പക്ഷേ ഒരു സ്റ്റെപ് പിന്നോട്ട് പോയാല് അയാള് കഠിനാദ്ധ്വാനം ചെയ്യും. പിന്നെ അതിശക്തമായ തിരിച്ചുവരവ് കളത്തില് കാണിച്ചുതരും.
കരിയറില് ഒരിക്കല് പോലും പരിക്കിന്റെ പിടിയില് അകപ്പെട്ടിട്ടില്ല. മോശം ഫോമെന്ന് പറഞ്ഞ മൂന്ന് വര്ഷങ്ങളില് കോഹ്ലിയുടെ റണ്സ് ശരാശരി 50ന് മുകളിലായിരുന്നു. കോഹ്ലിക്കൊപ്പമെത്താന് മത്സരിച്ച പല താരങ്ങളുമുണ്ട്. കെയ്ന് വില്യംസണും ജോ റൂട്ടും സ്റ്റീവ് സ്മിത്തും ബാബര് അസമുമെല്ലാം കോഹ്ലിക്ക് മുന്നിലെത്തുമെന്ന് കരുതിയവര്ക്ക് തെറ്റി. ഇതിഹാസ താരത്തിന്റെ കഠിനാദ്ധ്വാനത്തിന് ഒപ്പമെത്താന് ആര്ക്കും സാധിച്ചതുമില്ല.
ട്വന്റി 20 ലോകകപ്പില് സ്ഥാനം പിടിക്കാന് കോഹ്ലിക്ക് മുന്നിലുള്ളത് ഇന്ത്യന് പ്രീമിയര് ലീഗിന്റെ 17-ാം പതിപ്പാണ്. ആക്രമണ ബാറ്റിംഗിലേക്ക് ശൈലി മാറുമ്പോള് എന്ത് സംഭവിക്കുമെന്ന് പറയാന് കഴിയില്ല. പക്ഷേ ഒരു രാജ്യം ആ ബാറ്റുകളെ വിശ്വസിക്കുന്നു. കരിയറില് നേരിട്ട തടസങ്ങളെയെല്ലാം കഠിനാദ്ധ്വാനംകൊണ്ട് മറികടന്നയാള്. റോയല് ചലഞ്ചേഴ്സിനായി അയാളുടെ ബാറ്റിംഗ് വിസ്ഫോടനം ഉണ്ടാവും. ബിസിസിഐയുടെ തീരുമാനങ്ങള്ക്ക് കോഹ്ലിയുടെ കരിയറിനെ ഒന്ന് തൊടാന് പോലും കഴിയില്ല. ജൂണില് നടക്കുന്ന ട്വന്റി 20 ലോകകപ്പിന് നീലകുപ്പായത്തില് കോഹ്ലിയും ഉണ്ടാവും. കാത്തിരിക്കാം ആ പ്രഖ്യാപനത്തിനായി.