രാജസ്ഥാൻ റോയൽസ്, പ്രഥമ ഐപിഎല്ലിൽ ചാമ്പ്യന്മാരായ ടീം. പിന്നീടിങ്ങോട്ട് ഒരിക്കൽ പോലും കിരീട നേട്ടത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല. 2022ൽ സഞ്ജു സാംസണിന്റെ ടീം ഐപിഎല്ലിന്റെ ഫൈനൽ കളിച്ചതാണ് പിന്നീടുള്ള രാജസ്ഥാന്റെ ഏറ്റവും മികച്ച പ്രകടനം. വീണ്ടുമൊരിക്കൽ കൂടെ രാജസ്ഥാൻ തയ്യാറെടുക്കുകയാണ്. മലയാളി താരം സഞ്ജു സാംസണിന്റെ കീഴിൽ. ഇത്തവണ റോയലാകാൻ രാജസ്ഥാന് കഴിയുമോ ?
പ്രഥമ ഐപിഎൽ സീസണിൽ ആരാലും സാധ്യത കൽപ്പിക്കപ്പെടാതിരുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. ഐപിഎൽ ലേലത്തിൽ ഒരു ടീമിന് വേണ്ട താരങ്ങളെ വാങ്ങിയെടുക്കാനുള്ള പണം പോലും രാജസ്ഥാന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ നിന്നും താരങ്ങളെ എത്തിച്ചാണ് ടീം കളത്തിലിറങ്ങാനായി എണ്ണം തികച്ചത്. പക്ഷേ പിന്നീട് നടന്നത് ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും അത്ഭുതങ്ങളിൽ ഒന്നായിരുന്നു.
ഷെയ്ൻ വോൺ നായകനായ ടീം. പാകിസ്താൻ താരങ്ങളായ കമ്രാൻ അക്മലും സൊഹൈൽ തൻവീറും മികച്ച പ്രകടനം നടത്തി. ഗ്രെയിം സ്മിത്ത്, ഷെയ്ൻ വാട്സൺ തുടങ്ങിയ താരങ്ങൾ അവരുടെ സംഭാവനകൾ നൽകി. യൂസഫ് പഠാനും രവീന്ദ്ര ജഡേജയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളായത് ആ ഐപിഎല്ലിൽ നിന്നുമായിരുന്നു. ശക്തരായ താരനിരകളുള്ള എതിരാളികളെ വീഴ്ത്തി രാജസ്ഥാൻ ഓരോ മത്സരത്തിലും മുന്നേറി. കലാശപ്പോരിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി പ്രഥമ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ചാമ്പ്യന്മാരായി.
അന്നത്തെ ആ അപ്രതീക്ഷിത മുന്നേറ്റം വീണ്ടും ആവർത്തിക്കാൻ രാജസ്ഥാന് കഴിഞ്ഞില്ല. രണ്ടാം സീസണിൽ പാകിസ്താൻ താരങ്ങൾക്ക് ഐപിഎൽ കളിക്കാൻ കഴിയാതിരുന്നത് ഏറ്റവുമധികം തിരിച്ചടിയായത് രാജസ്ഥാന് ആയിരുന്നു. കമ്രാൻ അക്മലിനും സൊഹൈൽ തൻവീറിനും ഒത്ത പകരക്കാരെ കണ്ടെത്താൻ രാജസ്ഥാന് കഴിഞ്ഞില്ല. ഷെയ്ൻ വോണിന്റെ നായക മികവ് മാത്രമായിരുന്നു പിന്നീടുള്ള സീസണുകളിൽ രാജസ്ഥാന് എടുത്ത് പറയാനുള്ളത്.
നാല് സീസണുകളിൽ വോണിന്റെ നായക മികവിൽ രാജസ്ഥാൻ ഐപിഎൽ കളിച്ചു. അഞ്ചാം സീസണിൽ രാഹുൽ ദ്രാവിഡ് രാജസ്ഥാന്റെ നായകനായി. ആ സീസണിൽ മുന്നേറ്റം നടത്താൻ ടീമിന് കഴിഞ്ഞില്ല. എങ്കിലും ആറാം സീസണിൽ പ്ലേ ഓഫിലെത്തി. ജയ്പൂരിലെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ സമ്പൂർണ്ണ ജയം സ്വന്തമാക്കാൻ രാജസ്ഥാന് കഴിഞ്ഞു.
2014ൽ ഷെയ്ൻ വാട്സൺ രാജസ്ഥാന്റെ നായകനായി. 2015ൽ വീണ്ടും പ്ലേ ഓഫിലെത്തി. പക്ഷേ പിന്നീടുള്ള രണ്ട് സീസണുകളിൽ രാജസ്ഥാനെ കാത്തിരുന്നിത് കനത്ത തിരിച്ചടിയാണ്. ഐപിഎൽ കോഴവിവാദവുമായി ബന്ധപ്പെട്ട് ബിസിസിഐ നടപടി നേരിടേണ്ടി വന്നു. രണ്ട് സീസണുകളിൽ രാജസ്ഥാൻ റോയൽസ് കളത്തിൽ ഉണ്ടായില്ല.
2018ൽ അജിൻക്യ രഹാനെയുടെ കീഴിൽ രാജസ്ഥാൻ വീണ്ടും കളത്തിലിറങ്ങി. വീണ്ടും പ്ലേ ഓഫ് കളിച്ച് മടങ്ങാനായിരുന്നു രാജസ്ഥാന്റെ വിധി. 2019ൽ സ്റ്റീവ് സ്മിത്തിന്റെ നായകത്വവും പരാജയമായി. 2020ൽ സ്മിത്തിന് വീണ്ടുമൊരു അവസരം കൂടെ ലഭിച്ചു. ഇത്തവണ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തേയ്ക്ക് രാജസ്ഥാൻ കൂപ്പുകുത്തി. 2021ൽ ആദ്യമായി മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാന്റെ നായകനായി. മുന്നേറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും നായകസ്ഥാനത്ത് സഞ്ജുവിനെ നിലനിർത്തി. ഒടുവിൽ 2022ൽ മലയാളി താരത്തിന്റെ ടീം തകർപ്പൻ മുന്നേറ്റം നടത്തി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതൊഴിച്ചാൽ രാജസ്ഥാന്റെ ബാറ്റിംഗും ബൗളിംഗും ശക്തി പ്രാപിച്ചു. എന്നാൽ 2023ൽ വീണ്ടും അഞ്ചാം സ്ഥാനത്തേയ്ക്ക് പോയി.
ഇത്തവണ പോരാട്ടം ശക്തിപ്പെടുത്തുകയാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. യശസ്വി ജയ്സ്വാൾ തകർപ്പൻ ഫോമിലാണ്. ധ്രുവ് ജുറേലും സഞ്ജുവും ഇന്ത്യൻ ടീമിലെ സാന്നിധ്യമായി മാറിക്കഴിഞ്ഞു. രവിചന്ദ്രൻ അശ്വിന്റെയും യൂസ്വേന്ദ്ര ചഹലിന്റെയും അനുഭവ സമ്പത്തുണ്ട്. ജോസ് ബട്ലർ, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ട്രെന്റ് ബോൾട്ട് തുടങ്ങിയ വിദേശ താരങ്ങളും രാജസ്ഥാൻ നിരയിൽ അണിനിരക്കുന്നു. ഒപ്പം പരിശീലകനായി സാക്ഷാൽ കുമാർ സംഗക്കാരയും. ഇനി വേണ്ടത് വിജയങ്ങളാണ്. പ്ലേ ഓഫിലെത്തണം. ഫൈനൽ കളിക്കണം. ഒടുവിൽ കപ്പടിക്കണം.