ഇന്ത്യന് പ്രീമിയര് ലീഗിന്റെ 17-ാം പൂരത്തിന് ഇന്ന് തുടക്കം. ഇനി രണ്ട് മാസക്കാലം ഇന്ത്യൻ ക്രിക്കറ്റിന് ഉത്സവദിനങ്ങളാണ്. പതിവുപോലെ രാത്രി എട്ട് മണിക്ക് ഉദ്ഘാടന മത്സരത്തിന് അരങ്ങൊരുങ്ങും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയമാണ് ഐപിഎൽ 17-ാം പൂരത്തിന്റെ തുടക്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടന മത്സരത്തില് റോയല് ചലഞ്ചേഴ്സിന് നിലവിലത്തെ ചാമ്പ്യന്മാര് എതിരാളികളാകും. മഞ്ഞയും ചുവപ്പും നിറത്തിൽ വർണാഭമായ ആരാധകക്കടലിന് നടുവിലാവും ഐപിഎല്ലിന് തിരിതെളിയുക.
ചെന്നൈയുടെ നായകനായുള്ള ആദ്യ മത്സരത്തിന് റുതുരാജ് ഗെയ്ക്ക്വാദ് കളത്തിലിറങ്ങുന്നു എന്നതാണ് ഉദ്ഘാടന മത്സരത്തിൻ്റെ ഹൈലൈറ്റ്. ഉദ്ഘാടനം മുതല് കലാശപ്പോരു വരെ മഞ്ഞവിരിപ്പ് പുതയ്ക്കാന് ചെന്നൈ ടീം റെഡിയാണ്. രച്ചിൻ രവീന്ദ്രയും ഡാരൽ മിച്ചലും അജിൻക്യ രഹാനയും ഗെയ്ക്ക്വാദിന് കരുത്ത് പകരും. ദീപക് ചാഹറും ഷർദൂൽ താക്കുറും പന്തെറിയാനുണ്ട്. രവീന്ദ്ര ജഡേജ, മിച്ചൽ സാന്റർ, മൊയീൻ അലി എന്നിവരെ ഏത് അവസരത്തിലും ഉപയോഗപ്പെടുത്താം. എല്ലാത്തിലും ഉപരിയായി സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഇതിഹാസക്കരുത്തുമുണ്ട് ചെന്നൈയ്ക്ക് തുണയായി.
ജയത്തേക്കാള് വലുതാണ് മുംബൈയ്ക്ക് മുന്നിലുള്ള ലക്ഷ്യം. പിണങ്ങി നില്ക്കുന്ന ആരാധകരെ തിരികെ കൊണ്ടുവരണം. ഹിറ്റ്മാന് ഒപ്പം പിടിക്കാന് ഹാര്ദ്ദിക് വിയര്ക്കുമെന്നുറപ്പ്. പോരാടി ജയിക്കാൻ കരുത്തുറ്റ നിരയുണ്ടെന്നതാണ് ഹാർദ്ദിക്കിന്റെ ആത്മവിശ്വാസം. ഇഷാൻ കിഷൻ, തിലക് വർമ്മ, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ്, ജെറാൾഡ് കോട്സി, മുഹമ്മദ് നബി, ജസ്പ്രീത് ബുംറ എന്നിവർ പാണ്ഡ്യയുടെ കൊട്ടാരത്തിലെ ആയുധങ്ങളാണ്.
ആദ്യ കിരീടവും അര്ഹിച്ച ഐപിഎല്ലും വിരാട വിജയത്തിന്റെ പൂർണതയ്ക്ക് ആവശ്യമുണ്ട്. കിംഗ് കോഹ്ലിയുടെ സ്വപ്നത്തിനായി ബെംഗളരു റോയൽ ചലഞ്ച് ഉയർത്തിനിൽക്കുവാൻ തയ്യാറായിക്കഴിഞ്ഞു. ഫാഫ് ഡു പ്ലെസിസ് നായകനായി മുന്നിൽ നിന്ന് നയിക്കും. മുഹമ്മദ് സിറാജും ദിനേശ് കാർത്തിക്കും ഗ്ലെൻ മാക്സ്വെല്ലും യുദ്ധം ഏറ്റെടുത്താൽ മതി.
വെടിക്കെട്ട് ഉത്സവത്തിന് പിങ്ക് നിറമൊരുക്കാന് ജയ്പൂരിൽ റോയല്സ് നിര ഒരുങ്ങിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ പട നയിക്കും. യൂസ്വേന്ദ്ര ചഹൽ, രവിചന്ദ്രൻ അശ്വിൻ, ധ്രുവ് ജുറേൽ, ജോസ് ബട്ലർ, യശസ്വി ജയ്സ്വാൾ, റോവ്മാൻ പവൽ എന്നിവർ മലയാളി താരത്തിന് പിന്തുണ നൽകാനുണ്ട്.
റിഷഭ് പന്തിന്റെ തിരിച്ചുവരവിന് ഡൽഹിയിൽ കളിക്കളമൊരുങ്ങിക്കഴിഞ്ഞു. റിക്കി പോണ്ടിംഗ് തന്ത്രമൊരുക്കും. ഡേവിഡ് വാർണർ, പൃഥി ഷാ, അക്സർ പട്ടേൽ, മിച്ചൽ മാർഷ്, ഷായി ഹോപ്പ്, ഇഷാന്ത് ശർമ്മ എന്നിങ്ങനെ നീളും പന്തിന്റെ പട്ടാളനിര.
പഞ്ചാബി നൃത്തമൊരുക്കി ശിക്കാറും ജിതേഷും അർഷ്ദീപും വരുന്നുണ്ട്. റില്ലി റോസോയും ജോണി ബെയർസ്റ്റോയും പഞ്ചാബിന്റെ കരുത്തിന് ശക്തിപകരും. ഇന്ത്യന് ക്രിക്കറ്റിന്റെ മെക്കയില് ശ്രേയസ് കത്തിക്കയറാനൊരുങ്ങുന്നു. നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്ര റസ്സൽ തുടങ്ങി വമ്പനടിക്കാർക്ക് കൊൽക്കത്തയിൽ പഞ്ഞമില്ല. എറിഞ്ഞിടാൻ കോടികളുടെ കരുത്തുമായി മിച്ചൽ സ്റ്റാർക് വന്നിട്ടുണ്ട്. സുനിൽ നരേനും വരുൺ ചക്രവർത്തിയും കറക്കി വീഴ്ത്തിക്കളയും.
ലക്നൗവില് രാഹുകാലം സൂപ്പറാകും. ദേവ്ദത്ത് പടിക്കലും ദീപക് ഹൂഡയും ആയുഷ് ബഡോനിയും ആളറിഞ്ഞ് കളിക്കുന്നവരാണ്. മാർകസ് സ്റ്റോണിസും നിക്കോളാസ് പുരാനും കെയ്ൽ മയേഴ്സും ലക്നൗവിലെ വിദേശ ശക്തികളാകും.
ഗുജറാത്ത് ടൈറ്റന്സിൽ ശുഭസുന്ദര ഗില്ലാടികള് നിറഞ്ഞാടുന്ന ദിനങ്ങള് വരുന്നു. കെയ്ൻ വില്യംസണും റാഷിദ് ഖാനും ഡേവിഡ് മില്ലറും ഒന്നിച്ചാൽ എതിരാളികൾ ഭയന്ന് വിറയ്ക്കും. അപ്പോൾ ഇനിയെന്നും ക്രിക്കറ്റ് ഉത്സവം ഹൈദരാബാദില് ഉദിച്ചുയരും. അവർക്കൊപ്പം ഉലകനായകൻ പാറ്റ് കമ്മിൻസാണുള്ളത്. അയ്ഡാൻ മാക്രത്തിനും ഹെൻറിച്ച് ക്ലാസനും ഗ്ലെൻ ഫിലിപ്പ്സും അടിച്ചുതകർക്കാനുണ്ട്. ഭുവന്വേശർ കുമാറിന്റെ സ്വിംഗ് വിസ്മയവും ടി നടരാജന്റെ യോർക്കറുകളും സൺറൈസേഴ്സിന്റെ കരുത്ത് ഉയർത്തും.