ഇപ്പോഴില്ലെങ്കിൽ ഇനി എപ്പോൾ; ഫിഫ ലോകകപ്പ് കളിക്കാൻ ഇന്ത്യ യോഗ്യരോ?

ഗോളടിക്കാനും മത്സരം വിജയിക്കാനും ഇന്ത്യ ഇപ്പോഴും ആശ്രയിക്കുന്നത് 39കാരനായ സുനിൽ ഛേത്രിയെയാണ്.

dot image

ഫിഫ ലോകകപ്പ് യോഗ്യതയ്ക്കായി മത്സരിക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം റൗണ്ടിൽ അഫ്ഗാനിസ്ഥാനോട് അവരുടെ മണ്ണിൽ സമനില വഴങ്ങിയതിന് പിന്നാലെ സ്വന്തം നാട്ടിൽ പരാജയമേറ്റിരിക്കുന്നു. ഇന്ത്യയ്ക്ക് മുന്നിൽ ഇനിയുള്ളത് കടുത്ത പരീക്ഷണങ്ങളാണ്. കുവൈറ്റിനെയും ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയും നേരിടണം. അതിൽ ഖത്തറിനെതിരെ ഇന്ത്യ കളിക്കേണ്ടത് അവരുടെ മണ്ണിലും. എങ്ങനെയെങ്കിലും ഇന്ത്യ മൂന്നാം റൗണ്ടിലെത്തിയാലും പരീക്ഷണം തുടരും.

മൂന്നാം റൗണ്ടിൽ മൂന്ന് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്. ഇതിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ നേരിട്ട് ലോകകപ്പിന് യോഗ്യത നേടാം. എന്നാൽ രണ്ടാം സ്ഥാനത്താണ് എത്തുന്നതെങ്കിൽ നാലാം റൗണ്ടിൽ കളിക്കണം. മൂന്ന് ടീം വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് നാലാം റൗണ്ടിലുള്ളത്. ഒരു പാദത്തിലായി മൂന്ന് മത്സരങ്ങൾ വീതം ടീമുകൾക്ക് ലഭിക്കും. ഇത്തവണയും ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് ലോകകപ്പ് യോഗ്യത നേടാം. രണ്ടാം സ്ഥാനത്താണ് എത്തുന്നതെങ്കിൽ പിന്നെ അഞ്ചാം റൗണ്ട് കളിക്കണം. ഇവിടെ നാലാം റൗണ്ടിൽ രണ്ടാം സ്ഥാനക്കാരായ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. വിജയിക്കുന്ന ടീമിന് ഫിഫ ലോകകപ്പ് പ്ലേ ഓഫ് ടൂർണമെന്റ് കളിക്കാൻ കഴിയും. ഇവിടെ വിവിധ ഫുട്ബോൾ ഫെഡറേഷനിൽ നിന്നുള്ള ടീമുകളുമായി മത്സരിച്ചാണ് ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്. ഏഷ്യ, മധ്യവടക്ക് അമേരിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ മേഖലകളിൽ നിന്ന് ടീമുകൾ എത്തും. റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകളോട് ഉൾപ്പെടെ ഇവിടെ നിന്നും മത്സരിക്കേണ്ടി വരും. 2026ൽ ലോകകപ്പിന് 48 ടീമുകൾക്ക് മത്സരിക്കാൻ കഴിയും. അതിൽ ഒമ്പത് ടീമുകളാണ് ഏഷ്യയിൽ നിന്നുള്ളത്.

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ലോകകപ്പ് യോഗ്യത നേടുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സമയമാണ് കടന്നുപോയത്. 2015 മുതൽ സ്റ്റീവ് കോൺസ്റ്റന്റൈൻ ഇന്ത്യയെ ലോങ് ബോൾ ഫുട്ബോൾ കളിക്കാൻ പഠിപ്പിച്ചു. പിന്നാലെ 2019 മുതൽ ഇഗോർ സ്റ്റീമാക് പ്രതിരോധ കോട്ട കെട്ടാൻ ഇന്ത്യയെ പ്രാപ്തരാക്കി. 2015ൽ ഫിഫ റാങ്കിങ്ങിൽ 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. വർഷങ്ങളുടെ കഠിനാദ്ധ്വാനംകൊണ്ട് 2023ൽ ഇന്ത്യൻ റാങ്കിങ് 100ന് മുകളിലെത്തി. സാഫ് കപ്പിലും ഇന്റർ കോണ്ടിനൽ കപ്പിലുമെല്ലാം ഇന്ത്യ റാങ്കിങ്ങിൽ മുന്നിലുള്ളവരെ തോൽപ്പിച്ചു. സാഫ് കപ്പിൽ തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ കിരീടം ചൂടി. ഇതോടെ സുനിൽ ഛേത്രി നായകനായ ടീം ലോകകപ്പ് യോഗ്യത സ്വപ്നം കണ്ടു.

ഫിഫ ലോകകപ്പ് യോഗ്യതയ്ക്കായി കുവൈറ്റിനെ ഇന്ത്യ അവരുടെ നാട്ടിൽ പരാജയപ്പെടുത്തി. ഖത്തറിനോട് സ്വന്തം മണ്ണിൽ തോൽവി നേരിട്ടെങ്കിലും പ്രതീക്ഷിക്കാൻ വകയുണർത്തുന്ന പോരാട്ടം ഇന്ത്യ നടത്തിയിരുന്നു. എന്നാൽ തിരിച്ചടി തുടങ്ങിയത് ഈ വർഷം നടന്ന ഏഷ്യൻ കപ്പിലൂടെയാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ പ്രതിരോധം ശക്തമായിരുന്നു. ഉസ്ബെക്കിസ്ഥാനോട് നീതികരിക്കാൻ കഴിയാത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. സിറിയയോടും പരാജയപ്പെട്ട് ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി. ടൂർണമെന്റിൽ ഒരു ഗോൾ നേടാൻ പോലും ഇന്ത്യൻ സംഘത്തിന് സാധിച്ചില്ല.

ഒരു ഘട്ടത്തിൽ ഉറപ്പായിരുന്ന മൂന്നാം റൗണ്ടിലേക്കുള്ള യോഗ്യത ഇന്ത്യയ്ക്ക് ഇപ്പോൾ അന്യമായിരിക്കുന്നു. ഇഗോർ സ്റ്റീമാക് പ്രതീക്ഷകൾ നൽകുമ്പോഴും വിജയങ്ങൾ വരുന്നില്ലെന്നത് നിരാശപ്പെടുത്തുന്നു. ഗോളടിക്കാനും മത്സരം വിജയിക്കാനും ഇന്ത്യ ഇപ്പോഴും ആശ്രയിക്കുന്നത് 39കാരനായ സുനിൽ ഛേത്രിയെയാണ്. രാജ്യത്തിനായി എല്ലാം സമർപ്പിച്ചു, ഗോളുകൾ അടിച്ചുകൂട്ടുന്നതിൽ മെസ്സി, റൊണാൾഡോ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം. പക്ഷേ സ്വന്തം കരിയറിൽ രാജ്യത്തിനൊപ്പം എന്ത് നേട്ടമാണ് ഛേത്രിക്കുള്ളതെന്ന് ചോദിച്ചാൽ ഉത്തരം പൂർണമാവില്ല.

ഇന്ത്യൻ ഫുട്ബോളിനെ ചലിപ്പിക്കേണ്ട സംഘടന എഐഎഫ്എഫ് തന്നെയാണ്. സന്തോഷ് ട്രോഫിക്ക് തുല്യമായി മറ്റൊരു ദേശീയ ടൂർണമെന്റ്, ഇംഗ്ലീഷ് എഫ് എ കപ്പ് മാതൃകയിലുള്ള സൂപ്പർ കപ്പ്, സൗദിക്കൊപ്പം 2034 ഫുട്ബോൾ ലോകകപ്പിന് വേദിയൊരുക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ കല്യാൺ ചൗബേയും സംഘവും നൽകുന്നുണ്ട്. എന്നാൽ ഇവയൊന്നും നടപ്പാകുന്നില്ലെന്ന് മാത്രമല്ല ഇന്ത്യൻ ഫുട്ബോളിനെ ചലിപ്പിക്കാൻ എന്തെങ്കിലും നടക്കുന്നതായി തോന്നുന്നുമില്ല. ഇങ്ങനെ പോയാൽ ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുമെന്നത് സമീപകാലത്തെങ്ങും നടക്കാനും പോകുന്നില്ല.

dot image
To advertise here,contact us
dot image