'ധോണി ജീവനാണ്, പക്ഷേ കപ്പ്, അത് സഞ്ജു എടുക്കട്ടെ', ഐപിഎൽ കമന്ററിയിലെ പെൺശബ്ദം; ആർ ജെ വി ജെ രേണു

ധോണി നാളെ റോയല് ചലഞ്ചേഴ്സില് പോയാല് ഞാനും ഒപ്പമുണ്ടാകും

dot image

ഫിഫ ലോകകപ്പും ഇന്ത്യൻ പ്രീമിയർ ലീഗും നമ്മുടെ സ്വന്തം ഭാഷയിൽ ആസ്വദിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇത്തവണ ഐ പി എൽ മലയാളത്തിൽ ആസ്വദിച്ചവർ മനോഹരമായി ഒരു സ്ത്രീ ശബ്ദം കേട്ടിട്ടുണ്ടാവും. കേരളത്തിലെ ആദ്യത്തെ ലീഡ് വനിതാ കമന്റേറ്റർ ആർ ജെ വി ജെ രേണു റിപ്പോർട്ടറിനോട് സംസാരിക്കുന്നു.

രേണു സ്പോര്ട്സ് ഇഷ്ടപ്പെടാന് എന്താണ് കാരണം ?

സ്കൂളില് പഠിക്കുന്ന സമയത്ത് കലാരംഗത്ത് താല്പ്പര്യം ഉണ്ടായിരുന്ന ആളായിരുന്നു ഞാന്. പക്ഷേ എട്ടാം ക്ലാസ് ഒമ്പതാം ക്ലാസ് വരെ ക്രിക്കറ്റ് കളിക്കുമായിരുന്നു. അന്നൊക്കെ ആണ്കുട്ടികളുടെ കൂടെയാണോ കളിച്ച് നടക്കുന്നതെന്ന് ചോദ്യം ഉയര്ന്നിരുന്നു. അങ്ങനെ ക്രിക്കറ്റിനോടുള്ള താല്പ്പര്യം പോയി. പിന്നെ ധോണി കളിക്കാന് തുടങ്ങിയപ്പോഴാണ് വീണ്ടും ക്രിക്കറ്റ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഒരു പക്ഷേ ധോണിയുടെ നീളന് മുടിയാവാം തന്നെ ഇഷ്ടപ്പെടുത്തിയത്. ആദ്യകാലത്തെ ധോണിയുടെ വെടിക്കെട്ട് ഏറെ ഇഷ്ടപ്പെട്ടു. അങ്ങനെ ധോണി കളിക്കുന്നുണ്ടെങ്കില് ക്രിക്കറ്റ് കാണാന് ഞാന് ഏറെ ഇഷ്ടപ്പെട്ടു. അന്ന് മുതല് ക്രിക്കറ്റ് പിന്തുടര്ന്നു. ധോണിയുള്ളതുകൊണ്ട് ഐപിഎല് മത്സരങ്ങള് കണ്ടു. ആ കാലഘട്ടത്തില് ഇന്ത്യന് ടീമില് ഉണ്ടായിരുന്ന ഏതൊരു താരത്തെയും ഞാന് ഇഷ്ടപ്പെട്ടിരുന്നു. വര്ഷങ്ങളായി എനിക്ക് ക്രിക്കറ്റിനോട് ഇഷ്ടമായിരുന്നു.

ധോണി വരുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ഇഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞല്ലോ? എന്താണ് ക്രിക്കറ്റിലേക്ക് രേണുവിനെ അടുപ്പിച്ചത് ?

ഒത്തിരി ആണ്കുട്ടികളുള്ള വീട്ടിലാണ് ഞാന് ജനിച്ചത്. ചേട്ടന്മാരെല്ലാം ടെസ്റ്റ് ക്രിക്കറ്റ് ഉള്പ്പടെ കാണും. അങ്ങനെ എന്താണ് ഈ വിനോദം എന്ന് മനസിലാക്കാന് ആഗ്രഹിച്ചു. അവധിക്കെല്ലാം ചേട്ടന്മാര് ക്രിക്കറ്റാണ് കളിച്ചിരുന്നത്. അവര്ക്കൊപ്പം ഞാനും ക്രിക്കറ്റിന്റെ ഭാഗമായി.

ഒരു ക്രിക്കറ്റ് താരമാകന് ആഗ്രഹിച്ചിരുന്നില്ലേ ?

ഒന്ന് ക്രിക്കറ്റ് കളിച്ചുവരുമ്പോള് തന്നെ ചോദിക്കുന്നത് ആണ്പിള്ളേര്ക്കൊപ്പമാണോ കളിക്കുന്നതെന്നാണ്. അങ്ങനെ ഒരു ചോദ്യം കേട്ടാല് തന്നെ വിഷമമാകും. വളരെ വൈകിയാണ് വനിതാ ക്രിക്കറ്റിനെപ്പറ്റി ഉള്പ്പടെ അറിയുന്നത്.

ബാറ്ററാണോ ബൗളറാണോ? ഇടം കയ്യോ വലം കയ്യോ?

ഞാനൊരു വലംകയ്യന് ബാറ്ററാണ്. ബൗളിംഗിനുള്ള കഴിവ് വളരെ കുറവാണ്.

എങ്ങനെയാണ് ജിയോ സിനിമയുടെ സ്പോര്ട്സ് കമന്ററിയിലേക്ക് എത്തിയത് ?

ഫിഫ ലോകകപ്പിന്റെ സമയത്ത് എന്നെ ജിയോ സിനിമയില് നിന്ന് വിളിച്ചിരുന്നു. ടൊവിനോ തോമസുമായുള്ള ഒരു അഭിമുഖം കണ്ടാണ് എന്നെ ജിയോയില് നിന്ന് വിളിക്കുന്നത്. ഫിഫ ലോകകപ്പിന്റെ മത്സരത്തിന് മുമ്പുള്ളതും ഹാഫ് ടൈമിലെയും ഫുള് ടൈമിലെയും വിശകലനം ചെയ്തിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒരു മത്സരത്തിലാണ് ആദ്യമായി കമന്ററി പറഞ്ഞത്.

ക്രിക്കറ്റിലാണോ ഫുട്ബോളിലാണോ സംസാരിക്കാന് കൂടുതല് അറിവും താല്പ്പര്യവുമുള്ളത് ?

ക്രിക്കറ്റിനേക്കാള് കൂടുതല് നിയമങ്ങള് അറിയുന്നത് ഫുട്ബോളില് തന്നെയാണ്. ക്രിക്കറ്റിലെ കൂടുതല് സാങ്കേതിക വശങ്ങള് പൂര്ണമായും എനിക്ക് അറിയില്ല.

ലീഡ് കമന്ററി ആണോ എക്സ്പേര്ട്ട് കമന്ററിയാണോ കൂടുതല് ഇഷ്ടം?

എക്സ്പേര്ട്ട് കമന്ററി ചെയ്യാന് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ക്രിക്കറ്റ് കളിച്ചുവളര്ന്നവര്ക്കാണ് എക്സ്പേര്ട്ട് കമന്ററി പറയാന് കഴിയുക. ഇപ്പോഴത്തെ താരങ്ങള്, മുന് താരങ്ങള് ഇവരാണ് ക്രിക്കറ്റിലെ സാങ്കേതിക വശങ്ങള് പറഞ്ഞുകൊണ്ട് എക്സ്പേര്ട്ട് പാനലില് ഉണ്ടാകുക. മനോഹരമായ ഭാഷയില് ലീഡ് കമന്ററി പറയുകയാണ് എനിക്ക് എളുപ്പം. കേരളത്തിലെ ആദ്യ വനിതാ ലീഡ് കമന്റേറ്റര് ഞാനാണ്.

രേണു റേഡിയോ ജോക്കിയാണ് വീഡിയോ ജോക്കിയാണ്. ഇവിടയൊക്കെയും ഒരുപാട് വിഷയങ്ങളില് സംസാരിക്കേണ്ടി വരും. പക്ഷേ അതില് നിന്നെല്ലാം വ്യത്യസ്തമായ ഒരു മേഖലയാണ് സ്പോര്ട്സ്. കാരണം ഇവിടെ ഒരുപാട് സാങ്കേതിക പദങ്ങളുണ്ട്. പലപ്പോഴും താരങ്ങളുടെ പേര് ബുദ്ധിമുട്ടാണ്. ഇവയെല്ലാം മറികടന്ന് സ്പോര്ട്സില് എങ്ങനെ വിജയം നേടി ?

ഞാന് ഒരുപാട് കഠിനാദ്ധ്വാനം ചെയ്തു. ഫിഫ ലോകകപ്പിനായി തിരഞ്ഞെടുത്തപ്പോള് മുതല് ഞാന് ഓരോ താരങ്ങളെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. താമസസ്ഥലത്തേയ്ക്ക് പോകുന്ന വഴി, രാത്രിയില് ഉറക്കം ഒഴിവാക്കി, ചിലപ്പോഴൊക്കെ ഉറക്കത്തില് ഞെട്ടി എണീറ്റിട്ടുണ്ട്. അങ്ങനെ പൂര്ണമായും കമന്ററിക്കായി കഠിനാദ്ധ്വാനം ചെയ്തുകൊണ്ടേയിരുന്നു. ഫിഫ ലോകകപ്പ് അവസാനിച്ചപ്പോള് മുതല് ഐപിഎല്ലിനായി കഠിനാദ്ധ്വാനം ചെയ്തിരുന്നു. കാരംബോള്, ഗൂഗ്ലി തുടങ്ങിയവ പഠിച്ചെടുക്കാനുള്ള ശ്രമങ്ങള് നടത്തി. എല്ലാ ദിവസവും ക്രിക്കറ്റ് മത്സരങ്ങള് കണ്ട് കമന്ററി പറയുന്നതിനെക്കുറിച്ച് കൂടുതല് മനസിലാക്കി. കഠിനാദ്ധ്വാനം ചെയ്യാന് എനിക്ക് ഇഷ്ടവുമാണ്.

മത്സരത്തിനിടെ നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളി ഓരോ താരങ്ങളെക്കുറിച്ചും അറിവുണ്ടാകുക എന്നതാണ്. ഇപ്പോള് കഴിഞ്ഞ ദിവസം വന്ന ഒരു മയാങ്ക് യാദവ് ഉഗ്രനായി പന്തെറിയുന്നു. ആദ്യമായി കാണുന്ന താരം ഇത്ര മികച്ച പ്രകടനം പുറത്തെടുക്കുമ്പോള് എങ്ങനെ അയാളെക്കുറിച്ച് താരത്തെക്കുറിച്ച് സംസാരിക്കും?

ഐപിഎല് താരലേലം മുതലെ എല്ലാ താരങ്ങളെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുകയാണ്. മയാങ്ക് യാദവ്, സമീര് റിസ്വി, ഷാരുഖ് ഖാന് ഇവരൊക്കെ പുതിയ താരങ്ങള് ആവാം. പക്ഷേ മയാങ്ക് യാദവ് ലഖ്നൗവില് 2022ല് എത്തിയതാണ്. ഒരു വര്ഷം മയാങ്കിന് പരിക്ക് മൂലം നഷ്ടമായി. അന്ന് മുതലെ മയാങ്കിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. അപൂര്വ്വമായി മാത്രമെ പെട്ടെന്നൊരു താരം ഒരു ടീമിലേക്ക് എത്തു. ഒരു താരത്തിന് പരിക്കേറ്റാല് പകരം വരുന്നെ താരത്തെക്കുറിച്ച് കമന്ററി ബോക്സിലുള്ളവര്ക്ക് ബോധ്യങ്ങള് ഉണ്ടാവും. അവരെക്കുറിച്ച് പഠിച്ച ശേഷമാവും കമന്ററി ബോക്സിലെത്തുക.

സ്പോര്ട്സ് ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില് ഒരു താരത്തോട് ആരാധന ഉണ്ടാകും. രേണു ഏത് താരത്തിന്റെ ഫാനാണ്?

ധോണിയെയാണ് എനിക്ക് ഏറ്റവും കൂടുതല് ഇഷ്ടം.

അങ്ങനെയെങ്കില് ചെന്നൈ സൂപ്പര് കിംഗ്സ് തന്നെയല്ലേ ഐപിഎല്ലിലെ ഇഷ്ടപ്പെട്ട ടീം?

ധോണിയുള്ളതുകൊണ്ട് ചെന്നൈ സൂപ്പര് കിംഗ്സ് ഏറെ ഇഷ്ടമാണ്. എങ്കിലും സഞ്ജു ഉള്ളതുകൊണ്ട് രാജസ്ഥാന് റോയല്സിനെയും ചെന്നൈക്ക് ഒപ്പം ഇഷ്ടമാണ്. ആര് കപ്പ് അടിക്കണമെന്ന് ചോദിച്ചാല് ഇരുടീമുകളുടെയും പേര് ഞാന് പറയും. ധോണി നാളെ റോയല് ചലഞ്ചേഴ്സില് പോയാല് ഞാനും ഒപ്പമുണ്ടാകും. ചെന്നൈയും രാജസ്ഥാനും നേര്ക്കുനേര് വന്നാല് ആര് വിജയിക്കണമെന്ന് പറയാന് എനിക്ക് ബുദ്ധിമുട്ടാണ്.

രേണു ഇഷ്ടപ്പെട്ട ഒരു ടീമാകും ഗ്രൗണ്ടിലുണ്ടാകുക. അവരുടെ പ്രകടനം നല്ലതാകുമ്പോഴും മോശമായാലും അത് കമന്ററി പറഞ്ഞുകൊണ്ടിരിക്കുന്ന രേണു ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും ?

ഇവിടെയാണ് ജോലിയോടുള്ള ആത്മാര്ത്ഥത തെളിയിക്കുന്നത്. വ്യക്തിപരമായ ഇഷ്ടങ്ങള് ജോലിയില് കാണിക്കാന് പാടില്ല. ധോണിയുടെ ടീമിനെതിരെ ശുഭ്മന് ഗില് സിക്സ് അടിച്ചാല് അത് ആസ്വദിക്കും.

ഏതെങ്കിലും സാഹചര്യത്തില് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഒരു തെറ്റ് വന്നേക്കാം. 2008ലെ ഐപിഎല്ലിലെ കാര്യങ്ങള് പറയുമ്പോഴാകും. അത്തരത്തില് ഒരു തെറ്റ് വരുമെന്ന ഭയമുണ്ടോ ? ഇനി തെറ്റ് പറ്റിയാല് എങ്ങനെ അത് തിരുത്തും?

എല്ലാ കമന്റേറ്ററിന്റെയും കൈയ്യില് ഡേറ്റയുണ്ടാകും. ജിയോ സിനിമ ഒരു പ്രൊഫഷണല് സ്ഥാപനമാണ്. ഒരോ കമന്റേറ്ററും പറയുന്ന കാര്യങ്ങള് ശ്രദ്ധിച്ച് രണ്ട് പ്രൊഡ്യൂസര്മാര് ഇവിടെയുണ്ട്. ഏതെങ്കിലും സാഹചര്യത്തില് തെറ്റ് പറ്റിയാല് പോലും അത് അപ്പോള് തന്നെ കമന്ററി ബോക്സിനുള്ളില് തിരുത്തപ്പെടും.

രേണു സ്പോര്ട്സ് കാണുമ്പോള് ഏത് ഭാഷയിലെ കമന്ററിയാണ് കേള്ക്കാന് കൂടുതല് ഇഷ്ടം ?

മലയാളത്തോട് ഏറെ ഇഷ്ടമുള്ളയാളാണ് ഞാന്. മലയാളത്തിലെ വികാരങ്ങള്, വാക്കുകള് പറയാനാണ് ഏറെ ഇഷ്ടം. ഇപ്പോള് എക്സ്പ്ലോസീവ് ബാറ്റിംഗ് നടക്കുന്ന ഐപിഎല്ലാണ് മുന്നോട്ടുപോകുന്നത്. എങ്കിലും ഞങ്ങള് പറയുന്നത് ബാറ്റിംഗ് വിസ്ഫോടനം നടക്കുന്ന ഐപിഎല് എന്നാണ്.

മറ്റ് കമന്ററികള് കേട്ട് പഠിച്ച് അത് നമ്മുടെ കമന്ററിയില് പ്രയോഗിക്കാറുണ്ടോ ?

മറ്റ് ഭാഷയെ മലയാളത്തിലേക്ക് മാറ്റാന് കഴിയില്ല. ഏത് ഭാഷയിലും അതിന്റേതായ പ്രയോഗങ്ങളുണ്ട്. അതിന്റേതായ ഒഴുക്കുണ്ട്. മലയാള ഭാഷയ്ക്ക് അതിന്റേതായ ഭംഗിയുണ്ട്. മലയാളത്തിന്റെ സ്വന്തം രീതികള് ഉപയോഗിക്കാനാണ് ഇഷ്ടം.

ആരാണ് ഇഷ്ടപ്പെട്ട ഒരു കമന്റേറ്റര് ?

ഹര്ഷ ബോഗ്ലെയുടെ കമന്ററി ഏറെ ഇഷ്ടമാണ്. ക്രിക്കറ്റ് കളിക്കാതെ തന്നെ ഇത്ര മികച്ച രീതിയില് സംസാരിക്കാന് കഴിയുന്നു. അതാണ് ഹര്ഷ ബോഗ്ലയെ ഇഷ്ടപ്പെടാന് കാരണം. അതുപോലെ ഇഷ്ടമുള്ള മറ്റൊരാളാണ് പീറ്റര് ഡ്രൂറി. ചെറുപ്പം മുതലെ കേട്ട് വളര്ന്നത് പീറ്റര് ഡ്രൂറിയുടെ കമന്ററി കേട്ടാണ്. അത് കമന്ററി ഇഷ്ടപ്പെടാന് കാരണമാക്കിയിരുന്നു.

ഐപിഎല് കഴിഞ്ഞാല് അടുത്ത കരിയര് എന്താണ് ?

ഇപ്പോള് തന്നെ റേഡിയോ ജോക്കിയാണ്. സ്പോര്ട്സില് ക്രിക്കറ്റിലാണ് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കുവാന് ഇഷ്ടപ്പെടാന് ആഗ്രഹിക്കുന്നത്.

കായിക വിനോദങ്ങൾ ജനപ്രീയമാക്കുന്നതിൽ നിർണായക പങ്കാണ് ഓരോ കമന്റേറ്ററിനുമുള്ളത്. സാങ്കേതികത്വവും ആകർഷണ പദങ്ങളും കായിക പ്രേമികളെ ഒരുപോലെ ആകർഷിക്കുന്നു. കായിക ലോകത്തെ മുൻനിര കമന്റേറ്ററായി രേണു മാറട്ടെയെന്ന് ആശംസിക്കുന്നു.

dot image
To advertise here,contact us
dot image