'സ്വന്തം നാടിന്റെ സുഗന്ധം,സ്വന്തം വീടിനകത്തെ സുരക്ഷിതത്വം, ഞാൻ ഒടുവിൽ എന്റെ ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു' എന്ന് പറഞ്ഞ് ജന്മനാട്ടിൽ തിരിച്ചെത്തിയ മുരളി മലയാള സിനിമ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ട് ഏപ്രിൽ ഏഴിന്, ഇന്നേക്ക് 35 വർഷം പൂർത്തിയാകുന്നു.
അതെ, സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുക്കെട്ടിൻ്റെ 'വരവേൽപ്പ്' മലയാള സിനിമയിൽ നർമ്മത്തിലൂന്നി കഥ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ച്, രസിപ്പിച്ച സിനിമയാണ്. വാണിജ്യ വിജയത്തിൻ്റെ പുതിയ പാത വെട്ടി തുറന്നവരാണ് സത്യൻ അന്തിക്കാടും പ്രിയദർശനും ശ്രീനിവാസനും ഒപ്പം അവരുടെ സിനിമകളിലെ സ്ഥിരം നായകനായിരുന്ന മോഹൻലാലും. അന്ന് വരെ പ്രേക്ഷകർ കണ്ട സിനിമാ ശീലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ, മനോഹരമായ സിനിമകൾ സമ്മാനിക്കാൻ, പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ മേൽപ്പറഞ്ഞവർക്ക് സാധിച്ചു. അവയൊക്കെ പ്രേക്ഷകർ ഇരുകൈ നീട്ടി സ്വീകരിക്കുകയും ചെയ്തു.. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ സിനിമകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒപ്പം ഗൃഹാതുരത്വം ഉണർത്തുന്നതും.
1986-89 കാലഘട്ടത്തിലെ മൂന്ന് വർഷങ്ങളിൽ വെറും ആറ് സിനിമകൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരെ ഇത്ര മാത്രം സ്വാധീനിച്ച വേറെ ഒരു സംവിധായകൻ-തിരക്കഥാകൃത്ത്-നടൻ കൂട്ടുക്കെട്ട് ഉണ്ടാകുമൊ എന്ന് സംശയമാണ്. ഈ കൂട്ടുക്കെട്ടിൽ പിറന്ന ആറാമത്തെ സിനിമയാണ് വരവേൽപ്പ്. സാമൂഹിക പ്രസക്തിയുള്ള, സന്ദേശമുള്ളൊരു നല്ല കഥ, ആ കഥയ്ക്ക് സത്യൻ അന്തിക്കാട് നൽകിയ സരസമായ ആഖ്യാനത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സിനിമയാണിത്.
മലയാള സിനിമയിലെ ഏറ്റവും നാച്ചുറലായ കഥാപരിസരങ്ങളും കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളുമുള്ള സിനിമകൾ എടുത്താൽ അതിന്റെ മുൻനിരയിൽ വരവേൽപ്പ് എന്ന സിനിമയും അതിലെ കഥാപാത്രങ്ങളെ തികച്ചും സ്വഭാവികമായ രീതിയിൽ അവതരിപ്പിച്ച നടീനടന്മാരും ഉണ്ടാകും. വരവേൽപ്പ് എന്ന പേര് പോലെ തന്നെയായിരുന്നു ഏഴ് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തുന്ന മുരളിക്ക് ബന്ധുക്കളിൽ നിന്നും കിട്ടിയ സ്നേഹോഷ്മളമായ വരവേൽപ്പ്. രണ്ട് ചേട്ടന്മാർ അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനായി ഗൾഫിൽ ജോലി ചെയ്യുന്ന, കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം സ്വന്തം കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്ന, ബന്ധുക്കളുടെ കപട സ്നേഹം തിരിച്ചറിയാൻ വൈകുന്ന, കൈയ്യിൽ ഉള്ള സമ്പാദ്യം കൊണ്ട് നാട്ടിൽ ജോലി/ബിസിനസ് ചെയ്ത് ജീവിക്കാൻ ശ്രമിക്കുന്ന, കൈയ്യിൽ കാശില്ലാത്തവനെ ആർക്കും വേണ്ട എന്ന് തിരിച്ചറിയുന്ന, തന്റെ തണലിൽ ജീവിച്ചവരിൽ നിന്ന് പോലും തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത് എന്ന് മനസിലാക്കുന്ന, ഒരുപാട് ജീവിതാനുഭവങ്ങളുമായി വീണ്ടും പച്ച പിടിപ്പിക്കാൻ ഗൾഫിലേയ്ക്ക് മടങ്ങി പോകുന്ന മുരളി എന്ന ചെറുപ്പക്കാരന്റെ കഥ വളരെ ലളിതവും മനോഹരവുമായിട്ടാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും മോഹൻലാലും കൂടി അവതരിപ്പിച്ചിരിക്കുന്നത്.
മോഹൻലാലിന്റെ അഭിനയ മികവ് തന്നെയാണ് വരവേൽപ്പിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. മുരളി എന്ന കഥാപാത്രത്തിന്റെ സ്നേഹവും പ്രതീക്ഷയും തകർച്ചയും ഒറ്റപ്പെടലും നൊമ്പരവും നിസ്സഹായതയും ഒക്കെ മോഹൻലാൽ എത്ര സ്വഭാവികമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ഏറ്റവും മികച്ച പത്ത് സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുത്താൽ അതിൽ ഉറപ്പായും വരവേൽപ്പും അതിലെ മുരളിയും ഉണ്ടാകും, മുൻനിരയിൽ.
വരവേൽപ്പിലെ പല രംഗങ്ങളും സംഭാഷണങ്ങളും രസകരവും ഒപ്പം മനസിനെ സ്പർശിക്കുന്നവയുമാണ്. ചെറിയേട്ടനായ ജനാർദ്ദനൻ അബ്കാരി ബിസിനസ് ആരംഭിക്കാൻ മുരളിയെ നിർബന്ധിക്കുന്നതിന് മുമ്പ് ഒരു ഡയലോഗ് ഉണ്ട്, 'നിനക്കൊരു കല്യാണം ഒക്കെ കഴിക്കണ്ടെ' എന്ന്. അപ്പോൾ ചെറിയൊരു നാണം വന്ന മുരളിയുടെ നിഷ്കളങ്കമായ ആ ചിരി ഉണ്ട്, പ്രേക്ഷകന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന മോഹൻലാലിന്റെ ചിരി!!
മനസിൽ എത്ര ദേഷ്യം ഉണ്ടെങ്കിലും ചിരിച്ച മുഖത്തോട് വേണം ഇപ്പോഴത്തെ തൊഴിലാളികളോട് സംസാരിക്കാൻ എന്ന ഉപദേശം വല്ല്യേട്ടനിൽ നിന്നും കിട്ടിയ ശേഷം തൊഴിലാളികളോട് സ്നേഹം പ്രകടിപ്പിക്കുന്ന സീനിൽ മുരളിയും ഡ്രൈവർ ചാത്തുകുട്ടിയും (ഇന്നസെന്റ്) കണ്ടക്റ്ററായ വൽസനും ശരിക്കും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ബസ് സ്റ്റാന്റിൽ ബസിന്റെ മുന്നിൽ നിന്ന് പത്രം വായിച്ചുകൊണ്ട് നിൽക്കുന്ന ഡ്രൈവർ ചാത്തുക്കുട്ടിയോട് മുരളി, ''ചാത്തുക്കുട്ടി ചേട്ടാ, നമസ്കാരം, പിന്നെ എന്തൊക്കെയുണ്ട് പത്രത്തിൽ വിശേഷം. ചേട്ടൻ രാവിലെ എന്ത് കഴിച്ചു, വീട്ടിൽ ആരൊക്കെ ഉണ്ട്. ഇത്രേം ദിവസമായിട്ട് ചാത്തുക്കുട്ടി ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഇണ്ട് എന്ന് ഞാൻ അന്വേഷിച്ചിട്ടില്ല, ആരൊക്കെ ഇണ്ട്, എത്ര കുട്ടികളുണ്ട്.. എന്താ കുട്ടികളെ ഒക്കെ കൊണ്ട് വരാത്തത്, അവര് ബസിൽ കേറി ഫ്രീയായിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സഞ്ചരിക്കട്ടെ', ഇതൊക്കെ കേൾക്കുമ്പോൾ ഇന്നസെന്റിന്റെ ഒരു ഭാവം ഉണ്ട്, ഗംഭീരമാണത്.
ജഗദിഷിന്റെ കൺടക്റ്റർ വൽസൻ 'എന്റെ അച്ഛൻ ചോദിച്ചു മുതലാളിയുടെ ഒരു ഫോട്ടൊ, വീട്ടിൽ തൂക്കാൻ' എന്ന് പറയുന്നതും അതിന് മുരളി ചിരിച്ച് കൊണ്ട് 'അയ്യോ' എന്നു പറയുന്നതും ഒക്കെ പ്രേക്ഷകർക്ക് പൊട്ടിച്ചിരികൾ സമ്മാനിച്ചു. ഇന്നസെൻ്റ്, ജഗദീഷ്, മോഹൻലാൽ എന്നിവരുടെ അസാധ്യ കോമഡി ടൈമിങ്ങ് പ്രകടമായ രംഗമായിരുന്നു മേൽപ്പറഞ്ഞത്. കണ്ടക്ടർ വൽസൻ പണം പറ്റിച്ച് പോയതിന് ശേഷം മുരളി തന്നെ കണ്ടക്ടർ ആകാൻ തീരുമാനിക്കുന്നതും ആദ്യ ദിവസം ബസ് എടുക്കുന്നതിന് മുമ്പ് ഡ്രൈവർ ചാത്തുക്കുട്ടിയോട് മുരളി പറയുന്ന ഡയലോഗ് തിയേറ്ററിൽ ചിരി പടർത്തിയിരുന്നു.
'ചാത്തുക്കുട്ടിയേട്ടാ, സ്പീഡ് അധികം വേണ്ടാ, എനിക്ക് വലിയ പ്രാക്ടീസ് കുറവാ', അപ്പോൾ ചാത്തുക്കുട്ടിയായ ഇന്നസെന്റ് പറയുന്ന ഡയലോഗ് ആണ് ഏറ്റവും രസകരം, 'എന്നെ ആരും നിയന്ത്രിക്കുന്നത് എനിക്ക് ഇഷ്ടമല്ല'. ചാത്തുക്കുട്ടി എന്ന കഥാപാത്രത്തെ എത്ര സ്വഭാവികമായിട്ടാണ് ഇന്നസെന്റ് അവതരിപ്പിച്ചിരിക്കുന്നത്. ബസ് ഇറക്കാൻ വേണ്ടി മുരളി ചേട്ടന്മാരോട് സഹായം ചോദിച്ച് വരുന്ന രംഗങ്ങളും അതിലെ മോഹൻലാലിന്റെ അഭിനയവും ഗംഭീരവും എന്നാൽ വളരെ ലളിതവുമാണ്.
ചേട്ടന്മാരും അമ്മാവനും അവഗണിച്ച ശേഷം മുരളി വീട്ടിൽ നിന്നും പുറത്തിങ്ങുമ്പൊൾ, പിന്നാലെ ചേട്ടന്റെ മകൻ ഓടി വന്ന് ഇന്ന് അവന്റെ പിറന്നാൾ ആണെന്ന് പറയുന്നതും, അവന് മുരളി പിറന്നാൾ ആശംസകൾ നേരുന്നതും, മുരളിയുടെ കണ്ണ് നിറയുന്നതും ഒക്കെ എത്രമേൽ അനായാസമായിട്ടാണ്, ചാരുതയോടെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മറ്റ് നടന്മാരായിരുന്നു ഈ രംഗങ്ങളില്ലെങ്കിൽ നാടകീയതയിലേയ്ക്ക് വഴുതി പോകാൻ സാധ്യത വളരെ കൂടതലായിരുന്നു.
മുരളിയുടെ ട്രേഡ് യൂണിയൻ നേതാവ് പ്രഭാകരനുമായിട്ടുള്ള രംഗങ്ങൾ ശരിക്കും നമ്മുടെ സമൂഹത്തിന്റെ നേർകാഴ്ച്ചയായിരുന്നു. ബസ് ഇറക്കാൻ തന്റെ വീട് പണയം വെയ്ക്കാം/വിൽക്കാം എന്ന് രമ മുരളിയോട് പറയുന്ന രംഗവും സംഭാഷങ്ങളുമാണ് വരവേൽപ്പിനെ മികവിന്റെ പൂർണതയിൽ എത്തിക്കുന്നത്, അത് തന്നെയാണ് വരവേൽപ്പ് എന്ന സിനിമ നൽകുന്ന സന്ദേശവും. 'ഈ ബന്ധങ്ങളെന്ന് പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നത് വരെയുള്ളു, അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. ഏഴ് കൊല്ലം മുമ്പ് 500 രൂപയും കൊണ്ടാണ് ഞാൻ ബോംബയ്ക്ക് വണ്ടി കയറിയത്. എനിക്കവിടെ ഇപ്പൊഴും നല്ല കുറെ സുഹൃത്തുക്കൾ ഉണ്ട്, ഒരു വിസ സംഘടിപ്പിക്കാൻ വലിയ പ്രയാസം ഉണ്ടാകില്ല. ആരോഗ്യവും അധ്വാനിക്കാൻ തയ്യാറുള്ള മനസും ഉള്ളപ്പൊ ആരേ പേടിക്കാനാ'.
ശ്രീനിവാസൻ എന്ന എഴുത്തുക്കാരൻ്റെ സംഭാഷണങ്ങളിലെ ശക്തിയും തീവ്രതയും പ്രേക്ഷകർ അനുഭവിച്ചറിഞ്ഞു മേൽ പറഞ്ഞ രംഗങ്ങളിൽ. സത്യൻ-ശ്രീനി-ലാൽ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച സിനിമയും വരവേൽപ്പ് തന്നെയാണ്. ഹിറ്റായെങ്കിലും ഇവരുടെ മുൻ സിനിമകളിലേത് പോലെ നർമ്മം അല്പം കുറഞ്ഞ് പോയത് കൊണ്ടാണെന്ന് തോന്നുന്നു വരവേൽപ്പിന് ഗാന്ധിനഗർ പോലെയോ, നാടോടിക്കാറ്റ് പോലെയോ ഉള്ള ഒരു വൻ വിജയം അന്ന് തിയേറ്ററുകളിൽ നിന്നും ലഭിക്കാതിരുന്നത്.
അതുപോലെ തന്നെ സത്യൻ-ശ്രീനി സിനിമകളിൽ കാണുന്ന ഒരു പ്രത്യേകതയാണ് നായകനും നായികയ്ക്കും ഇടയിലുള്ള പറയാതെ പറയുന്ന പ്രണയം. അത് വരവേൽപ്പിലും ഭംഗിയായി തന്നെ അവർ അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ പല അവാർഡ് ജൂറിക്കും പ്രേക്ഷകർക്കും ഒരു മുൻവിധി ഉണ്ട്, ആർട്ട് സിനിമകളിലെ പ്രകടനം, അല്ലെങ്കിൽ സെന്റിമെന്റൽ രംഗങ്ങളിൽ നാടകീയത കുത്തിനിറച്ച് അഭിനയിക്കുന്നതാണ് മികച്ച അഭിനയമെന്നും ആ അഭിനേതാക്കളാണ് മികച്ചവർ എന്നും. അങ്ങേയറ്റം അപക്വമായ, തെറ്റായ ഒരു ധാരണയാണത്.
സത്യത്തിൽ വരവേൽപ്പിലെ മുരളിയെ പോലെയുള്ള കഥാപാത്രത്തെ വളരെ സ്വഭാവികമായി അവതരിപ്പിക്കുക അഥവാ അഭിനയിക്കുകയല്ല എന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കുക എന്നതാണ് ഏതൊരു നടന്റെയും വെല്ലുവിളി. ആ വെല്ലുവിളി പതിവ് പോലെ വരവേൽപ്പിലും മോഹൻലാൽ ഏറ്റെടുത്ത് വിജയിപ്പിച്ചു.
രേവതി, മുരളി, തിലകൻ, ശ്രീനിവാസൻ, ശങ്കരാടി, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന, കെപിഎസി ലളിത, ജഗദീഷ്, ബോബി കൊട്ടാരക്കര, തിക്കുറിശ്ശി, ജനാർദ്ധനൻ, കൃഷ്ണൻകുട്ടി നായർ തുടങ്ങിയ നടീനടന്മാരൊക്കെ അവരവരുടെ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. വിപിൻ മോഹന്റെ ഛായാഗ്രഹണവും കൈതപ്രം-ജോൺസൺ ടീമിന്റെ ഗാനങ്ങളും വരവേൽപ്പിനെ കൂടുതൽ മനോഹരമാക്കി.
സത്യൻ-ശ്രീനി-ലാൽ ടീം ഇനി ഒരു സിനിമയ്ക്കായി ഒന്നിക്കാനുള്ള സാധ്യത വളരെ കുറവ് ആണെങ്കിലും 'ടി പി ബാലഗോപാലനി'ലൂടെയും 'ഗാന്ധിനഗറി'ലൂടെയും 'സന്മനസുള്ളവർക്ക് സമാധാന'ത്തിലൂടെയും 'നാടോടിക്കാറ്റി'ലൂടെയും 'പട്ടണപ്രവേശ'ത്തിലൂടെയും 'വരവേൽപ്പി'ലൂടെയും ഒക്കെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ സത്യൻ-ശ്രീനി-ലാൽ കൂട്ടുക്കെട്ട് എന്നും നിറഞ്ഞ് നിൽക്കുക തന്നെ ചെയ്യും.