1982-ൽ പുറത്തിറങ്ങിയ 'ഡ്രാഗൺ ലോഡ്'. നൂറിലധികം സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് പരിക്ക് പറ്റിയ ഒരു പക്കാ സ്റ്റണ്ട് പടം മാത്രമായിരുന്നില്ല ഡ്രാഗൺ ലോഡ്, ജാക്കി ചാൻ എന്ന ചാൻ കോങ് സാങ്ങിന്റെ ഉദയം കണ്ട ചിത്രമായിരുന്നു അത്. ജാക്കി തന്നെ സംവിധാനം ചെയ്ത ചിത്രം ശ്രദ്ധേയമായി. ഡ്യൂപ്പുകളില്ലാതെ അതിസാഹസികമായ രംഗങ്ങൾ അനായാസം കൈകാര്യം ചെയ്ത ജാക്കി ലോക സിനിമ പ്രേക്ഷകർക്ക് കൗതുകമായി മാറി. ഉയർന്ന സ്റ്റാർ വാല്യു ഉള്ള നടന്മാരെന്ന് പറയുമ്പോൾ പ്രേക്ഷകർ ഹോളിവുഡ് സൂപ്പർസ്റ്റാറുകളുടെ പേര് എണ്ണിപ്പറയുന്നിടത്ത് ഹോളിവുഡിന് പുറത്തുനിന്നുള്ള ആ നടന്റെ പേരും ഉറച്ചു കേട്ടു.
പൊലീസ് സ്റ്റോറി ഫ്രാഞ്ചൈസിയിലൂടെയും പ്രൊജക്ട് എ-യിലൂടെയും, സൂപ്പർ കോപ്പിലൂടെയുമൊക്കെ തഴക്കം വന്ന താരമായി ജാക്കി മാറി. ബ്രൂസ് ലീയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിനും ജാക്കി തന്റെ മാസ്മരിക പ്രകടനത്തിലൂടെ ഉത്തരം നൽകി. ബ്രൂസ് ലീയുടെ അപ്രതീക്ഷിത മരണം ആരാധകരുടെ ഇടയിലും സിനിമയിലും വലിയ ശൂന്യതയാണ് വരുത്തിയത്. നിരവധി നടന്മാർ അക്കാലത്ത് ബ്രൂസ് ലീയുടെ പിന്മുറക്കാരനാകാൻ മത്സരിച്ചുവെങ്കിലും ജാക്കി ചാന് അത് അനായാസം കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് അത് സംഭവിക്കുന്നത്.
1987ൽ ജാക്കി ചാന്റെ സംവിധാനത്തിൽ 'ആർമർ ഓഫ് ഗോഡ്' എന്ന ചിത്രമൊരുക്കുന്നു. നായകനും ജാക്കി തന്നെ. ജാക്കിയുടെ പല സ്റ്റണ്ടുകളും പേടിപ്പിക്കുന്നതായിരുന്നെങ്കിലും ആ പേടി സത്യമായത് ആർമർ ഓഫ് ഗോഡിലൂടെയാണെന്ന് പറയാം. യൂഗോസ്ലാവിയയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ട് നടന്നത്.
അഞ്ച് മീറ്ററെങ്കിലും ഉയരമുള്ള ഒരു മതിലിൽ നിന്ന് അടുത്തുള്ള മരത്തിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിക്കുന്നു. പ്ലാൻ ചെയ്തത് പോലെ തന്നെ ജാക്കി കൃത്യമായി തന്നെ മതിലിൽ നിന്ന് മരക്കൊമ്പിലേക്ക് ചാടി ആ ഷോട്ട് പൂർത്തീകരിച്ചു. എന്നാൽ ചെയ്തതിൽ എന്തോ പെർഫെക്ഷൻ കുറവ് തോന്നിയ താരം ആ സീൻ വീണ്ടും ചെയ്യാൻ തീരുമാനിച്ചു. മതിലിന് മുകളിൽ കയറുന്നു, അടുത്തുള്ള മരം ടാർഗറ്റ് ചെയ്യുന്നു, ചാടുന്നു. ജാക്കി കൃത്യമായി തന്നെ ചാടി പക്ഷെ ചാടിപ്പിടിച്ച മരത്തിന്റെ കൊമ്പിന് ബലമില്ലാത്തതിനാൽ അതൊടിഞ്ഞു. മുകളിൽ നിന്ന് ജാക്കി വീഴുന്നത് നേരെ താഴെ പാറക്കൂട്ടങ്ങളുടെ ഇടയിലേക്കാണ്. മലർന്ന് വീണ താരത്തിന്റെ തല കല്ലിൽ ശക്തമയി ഇടിക്കുകയും ഒരു പാറക്കല്ല് അദ്ദേഹത്തിന്റെ തലയുടെ ഒരു വശത്തേക്ക് തുളഞ്ഞു കയറുകയും ചെയ്തു.
ജാക്കിയുടെ വീഴ്ച്ച എപ്പോഴത്തെയും പോലെ നിസാരമായിരിക്കുമെന്ന് കരുതയിവർ, അദ്ദേഹത്തിന്റെ തലയിൽ നിന്ന് വാർന്നൊഴുകുന്ന രക്തം കണ്ട് അമ്പരന്നു. ഒരു നിമിഷം എല്ലാവരും തരിച്ചു പോയെങ്കിലും ഒട്ടും സമയം പാഴാക്കാതെ ബോധരഹിതനായിക്കൊണ്ടിരിക്കുന്ന ജാക്കിയെ കോരിയെടുത്ത് വാഹനത്തിൽ കയറ്റി അവർ ആശുപത്രിയിലേക്ക് പറന്നു. വാഹനത്തിനുള്ളിൽ അനക്കമല്ലാതെ കിടന്ന ജാക്കി എന്നന്നേക്കുമായി ഉറക്കത്തിലകപ്പെട്ടു എന്നു തന്നെയാണ് കൂടെയുണ്ടായിരുന്നുവർ കരുതിയത്.
യൂറോപ്പിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ധൻ ജാക്കിക്കരികിലെത്തി, പരിശോധിച്ചു. കല്ല് തലയോട്ടി തുളച്ചു കയറിയതിനാൽ മരണം സംഭവിക്കാനോ, കോമയിലാകാനോ, ശരീരം ഭാഗീകമായി തളരാനോ മാത്രമാണ് സാധ്യതയുള്ളതെന്ന് ജാക്കിയെ ചികിത്സിച്ച ഡോക്ടർമാർക്ക് വ്യക്തമായി അറിയാമായിരുന്നു. കഴിയുന്നത്ര വേഗത്തിൽ ശസ്ത്രക്രിയ നടത്തി തുളഞ്ഞു കയറിയ കല്ല് പുറത്തെടുത്തു. കഷ്ടിച്ച ജീവൻ മാത്രമുള്ള ശരീരത്തിൽ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാൻ ബാക്കിയില്ല എന്ന് എല്ലാവർക്കും ബോധ്യമായി. എന്നാൽ എല്ലവരെയും വീണ്ടും ഞെട്ടിച്ചുകൊണ്ട് ജാക്കി കണ്ണു തുറന്നു. കോമയിലാകുമെന്നും ശരീരം തളർന്നു പോയാക്കാമെന്നും മരണം വരെ സംഭവിക്കാമെന്നുമുള്ള പ്രവചനങ്ങളെ മറികടന്ന് ജാക്കി ജീവിതത്തിലേക്ക്, രണ്ടാം ജന്മത്തിലേക്ക്...
തലക്കേറ്റ പരിക്ക് കുറച്ചെങ്കിലും ഭേദമാകാൻ ദിവസങ്ങളും ആഴ്ച്ചകളുമെടുത്തു. അപ്പോഴും രണ്ടാം ജന്മത്തിന്റെ സ്മാരകം എന്നപോലെ തലയോട്ടിയിൽ തുളഞ്ഞു കയറിയ കല്ലിന്റെ ദ്വാരം അങ്ങനെ തന്നെ കിടന്നു. ദ്വാരം അടയ്ക്കാൻ അന്ന് ഡോക്ടർമാർ ഒരു പ്രത്യേക തരം പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചത്. മാത്രമല്ല, വീഴ്ച്ചയുടെ ആഘാതത്തിൽ ചെവിയുടെ കേൾവി ശക്തി ഭാഗീകമായി നഷ്ടപ്പെട്ടു.
ഇത്രയും വലിയ പരിക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ജാക്കിയ്ക്ക് ഡോക്ടർമാർ കുറച്ചു കാലത്തേക്കെങ്കിലും പൂർണ വിശ്രമം വിധിച്ചു. പക്ഷെ അപ്പോഴും ജാക്കിയുടെ ആകുലത, താൻ പാതിയാക്കിയ സിനിമയുടെ ചിത്രീകരണം മാത്രമായിരുന്നു. ഡോക്ടർമാരുടെ വാക്കുകളെ നിരസിച്ച് വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക് പോകാൻ തയാറായി. എന്നാൽ ആ പോക്ക് പിതാവ് തടഞ്ഞു. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയ ജാക്കി ഏതാനും മാസങ്ങൾ കൂടി റെസ്റ്റെടുത്തു. ശേഷം വീണ്ടും സെറ്റിലെത്തി.
ജാക്കി ചാന്റെ അപകട വാർത്ത ഏറെ ഞെട്ടലോടെയാണ് ലോക പ്രേക്ഷകർ കേട്ടത്. ബ്രൂസ് ലീയെ നഷ്ടപ്പെട്ടതു പോലെ അകാലത്തിൽ മരമണമടയാനാണോ ജാക്കി ചാന്റെയും വിധിയെന്ന് ആളുകൾ അടക്കം പറഞ്ഞു. ജാക്കി ചാൻ എന്ന സൂപ്പർ താരത്തിന്റെ യുഗം അവസാനിച്ചു എന്നു വരെ ആളുകൾ വിശ്വസിച്ചു.
LIFE WILL KNOCK US DOWN, BUT WE CAN CHOOSE WHETHER OR NOT TO STAND BACK UPജീവിതം നമ്മെ തളർത്തും, പക്ഷേ നമുക്ക് നിൽക്കണോ വേണ്ടയോ എന്ന് നമ്മളാണ് തിരഞ്ഞെടുക്കേണ്ടത്
തളർന്നില്ല, പിന്നിലേക്ക് പോയില്ല, മരണത്തിന് പോലും തന്നെ പിന്തിരിപ്പിക്കാനാകില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ജാക്കി ചാൻ വീണ്ടും സിനിമ സെറ്റിലേക്ക് ധൈര്യ പൂർവ്വം നടന്നു കയറി. വലിയ അപകടം പറ്റിയതിന്റേതായ യാതൊരു ലക്ഷണവും കാണിക്കാതെ വന്ന താരം, ആദ്യം ഷൂട്ട് ചെയ്തത് ആകട്ടെ സിനിമയിലെ ഏറ്റവും അപകടം പിടിച്ച രംഗം. ഒരു മലയുടെ മുകളിൽ നിന്ന് പാരച്യൂട്ടിലേക്ക് ചാടുന്നതായിരുന്നു ആ രംഗം. ഏകാഗ്രത ഒട്ടും കൈവിടാതെ കൃത്യമായി തന്നെ അദ്ദേഹം ആ രംഗം ഷൂട്ട് ചെയ്തു.
1987-ന് ശേഷം ഹോങ് കോങ്ങിലെ തിയേറ്ററുകൾ നിറയാൻ ഒറ്റ പേരുമതിയായിരുന്നു, ജാക്കി ചാൻ. പിന്നീട് ഗോൾഡൻ വേ എന്ന നിർമ്മാണ കമ്പനി, സ്വന്തമായി ഒരു സ്റ്റണ്ട് അസോസിയേഷൻ എന്നിങ്ങനെ കരിയറിൽ ഉയർച്ചയുടെ കൊടുമുടിയിലെത്തിയ ജാക്കി ചാന് വീണ്ടും പരിക്കുകളുണ്ടാകാതിരുന്നില്ല. ഹെലികോപ്റ്ററിൽ തൂങ്ങിയാടുന്നതിനിടെ താഴെ വീണ് ബോധം പോയ സംഭവങ്ങളടക്കം പരിക്കുകളുടെ ഒരു പരമ്പര തന്നെയുണ്ടായിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ മാത്രമേ ജാക്കി ചാൻ കണ്ടിരുന്നുള്ളു. 'റംബിൾ ഇൻ ദ ബ്രോങ്ക്സ്', 'ഡ്രങ്കൻ മാസ്റ്റർ', 'ക്രൈം സ്റ്റോറി', 'പൊലീസ് സ്റ്റോറി ഫ്രാഞ്ചൈസി', 'മിസ്റ്റർ നൈസ് ഗയ്', 'ദ ഫോർബിഡൻ കിംഗഡം', 'ദ ഫോറിനർ', 'വീൽസ് ഓൺ മീൽസ്', 'ബ്ലീഡിങ് സ്റ്റീൽ', 'ദ സ്പൈ നെക്സ്റ്റ് ഡോർ', 'കരാട്ടെ കിഡ്' എന്നിങ്ങനെ നീളുന്നു ആക്ഷൻ കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ കീഴടക്കിയ ജാക്കി ചാൻ സിനിമകൾ.
ജാക്കി ചാൻ ഒരു യഥാർത്ഥ മനുഷ്യനാണോ മെഷീൻ ആണോ എന്നുവരെ സംശയിച്ചിട്ടുള്ളവരും നിരവധിയുണ്ട്. മരണത്തിന്റെ അവസാന നിമിഷം വരെയും സ്റ്റണ്ട് ചെയ്യണം എന്നാഗ്രഹിച്ച ജാക്കി ചാൻ ഓസ്കർ പുരസ്കാരങ്ങൾക്കും ഗിന്നസ് റെക്കോർഡുകൾക്കും അപ്പുറം ഒരു അത്ഭുത മനുഷ്യനാണ് എന്ന് അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് പറയാതെ പറയുന്നു.