എം ബാലമുരളീകൃഷ്ണ എന്ന പ്രശ്സത സംഗീതജ്ഞന്റെ ശിഷ്യരായി ഇരട്ടസഹോദരങ്ങളായ ജയവിജയന്മാർ മദിരാശിയിൽ താമസിക്കുന്ന കാലം... എച്ച് എം വിയിലെ മാനേജരുടെ നിർദേശപ്രകാരം രണ്ട് അയ്യപ്പ ഭക്തി ഗാനങ്ങൾ ഒരുക്കാൻ ജയവിജയന്മാരെ ക്ഷണിക്കുന്നു. എം പി ശിവത്തിന്റെ വരികൾക്ക് മനോഹരമായി ഇരുവരും ഈണം നൽകി. പി ലീലയാണ് ഗാനം ആലപിച്ചത്. ജയവിജയന്മാർ ഗായികയെ വീട്ടിൽ ചെന്ന് പാട്ട് പഠിപ്പിച്ചാണ് 'ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ...' എന്ന പ്രശസ്ത ഗാനം പാടിക്കുന്നത്.
1934 നവംബർ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളാണ് കലാരത്നം കെ ജി ജയനും സഹോദരൻ വിജയനും. മാവേലിക്കര രാധാകൃഷ്ണയ്യർ, ആലത്തൂർ ബ്രദേഴ്സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കർണാടിക് സംഗീതജ്ഞരുടെ കീഴിൽ സംഗീതം അഭ്യസിച്ച ഇരുവരും സംഗീതാസ്വാദകർക്ക് പ്രിയപ്പെട്ടതാകുന്നത് സ്റ്റേജ് ഷോകളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ഒപ്പം ചലച്ചിത്ര ഗാനങ്ങളിലൂടെയുമാണ്.
ജയനെയും വിജയനെയും 'ജയവിജയ'യാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജോസ് പ്രകാശ് ആണ്. അദ്ദേഹം അഭിനയിച്ച 'പ്രിയ പുത്രൻ' എന്ന നാടകത്തിന് ഗാനങ്ങൾ ഒരുക്കിയത് ഇവരായിരുന്നു. ഈ പേര് സംഗീതാസ്വാദകർക്കിടിയിൽ പരിചിതമാകാൻ അധികം സമയം എടുക്കേണ്ടി വന്നില്ല. 'ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ...' എന്ന ആദ്യ ഭക്തിഗാനം ശ്രദ്ധേയമായതിന് പിന്നാലെ ഇരുവരും ചേർന്നു പാടിയ 'ശ്രീകോവിൽ നട തുറന്നൂ...' എന്ന ഗാനവും ഏറെ പ്രശസ്തമായി. സംഗീത ലോകത്ത് തങ്ങളുടെ സാന്നിധ്യമുറപ്പിച്ച ഇരുവരും നൂറുകണക്കിന് ഭക്തിഗാന ആൽബങ്ങളിൽ പാടുകയും സംഗീതം നൽകുകയും ചെയ്തു. അതിൽ ഇരവരുടെയും അയ്യപ്പ ഭക്തി ഗാനങ്ങൾക്ക് പ്രേത്യേക ആരാധകർ തന്നെയുണ്ടായി.
അവരുടെ ജീവിതം സംഗീതമായിരുന്നു, അവർ ജീവിച്ചത് സംഗീതത്തിന് വേണ്ടിയായിരുന്നു.1989 ജനുവരി ആറിനാണ് മകരസംക്രമ ദിനത്തിലാണ് ഇരുമെയ്യും ഒരേ മനസുമായിരുന്ന തന്റെ സഹോദരൻ കെ ജി വിജയൻ സംഗീത ലോകത്തോട് വിട പറയുന്നത്. തമിഴ്നാട്ടിലെ ഡിൻഡിഗല്ലിലെ അയ്യപ്പ ക്ഷേത്രത്തിൽ കച്ചേരിക്കു പോകവേ ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് കെ ജെ വിജയന് അന്ത്യം സംഭവിക്കുന്നത്. ഒരാഴ്ചക്ക് ശേഷമുള്ള ഒരു മകര സന്ധ്യക്ക് അദ്ദേഹത്തിന്റെ ചിതാഭസ്മം പമ്പയിൽ നിമജ്ജനം ചെയ്തു. അദ്ദേഹേത്തിന്റെ വിയോഗത്തെ കുറിച്ച് കെ ജി ജയൻ പറഞ്ഞത് ഇങ്ങനെ,
മകരസംക്രമ ദിനത്തിൽ പുണ്യനദി പമ്പയിലലിഞ്ഞു ചേരുന്നതിനേക്കാൾ വലിയ മോക്ഷം അയ്യപ്പഭക്തനായ ഒരു ഗാനോപാസകനു വേറെ എന്തുണ്ട്? മരണത്തിലും ഹരിഹരസുതൻ അവനെ ചേർത്തുനിർത്തി. അവൻ അയ്യപ്പനിൽ ലയിച്ചു എങ്കിലും ആ നാദശരീരം ഇപ്പോഴും എന്റെ ഒപ്പമുണ്ട്. എനിക്ക്പാടാൻ കരുത്ത് നൽകുന്നതും അതുതന്നെ, മകരജ്യോതി പോലെ അവൻ എന്നും എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു
ഓർമവെച്ച കാലം മുതൽ ഒന്നിച്ചായിരുന്ന, ഒരേ വേദിയിൽ, ഒരേ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് പാടിയിരുന്ന, ജീവിതവഴികളിലെല്ലാം ഒരുമിച്ച് യാത്ര ചെയ്തിരുന്ന കാലം ഇനി ഉണ്ടാകില്ല എന്നറിഞ്ഞ നിമിഷം ഒരു മരവിപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത് ഒരിക്കൽ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ മാത്രമേയുള്ളൂ എന്ന വികാരമാണ് അന്ന് എന്നെ തളർത്തിയത്. എനിക്കു മാത്രമായി ഇനിയൊരു ജീവിതം വേണ്ട എന്നു പോലും തോന്നിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. മകരമാസത്തിലെ നോവായി ആ വിയോഗം അത്രമേൽ അദ്ദഹേത്തെ വേദനിപ്പിച്ചുവെങ്കിലും ഭഗവാനിൽ അലിഞ്ഞു ചേർന്നു എന്ന് വിശ്വസിച്ച അദ്ദേഹം പിന്നെയും നിരവധി പാട്ടുകൾക്ക് രൂപം നൽകി.
പിന്നീട് അദ്ദേഹം ആദ്യ കച്ചേരി നടത്തുന്നത് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു. നേരത്തെ ഏറ്റിരുന്ന പരിപാടിയായിരുന്നതു കൊണ്ടു തന്നെ ഓഴിവാകാൻ സാധിച്ചിരുന്നില്ല. എന്നാൽ ആദ്യമായി ഒരു ശൂന്യത അദ്ദേഹത്തിന് അനുഭവപ്പെട്ടു. പാടിത്തുടങ്ങിയപ്പോഴെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു, അറിയാതെ സ്വരങ്ങളിടറി. കണ്ടിരുന്ന കാണികളും കമ്മിറ്റിക്കാരും സ്റ്റേജിലെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഒറ്റക്ക് പാടി ശീലവുമില്ലായിരുന്നിടത്ത് നിന്ന് ഒറ്റയ്ക്ക് പാടുക എന്നതും അദ്ദേഹം പതുക്കെ പതുക്കെ മറികടന്നു.
വിജയന്റെ മരണ ശേഷം എസ് രമേശൻ നായർ എഴുതി ജയൻ സംഗീതം നൽകിയ 'മയില്പ്പീലി'യിലെ ഒൻപത് ഭക്തിഗാനങ്ങളും ശ്രദ്ധനേടി.1968 ൽ ഭൂമിയിലെ മാലാഖ മുതൽ മുപ്പതോളം മലയാളം തമിഴ് സിനിമകൾക്കും ജയം സംഗീതം നൽകി. 1968 ൽ തന്നെ പുറത്തിറങ്ങിയ 'ഭൂമിയിലെ മാലാഖ' എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. 'രാധതൻ പ്രേമത്തോടാണോ..', 'ചന്ദനചർച്ചിത...' തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച കൃഷ്ണ ഭക്തിഗാനങ്ങൾ അടങ്ങിയ ഒരു കസെറ്റ് പുറത്തിറങ്ങുന്നു. അന്നിറങ്ങിയ മറ്റ് ഹിറ്റ കാസെറ്റ് കളക്ഷൻ റെക്കോഡുകളെയും പിന്നിലാക്കിയ പാട്ടുകൾ മലയാളികൾ ആവർത്തിച്ചാവർച്ചു കേട്ടു.
'നിറകുടം' എന്ന ചിത്രത്തിലെ 'നക്ഷത്രദീപങ്ങൾ തിളങ്ങി...' എന്ന ഗാനം ഇന്നും ആലപിക്കാത്ത ഒരു ഗാനമേളകളും ഉണ്ടാകില്ല. കെ ജെ യേശുദാസിന്റെയും എം ജയചന്ദ്രന്റെയും ശബ്ദത്തിൽ നിന്നുതിർന്ന ഒരു പിടി മികച്ച ഭക്തി, സിനിമ ഗാനങ്ങളുടെ പിറകിൽ ഈ മാസ്റ്റേഴ്സിന്റെ അപാരമായ സംഗീതവുമുണ്ടായിരുന്നു. കെ ജി ജയനും ദൈവ സന്നിധിയിൽ അഭയം തേടുമ്പോൾ അനശ്വരമാകുന്നത് ഭക്തി സാന്ദ്രമായ ഓർമ്മകൾ നിറയുന്ന നിരവധി ഗാനങ്ങളാണ്.
പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു