നരെയ്ൻ നിർത്തിയിടത്ത് ബട്ലർ തുടങ്ങി; ഇതിലാരാണ് ഹീറോ?

അവസാന ഓവറുകളിൽ എന്താണ് സംഭവിച്ചതെന്ന് കൊൽക്കത്ത ക്യാമ്പിന് മനസിലാക്കാൻ ഏറെ സമയമെടുത്തു.

dot image

ജോസ് ബട്ലർ, സുനിൽ നരെയ്ൻ. ഒരു ഐപിഎൽ മത്സരത്തിൽ സെഞ്ച്വറി നേടിയ താരങ്ങൾ. ആരാണ് മികച്ചത് എന്ന് പറയാൻ കഴിയാത്ത വിധം അത്ര മനോഹര ഇന്നിംഗ്സുകൾ. രണ്ടുപേരും രണ്ട് ടീമിലെങ്കിലും ചില സാമ്യങ്ങളുണ്ട്. ബട്ലർ ഒരു മധ്യനിര ബാറ്ററായിരുന്നു. ഇപ്പോഴയാൾ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറാണ്. ഇതിലും വ്യത്യസ്തമാണ് നരെയ്ന്റെ കഥ. അയാൾ ഒരു സ്പിന്നർ മാത്രമാണ്. 2017ലെ ഐപിഎല്ലിൽ കൊൽക്കത്ത നായകൻ ഗൗതം ഗംഭീർ നരെയ്നെ ഓപ്പണറാക്കാൻ തീരുമാനിച്ചു. പവർപ്ലേയിൽ ബൗളർമാരെ അടിച്ചുപറത്തുന്ന ഒരു ഓപ്പണർ വേണം. സുനിൽ നരെയ്ന് അതിന് കഴിയുമെന്ന് ഗംഭീർ വിശ്വസിച്ചു. ധീരവും അപ്രതീക്ഷിതവുമായ തീരുമാനം. ഗംഭീർ അർപ്പിച്ച വിശ്വാസം നരെയ്ൻ എന്നും കാത്തുസൂക്ഷിച്ചു. പലമത്സരങ്ങളിലും വിൻഡീസ് സ്പിന്നർ കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി.

ഗംഭീർ കൊൽക്കത്ത വിട്ടപ്പോൾ നരെയ്ൻ വീണ്ടും പഴയ സ്ഥാനത്തെത്തി. ഈ സീസണിന് മുമ്പായി കൊൽക്കത്തയുടെ ഉപദേശക സ്ഥാനത്ത് മുൻ താരം തിരിച്ചെത്തി. ആദ്യമെടുത്ത തീരുമാനം നരെയ്നെ ഓപ്പണറാക്കാൻ. രാജസ്ഥാൻ റോയൽസിനെതിരെ അയാളുടെ പോരാട്ടം കൊൽക്കത്തയുടെ സ്കോർ ഉയരങ്ങളിലെത്തിച്ചു. നരെയ്ന്റെ കഥയ്ക്ക് അവസാനമായപ്പോൾ മറ്റൊരാൾ കഥയെഴുതി തുടങ്ങി.

ഈഡൻ ഗാർഡനിലെ പുന്തോട്ടത്തിൽ പിങ്ക് വർണങ്ങൾ പെയ്യിച്ച പോരാളി. പേര് ജോസ് ബട്ലർ. 224 എന്ന വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമാക്കി. പക്ഷേ ഒരു വശത്ത് ബട്ലർ ഉറച്ചുനിന്നു. തുടക്കം റൺസടിക്കാൻ കഷ്ടപ്പെട്ടു. ഒരുപക്ഷേ മത്സരം തോറ്റിരുന്നെങ്കിൽ വിമർശനങ്ങൾ അയാൾക്ക് നേരെ ആകുമായിരുന്നു. വളരെ വൈകി മാത്രം ബാറ്റിംഗിൽ താളം കണ്ടെത്തി. പിന്നെ ഒരു വിസ്ഫോടനമായിരുന്നു. വരുൺ ചക്രവർത്തിയും ഹർഷിത് റാണയും മിച്ചൽ സ്റ്റാർകും ബൗണ്ടറികൾ കടന്നു. അവസാന ഓവറുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് കൊൽക്കത്ത ക്യാമ്പിന് മനസിലാക്കാൻ ഏറെ സമയമെടുത്തു. അപ്പോഴേയ്ക്കും രാജസ്ഥാൻ റോയൽസ് വിജയവഴിയിലെത്തി.

സീസണിൽ അത്ര മികച്ച തുടക്കമല്ല ബട്ലർക്ക് ലഭിച്ചത്. ആദ്യ മത്സരങ്ങളിൽ മോശം പ്രകടനം. റോയൽ ചലഞ്ചേഴ്സിനെതിരെ സെഞ്ച്വറി നേട്ടത്തോടെ തിരിച്ചുവരവ്. പഞ്ചാബ് കിംഗ്സിനെതിരെ പരിക്ക് മൂലം കളിച്ചില്ല. കൊൽക്കത്തയ്ക്കെതിരെ കളത്തിലിറങ്ങിയപ്പോൾ ഇത്ര ഗംഭീര ഒരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കാരണം അയാളുടെ കരിയർ അങ്ങനെയാണ്. കുറച്ച് വർഷം പിന്നോട്ട് പോയാൽ അത് അറിയാൻ കഴിയും.

ബട്ലറെ കണ്ടുപഠിക്കൂ; റിയാൻ പരാഗിന് ഹർഭജന്റെ വിമർശനം

2016ൽ മുംബൈ ഇന്ത്യൻസ് താരമായി ബട്ലർ ഐപിഎൽ കരിയർ തുടങ്ങി. ആദ്യം മധ്യനിര താരമായിരുന്നു. രണ്ട് സീസണിൽ മോശം പ്രകടനം നടത്തിയ താരത്തെ മുംബൈ കൈവിട്ടു. 2018 മുതൽ രാജസ്ഥാൻ റോയൽസിലെത്തി. തുടക്കം മോശമായിരുന്നു. എന്നാൽ മധ്യനിരയിൽ നിന്നും ബട്ലർ ഓപ്പണറായി. പിന്നെ കണ്ടത് ബട്ലറിലെ ബാറ്റിംഗ് പ്രതിഭാസം. തുടർച്ചായി അർദ്ധ സെഞ്ച്വറികൾ. പക്ഷേ പിന്നീടുള്ള സീസണുകളിൽ അയാളെ മധ്യനിരയിലേക്ക് മാറ്റി. അത് ആ ബാറ്റിംഗിന്റെ തിളക്കം കുറച്ചു. ഒടുവിൽ രാജസ്ഥാൻ തിരിച്ചറിഞ്ഞു. ബട്ലറുടെ സ്ഥാനം ഓപ്പണിംഗിൽ തന്നെ. ആ തീരുമാനം തെറ്റിയില്ല. ഏത് തിരിച്ചടിയിലും രാജസ്ഥാൻ നിരാശപ്പെടേണ്ടതില്ല. ബട്ലർ അവിടെയുണ്ടെങ്കിൽ ഏത് ലക്ഷ്യവും സാധ്യമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us