മിന്നു മണിക്ക് ശേഷം ഇന്ത്യൻ വനിതാക്രിക്കറ്റിൽ വീണ്ടും മലയാളി തിളക്കം. ബംഗ്ലാദേശിനെതിരെ അടുത്ത മാസം നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് കേരളത്തിന്റെ ആശയും സജനയും ഇടം നേടിയത്. ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ട് മലയാളികൾ ഒരുമിച്ച് ടീമിൽ ഇടം നേടുന്നത്. വുമൻസ് പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് തിരുവനന്തപുരം സ്വദേശിനിയായ ആശ ശോഭനയ്ക്കും വയനാട് സ്വദേശിയായ സജന സജീവനും ദേശീയ ടീമിലേക്ക് വഴിതുറന്നത്. സെപ്തംബറിൽ ബംഗ്ലാദേശിൽ വെച്ച് തന്നെ നടക്കുന്ന ട്വന്റി 20 വനിതാ ലോകകപ്പിന്റെ പ്രീ ട്രയലായ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിലും ഇടം പിടിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. ദേശീയ ടീമിലേക്ക് വിളിയെത്തിയ സാഹചര്യത്തിൽ വിമൻസ് പ്രീമിയർ ലീഗ് അനുഭവങ്ങളെ കുറിച്ചും ദേശീയ ടീമിന്റെ വിശേഷങ്ങളെ കുറിച്ചും സജനയും ആശയും റിപ്പോർട്ടറിനോട് സംസാരിക്കുന്നു.
വുമൻസ് പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സറടിച്ച് ടീമിനെ വിജയിപ്പിച്ചാണ് സജന കയ്യടിയും ശ്രദ്ധയും നേടുന്നത്. ആ ഒരൊറ്റ പന്തിലേക്കുള്ള ദൂരം എത്രയായിരുന്നു?
കഴിഞ്ഞ സീസണിൽ കിരീടം നേടിയ മുംബൈയുടെയും ഈ സീസണിന്റെയും ആദ്യ മത്സരമായിരുന്നു അത്. ഡൽഹി ക്യാപിറ്റൽസിന്റെ 172 ലക്ഷ്യത്തിലേക്ക് ഹർമൻപ്രീതും ഭാട്ടിയയും അർധ സെഞ്ചുറികൾ നേടി അനായാസം നീങ്ങുകയായിരുന്നു. എന്നാൽ വിജയത്തിന് ഒരു പന്ത് ബാക്കി നിൽക്കെ ക്യാപ്റ്റൻ വീണു. ക്രീസിലേക്കിറങ്ങുമ്പോൾ വേണ്ടിരുന്നത് ഒരു പന്തിൽ അഞ്ചു റൺസായിരുന്നു. പ്രഷർ നല്ല രീതിയിൽ ഉണ്ടായിരുന്നെങ്കിൽ കൂടി സജന എന്താണെന്ന് തെളിയിക്കാൻ ഇതിലും നല്ല അവസരം വേറെ കിട്ടില്ലെന്ന ബോധ്യത്തിലാണ് ഞാൻ ആ പന്ത് നേരിട്ടത്. കരിയറിലെ തന്നെ ഏറ്റവും മികച്ച നിമിഷമായിരുന്നു അത്. ആ സിക്സറില്ലെങ്കിൽ സജനയെ ആരും അറിയില്ലായിരുന്നു.
കേരളത്തിലെ വനിതാ ക്രിക്കറ്റ് ടീമിനെ കുറിച്ച്, അതിന്റെ വളർച്ചയെ കുറിച്ച്?
കേരളത്തിൽ വനിതാക്രിക്കറ്റ് വളരെ മികച്ച രീതിയിലാണ് ഇപ്പോൾ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. 2018 ൽ കേരളത്തിന് വേണ്ടി ഓൾ ഇന്ത്യ കപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ, അതിന് ശേഷം മികച്ച പിന്തുണ കേരള ക്രിക്കറ്റ് ബോർഡിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. പണ്ട് വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസം മാത്രമുണ്ടായിരുന്ന പരിശീലന ക്ളാസുകൾ ഇപ്പോൾ വർഷം മുഴുവന് നീണ്ട പാക്കേജുകളായി. ന്യൂട്ട്രീഷൻ ക്ലാസ്സുകളും നെറ്റ്സ് പ്രാക്ടീസുമൊക്കെ ഒരു പ്രഫഷണൽ മികവിലേക്ക് താരങ്ങളെ ഉയർത്തി. പണ്ട് വിമൻസ് ക്രിക്കറ്റിന് വലിയ പ്രചാരമില്ലാത്തതിനാൽ കൂടുതൽ കുട്ടികൾ മറ്റ് കായിക മേഖലയിലേക്കായിരുന്നു തിരിഞ്ഞിരുന്നത്. എന്നാൽ മിന്നുമണിയെ പോലെയുള്ള താരങ്ങൾ ഉയർന്നുവന്നത് കേരളത്തിൽ ക്രിക്കറ്റിന് ഒരു സ്പെയ്സ് കൊടുത്തു. വിമൻസ് അക്കാദമികളും സെലക്ഷൻ ട്രയൽസ് ക്യാമ്പുകളും കാര്യങ്ങൾ മാറ്റി.
ക്രിക്കറ്റിൽ റോൾ മോഡലായിട്ടോ ഐഡിയലായിട്ടോ പറയാൻ ആരെങ്കിലുമുണ്ടോ?
ക്രിക്കറ്റ് കണ്ട് തുടങ്ങിയതു മുതൽ സച്ചിനായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട താരം. ക്രിക്കറ്റ് കളിച്ചും അറിഞ്ഞും തുടങ്ങിയത് മുതൽ ഹർമൻ പ്രീത്, മിതാലി രാജ് എന്നിവരൊക്കെയായിരുന്നു റോൾ മോഡൽ. പിന്നീട് ആ റോൾ മോഡലിനൊപ്പം കളിക്കാൻ പറ്റിയതാണ് എന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്.
കളിക്ക് പുറത്ത് സജനയ്ക്ക് പറയാനുള്ളത് ?
സുരക്ഷിതമായ ജോലി ഒരു സ്വപ്നമാണ്. ഇന്ത്യയ്ക്ക് വേണ്ടിയെല്ലാം കളിക്കാൻ കഴിഞ്ഞാൽ സ്പെഷ്യൽ റിക്രൂട്മെന്റിലൂടെ ഒരു ജോലി നേടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
ഇത് വരെയുള്ള യാത്രയിൽ സഹായ ഘടകമായിട്ടുള്ള കാര്യങ്ങൾ ?
എന്നെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ എൽസമ്മ ടീച്ചർ മുതൽ നിലവിൽ എന്റെ കോച്ചായ രാജഗോപാൽ സാർ വരെ എത്തി നിൽക്കുന്ന ഒരുപാട് മനുഷ്യർ എന്റെ ഈ നേട്ടത്തിന് പിറകെയുണ്ട്. എല്ലാവരുടെയും പേരുകൾ പരാമർശിക്കുക ബുട്ടിമുട്ടായിരിക്കും. അത് പോലെ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും വലിയ പങ്കുണ്ട്.
ഡബ്ലിയുപിഎല്ലിൽ ബാംഗ്ലൂരിന്റെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് ആശ. ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ രണ്ടാമതെത്താനും കഴിഞ്ഞു. ഈ സീസണിലെ ഡബ്ലിയുപിഎൽ അനുഭവത്തെ കുറിച്ച് ?
ഒരു അവിസ്മരണീയ അനുഭവമായിരുന്നു എനിക്ക് ഡബ്ലിയുപിഎൽ . ഇതിന് മുന്നേ ആഭ്യന്തര മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള എനിക്ക് ആ കാണികൾ തന്നെ വലിയ ആവേശമായിരുന്നു. ബാംഗ്ലൂർ റോയൽ ഫ്രാഞ്ചൈസിക്ക് കൂടെയുള്ള യാത്ര മറക്കാൻ പറ്റാത്തതാണ്. ടീമിൽ ക്യാപ്റ്റന് നല്കുന്ന അതെ പരിഗണനയും ബഹുമാനവുമായിരുന്നു എല്ലാ താരങ്ങൾക്കും നൽകിയിരുന്നത്. അത് ഒരു പുതിയ അനുഭവം ആയിരുന്നു. ആ ആത്മവിശ്വാസത്തിലൊക്കെയാണ് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിഞ്ഞത്.
ഡബ്ലിയുപിഎൽ ചരിത്രത്തിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിത, ഈ ചരിത്ര നേട്ടത്തെ കുറിച്ച് ?
ഒരു ചരിത്രത്തിന്റെ ഭാഗമാകുന്നുവെന്ന തോന്നൽ ഇല്ലായിരുന്നു. മത്സരം വിജയിപ്പിക്കണമെന്നും ടീം എന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കണമെന്നുമായിരുന്നു മനസ്സിലുണ്ടായിരുന്നത്. മത്സരം കഴിഞ്ഞപ്പോഴാണ് ആദ്യ താരമാണെന്നറിഞ്ഞത്. പിന്നീടുള്ള മത്സരങ്ങളിൽ അത് കൂടുതൽ ആത്മവിശ്വാസം നൽകി.
നിർണ്ണായകമായ എലിമിനേറ്റർ മത്സരത്തിൽ അവസാന ഓവർ സ്മൃതി മന്ദാന പന്തേൽപ്പിച്ചത് ആശയെ ആയിരുന്നു. ആശയുടെ ആ മികച്ച ഓവറിലാണ് ബാംഗ്ലൂർ ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നത്. ആ ഓവർ ഏൽപ്പിക്കുമ്പോൾ സമ്മർദ്ദമുണ്ടായിരുന്നോ?
ഒരിക്കലുമില്ല. കളി പതിനഞ്ച് ഓവർ കഴിഞ്ഞപ്പോൾ തന്നെ ഞാൻ അതിന് തയ്യാറായിരുന്നു. ക്യാപ്പ്റ്റൻ സ്മൃതി എന്നോട് അത് പറഞ്ഞതു മുതൽ ഞാൻ ആ ഓവർ എന്റെ മനസ്സിൽ കാണുന്നുണ്ടായിരുന്നു. ഈ അവസാന ഓവർ എറിയാൻ ഏറ്റവും യോഗ്യൻ താനാണെന്ന് എല്ലീസ് പെറിയും പറഞ്ഞപ്പോൾ എനിക്ക് പിന്നെ ഒന്നും നോക്കേണ്ടതില്ലായിരുന്നു.
ഒരു ഫാസ്റ്റ് ബൗളറിൽ നിന്ന് ലെഗ് ബ്രേക്ക് ഗൂഗ്ലി സ്പിന്നിലേക്കുള്ള കൂടുമാറ്റം?
ഫാസ്റ്റ് ബൗളറായിട്ടാണ് ഞാൻ എന്റെ കരിയർ തുടങ്ങുന്നത്. യാദൃച്ഛികമായിട്ടാണ് സ്പിന്നിലേക്ക് കൂടുമാറുന്നത്. പണ്ട് ഒരു ആഭ്യന്തര മത്സരത്തിനുള്ള പരിശീലന സെഷനിലാണ് സംഭവം. ഓടി ഓടി എറിഞ്ഞു തളർന്ന് അവസാനം നിന്ന നിൽപ്പിൽ പന്തെറിയുകയായിരുന്നു ഞാൻ. ആ സമയത്താണ് അന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന ശ്രീകുമാർ സാർ ആ വഴി വരുന്നത്. പിറകിൽ നിന്ന് സ്പിൻ എറിയുന്നത് കണ്ട എന്നോട് എന്താ ഇങ്ങനെ എറിയുന്നത് എന്ന് സാർ ചോദിച്ചു. വഴക്ക് പറായാണെന്ന് കരുതി പേടിച്ച്, ക്ഷീണിച്ചിട്ടാണ് എന്ന് പറഞ്ഞ എന്നോട് ഇനി നീ ഇങ്ങനെ എറിഞ്ഞാൽ മതി. ഫാസ്റ്റ് ബൗളിനേക്കാൾ നന്നാക്കി ലെഗ് സ്പിൻ ചെയ്യാൻ കഴിയുന്നെണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ടീമിലേക്കുള്ള എൻട്രിയെ കുറിച്ച്, ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ?
33 വയസ്സായി എനിക്ക്. ഒരിക്കലും ഇങ്ങനെ ഒരു എൻട്രി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പ്രായമെത്രയായാലും പരിശ്രമിച്ചാൽ നേട്ടം കൊയ്യാനാവുമെന്നാണ് ഞാൻ മനസ്സിലാക്കിയത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം പിടിക്കാൻ കഴിയണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് ഇപ്പോൾ. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ച് കൂടിയാണ് ബംഗ്ലാദേശിലേത്.
ഇത് വരെയുള്ള ക്രിക്കറ്റ് കരിയറിലെ യാത്രകളെ കുറിച്ച്?
ബുദ്ധിമുട്ടേറിയ ഒരുപാട് സാഹചര്യങ്ങളുണ്ടായിരുന്നു. പണ്ട് പ്രാക്ടീസിന് പോകുമ്പോൾ കിറ്റോ ഷൂവോ പോലുമില്ലായിരുന്നു. എന്നാൽ ശരിയായ സമയത്ത് വരുന്ന ശരിയായ മനുഷ്യർ പ്രതിസന്ധികളെ മറികടക്കാൻ സഹായിച്ചു.
കേരളത്തിലെ വനിത ക്രിക്കറ്റിന്റെ നിലവിലെ ഒരു അവസ്ഥയും ട്രെൻഡും?
രാജ്യത്ത് തന്നെ ഏറ്റവും മികച്ച സ്റ്റേറ്റ് ടീം ഇപ്പോൾ കേരളത്തിന്റേതാണ്. ഏറ്റവും കൂടുതൽ വനിതാ താരങ്ങൾ ഉള്ളതും അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതും ഇപ്പോൾ കേരളത്തിലാണ്.
ക്രിക്കറ്റിലെ റോൾ മോഡൽ, അല്ലെങ്കിൽ ഇഷ്ട്ടപ്പെട്ട താരങ്ങൾ ?
സച്ചിൻ ടെണ്ടുൽക്കർ തന്നെയായിരുന്നു എന്റെ ആരാധനാപാത്രം. സച്ചിന്റെ കളി കണ്ടാണ് ഞാനും എന്റെ ചേട്ടനുമെല്ലാം വളരുന്നത്. നിലവിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ്. ഫേവറൈറ്റ് ലെഗ് സ്പിന്നർ ആസ്ട്രേലിയയുടെ ഇതിഹാസം സ്റ്റുവർട്ട് മാക്ഗില്ലുമാണ്.
കളിക്ക് പുറത്തുള്ള ജീവിതം?
ഞാൻ സൗത്ത് സെന്റർ റയിൽവേയിൽ സീനിയർ ടെക്നീഷ്യനായാണ് ജോലിചെയ്യുന്നത്. ജോലിയുടെ തുടക്ക കാലത്ത് പ്രാക്ടീസിനും മറ്റും ഒരുപാട് തടസങ്ങളുണ്ടായിരുന്നെങ്കിലും റിസൾട്ട് കണ്ടുതുടങ്ങിയതോടെ എല്ലാവരും കൂടെ നിന്നു. ഇപ്പോൾ സന്തോഷകരമായി ജോലിയും കളിയും ഒരുമിച്ച് കൊണ്ട് പോകുന്നു.