2016 ഒക്ടോബർ മാസം മോഹൻലാൽ നായകനായ ഒരു ചിത്രം റിലീസ് ചെയ്തു, അന്നുവരെയുള്ള മലയാള സിനിമയുടെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്ത പുലിമുരുകൻ. മുരുകന്റെ വരവോടെ മോളിവുഡ് ആദ്യമായി 100 കോടി ക്ലബ്ബിലേക്ക് തങ്ങളുടെ എൻട്രിയും നടത്തി. എന്നാൽ മലയാള സിനിമ 100 കോടി ക്ലബ് എന്ന വാക്ക് വീണ്ടും ഒന്ന് ഉപയോഗിക്കാൻ മൂന്ന് വർഷമെടുത്തു, അതും ഒരു മോഹൻലാൽ ചിത്രത്തിലൂടെ തന്നെ, ലൂസിഫർ. പിന്നീട് മോളിവുഡിലേക്ക് ഒരു 100 കോടി ചിത്രം വരാൻ കാത്തിരിക്കേണ്ടി വന്നത് നാല് വർഷമാണ്, 2018 എന്ന സിനിമയിലൂടെ.
ഈ സമയത്തിനുള്ളിൽ തമിഴ്, തെലുങ്ക് സിനിമകളെല്ലാം രാജ്യമെമ്പാടും പണം വാരിക്കൊണ്ടേയിരുന്നു. എന്തിനേറെ, മോളിവുഡിനെക്കാൾ ചെറിയ ഇൻഡസ്ട്രി എന്ന് വിളിക്കുന്ന കന്നഡ സിനിമ പോലും കോടികൾ വാരി. മലയാളത്തിലാകട്ടെ സിനിമകൾ തുടരെ തുടരെ പരാജയപ്പെട്ടു. 'മലയാള സിനിമ എന്നാൽ ഊതിവീർപ്പിച്ച കുമിള' എന്നാണ് ഒരു തമിഴ് പിആർഒ വിമർശിച്ചത്. മോളിവുഡ് എന്നാൽ 'പ്രകൃതിവുഡ്' എന്നും 'പെട്ടിക്കടവുഡ്' എന്നും കളിയാക്കിവരും ചുരുക്കമല്ല.
എന്നാൽ അതൊക്കെ പഴങ്കഥകൾ. മലയാളത്തിന്റെ ആദ്യ 100 കോടി സിനിമയിൽ നിന്ന് മൂന്നാമത്തെ 100 കോടി സിനിമയിലേക്കുള്ള ദൂരം ആറ് വർഷ കാലയളവാണെങ്കിൽ നാലാമത്തെ 100 കോടി പടവും ഏഴാമത്തെ 100 കോടി പടവും തമ്മിലെ ദൂരം വെറും രണ്ടു മാസം മാത്രമാണ്. അതായത് 2024 ഫെബ്രുവരിക്കും ഏപ്രിലിനുമിടയിൽ മലയാളത്തിൽ പിറന്നത് നാല് 100 കോടി ചിത്രങ്ങളാണ്.
ഈ നേട്ടം കേരളത്തിലും ജിസിസിയിലും നിന്നുള്ളത് മാത്രമല്ല. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ മലയാളം സിനിമകൾ കോടികൾ വാരിയ വർഷമാണിത്.
മോളിവുഡിന്റെ ഈ വർഷത്തെ ആദ്യ 100 കോടി ചിത്രമാണ് പ്രേമലു. വലിയ താരനിര ഒന്നുമില്ലാതെ ഒരു സംഘം 'പിള്ളേരെ' പ്രധാന കഥാപാത്രങ്ങളാക്കിയ സിനിമ ആന്ധ്രയിലും തെലങ്കാനയിലുമായി 15 കോടിക്ക് മുകളിലാണ് നേടിയത്. തമിഴ്നാട്ടിലും സിനിമ 10 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തു. ആഗോളതലത്തിൽ നമ്മുടെ പിള്ളേര് ഒരു മിനി കൂപ്പറും ഓടിച്ച് നേടിയത് 136 കോടിയിലധികം രൂപയാണ്.
ഇനി മലയാളത്തിന്റെ 'സീൻ മാറ്റിയ' പടത്തിലേക്ക് വരാം. മഞ്ഞുമ്മലിൽ നിന്ന് കുറച്ച് കൂട്ടുകാർ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയപ്പോൾ മോളിവുഡിന് ലഭിച്ചത് ഒരു ഇൻഡസ്ട്രി ഹിറ്റും 200 കോടി ക്ലബിലേക്കുള്ള എൻട്രിയുമാണ്. ഈ കളക്ഷനിൽ വലിയൊരു പങ്ക് തമിഴ്നാട്ടിൽ നിന്നുള്ളതാണ്. അന്നുവരെ ഒരു മലയാളം സിനിമ തമിഴ്നാട്ടിൽ നിന്ന് മൂന്ന് കോടിയിൽ താഴെ മാത്രമാണ് നേടിയിരുന്നതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് 24 ദിവസം കൊണ്ട് തമിഴ്നാട്ടിൽ 50 കോടി ക്ലബ് തുറന്നു. നിലവിൽ തമിഴ്നാട് ബോക്സോഫീസിൽ നിന്ന് ഈ വർഷം ഏറ്റവും അധികം പണം നേടിയ സിനിമയുമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയ്ക്ക് എതിരെ എഴുത്തുകാരൻ ജയമോഹൻ പരാമർശം നടത്തിയപ്പോൾ, അതിനെതിരെ മലയാളികളേക്കാൾ തമിഴ് ജനതയാണ് പ്രതികരിച്ചത് എന്നത് മാത്രം മതി സിനിമയ്ക്ക് അവിടെ ലഭിച്ച സ്വീകാര്യത എന്തെന്ന് മനസ്സിലാക്കാൻ.
കർണാടകയിലും സ്ഥിതി മറ്റൊന്നല്ല. സിനിമ അവിടെയും 10 കോടിക്ക് മുകളിൽ കളക്ട് ചെയ്തു. അങ്ങനെ സുഷിൻ ശ്യാം പറഞ്ഞത് പോലെ മലയാള സിനിമയുടെ എല്ലാ 'സീനും മാറ്റി' മഞ്ഞുമ്മൽ ബോയ്സ് ആഗോളത്തിൽ 235 കോടിക്ക് മുകളിൽ നേടി.
മാർച്ച് മാസത്തിൽ ഈ വർഷത്തെ മൂന്നാം 100 കോടി ചിത്രവും പിറന്നു, ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം. നജീബ് എന്ന മനുഷ്യൻ മരുഭൂമിയിൽ നടത്തിയ അതിജീവനത്തെ സ്ക്രീനിൽ പകർത്താൻ ബ്ലെസിയും പൃഥ്വിയും സ്വയം മറന്നു പ്രയത്നിച്ചപ്പോൾ രാജ്യമെമ്പാടുമുള്ള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. 25 ദിവസം കൊണ്ട് സിനിമ 150 കോടി ക്ലബിൽ ഇടം നേടി.
എടാ മോനെ കഴിഞ്ഞിട്ടില്ല... ജിത്തു മാധവൻ എന്ന സംവിധായകൻ ഫഹദിനെ തിയേറ്ററുകളിലേക്ക് അഴിച്ചുവിട്ടതോടെ ഈ വർഷത്തെ നാലാമത്തെ 100 കോടി ചിത്രവും പിറന്നു. രംഗയും പിള്ളേരും ചേർന്ന് ആവേശത്തോടാവേശം തീർത്തപ്പോൾ ഓരോ ദിവസവും ബോക്സോഫീസിലേക്ക് വീണത് മൂന്ന് കോടിക്ക് മുകളിലാണ്. അങ്ങനെ റിലീസ് ചെയ്ത ചിത്രം 12-ാം ദിവസം ആവേശം 100 കോടി ക്ലബിൽ കയറി.
'പിക്ച്ചര് അഭി ഭി ബാക്കി ഹേ ഭായ്...' എന്ന് പറയാൻ കഴിയുന്ന സിനിമകളാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. എന്റർടെയ്നർ നിവിൻ പോളി വർഷങ്ങൾക്കു ശേഷത്തിലൂടെ തിരിച്ചുവരവ് അറിയിച്ചു കഴിഞ്ഞു. ഇനി 'ബോക്സോഫീസിന് തോഴ'ന്റെ പുതിയ അവതാരത്തിന്റെ സമയമാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യ മെയ് ഒന്നിന് റിലീസ് ചെയ്യുമ്പോൾ മറ്റൊരു നൂറ് കോടി ചിത്രം തന്നെ സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.
ഒരു ക്ലാസ് ചിത്രം 100 കോടി ക്ലബിലെത്തിച്ച പൃഥ്വിരാജ്, ഗുരുവായൂരമ്പല നടയിലേക്ക് ചിരിപ്പിക്കാൻ വരുന്നുണ്ട്, ഒപ്പം ബേസിൽ ജോസഫുമുണ്ട്. ഈ കോംബോ ആദ്യമായി, അതും ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസിനായി ഒന്നിക്കുമ്പോൾ ഒരു വമ്പൻ വിജയം തന്നെ പ്രതീക്ഷിക്കണമല്ലോ.
ടൊവിനോയെ നായകനാക്കി ജീൻ പോൾ ലാൽ ഒരുക്കുന്ന നടികരും മെയ് മൂന്നിന് തിയേറ്ററുകളിലെത്തുന്നുണ്ട്. തല്ലുമാല പോലൊരു കളർഫുൾ എന്റർടെയ്നർ തന്നെയാണ് ഈ കൂട്ടുകെട്ടിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അത് സംഭവിച്ചാൽ നടികരും കോടികൾ വാരും.
ഈ യൂത്ത് ഓളങ്ങൾ കഴിഞ്ഞാൽ പിന്നെ സീനിയേഴ്സിന്റെ ഗെയ്മാണ് വരാൻ പോകുന്നത്. മലയാളത്തിലെ ആദ്യ 100 കോടി പടത്തിന്റെ സംവിധായകൻ വൈശാഖിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന പർസ്യുട്ട് ക്യാമറയും വിയറ്റ്നാം ഫൈറ്റേഴ്സും എല്ലാമായി വമ്പൻ സെറ്റപ്പിലാണ് പടം ഒരുങ്ങുന്നതും. ഇതെല്ലാം ചേർന്ന് ടർബോ ഒരു കിടിലൻ ആക്ഷൻ കോമഡി ചിത്രമായാൽ പിന്നെ പറയേണ്ടതില്ലല്ലോ, തിയേറ്റർ കുലുങ്ങും...
മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമ മെയ് മാസം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളുണ്ട്. സംവിധായകൻ മോഹൻലാൽ ആയതിനാൽ തന്നെ പടത്തിന് വലിയ ഹൈപ്പുണ്ട്. ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് റിപ്പോർട്ട് വന്നാൽ ബോക്സോഫീസിന് എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ... ബറോസിന് പോസിറ്റീവ് റിപ്പോർട്ട് വന്നാൽ ഇതുവരെ കണ്ടതെല്ലാം പൊയ്... ഇനി കാണപോകത് നിജം.
മലയാള സിനിമകൾ തിയേറ്ററുകളിൽ വിജയിക്കാത്ത ഊതിവീർപ്പിച്ച കുമിളകളാണെന്ന് പരിഹസിച്ചവർക്കുള്ള മറുപടികൾ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. ഈ യാത്ര തുടർന്നാൽ ഈ വർഷം അവസാനിക്കുമ്പോൾ 1500 കോടിയെങ്കിലും മോളിവുഡിന്റെ അക്കൗണ്ടിലേക്ക് വീഴുമെന്ന് ഉറപ്പിക്കാം.