ഓർമ്മകളിൽ എന്നും ഇർഫാൻ കഹാനി

സങ്കീർണത നിറഞ്ഞ കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് പുതിയ കഥാപാത്രങ്ങളെ നൽകിയ ഇർഫാൻ ഖാൻ എന്ന പ്രതിഭ

dot image

ഇന്ത്യൻ സിനിമ അഭിമാനത്തോടെ പേരെടുത്തു പറഞ്ഞ നടന്മാരിൽ ഒരാൾ, ലോക പ്രേക്ഷകർ ഉറ്റു നോക്കിയ സിനിമകൾക്ക് മുൻപിൽ ഇന്ത്യൻ സിനിമയുടെ മായാത്ത മുഖമുദ്രയായ നടൻ, ഇർഫാൻ ഖാൻ. ചെയ്യാൻ ബാക്കി വെച്ച ഒട്ടനവധി കഥാപാത്രങ്ങളും ഇനിയും പറയാനുള്ള സിനിമാ ജീവത യാത്രകളും ഇർഫാൻ ഖാനെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ഉള്ളിൽ ഒരു ശൂന്യതയായി ബാക്കി നിൽക്കുകയാണ്. ഓരേ സമയം തമാശക്കാരനായും റൊമാന്റിക് കാമുകനായും വികാര നിർഭരനായും സ്വാഭാവികാഭിനയത്തിലൂടെ വെള്ളിത്തിര കീഴടക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

സങ്കീർണത നിറഞ്ഞ കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് പുതിയ കാഴ്ചാനുഭവങ്ങള് നൽകാൻ ഇർഫാൻ ഖാൻ എന്ന പ്രതിഭ ഇനി ലോക സിനിമയില് ഉണ്ടാകില്ല. എങ്കിലും എത്ര കണ്ടാലും പുതുമ മാറാത്ത നിരവധി ഇർഫാൻ ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്കുണ്ട് എന്നതിൽ അഭിമാനിക്കാം. പ്രിയ നടന്റെ വേർപാടിന്റെ നാല് വാർഷങ്ങൾ പിന്നിടുമ്പോൾ ഓർക്കാം, ഇന്ത്യൻ പ്രേക്ഷകർ ചേർത്തു പിടിച്ച ചില ഇർഫാൻ ചിത്രങ്ങളെ.

ദ ലഞ്ച് ബോക്സ്

'ചില സമയത്ത് തെറ്റായ ട്രെയിനിൽ സഞ്ചരിച്ചാലും നമ്മള് ശരിയായ ദിശയിൽ തന്നെ എത്തിച്ചേരും'

പ്രണയം കണ്ണുകളിലും ശബ്ദത്തിലും മാത്രമല്ല ഭക്ഷണത്തിൽ നിന്നും ഉണ്ടാകുമെന്ന് കാണിച്ചു തന്ന മനോഹര ചിത്രമാണ് 2013-ൽ പുറത്തിറങ്ങിയ റിതേഷ് ബാത്ര ചിത്രം 'ദ ലഞ്ച് ബോക്സ്'. മുംബൈയിലെ വീട്ടമ്മ തന്റെ ഭർത്താവിനായി തയാറാക്കിയ ഭക്ഷണം, ടിഫിൻ സർവീസ് വഴി സാജൻ എന്ന ഉദ്യേഗസ്ഥനിൽ തെറ്റായി എത്തുകയും പിന്നീട് അവരുടെ ഇടയിൽ നടക്കുന്ന ആശയവിനിമയവുമൊക്കെയാണ് ദ ലഞ്ച് ബോക്സ് പറയുന്നത്. ഇർഫാൻ ഖാനിലെ അഭിനേതാവിന്റെ മനോഹരമായ ഒരു പരിണാമത്തെ കൂടി സിനിമയിലൂടെ കാണാൻ കഴിയും.

പാൻ സിംഗ് തോമർ

സാഹചര്യങ്ങൾ കാരണം കൊള്ളക്കാരനായി മാറുന്ന ദേശീയ സ്റ്റീപ്പിൾ ചേയ്സ് ചാമ്പ്യൻ്റെ ജീവചരിത്രമാണ് 'പാൻ സിംഗ് തോമർ'. ഇർഫാൻ ഖാൻ അവതിരപ്പിച്ച സങ്കീർണ്ണമായ കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് പാൻ സിംഗ് തോമറിന്റേത്. ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് എന്ന് പറയത്തക്ക നിരൂപക പ്രശംസ നേടിയ ചിത്രം. സിനിമയിലെ പെർഫോമൻസിന് ഇർഫാൻ ഖാന് ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.

മഖ്ബൂൽ

മഖ്ബൂലിലെ ഇർഫാൻ ഖാൻ്റെ പ്രകടനം പോലെ മറ്റാർക്കും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു സിനിമ കണ്ട ഒരോരുത്തരും പറഞ്ഞത്. ഷേക്സ്പിയറിൻ്റെ മാക്ബത്തിൻ്റെ ഒരു അവലംബിത കഥായാണ് 2003-ൽ വിശാൽ ഭരദ്വജ് സംവിധാനം ചെയ്ത 'മഖ്ബൂൽ'. ആദ്യം അത്യാഗ്രഹത്താലും പിന്നീട് മനസ്സാക്ഷിയാലും ഒരു മനുഷ്യൻ ചെയ്തു പോകുന്ന പ്രവൃർത്തികളെ വളരെ റിയലിസ്റ്റിക്കായി പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ടൈറ്റിൽ റോളിൽ അഭിനയിച്ച ഈ ഇർഫാൻ ഖാൻ ചിത്രം മസ്റ്റ് വാച്ച് സിനിമകളിൽ ഒന്നാണ്.

ദ നെയിംസേക്

മീരാ നായർ സംവിധാനം ചെയ്ത 'ദി നെയിംസേക്കി'ലെ കഥാപാത്രം മഖ്ബൂലിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്തിലാണ് ജീവിക്കുന്നത്. ജുമ്പ ലാഹിരിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രം പശ്ചിമ ബംഗാളിൽ നിന്ന് തങ്ങളുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും കൂട്ടിപ്പിടിച്ച് അമേരിക്കയിലേക്ക് പറിച്ചു നടപ്പെടുന്ന ദമ്പതികളുടെയും അവരുടെ അവിടെയുള്ള ജീവിതരീതികളിലെ മാറ്റങ്ങളെയുമാണ് കാണിക്കുന്നത്.

തൽവാർ

ഏറെകോളിളക്കം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസിലെ ആരുഷി തൽവാർ എന്ന പെൺകുട്ടിയുടെ കേസിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് തൽവാർ. ആരുഷിയുടെയും വീട്ടുജോലിക്കാരന്റെയും മരണം അന്വേഷിക്കുന്ന അശ്വിൻ കുമാറായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് ഇർഫാൻ.

ഖിസ്സാ

ലിംഗ സ്വത്വം, ലിംഗ പക്ഷപാതം, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തിൽ അംബർ സിങ് എന്ന കഥാപാത്രത്തെയാണ് ഇർഫാൻ ഖാൻ അവതരിപ്പിച്ചത്. കുടുംബത്തിന്റെ വംശം നിലനിർത്താൻ ആൺകുട്ടിയെ വേണമെന്നതിനാൽ തനിക്കുണ്ടാകുന്ന പെൺകുട്ടിയ ആണാക്കി വളർത്തുന്ന ഒരച്ഛന്റെ, അംബർ സിങ്ങിന്റെ കഥയാണ് ഖിസ്സാ.

ലൈഫ് ഓഫ് പൈ

ആങ് ലീയുടെ 'ലൈഫ് ഓഫ് പൈ'യെ കുറിച്ച് ലോക പ്രേക്ഷകർക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. പൈ പട്ടേൽ എന്ന ഒരു ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥ, താൻ സ്വയം അനുഭവിച്ചു തീർത്ത നെടുവീർപ്പോടെ ഇർഫാൻ അഭിനയിച്ച് തീർക്കുന്നത് സിനിമയിലൂടെ കാണാം.

പികു

പികുവിലെ റാണയെ പ്രണയിക്കാത്ത ഒരു സത്രീകൾ പോലുമുണ്ടാവില്ല. പികുവും (ദീപിക പദുക്കോൺ) അച്ഛനുമായുള്ള (അമിതാഭ് ബച്ചൻ) സങ്കീർണത നിറഞ്ഞ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു ചെല്ലുന്ന റാണ അവരുടെ ജീവിത്തിലെ നിർണായക ഘട്ടത്തിൽ മറ്റൊരു ശബ്ദമായി അവർക്കിടയിൽ മാറുന്നു.

ഖരീബ് ഖരീബ് സിംഗിൾ

യോഗിയുടെയും ജയയുടെയും പ്രണയകഥ. സിംഗിളായ വ്യത്യസ്ത രീതികളിൽ നിന്ന്, സാഹചര്യങ്ങളിൽ നിന്നുള്ള രണ്ട് പേർ ഡേറ്റിങ് ആപ്പിലൂടെ കാണുന്നു, സംസാരിക്കുന്നു. ഇരുവരും തമ്മിൽ കടലും ആകാശവും പോലെ വ്യത്യാസ്തരാണെങ്കിലും ഒരു യാത്രയുടെ അവസാനം അവർ ഒന്നിക്കുകയാണ്. വളരെ രസകരമായ ഒരു പ്രണയകഥയാണ് 'ഖരീബ് ഖരീബ് സിംഗിൾ'. പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ ഇർഫാന്റെ നായികയായി എത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us