
ജെയ്ക്ക് ഫ്രെസർ മക്ഗർഗ്, ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അയാൾ പരിശീലനത്തിന് വരുന്ന സമയം. ഗ്രൗണ്ടിൽ മറ്റാരും നിൽക്കരുതെന്നാണ് ഡൽഹി ക്യാപിറ്റൽസിന്റെ നിർദ്ദേശം. കാരണം അയാൾ അടിക്കുന്ന പന്ത് എവിടേയ്ക്ക് വരുമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് ആർക്കും അപകടം ഉണ്ടാകാൻ പാടില്ല.
22കാരനായ മക്ഗർഗ് ഡൽഹി ടീമിലേക്ക് എത്തിയതിൽ യാതൊരു അതിശയവുമില്ല. ഇത്രമേൽ മികച്ചൊരു വെടിക്കെട്ട് താരത്തെ ഒഴിവാക്കുന്നതെന്തിന്? ആദ്യ പന്ത് മുതൽ സിക്സ് അടിക്കുകയാണ് തനിക്കിഷ്ടമെന്ന് മക്ഗർഗ് പറഞ്ഞുകഴിഞ്ഞു. അതിപ്പോൾ ലോകോത്തര ബൗളർ ജസ്പ്രീത് ബുംറ ആയാലും നിലപാടിൽ മാറ്റമില്ല.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ക്രിക്കറ്റ് ഉപേക്ഷിക്കാൻ തീരുമാനം എടുത്ത താരമാണ് അയാൾ. ഗോൾഫിലും മക്ഗർഗ് തന്റെ കഴിവ് തെളിയിച്ചതാണ്. ഗോൾഫ് കരിയറാക്കാൻ ആഗ്രഹിച്ച താരം. അത്രമേൽ ശക്തമായ മക്ഗർഗിന്റെ കൈക്കരുത്താണ് അതിന് കാരണം. പക്ഷേ ചിലർക്ക് മറുപടി നൽകാനുണ്ടായിരുന്നു. അതുകൊണ്ടാവും അയാൾ ക്രിക്കറ്റിൽ തുടർന്നത്.
ചെറുപ്പത്തിൽ പലരും അയാളെ എഴുതിത്തള്ളി. ക്രിക്കറ്റിന് ചേരുന്നവനല്ലെന്ന് വിമർശിച്ചു. അതിന് കാരണം ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കണമെന്ന അയാളുടെ തീരുമാനമാണ്. സമാന വിമർശനത്തിന് ഗ്ലെൻ മാക്സ്വെല്ലും ഇരയായിട്ടുണ്ട്. തന്നെ വിമർശിച്ചവർ പറഞ്ഞത് തെറ്റെന്ന് തെളിയിക്കണം. അതായിരുന്നു മക്ഗുർഗിന്റെ ചിന്ത. ഇപ്പോൾ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ് പറയുന്നു. മക്ഗർഗ് എങ്ങനെ വേണമെങ്കിലും ബാറ്റ് ചെയ്യട്ടെ. പക്ഷേ ഓസ്ട്രേലിയൻ ക്രിക്കറ്റിന് അയാളെ വേണം. ട്വന്റി 20യിൽ മാത്രമല്ല, ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും മക്ഗർഗ് കളിക്കാനിറങ്ങണം.