ഫുട്ബോളിൽ നിന്ന് ക്രിക്കറ്റിലേക്ക് വഴിമാറി; ഫിൽ സോൾട്ട് കരീബിയൻ കരുത്തുള്ള ഇംഗ്ലീഷുകാരൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ട് അയാൾക്ക് മുമ്പിൽ മറ്റൊരു സാധ്യതയായി നിലനിൽക്കുന്നു.

dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു വിജയം കൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. സീസണിൽ പരാജയപ്പെട്ട മത്സരങ്ങളിലും 200ന് മുകളിലായിരുന്നു കൊൽക്കത്തയുടെ സ്കോർ. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഉടമയായ ടീം സീസണിലെ ഈ നേട്ടങ്ങൾക്ക് നന്ദി പറയുന്നത് ഒരൊറ്റ താരത്തോടാവും. അത് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയിയോടാണ്. ഐപിഎല്ലിന് ദിവസങ്ങൾക്ക് മുമ്പ് റോയ് ടൂർണമെന്റിൽ നിന്ന് പിന്മാറി. പകരം ഇംഗ്ലണ്ടിൽ നിന്ന് തന്നെ മറ്റൊരു താരത്തെ ഷാരൂഖ് ആർമി സ്വന്തമാക്കി. അതിന് കാരണമായത് റോയുടെ പിന്മാറ്റമാണ്.

സീസണിൽ ഓരോ മത്സരങ്ങളിലും കൊൽക്കത്ത റൺമല തീർക്കുകയാണ്. അതിന് കാരണക്കാരൻ ജേസൺ റോയുടെ പകരക്കാരനാണ്. ഇംഗ്ലണ്ടുകാരൻ ഫിൽ സോൾട്ട്. ഓരോ മത്സരത്തിലും കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകണം. അതാണ് തന്റെ ദൗത്യമെന്ന് സോൾട്ട് ടൂർണമെന്റ് തുടങ്ങും മുമ്പ് പറഞ്ഞിരുന്നു. അയാൾ ആ ദൗത്യം കൃത്യമായി പാലിക്കുന്നുമുണ്ട്. ഒപ്പം വിക്കറ്റ് കീപ്പറായും തകർപ്പൻ പ്രകടനം.

സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്നും 392 റൺസ് അടിച്ചുകൂട്ടിയ താരം. നാല് തവണ അർദ്ധ ശതകം പിന്നിട്ടു. അയാൾ നൽകുന്ന മികച്ച തുടക്കം മധ്യനിരയുടെ സമ്മർദ്ദം കുറയ്ക്കും. പിന്നെ വമ്പൻ സ്കോറിലേക്ക് കൊൽക്കത്ത എത്തിച്ചേരും. പലമത്സരങ്ങളും സോൾട്ട് കരുത്തിൽ കൊൽക്കത്ത ജയിച്ചുകയറി.

ഇംഗ്ലണ്ടിലെ വെയ്സിലാണ് സോൾട്ടിന്റെ ജനനം. ചെറുപ്പത്തിൽ ഫുട്ബോളിനോടായിരുന്നു താരത്തിന് പ്രണയം. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ വലിയ ആരാധകൻ. എന്നാൽ സോൾട്ട് വളർന്നത് കരീബിയൻ ദീപിലെ ബാർബഡോസിലാണ്. കരീബിയൻസിന്റെ ക്രിക്കറ്റ് പ്രണയം സോൾട്ടിന്റെ ജീവിതത്തിന് വഴിത്തിരിവായി.

15 വയസുള്ളപ്പോൾ ഇംഗ്ലണ്ടിൽ മടങ്ങിയെത്തി. സോൾട്ടിന്റെ ക്രിക്കറ്റ് അഭിനിവേശം ഇംഗ്ലീഷുകാർ ശ്രദ്ധിച്ചു. കരീബിയൻ പ്രീമിയർ ലീഗിലും ബിഗ് ബാഷ് ടൂർണമെന്റിലും അയാൾ സ്ഥിര സാന്നിധ്യമായി. 2022ലെ ട്വന്റി 20 ലോകകപ്പോടെ ഇംഗ്ലണ്ട് ദേശീയ ടീമിലും എത്തിച്ചേർന്നു. കരീബിയൻ പ്രീമിയർ ലീഗിലും ബിഗ് ബാഷ് ടൂർണമെന്റിലും അയാൾ സ്ഥിര സാന്നിധ്യമായി. ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ട് അയാൾക്ക് മുമ്പിൽ മറ്റൊരു സാധ്യതയായി നിലനിൽക്കുന്നു. ട്വന്റി 20 ലോകകപ്പിന് ഇംഗ്ലണ്ട് ടീം പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈ വെടിക്കെട്ട് ബാറ്ററും ലോകകപ്പിനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

dot image
To advertise here,contact us
dot image