ആന്റണി ഹോപ്കിൻസിൻ്റെ വിശ്വപ്രസിദ്ധമായ ഒരു വാചകമുണ്ട്."ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം മുഖത്തിന് വലിയ പ്രാധാന്യമില്ല;ഒരുവന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത് അവന്റെ കണ്ണുകളാണ്, അതാണ് കാഴ്ച്ചയെ അനന്തതയോളം വേട്ടയാടുന്നതും".
മോളിവുഡിലെ യുവനടന്മാരിൽ ഫഹദ് കഴിഞ്ഞാൽ കണ്ണുകളാൽ സംവേദനം ചെയ്യപ്പെടുന്ന വൈകാരികതകളാൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള അഭിനേതാവ് ആസിഫ് അലിയാണ്. തന്റെ സമകാലികരിൽ നിന്നും വ്യത്യസ്തമായി കണ്ണുകളെ സമർത്ഥമായി ഉപയോഗിക്കാൻ അയാൾക്ക് കഴിയാറുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാൾ ഒരിക്കൽ സൂചിപ്പിച്ചതുപോലെ കവിളത്തൊരടി കിട്ടിയാൽ അടി കിട്ടിയെന്ന് സൂക്ഷ്മമായ നയനചലനങ്ങളാൽ പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ ആസിഫിനോളം കഴിവുള്ള മറ്റൊരു നടന്നില്ല.
അനുരാഗക്കരിക്കിൻവെള്ളത്തിൽ ബിജു മേനോന്റെ അച്ഛൻ കഥാപാത്രം കരണത്തടിക്കുമ്പോൾ ആസിഫിന്റെ കണ്ണിൽ ഒരർദ്ധമാത്ര കൊണ്ട് വിടർന്നുപൊലിയുന്ന ഒരു അവിശ്വസനീയതയുണ്ട്. തൊട്ടുപിന്നാലെ കണ്ണിനു താഴെ കൈ കൊണ്ട് ഒരു പൊത്തലും. ആബ്സല്യൂട്ട്ലി പ്രൈസ്ലെസ്സാണ് അത്.
'ഉയരെ'യിലെ 'നീ മുകിലോ'യുടെ വിഷ്വലുകളിൽ അയാളുടെ കണ്ണുകളിൽ മിന്നിമറിയുന്ന ഭാവങ്ങൾ അക്ഷരാർത്ഥത്തിൽ കൂടെയുള്ള പാർവ്വതിയെ സെക്കൻഡ് ഫിഡിലിലേക്കു മാറ്റുന്നുണ്ട്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ അയാളുടെ കണ്ണിൽ നിന്നും ഊർന്നു വീഴുന്ന ഒന്നുരണ്ടു കണ്ണീർത്തുള്ളികൾ എന്തുമാത്രം സ്ട്രെസ്ഡായ ആന്തരികപരിസരങ്ങളിലൂടെയാണ് അയാൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് സൂചിപ്പിക്കുന്നുണ്ട്.
അതിനുമുമ്പ്,അവളയാളെ പുറകിൽ നിന്നും കെട്ടിപ്പിടിക്കുന്നതിനു മുമ്പെ കലുഷമായ അയാളുടെ മനസ്സ് മുഴുവൻ ആ കണ്ണുകളിൽ കാണാം. പിന്നീട് എന്തോ ഭക്ഷണം കഴിക്കാൻ വേണ്ടി ബൈക്ക് നിർത്തുന്ന വേളയിൽ അവളുടെ സ്നേഹലിഖിതം വായിക്കുന്ന നേരം അയാളുടെ കണ്ണിൽ പാതിവിടരുന്ന ഒരു പുഞ്ചിരിയിൽ തെളിയുന്ന ഒരാശ്വാസമുണ്ട്. ആസിഫ് സ്ട്രൈക്ക്സ് ഗോൾഡ് ദേർ. പാർവ്വതിക്കായി എഴുതിവെച്ചിരിക്കുന്ന കഥാസന്ദർഭങ്ങൾ അസാമാന്യമായ ചോരചാതുര്യത്തോടെ അയാൾ കവർന്നെടുക്കുന്നതായി അനുഭവപ്പെടാം. അത്രമേൽ ദുർബലനായാണയാൾ പല്ലവിയുടെ ആലിംഗനത്തിലമരുന്നത്.ആ മാറിടത്തിൽ മുഖം ചേർക്കുന്ന നിമിഷം അയാളുടെ മുഖത്തെ പേശികൾ റിലാക്സ്ഡാകുന്നതായി കാണാം.
കൂമനിലെ അയാളുടെ പ്രകടനം അതർഹിക്കുന്ന അംഗീകാരങ്ങൾ നേടിയിട്ടില്ല എന്ന് എപ്പോഴും തോന്നാറുണ്ട്. ഇപ്പോൾ തലവനിലെത്തുമ്പോൾ ഒരിക്കൽ കൂടി ആസിഫ് വളരെ സുന്ദരമായി തന്റെ കണ്ണുകളാൽ സട്ടിലിറ്റി കൊണ്ടുവരുന്നുണ്ട്. ബിജു മേനോന്റെ കഥാപാത്രത്തിന്റെ അറഗൻസിനു മുന്നിലുള്ള അയാളുടെ നിസ്സഹായതയും,രോഷവും വളരെ കൃത്യമായി ആസിഫിന്റെ കണ്ണുകൾ കൺവേ ചെയ്യുന്നുണ്ട്. ഒരിക്കൽ കൂടി പെർഫോമൻസിന്റെ ബലം കൊണ്ട് അയാൾ ശ്രദ്ധ പിടിച്ചു പറ്റുന്നു.