ലോകത്തില് തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടന, ലോകത്തെ നിയന്ത്രിക്കാന് ശേഷിയുള്ളവര്, ലോകമെങ്ങും പടര്ന്നുകിടക്കുന്ന നിഗൂഢ സിദ്ധാന്തകർ, അങ്ങനെ പല ആഖ്യാനങ്ങളാണ് ഇല്ലുമിനാറ്റിയെ കുറിച്ചു പറഞ്ഞു കേട്ടിട്ടുള്ളത്. ആവേശം സിനിമയിലെ ഇല്ലുമിനാറ്റി ഗാനം തരംഗമായതിന് പിന്നാലെ ഈ വാചകം വീണ്ടും ചര്ച്ചയാവുകയാണ്. മുന്പ് ലൂസിഫര് എന്ന ചിത്രം റിലീസ് ചെയ്തപ്പോഴും ഇതേ ഇല്ലുമിനാറ്റി കുറേ നാള് മലയാളികളുടെ ഇടയില് ചര്ച്ചയായിരുന്നു.
ഇല്ലുമിനാറ്റിയുടെ വേര് തേടണമെങ്കിൽ നമുക്ക് കുറച്ചധികം പിന്നിലേക്ക് പോകേണ്ടി വരും. 1776, ജര്മ്മനിയിലെ ബവേറിയ എന്ന സ്ഥലം, യുക്തിവാദത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവാകശത്തിന്റെയും ആശയങ്ങള് അവിടുത്തെ കത്തോലിക്ക പള്ളിയുടെ നടപടിക്രമങ്ങളോട് മത്സരിക്കാന് തുടങ്ങി. രാജവാഴ്ചയും സഭയും ചിന്താ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണെന്നതില് നിരാശനായിരുന്നു നിയമാദ്ധ്യാപകനായ പ്രൊഫസർ ആദം വെയ്ഷോപ്റ്റ്. അദ്ദേഹം തൻ്റെ ആശങ്ങള് ഒരു രഹസ്യ സമൂഹത്തിലൂടെ വ്യാപിപ്പിക്കാന് തീരുമാനിക്കുന്നു. ആ രഹസ്യ സമൂഹത്തെ പ്രൊഫസർ ഇല്ലുമിനാറ്റി എന്ന് വിളിച്ചു. ഓർഡർ ഓഫ് ദി ഇല്ലുമിനാറ്റി എന്നാണ് നാഷണൽ ജോഗ്രഫിക്ക് ഇതിനെ രേഖപ്പെടുത്തിയിട്ടുള്ളത്.
ഫ്രീമേസണ്സ് എന്ന ഗ്രൂപ്പിനെ മാതൃകയാക്കിയാണ് ഇല്ലുമിനാറ്റിക്ക് രൂപം നല്കിയത്. ഫ്രീമേസൺസ് കല്പ്പണിക്കാരുടെ ഒരു സംഘടനയായിരുന്നു. തങ്ങളുടെ കല്പ്പണിയിലുള്ള കഴിവുകള് പുറത്തുകൊണ്ടുവരാന് വേണ്ടി ആരംഭിച്ച ഈ സംഘടന പില്ക്കാലത്ത് മറ്റ് എല്ലാ ആശയങ്ങളും പങ്കുവെയ്ക്കുന്ന ഒരു ഇടമായി മാറി, പിന്നീട് സമ്പന്നരുടെയും സമൂഹത്തില് ഉയര്ന്ന് നില്ക്കുന്നവരുടെയും രഹസ്യ സമൂഹമായി മാറി. മാത്രമല്ല ഇവര്ക്ക് ചില രഹസ്യ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ടായിരുന്നു. ഇതേ മാതൃകയിലാരംഭിച്ച ഇല്ലുമിനാറ്റിയിലേക്ക് ഫ്രീമേസണ്സില് നിന്നും നിരവധിയാളുകൾ റിക്രൂട്ട് ചെയ്യപ്പെട്ടു.
കാലം കഴിയും തോറും ഇല്ലുമിനാറ്റി അംഗങ്ങളുടെ എണ്ണത്തിലും വര്ദ്ധനയുണ്ടായി. കൂടാതെ ഫ്രീമേസണ്സിന്റെ സ്വാധീനത്തിൽ പല മെസോണിക് ആചാരങ്ങളും ഇല്ലുമിനാറ്റിയിലും ആരംഭിച്ചു. 1784-ലാകുമ്പോഴേക്കും സമൂഹത്തില് പല തരത്തില് സ്വാധീനമുള്ള ആളുകളും പണ്ഡിതന്മാരുമായി 600ല് അധികം അംഗങ്ങളുള്ള ഒരു സമൂഹമായി ഇല്ലുമിനാറ്റി വളര്ന്നു. മതവും സര്ക്കാരുമായി ബന്ധം പാടില്ല എന്ന് വിശ്വസിച്ച ഇവര്ക്ക് മനുഷ്യരുടെ മതവിശ്വാസത്തിന്റെ അടുത്തറയിളക്കുന്നവരെന്ന നിലയിലാണ് പുറത്ത് പ്രചാരണം ലഭിച്ചത്. പ്രാദേശികമായും ഗവണ്മന്റിലും സര്വകലാശാലകളിലും ഇവര് സ്വാധീനം ചെലുത്താന് ആരംഭിച്ചപ്പോള് 1784 ഡ്യൂക്ക് കാള് തിയോഡോറിന്റെ ഉത്തരവ് പ്രകാരം എല്ലാ രഹസ്യ സംഘടനകളും നിരോധിച്ചു.
പിന്നീടുള്ള 9 വര്ഷം ഇല്ലുമിനാറ്റി എന്ന പേര് സമൂഹത്തില് നിന്ന് ഇല്ലാതായി പ്രൊഫ. ആദം വെയ്ഷെപ്റ്റ് ഒളിവിലും പോയി. എന്നാല് അവിടം കൊണ്ട് കഴിഞ്ഞില്ല. നിരോധിക്കപ്പെട്ടതിന് ശേഷം, ഇവരുടെ പേര് ഇല്ലാതായതിനു ശേഷമാണ് ഇരുട്ടില് ഇവര് കുപ്രസിദ്ധരാകുന്നത്. അന്നത്തെ കാലത്തെ രാജവാഴ്ച്ച അട്ടിമറിച്ചതിന് പിന്നില് ഇല്ലുമിനാറ്റിയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇതിന് തെളിവൊന്നുമില്ല. ഇല്ലുമിനാറ്റി നിലവിലുണ്ട് എന്നതിലും ഇല്ലായെന്നതിനും തെളിവുകളില്ല. എങ്കിലും ഇല്ലുമിനാറ്റിയായി ബന്ധപ്പെട്ട ചര്ച്ചകള് നിരവധിയാണ്.
കാലത്തെയും കാലാവസ്ഥയെ പോലും മാറ്റിമറിക്കാൻ കഴിയുന്ന ലോകമെങ്ങുമുള്ള നിഗൂഢ സിദ്ധാതക്കാരാണ് ഇവരെന്നു പറയുന്നവരും EE OF Providence, അതായത് ത്രികോണത്തിനകത്തെ കണ്ണുകള് ഇലുമിനാറ്റിയുമായി ചേര്ത്ത് പറയുന്നവരുമുണ്ട്. എന്നാല് മറുവശത്ത് ഇതൊരു സങ്കല്പ്പം മാത്രമാണ് എന്ന് പറയുമ്പോഴും യാഥാർഥ്യമാണെന്നും ലോകത്തെ നിയന്ത്രിക്കുന്നത് ഇവരാണെന്നും പരസ്യമായി പറഞ്ഞവരില് ഒരാളാണ് കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യര്.
ലോകമെങ്ങും സഞ്ചരിച്ച് അറിവ് പകര്ന്നവരോ ലോകത്തെ നിയന്ത്രിക്കാന് കഴിയുന്ന സർവ്വാധികാരികളോ ഇലുമിനാറ്റിയെക്കുറിച്ച് കഥകള് പലതാണ്. പക്ഷെ ഇതൊന്നുമറിഞ്ഞിട്ടല്ല നമ്മള് മലയാളികളിൽ ഭൂരിപക്ഷം ഇല്ലുമിനാറ്റി പാട്ടു പാടി നടക്കുന്നതെന്നതാണ് മറ്റൊരു വാസ്തവം.
അരങ്ങിനെയും തിരശ്ശീലയെയും ധന്യമാക്കിയ ഒടുവിലാട്ടങ്ങൾ