അരങ്ങിനെയും തിരശ്ശീലയെയും ധന്യമാക്കിയ ഒടുവിലാട്ടങ്ങൾ

അരങ്ങിനെയും തിരശ്ശീലയെയും ധന്യമാക്കിയ, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാൾ കാലത്തിന്റെ യവനികയില് മറഞ്ഞുവെങ്കിലും ഒടുവിൽ മലയാള സിനിമയ്ക്ക് നൽകിയ സംഭവാനകൾ അനശ്വരമാണ്

dot image

അഭിനയ മികവുകൊണ്ട് വിസ്മയിപ്പിച്ച നടൻ, അഭിനയമികവിൻറെ കുലപതി അരങ്ങൊഴിട്ട് ഇന്നേക്ക് 18 വർഷം. 2006 മേയ് 27നായിരുന്നു ഒടുവിലിൻറെ വിയോഗം. എഴുപതുകൾ തൊട്ടിങ്ങോട്ട് 2006 വരെ എണ്ണിയെടുത്താൽ നാനൂറിലധികം കഥാപാത്രങ്ങളാണ് ഈ മഹാ പ്രതിഭ അരങ്ങിലഭിനയിച്ച് തീർത്തത്. കൊട്ടകയിരുട്ടിൽ ഉറക്കയുറക്കെ ചിരിപ്പിച്ച, കരഞ്ഞ് കണ്ണുകലക്കിയ, താളമേറെ തകർത്തുകൊട്ടിയ ഒരുപാടൊരുപാടൊരുപാട് ഒടുവിലാട്ടങ്ങൾ മലയാളികൾ കണ്ടു.

ഏത് കഥാപാത്രം അവതരിപ്പിച്ചാലും അതിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുണ്ടായിരുന്നതേയില്ല. പലരായുള്ള പരകായപ്രവേശങ്ങളെല്ലാം പൂർണതയുടെ തിടമ്പേറ്റി. അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളിൽ ഇത്രമാത്രം പൂർണത കൈവരിച്ച ഒരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമായിരിക്കും.

അഭ്രപാളിയിലെ അരങ്ങിലെ അത്യുജ്ജല കഥാപാത്രങ്ങളെ തേടി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിലേക്കെത്തി. 2002ൽ 'നിഴൽ കൂത്തി'ലെ കാളിയപ്പൻ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡും 'തൂവൽ കൊട്ടാരം', 'കഥാപുരുഷൻ' എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. എം ടി യുടെ 'ചെറുപുഞ്ചിരി'യിലെ അഭിനയവും 'ദേവാസുര'ത്തിലെ പെരിങ്ങോടൻ എന്ന കഥാപാത്രവും എന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്.

ചെറുപ്പകാലത്ത് അഭ്യസിച്ച സംഗീതം ചില സംഗീതസംരംഭങ്ങളിലും ഒടുവിലിനെ പങ്കാളിയാക്കി. 'ഭരതേട്ടൻ വരുന്നു' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ബിച്ചു തിരുമല എഴുതി ഒടുവിൽ ഉണ്ണിക്കൃഷ്ണൻ സംഗീത സംവിധാനം നിർവ്വഹിച്ച് 'പരശുറാം എക്സ്പ്രെസ്' എന്ന ആൽബം 1984ൽ പുറത്തിറക്കി. രവി ഗുപ്തൻ സംവിധാനം ചെയ്ത 'സർവ്വം സഹ' എന്ന സിനിമയ്ക്ക് സംഗീതം നിർവ്വഹിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ചിത്രം പുറത്തെത്തിയിരുന്നില്ല.

അരങ്ങിനെയും തിരശ്ശീലയെയും ധന്യമാക്കിയ, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാൾ കാലത്തിന്റെ യവനികയില് മറഞ്ഞുവെങ്കിലും ഒടുവിൽ മലയാള സിനിമയ്ക്ക് നൽകിയ സംഭവാനകൾ അനശ്വരമാണ്. പകരംവയ്ക്കാനാവാത്തത് എന്ന വിശേഷണത്തെ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നാമത്തോടു ചേർത്ത് ആദരവോടെ എന്നും മലയാളികൾ ഒർക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us