2023 ജൂണ് 17, ചെന്നൈ നഗരത്തില് വിദ്യാര്ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് നടക്കുകയാണ്. മൈതാനത്ത് തടിച്ചു കൂടിയ ജനാവലിക്കിടയില് നിന്ന് ചൂണ്ടുവരിലുയര്ത്തിക്കൊണ്ട് ഉറച്ച ശബ്ദത്തോടെ തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് ഇങ്ങനെ പറഞ്ഞു, 'നമ്മുടെ വിരല് വെച്ച് സ്വന്തം കണ്ണുകള് തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോള് നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതുതന്നെയാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ വെച്ച്, ഒന്നര ലക്ഷം പേര്ക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കില് 15 കോടി വരും. ജയിക്കാന് 15 കോടി ചെലവാക്കുന്നവര് അതിലുമെത്ര നേരത്തെ സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചാല് മതി. വിദ്യാഭ്യാസ സമ്പ്രദായത്തില് കുട്ടികള്ക്ക് ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു. കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് ഓരോരുത്തരും നിങ്ങളുടെ മാതാപിതാക്കളോട് പറയണം...'; ചിരിച്ച മുഖത്തോടെ മൈക്കിന് മുന്നില് ശക്തമായി സംസാരിക്കുന്ന ദളപതിയുടെ കണ്ണിലെ തിളക്കം അന്ന് എല്ലാവരും ആകാംക്ഷയോടെ, ആവേശത്തോടെ നോക്കി നിന്നു.
കൃത്യം ഒരു വര്ഷം കഴിഞ്ഞ് ദളപതി 50ന്റെ നിറവില് നില്ക്കുമ്പോള് പോയ ഒരു വര്ഷക്കാലം സംഭവബഹുലമായിരുന്നു. ഒരു പക്ഷെ വിജയിയുടെ ജീവിതത്തിലെ തന്നെ വളരെ നിര്ണായകമായ വര്ഷമായിരുന്നുവെന്ന് പറയാം. സിനിമാ നടന് എന്നതില് നിന്ന് തമിഴകത്തിന്റെ രാഷ്ട്രീയത്തിലേക്ക് ദളപതി ഔദ്യോഗികമായി കാലെടുത്തുവെച്ച വര്ഷം കൂടിയായിരുന്നു കടന്നുപോയത്. അതില് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിക്കല് മുതല് കേന്ദ്ര സര്ക്കാരിനെതിരെയുള്ള മൂര്ച്ഛയുള്ള വാക്കുകളും ഒടുവില് സിനിമയില് നിന്ന് ഇടവേളയെടുക്കുന്നു എന്ന ആരാധകരുടെ ഹൃദയമുലയ്ക്കുന്ന പ്രഖ്യാപനവും വരെയുണ്ടായിരുന്നു.
'ജനങ്ങളാണ് എന്റെ രാജാക്കന്മാര് അവരെ സേവിക്കുന്ന ദളപതിയാണ് ഞാന്, നിങ്ങളിലൊരാള്, നിങ്ങള്ക്ക് വേണ്ടി സംസാരിക്കുന്നവന്...'; വിജയ് രാഷ്ട്രീയപാര്ട്ടി രൂപീകരിക്കുമെന്ന സൂചനകള് കുറേ കാലമായി ചൂടു പിടിച്ച ചര്ച്ചയായിരുന്നുവെങ്കിലും ആ സംസാരങ്ങളെല്ലാം തണുത്തിരിക്കുമ്പോഴായിരുന്നു തെന്നിന്ത്യന് സിനിമാ-രാഷ്ട്രീയ മേഖലയെ പിടിച്ചുകുലുക്കിയ വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപനം. ആരാധക സംഘടനയായ വിജയ് മക്കള് ഇയക്കം നിഴല് പോലെ കൂടെയുണ്ടായിരുന്നു. പിന്നാലെ ഈ വര്ഷം ആദ്യം തമിഴക വെട്രി കഴകം എന്ന തന്റെ രാഷ്ട്രീയ പാര്ട്ടിയുടെ പ്രഖ്യാപനവും നടത്തി, പാര്ട്ടിയുടെ അദ്ധ്യക്ഷനുമായി.
വിജയ് ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കണമെന്ന അഭിപ്രായം വന്നപ്പോള്, 2026ലെ നിയമസഭ തിരഞ്ഞെടുപ്പില് മത്സരിച്ചാല് മതിയെന്ന വിജയുടെ തീരുമാനം വെറുതെയായിരുന്നില്ല. എല്ലാം കൃത്യമായി പ്ലാന് ചെയ്തുകൊണ്ടുതന്നെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്ന് ജനങ്ങളോട് വിജയ് പറയാതെ പറഞ്ഞു. അതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു സിനിമാ കരിയര് അവസാനിപ്പിക്കുന്നു എന്ന വാര്ത്ത.
ജോസഫ് വിജയ്യെ ദളപതി വിജയ് ആക്കിയതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അടിത്തറ പാകിയതും സിനിമയാണ്. അഭിനയിക്കാനറിയാത്തവന് എന്ന് പറഞ്ഞ് തഴഞ്ഞവര്ക്ക് മുന്നില് സൂപ്പര് ഹിറ്റുകള് തുടരെ തുടരെ നല്കിയ അദ്ദേഹത്തിന്റെ ജീവിതം തന്നെ സിനിമയും ഉയിര് നല്കുന്ന ആരാധകരുമാണ്. എന്നിട്ടും മുഴുവന് സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്ന് വിജയ് പ്രസ്താവിച്ചെങ്കില് സിനിമയ്ക്കും മുകളിലായി ജനങ്ങള്ക്ക് വേണ്ടി ചെയ്യാന് അയാള്ക്ക് എന്തോക്കെയോ ബാക്കിയുണ്ട് എന്നാണ് വിജയ് ആരാധകര് കരുതുന്നത്.
69-ാം സിനിമയിലൂടെ സിനിമാ കരിയറിന് ഇടവേള പ്രഖ്യാപിക്കുമ്പോള്, 'കരിയര് അവസാനിപ്പിക്കാതെ സമയമുള്ളതുപോലെ സിനിമകള് ഇനിയും ചെയ്യണമെന്നും ബിഗ് സ്ക്രീനില് നിങ്ങളെ മിസ് ചെയ്യുമെങ്കിലും ഞങ്ങള്ക്കൊരു നേതാവിനെ വേണം' എന്നും തമിഴ് സിനിമാലോകം പറഞ്ഞു. ഇതിനിടെ കേരളത്തിലേക്കും ദളപതി ഒരൊന്നൊന്നര വരവ് നടത്തി. ബാനറുകളും ഫ്ളെക്സ് ബോര്ഡുകളുമായി വന് ആരാധകസംഘം ഉച്ച മുതല് തിരുവനന്തപുരം വിമാനത്താവളത്തില് കാത്തുനിന്നതും കേരളക്കരയെ ഇളക്കി മറിച്ചുകൊണ്ട് സമീപകാലത്ത് കാണാത്ത ജനസാഗരം അങ്ങ് അനന്തപുരിയിലേക്ക് എത്തിയതും ദളപതിയെ ഒരു നോക്ക് കാണാന് വേണ്ടിയാണ്. മറ്റേതൊരു നടന് കേരളത്തില് വന്നാലാണ് ഇതുപൊലൊരു തരംഗമുണ്ടാകുകയെന്ന് ചോദിച്ചാല്, സംശയമാണ്.
'എന്നെ സംബന്ധിച്ച് രാഷ്ട്രീയം വെറുമൊരു ജോലിയല്ല, വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങള് മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എന്റെ മുന്ഗാമികളില് നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാന് മനസ്സിലാക്കി. അതിനായി ഞാന് മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എന്റെ അഗാധമായ ആഗ്രഹമാണ്...'; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ്യുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
കഴിഞ്ഞ ഒരു വര്ഷത്തിനിടെ ഈ നടന്ന സംഭവ വികാസങ്ങള്ക്ക് ശേഷം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ നേതൃത്വത്തില് തമിഴക വെട്രി കഴകം പര്യടനം തുടങ്ങുകയാണ്. തമിഴ് മക്കളെ നേരില് കണ്ട് അവരുമായി സംസാരിക്കും, അടുപ്പമുണ്ടാക്കും, അവരുടെ പ്രശ്നങ്ങള് പഠിക്കും, ഇതോടൊപ്പം രണ്ട് കോടി പുതിയ അംഗങ്ങളെ കൂട്ടായ്മയില് ചേര്ക്കും, വനിതാ പങ്കാളിത്തം കൂട്ടും അങ്ങനെ നിരവധി പദ്ധതികളാണ് വിജയ്ക്ക് മുന്നിലുള്ളത്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട്, അതിന് ശേഷം ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം, ശേഷം ഫുള് പവറില് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്ന വിജയ്യെ ആണ് ആരാധകർ കാത്തിരിക്കുന്നത്. അമ്പത് വയസെന്ന തന്റെ ജീവിതത്തിലെ സെക്കന്ഡ് ഹാഫിന് തുടക്കമിടുമ്പോള് മനസ്സുകൊണ്ട് എല്ലാ പിന്തുണയുമായി അദ്ദേഹത്തേ സ്നേഹിച്ച ഒരു ജനത തന്നെ കൂടെയുണ്ട്. വെള്ളിത്തിരയില് കയ്യടി വാരിക്കൂട്ടിയ ദളപതി, തമിഴ് ജനതയെന്ന മാസ് ഓഡിയന്സിനെ നിരാശപ്പെടുത്തില്ല എന്ന് തന്നെ വിശ്വസിക്കാം. കാരണം സിനിമയില് നിന്ന് വന്ന് രാഷ്ട്രീയത്തില് തിളങ്ങിയ എംജിആറും ജയലളിതയും ശിവാജി ഗണേശനും കരുണാനിധിയും ചരിത്രം കുറിച്ച മണ്ണിലേക്കാണ് വിജയ്യും കടന്നിരിക്കുന്നത്.