'നാൻ റെഡി താൻ വരവാ'... നടിപ്പിൽ മാത്രം അല്ല പാട്ടിലും വിജയ് ന്നാ വെറിത്തനം

അവസാന സിനിമയിൽ വിജയ്യുടെ പാട്ടുണ്ടെങ്കിൽ തിയേറ്ററുകളിൽ ഭൂകമ്പമായിരിക്കും

dot image

ദളപതി വിജയ്, ഇത്രയും മതി ആ നടനെ വിശേഷിപ്പിക്കാൻ. ജോസഫ് വിജയ്യെ ദളപതി വിജയ് ആക്കിയതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അടിത്തറ പാകിയതും സിനിമയാണ്. അഭിനയിക്കാനറിയാത്തവന് എന്ന് പറഞ്ഞ് തഴഞ്ഞവര്ക്ക് മുന്നില് സൂപ്പര് ഹിറ്റുകള് തുടരെ തുടരെ നല്കിയായിരുന്നു വിജയ്യുടെ മറുപടി. ഒരു വിജയ് പടം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ദിവസം തമിഴ് നാട്ടിൽ തിരുവിഴയാണ്, കേരളത്തിലെ വിജയ് ഫാൻസിനും ആഘോഷത്തിന് കുറവൊന്നും കാണില്ല.

ഒരു നടൻ എന്ന നിലയിൽ മാത്രമല്ല വിജയ്യെ ആഘോഷിച്ചിട്ടുള്ളത്. ഒരു ഗായകൻ എന്ന നിലയിലും വിജയ് പോപ്പുലർ ആണ്. അത് പിന്നെ അങ്ങനെയാണല്ലോ, പുലിക്ക് പിറന്നത് പൂച്ച കുഞ്ഞാവില്ലല്ലോ. ഗായിക ശോഭ ചന്ദ്രശേഖറിന്റെ മകൻ വിജയ്യുടെ ആദ്യ ഗാനം 1994 ൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലെ ബോംബെ സിറ്റി എന്ന് തുടങ്ങുന്നതായിരുന്നു. കെ എസ് ചിത്രയ്ക്കൊപ്പമായിരുന്നു അദ്ദേഹം ഈ ഗാനം ആലപിച്ചിരുന്നത്. തുടക്കം ഗംഭീരമായിരുന്നു. 150 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. പിന്നീട് സ്ക്രീനിൽ പാട്ട് വരുമ്പോൾ ഈ ഗാനം പാടിയത് നിങ്ങളുടെ വിജയ് എന്ന് സ്ക്രീൻ നിറച്ച് എഴുതി കാണിക്കുമായിരുന്നു.

2012, വിജയ്യുടെ പ്രതാപ കാലമായിരുന്നു. 'തുപ്പാക്കി' എന്ന സിനിമ റിലീസ് ചെയ്തതോടെ 'ഗൂഗിൾ ഗൂഗിൾ' എന്ന പാട്ട് തീ പോലെ പടർന്നു. ആദ്യമായി വിജയ്ക്ക് സൈമ അവാർഡ്സിൽ മികച്ച പിന്നണി ഗായകനുള്ള നോമിനേഷൻ ലഭിക്കുന്നത് ഈ പാട്ടിനായിരുന്നു. ഹാരിസ് ജയരാജായിരുന്നു സംഗീതം നൽകിയത്. കേരളത്തിൽ മാത്രം തുപ്പാക്കി 10 കോടിക്ക് മുകളിൽ കളക്ഷൻ ഉണ്ടാക്കിയിട്ടുണ്ട്. ഈ പാട്ടിന്റെ ഹാങ്ങ് ഓവർ തീരും മുന്നേ തൊട്ടടുത്ത വർഷം തലൈവയിലൂടെ അടുത്ത പാട്ട്. 'വാങ്ങണ്ണാ വണക്കം അണ്ണാ' ഫാൻസുകാർ ഒന്നാകെ ഈ പാട്ടിനെ ഏറ്റെടുത്തു. ജി വി പ്രകാശ് കുമാർ ആയിരുന്നു ഈ പാട്ടിന് സംഗീതം നൽകിയത്.

2014 ലെ 'കത്തി', 15 ലെ 'പുലി', 16 ലെ 'തെരി', 17 ലെ 'ഭൈരവ' തുടങ്ങിയ വിജയ്യുടെ ചിത്രങ്ങളിലെല്ലാം ഓരോ പാട്ട് വീതം അദ്ദേഹം പാടി. ഇതിൽ കത്തിയിലെ സെൽഫി പുള്ളേ എന്ന പാട്ടിന് ലഭിച്ച സ്വീകാര്യത ചില്ലറയൊന്നും അല്ല. കുട്ടികൾ മുതൽ മുതിർന്നവരുടെ ചുണ്ടിൽ പോലും പാട്ടിന്റെ ഈണം തട്ടിയിരുന്നു. അനിരുദ്ധ് രവിചന്ദ്രറിന്റെ മാജിക് ആയിരുന്നു ഈ പാട്ട്. എ ആർ റഹ്മാന്റെ സംഗീതത്തിൽ വിജയ്യുടെ വെറിത്തനം കേറി കൊളുത്തി. തമിഴകം മുഴുവൻ ബിഗിൽ എന്ന ചിത്രത്തിലെ വെറിത്തനം തരംഗം സൃഷ്ടിച്ചു. അറ്റ്ലീ സംവിധാനത്തിൽ 2019 ലാണ് ചിത്രം റിലീസ് ചെയ്തത്. മാസ്റ്റർ സിനിമയിലെ കുട്ടി സ്റ്റോറി എന്ന വിജയ്യുടെ ഗാനത്തിനും നിറഞ്ഞ സ്വീകാര്യത ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷത്തെ വിജയ്യുടെ രണ്ടു സിനിമകൾ വരിസു, ലിയോ. രണ്ടു സിനിമയിലെയും സൂപ്പർ ഹിറ്റായ ഗാനങ്ങൾ ആലപിച്ചിരുന്നത് വിജയ് ആയിരുന്നു. രശ്മിക മന്ദാനയുടെ തമിഴ് അരങ്ങേറ്റമായ വാരിസിലെ ഫാസ്റ്റ് നമ്പർ രഞ്ജിതമേ എന്ന പാട്ട് സോഷ്യൽ മീഡിയ റീലുകളിൽ തരംഗമായിരുന്നു. അതിനേക്കാൾ പവർ ആയിരുന്നു ലിയോ സിനിമയിലെ നാൻ റെഡി താൻ വരവാ എന്ന ഗാനത്തിന്. തിയേറ്ററുകളെ ഇളക്കി മറിച്ച ഹിറ്റായിരുന്നു ഈ പാട്ട്. ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങിയ ഈ ബ്ലോക്ക് ബസ്റ്റർ കേരളത്തിനെയും പിടിച്ചുലച്ചതാണ്. സംഗിതം അനിരുദ്ധ് രവിചന്ദറായിരുന്നു.

30 തിൽ കൂടുതൽ ഗാനങ്ങൾ തന്റെ സിനിമാ ജീവിതത്തിൽ വിജയ് പാടിയിട്ടുണ്ട്. ഇനി വിജയ്യുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഗോട്ട്. സിനിമയിൽ രണ്ടു പാട്ടുകളാണ് വിജയ്യുടെ ശബ്ദത്തിൽ പുറത്തിറങ്ങുന്നത്. ആദ്യത്തെ ഗാനം വിസിൽ പോടിന് മികച്ച സ്വീകരണമായിരുന്നു ആരാധകരിൽ നിന്ന് ലഭിച്ചത്. അടുത്ത ഗാനം ഇളയരാജയുടെ മകൾ അന്തരിച്ച ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം നടൻ വിജയും ചേർന്ന് പാടുന്ന പാട്ടാണ്. എന്തായാലും വിജയ് ആരാധകർ ഗോട്ട് ഒരു ആഘോഷമാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഇനി അറിയാനുള്ളത് തലൈവൻ 69 നെ കുറിച്ചാണ്. ഇതുവരെ ഒരു അപ്പ്ഡേറ്റും ചിത്രത്തിന്റേതായി പുറത്ത് വന്നിട്ടില്ല. എന്നാൽ വിജയ്യുടെ കരിയറിലെ അവസാന ചിത്രമായിരിക്കും ഇത്. അവസാന സിനിമയിൽ വിജയ്യുടെ പാട്ടുണ്ടെങ്കിൽ തിയേറ്ററുകളിൽ 'ഭൂകമ്പ'മായിരിക്കും. കാത്തിരിക്കാം ആരാധകരെ നിർത്താതെ ഡാൻസ് ചെയ്യിപ്പിക്കുന്ന ആ ഫാസ്റ്റ് നമ്പറിനായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us