പൂജ്യത്തിൽ നിന്ന്, പരാജയങ്ങളുടെ കയ്പുനീര് കുടിച്ച് ബോളിവുഡിന്റെ രാജാവായ, ബാദ്ഷയായ ഷാരൂഖ് ഖാൻ. ഇന്ത്യൻ സിനിമ പ്രേമികളുടെ, ലോക സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ കിംഗ് ഖാൻ ചേക്കേറിയിട്ട് 32 വർഷം. 1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയ ഷാരൂഖ് ഖാൻ 1992ൽ പുറത്തിറങ്ങിയ 'ദീവാന' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയുടെ വെളിച്ചത്തിലെത്തുന്നത്. തുടക്കത്തിൽ പതറാതെ പിടിച്ചു നിന്ന താരം തുടരെ തുടരെയുള്ള സിനിമകളിലും ശ്രദ്ധ നേടി.
നീളൻ മുടിയും ക്ലീൻ ഷേവും ചെയ്ത ഷാരൂഖ് ബോളിവുഡിന്റെ ക്യൂട്ട് റോമന്റിക് നായകനായിരുന്നു. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ , കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുശി കഭി ഗം, കൽ ഹോ ന ഹോ ഓം ശാന്തി ഓം, വീർ-സാരാ, രബ് നേ ബനാ ദി ജോഡി തുടങ്ങിയ നിരവധി സിനിമകളിലെ പെർഫോമൻസുകളിലൂടെ ഇന്ത്യയിൽ മാത്രമല്ല വിദേശത്തും താരം ആരാധകരെ സമ്പാദിച്ചു.
വിജയക്കൊടുമുടിയിൽ നിന്ന് പരാജയങ്ങളുടെ കയ്പ്പറിഞ്ഞ കാലഘട്ടവും താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ശക്തമായ ഉയർത്തെഴുന്നേൽപ്പ് മാത്രമേ അദ്ദേഹത്തിൽ നിന്ന് പ്രേക്ഷകർ ഇതുവരെയും കണ്ടിട്ടുള്ളു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2023 എന്ന വർഷം. 'ദിൽവാലെ'യും 'ഫാനും' 'റയീസു'മെല്ലാം പരാജയത്തിൽ മുങ്ങിയപ്പോൾ നാല് വർഷത്തോളം സിനിമകളിൽ നിന്ന് അദ്ദേഹം വിട്ടു നിന്നു. ഈ കാലയളവിൽ കിംഗ് ഖാന്റെ പ്രതാപകാലം അവസാനിച്ചുവെന്ന് വരെ പറഞ്ഞവർ നിരവധിയാണ്.
ശേഷം 'റോക്കട്രി' എന്ന സിനിമയിലും 'ലാൽ സിങ് ഛദ്ദ'യിലും ഷാരൂഖ് കാമിയോ വേഷങ്ങളിലെത്തി. ഈ സിനിമകൾക്ക് ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും കിംഗ് ഖാനായി കോടികൾ കാത്തിരിക്കുന്നുവെന്ന് താരത്തിന്റെ കാമിയോയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ നിന്ന് വ്യക്തമായി. ശേഷം 2023 ജനുവരിയില്, സ്ക്രീനിൽ 'പഠാൻ' എത്തുന്നു. സിനിമ തിയേറ്ററുകളിൽ ഉത്സവം തീർത്ത് നേരെ 1000 കോടി ക്ലബിലേക്ക്, അഥവാ ഷാരൂഖിന്റെ മാസ് റീ എൻട്രിയിലേക്ക്.
പഠാൻ ഒരു തുടക്കം മാത്രമായിരുന്നു. അറ്റ്ലി സംവിധാനം ചെയ്ത 'ജവാനിലൂ'ടെ തെന്നിന്ത്യൻ താരങ്ങൾ അടക്കി ഭരിച്ചിരുന്ന 1000 കോടി ക്ലബിനെ എസ്ആർകെ തന്റെ സാമ്രാജ്യമാക്കി മാറ്റി. ഒരു വർഷം തന്നെ രണ്ട് 1000 കോടി ചിത്രങ്ങൾ നേടുന്ന ഏക ഇന്ത്യൻ താരമായി ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ കാലം കഴിഞ്ഞു എന്ന് വിമർശിച്ചവരെ, എന്തുകൊണ്ട് കിംഗ് ഖാൻ എന്ന് തന്നെ വിളിക്കുന്നു എന്ന് എസ്ആർകെ വീണ്ടും ഓർമ്മിപ്പിച്ചു.
എല്ലാ ഉയർച്ചയിലും ഷാരൂഖ് എപ്പോഴും കടപ്പെട്ടിരിക്കുന്നത് തന്റെ ആരാധകരോടാണ്. 'നിങ്ങളുടെ സ്നേഹത്തിലാണ് ഞാൻ ജീവിക്കുന്നത്. സിനിമകളെക്കാൾ കൂടുതൽ സ്നേഹമാണ് എനിക്ക് നിങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഞാൻ ഇതുവരെ ചെയ്ത സിനിമകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ അവരുടെ ഹൃദയത്തിൽ എനിക്ക് സ്ഥാനം നൽകി. ആ നിങ്ങൾക്ക് വേണ്ടി എനിക്ക് നൽകാൻ കഴിയുന്നത് നല്ല സിനിമകൾ മാത്രമാണ്'- താരം പറയുന്നു.
സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണി, ഇത് ആ 'കൽക്കി'യല്ല; പടം മാറി ബുക്ക് ചെയ്തു, രാജശേഖർ ചിത്രം ഹൗസ്ഫുൾ