ബ്രിട്ടീഷ് അധിനിവേശ കാലത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വീരശേഖരന് സേനാപതി. 28 വര്ഷങ്ങള്ക്ക് മുമ്പ് തിയേറ്ററുകളെ ത്രസിപ്പിച്ച, ആരാധന തോന്നും വിധം ഉശിരന് ഡയലോഗുകള് കൊണ്ടും പ്രകടനം കൊണ്ടും അമ്പരപ്പിച്ച സ്വാതന്ത്ര്യ സമര നായകന് വീണ്ടും ആവേശം കൊള്ളിക്കാനെത്തുമ്പോള് പ്രതീക്ഷകളും ആശങ്കകളും ഏറെയാണ്. തീവ്ര രാജ്യ സ്നേഹം മൂലം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജീവത്യാഗം ചെയ്യാന് പോലും തയ്യാറായ സേനാപതിയുടെ, പില്ക്കാലത്തെ അഴിമതി വിരുദ്ധ ഒറ്റയാള് പോരാട്ടമാണ് ഒറ്റവാക്കില് പറഞ്ഞാല് ഇന്ത്യന്.
അഴിമതി നടത്തുന്നവരെ, സാധാരണക്കാര്ക്ക് നീതി നിഷേധിക്കുന്നവരെ തേടിപ്പിടിച്ച് സ്വയം ശിക്ഷ വിധിക്കുന്ന, ആ ലക്ഷ്യത്തില് സ്വന്തം മകനെ പോലും വക വരുത്താന് തയാറാകുന്ന സേനാപതിയുടെ സ്പിരിറ്റ് അന്ന് സിനിമ കണ്ടിറങ്ങിയ ഒരോ ഇന്ത്യക്കാരന്റെയും നെഞ്ചിലുണ്ടായിരുന്നു. കാരണം, നിലനില്ക്കുന്ന സാമൂഹിക വ്യവസ്ഥിതിയില് അവര് പറയാനും ചെയ്യാനും ആഗ്രഹിച്ച ഒന്ന് സിനിമയിലൂടെ ചെയ്ത് കാണിക്കുകയായിരുന്നു സേനാപതി. അത്രത്തോളം ഇന്ത്യന് താത്ത പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു.
സ്വന്തം അവകാശം നേടിയെടുക്കാന് കൈയ്യിലുള്ളത് മുഴുവന് കൈക്കൂലിയായി സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് കൊടുക്കുന്നതിന് പകരം അവര്ക്ക് നേരെ വിരല് ചൂണ്ടാന് നിങ്ങളെല്ലാവരും സേനാപതിമാരാകണം എന്ന് പറയാതെ പറയുകയായിരുന്നു ചിത്രം. 1996-ല് ശങ്കര് തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം തമിഴ്നാട് മാത്രമായിരുന്നില്ല, മുഴുവന് ഇന്ത്യയുമായിരുന്നു. ജനസേവകരുടെ കുപ്പായമണിഞ്ഞ്, സാധാരണക്കാരെ വഞ്ചിച്ച നിയമ വ്യവസ്ഥയോടുള്ള എതിര്പ്പറിയിക്കാന് ശങ്കര് സിനിമയെന്ന മാധ്യമം കമല്ഹാസനിലൂടെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ മറ്റൊരു വികൃത മുഖത്തെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു.
സര്ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സിനിമകളെടുക്കുക എന്ന റിസ്ക് ഫാക്ടര് കൂടുതലുള്ള ഒരു കാലഘട്ടത്തിലാണ് ഇത്തരമൊരു സിനിമയെടുക്കുന്നത് എന്നത് ഒരു സംവിധായകനെ സംബന്ധിച്ചടത്തോളം വളരെ വെല്ലുവിളി നിറഞ്ഞതാണ്. സിനിമ പ്രേക്ഷകരിലേക്കെത്തിയപ്പോഴും ഇതേ റിസ്കില് മുന്നോട്ട് പോകാന് തന്നെ ഇന്ത്യന് ടീം ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. അതിന്റെ ഫലമാണ് ബോക്സ് ഓഫീസിലുണ്ടായ തരംഗം.
കോളിവുഡില് ഇന്ത്യനും ഇന്ത്യന് താത്തയും ട്രെന്ഡായി. ''ഇന്ത്യന്ക്ക് സാവേ കിടയാത്... എങ്ക തപ്പ് നടന്താലും നാന് വരുവേ.'' എന്ന ഉറപ്പ് നല്കി എങ്ങോട്ടോ മടങ്ങിയ സേനാപതി 28 വര്ഷത്തിന് ശേഷം വീണ്ടുമെത്തുമ്പോള് ഇന്ത്യയിലെ ജനകീയ പ്രശ്നങ്ങളുടെ കൂട്ടത്തില് അഴിമതി മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട ഒന്ന്. അത് തന്നെയായിരിക്കും ഇന്ത്യന് 2ന് വെല്ലുവിളി നിറയ്ക്കുന്നതും.
'ഇന്ത്യന്' സിനിമയ്ക്ക് ശേഷവും ഇന്ത്യന് രാഷ്ട്രീയത്തില് നിരവധി സേനാപതിമാരുണ്ടായി. കത്തിയെടുക്കുന്നതിന് പകരം വാക്കുകള് കൊണ്ടും സമരങ്ങള് കൊണ്ടും ജനപക്ഷത്ത് നിന്നു. എന്നിട്ടും ജനസൗഹൃദമല്ലാത്ത പ്രവര്ത്തികള്ക്കാണ് രാജ്യം പതിറ്റാണ്ടുകളായി സാക്ഷ്യം വഹിക്കുന്നത്. വ്യക്തമായി പറഞ്ഞാല് 28 വര്ഷം മുന്പ് ഇന്ത്യനിലൂടെ കണ്ടതിനേക്കാള് പതിന്മടങ്ങ് അഴിമതി നിറഞ്ഞ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. അത് മാത്രവുമല്ല വലിയ സാമൂഹിക പ്രശ്നമായി രാജ്യത്ത് വര്ഗീയത വാഴുന്ന കാലമാണിത്. 1996 ല് ഇന്ത്യന് ഇറങ്ങുമ്പോള് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം അഴിമതി ആയിരുന്നെങ്കില് ഇന്ന് അതിനേക്കാള് വലിയ പ്രശ്നമാണ് ഇന്ത്യന് ജനതയ്ക്കിടയില് ഉണ്ടായിരിക്കുന്ന വര്ഗീയ ധ്രുവീകരണം. ജനങ്ങളെ തമ്മില് വിഭജിച്ച് വിദ്വേഷ രാഷ്ട്രീയം പ്രയോഗിച്ച് അധികാരം കയ്യാളാന് ശ്രമിക്കുന്ന ഭരണവര്ഗങ്ങളെ കാണാതിരിക്കാന് സേനാപതിക്ക് സാധിക്കുമോ എന്നതാണ് അറിയേണ്ടത്.
വര്ത്തമാന ഇന്ത്യയിലെ സാമൂഹിക അനീതികളെ ചെറുക്കാന് സേനാപതിക്ക് തന്റെ മര്മ്മ വിദ്യകളും അരയിലെ കത്തിയും മാത്രം മതിയാവില്ല, സേനാപതി എല്ലാ അടവുകളും പഠിച്ചുകൊണ്ട് തന്നെ വേണം വരാന്. ടെക്നോളജിയും അതിനനുസരിച്ച് നവ മാധ്യമങ്ങളും ദിവസേന വളരുന്ന ഈ കാലഘട്ടത്തില് സേനാപതി എന്ത് അത്ഭുതമാണ് പയറ്റാന് പോകുന്നത് എന്നത് ഇന്ത്യന് ആരാധകര്ക്ക് ആശങ്ക നല്കുന്നുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല, ഉലകനായകന് കലക്കുമെന്ന് തന്നെ കരുതാം.