അനീതികളില് ആറാടുന്ന ശത്രുക്കളെ നിഷ്പ്രഭമാക്കാന് വലിയ ആയുധങ്ങള് എന്തിന്, വെറും രണ്ട് കൈവിരലുകള് പിണച്ചുവെച്ച് മര്മ്മമറിഞ്ഞൊരു കുത്ത്... അത്രമാത്രം... 28 വര്ഷങ്ങള്ക്ക് മുമ്പ് തിയേറ്ററുകളെ ഇളക്കിമറിച്ച സേനാപതി എന്ന സ്വാതന്ത്ര്യസമര പോരാളി, പുതിയ കാലത്ത്, പുതിയ ഭാവത്തില്, ഒരിക്കല് കൂടി തിയ്യേറ്ററുകളിലെത്തുമ്പോള് ഇന്ത്യന് സിനിമാ ലോകം അക്ഷമയോടെ കാത്തിരിക്കുകയാണ്...
ഈ കാത്തിരിപ്പിന് തീവ്രതയേറും. കാരണം, പിന്നിടുന്ന ഓരോ സിനിമകളിലും, അന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത, അതിമാന്ത്രിക പരീക്ഷണങ്ങള് കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയ സാക്ഷാല് ഉലകനായകനാണ് നമ്മുടെ സേനാപതി. സാങ്കേതിക വിദ്യകള് ഏറെ പിന്നിലായിരുന്ന, 28 വര്ങ്ങള്ക്ക് മുമ്പ് സാധിച്ചതിനേക്കാള് പതിന്മടങ്ങ് മൂര്ച്ചയേറിയേക്കാം 2024 ലെ സേനാപതിക്ക്...
ഒരു മനുഷ്യന് സിനിമയില് എന്തെല്ലാം ചെയ്യാന് കഴിയും എന്ന നമ്മുടെ ചിന്തകള്ക്കും മീതെയാണ് കമല്ഹാസന്റെ സിനിമാ ഇടപെടലിൻ്റെ ആഴം. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അയാള് കൈവെക്കാത്ത മേഖലകളില്ല. അപൂര്വ പരീക്ഷണങ്ങളുടെ കമല്ഹാസന് സഞ്ചാരങ്ങള് ഇന്ത്യന് സിനിമയ്ക്ക് മേലുള്ള ലോകത്തിന്റെ കാഴ്ചപ്പാടിനെക്കൂടിയാണ് തിരുത്തിയത്. ഇന്ത്യന് സിനിമയിലെ മുഖ്യധാരാ നായകന്മാരെല്ലാം ഹീറോയിസത്തിന്റെ സ്റ്റീരിയോടൈപ്പുകളില് തളം കെട്ടി കിടന്നപ്പോഴാണ്, നിരന്തരം മാജിക്കൽ ക്യാരക്ടറുകളുമായെത്തി അയാള് അവതാര പിറവികളുടെ ഉലക നായകനായത്...
കമല് ഹാസന് ഇന്ത്യന് സിനിമയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളായി മാറിയതിന് പിന്നില് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ വൈവിധ്യ സ്വഭാവം തന്നെയാണ്. കമല് ഹാസന് എന്ന അതുല്യ പ്രതിഭ ഇന്ത്യന് സിനിമയ്ക്ക് സമ്മാനിച്ച കഥാപാത്രങ്ങളുടെ വ്യത്യസ്തത എന്താണെന്ന് നോക്കാം.
പാന് ഇന്ത്യന് എന്ന നിലയില് ആദ്യമായി അംഗീകരിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു 'അപൂര്വ സഹോദരങ്ങള്'. സിനിമയില്, ട്രിപ്പിള് റോളില് എത്തിയ കമല് ഹാസന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്, അതിലൊരു കഥാപത്രത്തെ കുള്ളനായി അവതരിപ്പിച്ചായിരുന്നു. ഒരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ ഒരു മുഴുനീള കഥാപാത്രത്തെ കുള്ളനായി അദ്ദേഹം അവതരിപ്പിച്ചത് ഇന്നും പ്രേക്ഷകര്ക്ക് ഒരു അത്ഭുതമാണ്. കമല് കാല് മടക്കിയാണ് അഭിനയിച്ചതെന്നാണ് ചിലര് അന്ന് അഭിപ്രായപ്പെട്ടിരുന്നത്. എല്ലാ അര്ത്ഥത്തിലും കാലത്തിന് മുന്പ് സഞ്ചരിച്ച ഒരു മാസ്റ്റര്പീസ് വര്ക്ക് തന്നെയാണ് കമലിന്റെ അപൂര്വ സഹോദരങ്ങള്.
'മനിതര് ഉണര്ന്ത് കൊള്ള ഇതു മനിതര് കാതല് അല്ല...' ഈ ഡയലോഗ് കേള്ക്കുമ്പോള് തന്നെ മനസിലായി കാണുമല്ലോ ഏത് ചിത്രമായിരിക്കുമെന്ന് അതെ ഗുണ തന്നെ. ഗുണശേഖരന് എന്ന കഥാപാത്രമായി എത്തിയ കമല് ഒരു മാനസികരോഗിയായാണ് ചിത്രത്തിലുടനീളം അഭിനയിച്ചത്. മാനസിക വിഭ്രാന്തിയുള്ള മനുഷ്യന് എങ്ങനെയായിരിക്കും എന്നത്, അയാളുടെ സ്വഭാവം വളരെ സൂക്ഷ്മതയോടും തീവ്രതയോടും കൂടി പകര്ത്തി പ്രേക്ഷകരിലേക്ക് എത്തിക്കാന് കമലിന് സാധിച്ചു.
സിംപിള് പരിപാടികള് കമലിന് ഇഷ്ടമേയല്ല...1990ല് പുറത്തിറങ്ങിയ മൈക്കിള് മദന കാമ രാജനില് നാല് കഥാപാത്രങ്ങളിലാണ് കമല് എത്തിയത്. ഒരേപോലെ ഇരിക്കുന്ന നാല് സഹോദരങ്ങളുടെ കഥയാണ് ചിത്രത്തില് കമല് പറയുന്നത്. അദ്ദേഹം തന്നെ തിരക്കഥ രചിച്ച ചിത്രത്തില് ഏറെ വ്യത്യാസമുള്ള നാല് കഥാപാത്രങ്ങളെയും വളരെ ഭംഗിയായി തന്നെ കമല് അവതരിപ്പിച്ചിട്ടുണ്ട്. ഹ്യൂമറിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രത്തില് വളരെ അനായാസമായി കോമഡിയും ഓരോ കഥാപാത്രങ്ങളുടെ തനതായ പെരുമാറ്റരീതികളും ഭാഷാഭേദങ്ങളും അനുസരിച്ച് വ്യത്യസ്തത വരുത്താന് കമല് ശ്രദ്ധിച്ചിരുന്നു.
ഏത് ചിത്രം തെരെഞ്ഞെടുക്കുമ്പോഴും അതിലൊരു വെറൈറ്റി കൊണ്ടുവരാന് ശ്രമിക്കുന്ന നടന്മാരില് ഒരാളാണ് കമല്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവ്വൈ ഷണ്മുഗിയിലെ കഥാപാത്രം. പാണ്ഡ്യന് എന്ന കഥാപാത്രത്തില് തുടങ്ങി, പിന്നീട് വേഷംകെട്ടി വരുന്ന സ്ത്രീ കഥാപാത്രത്തിലാണ് കമല് പ്രേക്ഷകരെ ഞെട്ടിച്ചത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില് വളരെ രസകരമായ മുഹൂര്ത്തങ്ങള് കമല് പ്രേക്ഷകര്ക്ക് സമ്മാനിക്കുന്നുണ്ട്.
ഇനി അല്പം സൈക്കോ പരിപാടിയാകാം... 2001ല് പുറത്തിറങ്ങിയ ആളവന്താന് എന്ന ചിത്രം ഏതൊരു സിനിമ പ്രേമികള്ക്കും ഒരു പാഠപുസ്തകമാണ്. കമല് തിരക്കഥ രചിച്ച ചിത്രം സുരേഷ് കൃഷ്ണയാണ് സംവിധാനം ചെയ്തത്. ഒരു സൈക്കോളജിക്കല് ത്രില്ലര് ഴോണറില് പെടുന്ന ചിത്രത്തില് നായകനും വില്ലനും കമല് തന്നെയാണ്. ഇതിലും രണ്ട് സഹോദരങ്ങളുടെ കഥയാണ് പറയുന്നതെങ്കിലും സിനിമയുടെ മേക്കിങ്ങില് വരുത്തിയ പുതിയ മാറ്റങ്ങള് അക്കാലത്ത് ചിലരെ തൃപ്തിപെടുത്തിയില്ല. മാത്രവുമല്ല ആളവന്താനിലെ ഒരു അനിമേഷന് ഫൈറ്റ് സീനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഹോളിവുഡ് സംവിധായകന് Quentin Tarantino തന്റെ കില് ബില് എന്ന ചിത്രത്തില് ആനിമേഷൻ രംഗം ഉപയോഗിച്ചിട്ടുണ്ടെന്നത് സമൂഹ മാധ്യമങ്ങളില് ചര്ച്ചയായിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ആളവന്താന് ഇപ്പോഴും ആരാധകര് ഏറെയാണ്.
'മുന്ന പിന്നെ തെരിയാതെ ഒരു പയ്യനക്കാകെ കണ്ണീര് വിട്രാ അന്ത മനസ് ഇറുക്കെ അതാ കടവുള്...', ഈ ഡയലോഗ് കേള്ക്കുമ്പോള് തന്നെ ഒരു ശരാശരി സിനിമാപ്രേമിക്ക് മനസിലാകും ഇതേത് സിനിമയിലേത് ആണെന്ന്. കമല് ഹാസന് തകര്ത്തഭിനയിച്ച അന്ബേ ശിവം എന്ന ചിത്രത്തിലെ ഒരു സുപ്രധാന ഭാഗത്തിലെ ഡയലോഗ് ആണിത്. ദൈവം എന്നാല് എന്ത്? മനുഷ്യര് തന്നെയാണ് ദൈവം എന്ന് ഓരോ സീനിലും എടുത്തു പറയുന്ന ഈ ചിത്രം തമിഴ് സിനിമയിലെ എപ്പോഴത്തെയും മാസ്റ്റര്പീസ് വര്ക്കാണ്. സുന്ദര് സി സംവിധാനം ചെയ്ത ചിത്രത്തിന് കമല് തന്നെയാണ് തിരക്കഥ രചിച്ചത്. ഒരു അപകടത്തിന് ശേഷം ശാരീരിക വൈകല്യം നേരിടുന്ന നല്ലശിവം എന്ന കഥാപാത്രമായിട്ടാണ് കമല് അഭിനയിച്ചത്. ബോക്സ് ഓഫീസില് അത്ര വിജയം കൈവരിക്കാന് സാധിച്ചില്ലെങ്കിലും ഏതൊരു സിനിമ പ്രേമിക്കും വളരെ പ്രിയപ്പെട്ടതാണ് ഈ സിനിമ.
രണ്ടും മൂന്നും റോളുകള് ചെയ്ത് മടുത്ത കമല് ഹാസന്, അതിലൊരു ത്രില്ല് ഇല്ലെന്ന് മനസിലാക്കിയിരിക്കാം. 10 കഥാപാത്രങ്ങളുമായി ഒരു സിനിമയില് അയാളെത്തി. കെ എസ് രവികുമാര് സംവിധാനം ചെയ്ത ദശാവതാരം. ഇപ്പോഴും ഏതൊരു പ്രേക്ഷകനും അത്ഭുതമായി തോന്നുന്ന ചിത്രമാണ് ദശാവതാരം. ഒരു നടന് 10 കഥാപാത്രങ്ങള് ഒരു ചിത്രത്തില് ചെയ്യുമ്പോള് ഉണ്ടാകുന്ന വെല്ലുവിളി വിചാരിക്കുന്നതിലും അപ്പുറമാണ്. അതെല്ലാം താണ്ടി അതി ഗംഭീര പ്രകടനമാണ് കമല് സ്ക്രീനില് എത്തിച്ചത്. ഓരോ കഥാപാത്രങ്ങള്ക്കും വ്യത്യസ്ത ഭാഷ ശൈലി, മേക്കപ്പ്, സ്വഭാവത്തിലും മാനറിസത്തിലും വരുത്തേണ്ട മാറ്റങ്ങള് ഇതെല്ലാം വളരെ ഭംഗിയായി തന്നെ കമല് ചെയ്തു എന്നതിലാണ് കാര്യം. മികച്ച വിജയം നേടിയ ചിത്രം ഇപ്പോള് കാണുമ്പോഴും ഒരു പുതുമ തോന്നുന്നുവെങ്കില് അവിടെയാണ് ആ ചിത്രത്തിന്റെ യഥാര്ത്ഥ വിജയം.
Now it's time for Senapathy...ശങ്കര് എന്ന ബ്രഹ്മാണ്ഡ സംവിധായകന് സേനാപതിയായി ആദ്യം മനസ്സില് കണ്ടത് രജനികാന്തിനെ ആയിരുന്നു. പക്ഷേ രജനിക്ക് ചിത്രം ചെയ്യാന് സാധിച്ചില്ല, അങ്ങനെയാണ് ഇന്ത്യന് കമലിലേക്ക് എത്തുന്നത്. താന് മനസ്സില് കണ്ടതിലും മേലെയുള്ള ഒരു സേനാപതിയെയാണ് കമല് തനിക്ക് തന്നതെന്ന് ശങ്കര് ഒരിക്കല് പറയുകയുണ്ടായി. പ്രായമുള്ള ഒരു മുത്തശ്ശനായും അദ്ദേഹത്തിന്റെ മകനായും രണ്ട് റോളിലാണ് കമല് ഇന്ത്യനില് പ്രത്യക്ഷപ്പെട്ടത്. മേക്കപ്പിലൂടെയും അദ്ദേഹത്തിന്റെ അഭിനയ പ്രാവിണ്യം കൊണ്ടും സേനാപതിയെ പ്രേക്ഷകര്ക്ക് മുന്നിലെത്തിക്കാന് കമലിന് വലിയ ബുദ്ധിമുട്ടില്ലായിരുന്നു. കമല് ഹാസനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വെറും സിംപിള്.
പഴയ ഇന്ത്യയല്ല സേനാപതി; അനീതികളെ ചെറുക്കാന് എല്ലാ അടവുകളും പഠിച്ചുകൊണ്ട് വരണം പുതിയ ഇന്ത്യയിലേക്ക്നിരവധി പരീക്ഷണങ്ങളും വ്യത്യസ്തതയും തമിഴ് സിനിമയില് കൊണ്ടുവന്ന കലാകാരനാണ് കമല് ഹാസന്. അദ്ദേഹം ഇനി ചെയ്യാന് ബാക്കിയുള്ളത് എന്താണെന്ന് ആര്ക്കും അറിയില്ല... കാരണം മുന്കാലങ്ങളിലെ അദ്ദേഹത്തിന്റെ ഓരോ സിനിമകളും കഥാപാത്രങ്ങളും ഇപ്പോഴും പുതുമ നല്കുന്നതാണ്.
സിനിമ സ്വപ്നം കാണുന്നവര്ക്കും പഠിക്കാന് ആഗ്രഹിക്കുന്നവര്ക്കും കമല് ഹാസന്റെ സിനിമകള് ഒരു വലിയ പാഠപുസ്തകമാണെന്ന് ഒട്ടുമിക്ക സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് സത്യമാണെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകള് കാണുമ്പോഴും നമ്മുക്ക് മനസിലാകും. കമലിന്റെ ഏറ്റവും സ്റ്റാര് വാല്യൂ ഉള്ള കഥാപാത്രമായ സേനാപതി വീണ്ടും വരുമ്പോള് അത്ഭുതങ്ങള് സംഭവിക്കുമെന്നുറപ്പാണ്.