ഒരു വലിയ സിനിമയുടെ, വര്ഷങ്ങള് നീണ്ടുനില്ക്കുന്ന ചിത്രീകരണത്തിനിടെ, ആ സിനിമയില് ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന നടന്മാരില് ആരെങ്കിലും മരണപ്പെട്ടുപോയാല് എന്തുചെയ്യും? എളുപ്പവഴികളൊന്നുമില്ല, ഒരു പക്ഷേ സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നേക്കാം.
എന്നാല്, മാറിയ കാലത്തെ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി ഈ പ്രതിസന്ധിയെ മറികടന്നിരിക്കുകയാണ് ഇന്ത്യന് 2-വിലൂടെ സംവിധായകന് ശങ്കര്. താരങ്ങള്ക്ക് മരണമില്ലാത്ത സിനിമാ കാലത്തിന്റെ തുടക്കമാകുമോ ഇത് എന്ന ആകാംക്ഷയിലാണ് ഇതോടെ ആരാധകര്.
1996 ല് ഇറങ്ങിയ ഇന്ത്യന് സിനിമയില് ഉണ്ടായിരുന്ന, പില്ക്കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ താരങ്ങളെ ഒഴിവാക്കാതെ ആര്ട്ടിഫിഷ്യല് ഇന്റെലിജന്സ് സാങ്കേതിക വിദ്യയും വിഷ്വല് എഫക്ട്സും കമ്പ്യൂട്ടര് ഗ്രാഫിക്സും സമന്വയിപ്പിച്ച് സ്ക്രീനില് കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യന് 2 വിലൂടെ അണിയറ പ്രവര്ത്തകര്.
മലയാളികളുടെ പ്രിയപ്പെട്ട മഹാനടന് നെടുമുടി വേണു, തമിഴ് താരങ്ങളായ മനോബാല, വിവേക് എന്നിവരാണ് സാങ്കേതിക വിദ്യയിലൂടെ സ്ക്രീനില് എത്തുന്നത്. സിനിമയിലെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാധ്യതയുടെ വലിയൊരു വാതില് ആകും ഇന്ത്യന് 2 വിലൂടെ തുറക്കപ്പെടുന്നത് എന്ന് വേണം കരുതാന്.
2019ല് ചിത്രീകരണം ആരംഭിച്ച ശേഷം കൊവിഡ് അടക്കമുള്ള പലവിധ കാരണങ്ങളാല് സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു. ഇതിനിടെ 2020ല് ലൊക്കേഷനില് ഉണ്ടായ അപകടത്തില് മൂന്ന് ജീവനുകള് നഷ്ടമായി. ഇത് സിനിമയുടെ ചിത്രീകരണത്തെ പ്രതിസന്ധിയിലാക്കി. ക്രെയിന് പൊട്ടി വീണ അപകടത്തില് സഹസംവിധായകരായ മധു, കൃഷ്ണ എന്നിവരും സെറ്റിലെ സഹായിയായിരുന്ന മറ്റൊരാളും മരണപ്പെട്ടു. സംവിധായകന് ശങ്കര് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
പ്രശ്നങ്ങള് അവിടെയും തീര്ന്നില്ല. ഒന്നാം ഭാഗത്തില് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച, രണ്ടാം ഭാഗത്തില് ഏതാനും സീനുകളില് അതിനകം അഭിനയിച്ചുകഴിഞ്ഞ നെടുമുടി വേണുവിന്റെ വിയോഗമാണ് അടുത്ത പ്രതിസന്ധിയായത്. ആ വര്ഷം തന്നെ നടന് വിവേകും നമ്മെ വിട്ടു പിരിഞ്ഞു. ആരോഗ്യ പ്രശ്നങ്ങള് കാരണം മനോബാലയ്ക്ക് അഭിനയിക്കാന് കഴിഞ്ഞതുമില്ല. 2023ല് അദ്ദേഹവും വിടപറഞ്ഞു. അങ്ങനെ എണ്ണിയാല് തീരാത്ത വെല്ലുവിളികള്.
ബ്രഹ്മാണ്ഡ സിനിമയുടെ കാതലൻ, ടെക്നോളജിയിൽ മുതൽവൻ; 'ശങ്കർ' ഈസ് ദി വൺ... ദി സൂപ്പർ വൺഎങ്കിലും മുന്നോട്ടുവെച്ച കാല് പിന്നോട്ട് വെയ്ക്കാന് സംവിധായകന് ശങ്കര് തയ്യാറായില്ല. പ്രതിസന്ധികളെ ഓരോന്നും തരണം ചെയ്തു. അങ്ങനെ സേനാപതിയുടെ രണ്ടാം വരവിന്റെ ആദ്യ ട്രെയ്ലര് പുറത്തിറങ്ങി. കമല്ഹാസന്റെ തിരിച്ചു വരവ് കാത്തിരുന്ന പ്രേക്ഷകര്ക്ക് മുന്നില് ഇതാ, നമ്മുടെ സ്വന്തം നെടുമുടി വേണു. പ്രതീക്ഷ ഡബിള് ഇരട്ടി..
ഇന്ത്യനില് നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ ശക്തമായ കഥാപാത്രം രണ്ടാം ഭാഗത്തില് നിന്നും ഒഴിവാക്കാന് അണിയറപ്രവര്ത്തകര്ക്ക് കഴിഞ്ഞില്ല. നടന് വിവേകിന്റെ രംഗങ്ങള് ആകട്ടെ കൂടുതലും നേരത്തെ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഇവരെ എല്ലാം ബോഡി ഡബിള് ഡ്യൂപ്പ്, എഐ സാങ്കേതികത എന്നിവയിലൂടെ ആണ് സിനിമയില് വീണ്ടും എത്തിച്ചിരിക്കുന്നത്.
സിനിമയില് ടെക്നോളജിയുടെ ഉപയോഗം വളരെ ആദ്യം കൊണ്ടുവരുന്ന സംവിധായകനാണ് ശങ്കര്. യന്തിരനും, ഐ യും ഒക്കെ സ്വീകാര്യത നേടിയപ്പോള് കിട്ടിയ ആത്മവിശ്വാസത്തിലാകും ശങ്കര് ഇതുപോലെ ഒരു തീരുമാനം എടുത്തത്. വിജയ് നായകനാകുന്ന ഗോട്ട് എന്ന സിനിമയില് അന്തരിച്ച ഗായിക ഭവതാരിണിയുടെ ശബ്ദത്തില് എഐ സാങ്കേതിക വിദ്യയിലൂടെ എത്തിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അങ്ങനെ ഇന്ന് ഇറങ്ങുന്ന വലുതും ചെറുതുമായ നിരവധി ചിത്രങ്ങളില് എഐയുടെ സ്വാധീനം ഉണ്ട്. മണ്മറഞ്ഞവരെ കൂടി സിനിമയില് കഥാപാത്രങ്ങളായി കൊണ്ടുവരിക എന്നത് വിജയിച്ചാല് വരും കാലത്ത് സിനിമയില് കാലന് ഉണ്ടാകില്ല എന്ന കാര്യത്തില് സംശയമില്ല.