'ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു സാദൃശ്യവുമില്ല, അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് വെറും യാദൃശ്ചികം മാത്രം'. എല്ലാ സിനിമകളുടെയും തുടക്കത്തിൽ എഴുതിക്കാണിക്കുന്നൊരു ഡിസ്ക്ലെയ്മർ. എന്നാൽ 'കൊട്ടുക്കാളി'യിൽ യാതൊന്നും യാദൃശ്ചികമല്ല, അതിലെ കഥയും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന പലരുമായും സാദൃശ്യമുണ്ട്. അവർ നിങ്ങൾക്ക് ചുറ്റുമുള്ളവരാകാം, നിങ്ങൾ തന്നെയാകാം.
ഒരു സ്ത്രീയുടെ പിന്നാലെ പോകുന്ന ആറ് മിനിറ്റ് നീളമുള്ള ട്രാക്കിങ് ഷോട്ടിലൂടെ ഓപൺ ചെയ്യുന്ന സിനിമ. ആ ഷോട്ട് കാഴ്ചക്കാരെ കൊണ്ടെത്തിക്കുന്നത് മീനയുടെ അടുത്തേക്കാണ്. ഒരു കല്ലിൽ കെട്ടിയിട്ടിരിക്കുന്ന ഒരു കോഴി, ആ കോഴിയെ ഇമചിമ്മാതെ നോക്കിയിരിക്കുന്ന മീന. പ്രത്യക്ഷത്തിൽ മീന യാതൊന്നിനാലും ബന്ധിക്കപ്പെട്ടിട്ടില്ല. എന്നാൽ ആ കോഴി കല്ലിനെയും കെട്ടിവലിച്ച് നടക്കുന്നത് പോലെ മീനയ്ക്ക് ചുറ്റും ഒരു വേലിയുണ്ട്. മനുഷ്യരാൽ തീർത്തൊരു മതിൽ. കാരണം അവളുടെ പ്രണയമാണ്, അതും താഴ്ന്ന ജാതിയിൽ പെട്ട ഒരുവനുമായി.
അന്ധവിശ്വാസം, ജാതി, പാരമ്പര്യം ഇതിൽ മൂന്നിലും ഊന്നിയാണ് പി എസ് വിനോദ് രാജ് തന്റെ രണ്ടാമത്തെ സിനിമയായ കൊട്ടുക്കാളി അവതരിപ്പിക്കുന്നത്. പുരുഷാധിപത്യം കുടികൊള്ളുന്ന വീടുകളിലേക്കും മനുഷ്യരിലേക്കുമാണ് വിനോദ് രാജ് കാമറ ചലിപ്പിക്കുന്നത്. അവിടെ സ്ത്രീകൾക്ക് സ്വന്തമായൊരു ഭാഷയില്ല, ഒരുപക്ഷെ അവരും കാലങ്ങളായി കെട്ടിപ്പടുത്ത വിശ്വാസത്തിന്റെ ഭാഗമായി മാറിപോയവരാണ്. കല്യാണം, കുടുംബം, കുട്ടികൾ അതാണ് അവർ ജീവിച്ച ജീവിതം. മീനയിലും ബാക്കിയുള്ളവരിലും അടിച്ചേൽപ്പിക്കുന്നതും അതാണ്. അതിനാൽ അവരും പാട്രിയാർക്കൽ ആയി മാറുന്നു. മീന അവരിൽ നിന്ന് വ്യത്യസ്തയായിരുന്നു. അവൾക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നു, കോളേജിൽ പോയിരുന്നു. എന്നാൽ പ്രണയം ഇന്ന് അവളെ ഒരു കൊട്ടുക്കാളി ആക്കി മാറ്റിയിരിക്കുകയാണ്.
കൊട്ടുക്കാളിയെന്നാൽ 'The Adamant Girl' അഥവാ 'പിടിവാശിയുള്ളവൾ' എന്നാണർത്ഥം. മീനയുടെ പിടിവാശി അവൾക്ക് ചുറ്ററ്റുമുള്ളവർക്കെതിരെയുള്ള അവളുടെ പോരാട്ടമാണ്. മീനയുടെ നിശ്ശബ്ദതക്ക് നിരവധി അർത്ഥങ്ങളുണ്ട്, പോരാട്ടത്തിന്റെ ഭാഷയാണതിന്. എന്നാൽ അവളുടെ ആ ദൃഢനിശ്ചയത്തെ പ്രേതബാധയെന്നാണ് അവൾക്ക് ചുറ്റുമുള്ളവർ പറയുന്നത്. അതിനെ എത്രയും വേഗം ഒഴിപ്പിച്ചാൽ അവൾ ആ പ്രണയം മറന്നു തങ്ങളുടെ വരുതിയിലാകുമെന്നും അവർ കരുതുന്നു. ആ പ്രേതബാധയെ ഒഴിപ്പിക്കാനുള്ള യാത്രയാണ് കൊട്ടുക്കാളിയുടെ പ്രമേയം.
ആദ്യ സിനിമയായ 'കൂഴാങ്കൽ' പോലെ വളരെ റോയും ആഴവുമുള്ള അവതരണരീതിയാണ് കൊട്ടുകാളിയുടേത്. നിറയെ വൈഡ് ഫ്രെയിമുകൾ, സ്റ്റാറ്റിക്ക്, ട്രാക്കിങ് ഷോട്ടുകൾ. ആ ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്ന ഒരുപറ്റം മനുഷ്യർ. ആ മനുഷ്യരുടെ അഹന്തത്തെയും, ദുർചിന്തകളെയും വളരെ ക്ലോസ് ആയ ഷോട്ടിലൂടെയും ആ നാടിന്റെ ടെറയിനിനെ എക്സ്ട്രീം വൈഡ് ഷോട്ടുകളിലൂടെയും വിനോദ് അവതരിപ്പിക്കുന്നു. കാഴ്ചക്കാരെ അക്ഷരാർഥത്തിൽ ആ മനുഷ്യരുടെ ഇടയിൽ കൊണ്ടിരുത്തിയ അവസ്ഥ. നിങ്ങൾക്ക് അവരുടെ ഒപ്പം കൂടാം, ഇല്ലെങ്കിൽ അവരുടെ പ്രവർത്തികളിൽ അസ്വസ്ഥരാകാം.
നിശബ്ദത കൊട്ടുക്കാളിയിൽ നിറഞ്ഞു നിൽപ്പുണ്ട്. സിനിമയിൽ പശ്ചാത്തല സംഗീതമില്ല, പകരമുള്ളത് പ്രകൃതിയുടെ പലവിധത്തിലുള്ള ശബ്ദവ്യതിയാനങ്ങളാണ്. വണ്ടികളുടെയും അരുവിയുടെയും ചീവിടുകളുടെയും മനുഷ്യരുടെയും ശബ്ദം. അത് കഥപറച്ചിലിനെ കൂടുതൽ കാഴ്ചക്കാരിലേക്ക് അടുപ്പിക്കുന്നു.
അന്നാബെന്നിന്റെ മീനയാണ് കൊട്ടുക്കാളിയുടെ കാതൽ. മീനയുടെ ഓരോ നോട്ടങ്ങളും, നിശബ്ദതയും ഉള്ളിലേക്ക് തരിച്ചിറങ്ങും വിധം ആഴത്തിലുള്ളതാണ്. ചുറ്റുമുള്ള കഥാപാത്രങ്ങളത്രയും വാക്കുകൾ കൊണ്ട് പോരടിക്കുമ്പോൾ മീന പറയുന്നത് ഒരേ ഒരു വാക്കാണ്. എന്നാൽ അത് നമ്മളെ ചിന്തിപ്പിക്കും വിധം മൂർച്ചയുള്ളതാകുന്നു. മീനയുടെ ഉള്ളിൽ ഒരായിരം കടൽ ഇരമ്പുന്നുണ്ട്, സൊസൈറ്റിയുടെ ഈ പാട്രിയാർക്കിയെ തകർത്തെറിയണമെന്നുണ്ട്. എന്നാൽ ആ കോഴിയെ പോലെ അവളും ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ നിസ്സഹായതയെ അന്ന ബെന്നിലെ അഭിനേതാവ് കാഴ്ചക്കാരന്റെ ഉള്ളുതറക്കും വിധം എത്തിച്ചിരിക്കുന്നു.
'വിടുതലൈ'യിലെ കുമരേശനോ 'ഗരുഡ'നിലെ ചൊക്കനോ അല്ല പാണ്ടി. നല്ലതിനും കെട്ടതിനും ഇടയിലുള്ള നേർത്ത പാതയിലൂടെ സഞ്ചരിക്കുന്ന പാണ്ടി അയാൾ കണ്ടും കേട്ടും വളർന്നൊരു സമൂഹത്തിന്റെ ബൈ പ്രോഡക്റ്റ് ആണ്. മീനയുടെ തായ് മാമൻ ആണ് പാണ്ടി, മീന അയാൾക്കുള്ളതാണെന്ന് പറഞ്ഞു പഠിപ്പിച്ചതിന്റെയും അയാൾക്കത് നഷ്ട്ടപെടുന്നു എന്നറിയുമ്പോഴുള്ള അയാളുടെ പൊട്ടിത്തെറിയും ഇന്റെർവെല്ലിനു തൊട്ടു മുൻപുള്ള ഒരു വെൽ കൊറിയോഗ്രാഫഡ് സീനിലൂടെ വിനോദ് രാജ് നമുക്ക് മുന്നിലെത്തിക്കുന്നുണ്ട്. അവിടെ സൂരി അത്ഭുതപ്പെടുത്തുന്നു, അയാളുടെ പ്രവർത്തി നമ്മളെ ഭയപ്പെടുത്തുന്നു.
കൊട്ടുക്കാളിക്ക് അവസാനമില്ല. പാണ്ടിയുടെയും കുടുംബത്തിന്റെയും യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ട്. ഒരു നൂറു മീനമാരെ അവിടെ കാണിച്ചുതരുന്നുണ്ട് സംവിധായകൻ. മീന ഓട്ടോയിലാണ് എത്തിയതെങ്കിൽ കാറിലും നടന്നും എത്തിയവർ അവിടെ ഉണ്ട്. അത് തന്നെയാണ് അവർക്കിടയിലുള്ള ഒരേ ഒരു വ്യത്യാസവും. അവിടെ നടക്കാൻ പോകുന്ന ഹീനമായൊരു കാഴ്ച പ്രേക്ഷകന് കാണിച്ച് കൊടുത്ത് ബാക്കി നമ്മുടെ തീരുമാനത്തിന് വിട്ടുനൽകുകയാണ് വിനോദ് രാജ്. നമ്മൾ അവിടെ എന്ത് തീരുമാനിക്കുന്നോ അതാണ് മീനയുടെ ബാക്കി ജീവിതം. സിനിമയുടെ യാത്രയിലുടനീളം അവരുടെ ഒപ്പം സഞ്ചരിച്ച നമുക്ക് എന്തും തീരുമാനിക്കാം, അതിനുള്ള അവകാശം വിനോദ് രാജ് നമുക്ക് ആ ഒന്നേമുക്കാൽ മണിക്കൂറിൽ തന്നുകഴിഞ്ഞിരിക്കും.