അനുഭവ് സിൻഹയുടെ സീരീസായ 'IC 814 The Kandahar Hijack' നെറ്റ്ഫ്ലിക്സിൽ റിലീസായതിന് പിന്നാലെ 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. വാജ്പേയി ഭരണകാലത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി ചോദ്യങ്ങൾ ഇതിന് പിന്നാലെ ഉയർന്ന് വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടത് തീവ്രവാദികൾ വിമാനത്താവളത്തിനുള്ളിലേയ്ക്ക് കൊണ്ടുവന്ന ചുവന്ന ബാഗിനെ ചുറ്റിപ്പറ്റിയുള്ളതാണ്. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ ആ ചുവന്ന ബാഗിനെക്കുറിച്ച് അന്നേ ഉയർന്നിരുന്നു. അത് ബാഗല്ല സ്യൂട്ട്കെയ്സ് ആണെന്നും പറയപ്പെടുന്നു. കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്തിൽ പുറപ്പെടാൻ ഒരുങ്ങിനിന്ന എയർ ഇന്ത്യയുടെ IC 814ത്തിലേയ്ക്ക് വിമാനറാഞ്ചികൾ എത്തിച്ച ചുമന്ന സഞ്ചിയിൽ എന്തായിരുന്നു? കാൽനൂറ്റാണ്ടിനിപ്പുറം കാണ്ഡഹാർ വിമാനറാഞ്ചൽ നെറ്റ്ഫ്ലിക്സിൽ സീരീസായി വരുമ്പോഴും ആ ചുവന്ന ബാഗിൻ്റെ നിഗൂഢത ബാക്കിയാണ്.
ആ ചുവന്ന ബാഗിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിൽ ആർഡിഎക്സോ ഗ്രനേഡുകളോ ഉണ്ടായിരുന്നോ? അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങ് തൻ്റെ 'ഇൻ സർവീസ് ഓഫ് എമർജൻ്റ് ഇന്ത്യ - എ കോൾ ടു ഓണർ' എന്ന പുസ്തകത്തിൽ ചെറിയ രീതിയിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ജസ്വന്ത് സിംഗിൻ്റെ പുസ്തകത്തിലെ 'ഫൈനൽ പസിൽ' എന്ന അധ്യായത്തിലാണ് കാർഗോ ഹോൾഡിലുണ്ടായിരുന്ന ആ ചുവന്ന ബാഗിനെക്കുറിച്ച് പറയുന്നുത്.
"യാത്രക്കാരെയെല്ലാം മോചിപ്പിച്ച അന്ന് വൈകുന്നേരം പക്ഷെ വിമാനത്തിന് കാണ്ഡഹാറിൽ നിന്ന് പുറപ്പെടാൻ കഴിഞ്ഞില്ല. പൊട്ടിത്തെറിക്കുന്ന എന്തോ ഒന്ന് അതിൽ വെച്ചിട്ടുണ്ടെന്ന് അർദ്ധരാത്രിയിൽ എനിക്ക് ഒരു മുന്നറിയിപ്പ് ലഭിച്ചു. പൈലറ്റുമാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാണെന്ന ഒരു മുന്നറിയിപ്പായിരുന്നു അത്", സിങ്ങ് എഴുതിയിട്ടുണ്ട്.
എന്തായിരുന്നു ആ ചുവന്ന ബാഗിൽ എന്ന ദുരൂഹത തുടരുമ്പോഴും എന്തിനാണ് ഹൈജാക്കർമാർ ബാഗിനായി തിരിച്ചുവന്നതെന്നും സിങ്ങ് വിശദീകരിക്കുന്നുണ്ട്
എന്തായിരുന്നു ആ ചുവന്ന ബാഗിൽ എന്ന ദുരൂഹത തുടരുമ്പോഴും എന്തിനാണ് ഹൈജാക്കർമാർ ബാഗിനായി തിരിച്ചുവന്നതെന്നും സിങ്ങ് വിശദീകരിക്കുന്നുണ്ട്. 2001-ൽ താലിബാൻ ഭരണകൂടം അധികാരത്തിൽ നിന്ന് പുറത്തായിരുന്നു. വിമാനറാഞ്ചികളുമായി ചർച്ച നടത്താൻ മധ്യസ്ഥനായ താലിബാൻ വിദേശകാര്യ മന്ത്രി വക്കീൽ അഹമ്മദ് മുട്ടവാക്കിലിൻ്റെ അറസ്റ്റിനുശേഷം ചുവന്ന ബാഗിൻ്റെ രഹസ്യം പുറത്ത് വന്നതായി സിങ്ങ് സൂചിപ്പിച്ചിട്ടുണ്ട്.
'ചുവന്ന ബാഗ്' ഹൈജാക്കർമാരിൽ ഒരാളുടേതായിരുന്നു. അതിൽ സ്ഫോടക വസ്തുക്കളും ഒരുപക്ഷെ ഭീകരരുടെ യഥാർത്ഥ പാസ്പോർട്ടുകളും ഉണ്ടായിരുന്നു. തിരക്കിനിടയിൽ അവർ അത് വിമാനത്തിൽ മറന്നുപോയി. പിന്നീട് ഒന്നോ അതിലധികമോ ഹൈജാക്കർമാർ താലിബാൻ വിദേശകാര്യ മന്ത്രി മുട്ടവാക്കിൽ ഉപയോഗിച്ച ചുവന്ന പജീറോയിൽ മടങ്ങിയെത്തി. ഐസി 814ൻ്റെ കാർഗോ ഹോൾഡിലുള്ള ചുവന്ന ബാഗുകളെല്ലാം കാണിച്ചു. ബന്ദികളെ സ്വതന്ത്രരാക്കിയതിന് ശേഷമായിരുന്നു അത്. ഒടുവിൽ, ഒരു ചുവന്ന ബാഗ് അല്ലെങ്കിൽ സ്യൂട്ട്കേസ് അവർ തിരിച്ചറിഞ്ഞു'വെന്നാണ് ജസ്വന്ത് സിങ്ങ് എഴുതിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ഐസി 814 - കാണ്ഡഹാർ ഹൈജാക്ക് എന്ന സീരീസിൽ വിമാനത്തിൻ്റെ കാർഗോ ഹോൾഡിലെ ചുവന്ന ബാഗിൽ 17 കിലോ ആർഡിഎക്സ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഹൈജാക് ചെയ്യപ്പെട്ട വിമാനത്തിൽ യാത്ര ചെയ്ത ക്യാപ്റ്റൻ എസ്പിഎസ് സൂരി ചുവന്ന ബാഗിൽ ഗ്രനേഡുകളുണ്ടായിരുന്നതായി സാക്ഷ്യം പറഞ്ഞതായും ജസ്വന്ത് സിങ്ങ് പറഞ്ഞിട്ടുണ്ട്. ഒരു ബാഗ് കണ്ടെത്തിയെന്നും അതിൽ അഞ്ച് ഗ്രനേഡുകൾ ഉണ്ടായിരുന്നുവെന്നും സൂരി സൂചിപ്പിച്ചതായാണ് ജസ്വന്ത് സിങ്ങ് എഴുതിയിരിക്കുന്നത്.
വിമാനം റാഞ്ചിയ തീവ്രവാദികളുടെ ചുവന്ന ബാഗ് പോലെ തന്നെ ഇപ്പോഴും ദുരൂഹമായി തുടരുന്നതാണ് കാണ്ഡഹാറിലേയ്ക്ക് പോയ ജസ്വന്ത് സിങ്ങിൻ്റെ കൈവശമുണ്ടായിരുന്ന ചുവന്ന ബാഗ്. എന്തായിരുന്നു ആ ബാഗിലെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ബന്ദികളെ മോചിപ്പിക്കാൻ മൂന്ന് ഭീകരരുടെ മോചനമായിരുന്നു വിമാനറാഞ്ചികൾ ആവശ്യപ്പെട്ടത്. അന്ന് ഭീകരരെ കൈമാറി ബന്ദികളെ മോചിപ്പിക്കാൻ പോയ ജസ്വന്ത് സിങ്ങിൻ്റെ കൈവവശം ഉണ്ടായിരുന്ന ചുവന്ന ബാഗിൻ്റെയും സിങ്ങിനെ അനുഗമിച്ച ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന കറുത്ത ബ്രീഫ്കേസും ഇന്ത്യയിൽ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. ജസ്വന്ത് സിങ്ങിൻ്റെ ആ ചുവന്ന ബാഗിനെക്കുറിച്ച് സംയുക്ത പാർലമെൻ്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ഭീകരർക്കൊപ്പം ജസ്വന്ത് സിങ്ങ് കാണ്ഡഹാറിലേക്ക് പോകേണ്ടതിൻ്റെ ആവശ്യകത എന്തായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രി ലോക്സഭയിൽ ചോദിച്ചിരുന്നു. വാജ്പേയി സർക്കാർ മോചനദ്രവ്യം നൽകിയിരുന്നെങ്കിൽ ജെപിസി അന്വേഷണം വേണമെന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം
അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മസൂദ് അസ്ഹർ, മുഷ്താഖ് അഹമ്മദ് സർഗർ എന്നീ മൂന്ന് ഭീകരരെ മോചിപ്പിക്കണമെന്നതായിരുന്നു ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരമായി റാഞ്ചികൾ ആവശ്യപ്പെട്ടിരുന്നത്. ഇവരുമായി കാണ്ഡഹാറിലേയ്ക്ക് പോയ വിമാനത്തിൽ ജസ്വന്ത് സിങ്ങും ഉണ്ടായിരുന്നു. ജസ്വന്ത് സിങ്ങ് കൈവശം വെച്ച ബാഗിൽ വിമാനറാഞ്ചികൾ ആവശ്യപ്പെട്ട മോചനദ്രവ്യമായ 200 മില്യൻ ഡോളറായിരുന്നുവെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തിയത്. 2006ൽ കോൺഗ്രസ് എംപി മധുസൂദൻ മിസ്ത്രി ലോക്സഭയിലെ സീറോ അവറിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. മൂന്ന് ഭീകരർക്കൊപ്പം ജസ്വന്ത് സിങ്ങ് കാണ്ഡഹാറിലേക്ക് പോകേണ്ടതിൻ്റെ ആവശ്യകത എന്താണെന്ന് മിസ്ത്രി ചോദിച്ചിരുന്നു. സിങ്ങിൻ്റെ കൈവശമുണ്ടായിരുന്ന ആ ചുവന്ന ബാഗിൽ എന്തായിരുന്നുവെന്നായിരുന്നു മിസ്ത്രിയുടെ ചോദ്യം. വാജ്പേയി സർക്കാർ മോചനദ്രവ്യം നൽകിയിരുന്നെങ്കിൽ ജെപിസി അന്വേഷണം വേണമെന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം.
എന്നാൽ 200 മില്യൺ ഡോളർ മോചനദ്രവ്യമെന്ന ഹൈജാക്കർമാരുടെ ആവശ്യം സർക്കാർ നിരസിച്ചതായി 'ഇൻ സർവീസ് ഓഫ് എമർജെൻ്റ് ഇന്ത്യ-എ കോൾ ടു ഓണർ' എന്ന തൻ്റെ പുസ്തകത്തിൽ ജസ്വന്ത് സിങ്ങ് പറഞ്ഞിട്ടുണ്ട്. താലിബാൻ സർക്കാരിൻ്റെ അഭ്യർത്ഥനയെ തുടർന്ന് വിമാനറാഞ്ചികൾ 200 മില്യൺ ഡോളർ മോചനദ്രവ്യവും ഉത്തരേന്ത്യയിൽ കുഴിച്ചിട്ട കൊല്ലപ്പെട്ട ഒരു തീവ്രവാദിയുടെ മൃതദേഹം തിരികെ നൽകാനുള്ള ആവശ്യവും പിൻവലിച്ചതായി താലിബാൻ വിദേശകാര്യ മന്ത്രി അബ്ദുൾ വക്കീൽ മുട്ടവാക്കിൽ ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ജസ്വന്ത് സിങ്ങിനെ അനുഗമിച്ച ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന കറുത്ത ബ്രീഫ്കെയ്സിനെ സംബന്ധിച്ചും ദുരൂഹതകളുണ്ട്. ഇന്ത്യൻ എയർലൈൻസിൻ്റെ ചീഫ് വിജിലൻസ് ഓഫീസറുടെ കൈവശമിരുന്ന ആ ബ്രീഫ്കെയ്സിൽ 1,00,000 ഡോളർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. കാണ്ഡഹാറിൽ ഇന്ധനത്തിന് നൽകേണ്ടിയിരുന്ന പണമായിരുന്നു ഇതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ ഇന്ധന ചെലവിനായി കണക്കാക്കിയിരുന്നത് 40,000 ഡോളറായിരുന്നെങ്കിലും ഒരു മുൻകരുതൽ എന്ന നിലയിലാണ് കൂടുതൽ പണം കരുതിയിരുന്നത് എന്നായിരുന്നു ഉയർന്ന ഉദ്യോഗസ്ഥരുമായി ഈ വിഷയം സംസാരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനായ സുനേത്ര ചൗധരി വെളിപ്പെടുത്തിയിട്ടുള്ളത്. 'ലാൻഡിങ്ങ് ചാർജുകൾക്കും വിമാനത്തിന് വീണ്ടും ഇന്ധനം നിറയ്ക്കുന്നതിനും നൽകുന്ന പണത്തിന് താലിബാൻ റെസീപ്റ്റ് ഒന്നും നൽകാൻ പോകുന്നില്ലെന്ന് അവർക്ക് അറിയാമായിരുന്നു. അതിനാൽ അവർക്ക് സാക്ഷികളെ ആവശ്യമുണ്ടായിരുന്നു. എ പി സിങ്ങും പങ്കജ് ശ്രീവാസ്തവയും ആ വശം മാത്രം പരിഗണിക്കുകയും താലിബാൻ ആഗ്രഹിച്ചതുപോലെ 40,000 ഡോളർ നൽകുകയും ചെയ്തു' എന്നായിരുന്നു സുനേത്ര ചൗധരി എഴുതിയത്.
1999 ഡിസംബർ 24ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി 814 വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടൻ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. 15 ജീവനക്കാരടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്
1999 ഡിസംബർ 24ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി 814 വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടൻ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. 15 ജീവനക്കാരടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൻ്റെ ക്യാപ്റ്റൻ ദേവി ശരണിനോട് കാബൂളിലേക്ക് പറത്താനായിരുന്നു റാഞ്ചികളുടെ ആവശ്യം. കാബൂളിലേക്ക് പറക്കാൻ മാത്രം ഇന്ധനമില്ലെന്ന് ക്യാപ്റ്റൻ അപകട സൂചന നൽകിയപ്പോൾ ലാഹോറിൽ നിന്ന് ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനറാഞ്ചികളുടെ ഉത്തരവ്. പക്ഷെ ലാഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ പാകിസ്താൻ അധികൃതർ അനുമതി നൽകിയില്ല. പിന്നീട് അമൃത്സറിലേക്ക് വിമാനം കൊണ്ടുപോകാമെന്ന ക്യാപ്റ്റൻ്റെ അഭിപ്രായം മനസ്സില്ലാ മനസ്സോടെ ഭീകരർ ചെവികൊള്ളുകയായിരുന്നു. പിന്നീട് വിമാനം അമൃത്സറിൽ ഏകദേശം 50 മിനിറ്റോളം കാത്തുനിന്നെങ്കിലും ഇന്ത്യൻ ഇടപെടൽ ഉണ്ടായില്ല. പന്തികേട് തോന്നിയ റാഞ്ചികൾ ഇന്ധനം നിറയ്ക്കാൻ നിൽക്കാതെ വിമാനം പറത്താൻ ക്യാപ്റ്റൻ ദേവി ശരണെ നിർബന്ധിച്ചു. യാത്രക്കാരെ അടക്കം തോക്കിൻ മുനയിൽ നിർത്തിയായിരുന്നു ഈ ഭീഷണി.
പിന്നീട് വീണ്ടും ലാഹോറിലെത്തി എമർജൻസി ലാൻഡിങ്ങ് നടത്താനുള്ള ശ്രമത്തിനിടെ ഇന്ധനം നിറയ്ക്കാൻ മാത്രം അനുമതി കിട്ടുകയായിരുന്നു. പിന്നാലെ അഫ്ഗാനിലെ കാബൂളിലേയ്ക്ക് വിമാനം പറത്താൻ റാഞ്ചികൾ ആവശ്യപ്പെട്ടു. എന്നാൽ രാത്രി ലാൻഡ് ചെയ്യാനുള്ള സൗകര്യം കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ യുഎഇയിലെ അൽ മിൻഹാദ് എയർ ബേസിൽ വിമാനം ഇറക്കാൻ അനുമതി ലഭിച്ചു. ഇവിടെ വെച്ച് വിമാനത്തിലുണ്ടായിരുന്ന 27 യാത്രക്കാരെയും ഹൈജാക്കർമാരിൽ ഒരാളായ സഹൂർ മിസ്ത്രി കൊലപ്പെടുത്തിയ രൂപിൻ കത്യാലിൻ്റെ മൃതദേഹവും റാഞ്ചികൾ അധികൃതർക്ക് കൈമാറി. ഇതിനിടയിൽ ബന്ദികളെ രക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള കമാൻഡോ സംഘത്തിന് ഓപ്പറേഷൻ നടത്താൻ അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം യുഎഇ അധികൃതർ നിരസിച്ചു. പിന്നാലെ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം പറത്തുകയും അവിടെ ലാൻഡ് ചെയ്യുകയുമായിരുന്നു. പിന്നീട് ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആറ് ദിവസത്തോളം നീണ്ടു. ഈ ദിവസമത്രയും വിമാനത്തിലെ യാത്രക്കാർ റാഞ്ചികളുടെ തോക്കിൻ മുനയിലാണ് ചെലവഴിച്ചത്.