'ഗോട്ടി'ൽ വിജയ്യെ ചെറുപ്പക്കാരനാക്കിയ De-Aging എന്താണ്?

'അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ', 'അവഞ്ചേഴ്സ് ഏൻഡ് ഗെയിം', 'ഗാർഡിയൻസ് ഓഫ് ഗാലക്സി 2' തുടങ്ങിയ സിനിമകള്ക്കായി വിഷ്വല് എഫ്ക്റ്റ് ചെയ്ത ലോല വിഷ്വല് എഫ്ക്റ്റ് കമ്പനിയാണ് 'ഗോട്ടി'നായി ഡീ ഏജിങ് ചെയ്തിരിക്കുന്നത്.

രാഹുൽ ബി
4 min read|05 Sep 2024, 03:08 pm
dot image

ബൈക്കില് പ്രായമായ വിജയ്യുടെ പിന്നിലിരുന്ന് എതിരാളികള്ക്ക് നേരെ വെടിയുതിര്ക്കുന്ന ചെറുപ്പക്കാരന് വിജയ്. 90 കളില് പ്രണയനായകനായി തമിഴ് സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇളയ ദളപതിയിലേക്ക് ഒരു തിരിച്ചുപോക്ക്. ഗോട്ടിന്റെ ആദ്യ ഗ്ലിമ്പ്സില് ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ചര്ച്ചയായതും വിജയ്യുടെ ഡീ ഏജിങ് ലുക്ക് ആയിരുന്നു. പ്രശംസകളും വിമര്ശനങ്ങളും ഒരുപോലെ ഉയര്ന്നു. ശരിക്കും എന്താണ് ഡീ ഏജിങ് ? എങ്ങനെയാണ് ഈ ടെക്നോളജി ഉപയോഗിച്ച് ഒരു അഭിനേതാവിന്റെ ചെറുപ്പകാലം സൃഷ്ടിക്കുന്നത് ?

സിനിമകളില് അഭിനേതാക്കളെ അവരുടെ ചെറുപ്പകാലത്തേക്ക് മാറ്റിയെടുക്കുന്നതിനായി ആണ് കൂടുതലും ഡീ ഏജിങ് ടെക്നോളജി ഉപയോഗിക്കുന്നത്. ഹോളിവുഡ് സിനിമകളിലെ സ്ഥിരം ടൂളുകളില് ഒന്നാണ് ഡീ ഏജിങ്. വളരെ ചെലവേറിയതും, വിഷ്വല് എഫക്ടിന്റെയും, 3ഡി സ്കാനിങ്ങിന്റെയും സഹായം ഉപയോഗിക്കുന്നതും ഉള്പ്പെടെ വളരെ വിശാലമായ ഒരു പ്രോസസ്സ് ആണ് ഡീ ഏജിങ്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഡീ ഏജിങ് ചെയ്യുന്ന അഭിനേതാക്കളുടെ ഒരു ഡിജിറ്റല് മോഡല് നിര്മിക്കുന്നതിനായി അവരുടെ ഒരു 3ഡി സ്കാനിംഗ് നടത്തുന്നു. ഈ മോഡലിന്റെ ആദ്യ ഘട്ടത്തില് തന്നെ യഥാര്ത്ഥ മുഖത്തുള്ള ചുളിവുകളെല്ലാം പരമാവധി ഒഴിവാക്കിയിട്ടുണ്ടാകും. സ്കിന് കൂടുതല് ടൈറ്റായ രൂപത്തിലായിരിക്കും. ഇതിനോടൊപ്പം തന്നെ മുഖത്തെ ഭാവങ്ങളെയും ചലനങ്ങളെയും ഈ മോഡല് കൃത്യമായി ഒപ്പിയെടുക്കുന്നു.

ഡീ ഏജിങിനായി നിയോഗിക്കപ്പെട്ട വിഎഫ്എക്സ് ആര്ട്ടിസ്റ്റുകള് ഏത് പ്രായത്തിലേക്കാണോ അഭിനേതാക്കളെ മാറ്റിയെടുക്കേണ്ടത് ആ പ്രായത്തിലെ അഭിനേതാക്കളുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് അതിനെ റഫറന്സ് ആയി ഉപയോഗിക്കുകയും ചെയ്യും. ഇത് ഡീഏജ്ഡ് ലുക്കിനെ കൂടുതല് റിയലിസ്റ്റിക്കും ഒറിജിനലും ആയി തോന്നിപ്പിക്കാന് സഹായിക്കും.

ഷൂട്ടിംഗ് വേളയില്, അഭിനേതാക്കള് മുഖത്ത് ട്രാക്കിംഗ് ഡോട്ടുകള് ധരിച്ചാകും അഭിനയിക്കുക. ഇവ അഭിനേതാക്കളുടെ കൃത്യമായ മുഖചലനങ്ങള് പിടിച്ചെടുക്കും. അവ പിന്നീട് സ്വാഭാവിക എക്സ്പ്രെഷന് നിര്മിക്കുന്നതിനായി നേരത്തെ നിര്മ്മിച്ചെടുത്ത ഡിജിറ്റല് മോഡലിലേക്ക് മാപ്പ് ചെയ്യുന്നു.

ഡീ ഏജിങിനായി നിരവധി ഡിജിറ്റല് സോഫ്റ്റ്വെയറുകള് ഉപയോഗിക്കാറുണ്ട്. ട്രാക്കിങ് ഡോട്ടുകള് ഉപയോഗിച്ച് ചിത്രീകരിച്ച വിഷ്വലുകളില് ഡിജിറ്റല് മേക്ക്അപ്പ് ഉപയോഗിച്ച് ചര്മത്തെ കൂടുതല് സ്മൂത്ത് ആക്കുകയും, മുഖത്തെ ലൈറ്റിങ് എഫക്റ്റുകള് കൃത്യമായി അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇതോടൊപ്പം അഭിനേതാക്കളുടെ മുഖത്ത് കഥാപാത്രത്തിന് അനുയോജ്യമായി വരുത്തേണ്ട മാറ്റങ്ങള് വരുത്തുകയും ചെയ്യും. ഇത്തരത്തില് ഡീ ഏജ് ചെയ്ത രൂപത്തെ അഭിനേതാക്കളുടെ നിലവിലെ രൂപവുമായി സംയോജിപ്പിച്ച് കൃത്യമായി ഒരു മോഡല് വിഎഫ്എക്സ് ആര്ട്ടിസ്റ്റുകള് രൂപപ്പെടുത്തുന്നു.

മുഖത്തെ ചുളിവുകള് മാറ്റി അഭിനേതാക്കളെ കൂടുതല് ചെറുപ്പമാക്കുന്നതിനൊപ്പം മുടി, കണ്ണുകള്, ശരീര ഭാഷ എന്നിവയിലും മാറ്റങ്ങള് വരുത്തുന്നു. അഭിനേതാവിനെ കൂടുതല് ചെറുപ്പക്കാരനാക്കാന് താടിയെല്ല്, കവിളുകള്, മൂക്ക് തുടങ്ങിയവയിലും നേരിയ വ്യത്യാസങ്ങള് വരുത്തും.

2006 ല് 'എക്സ് മെന് ദി ലാസ്റ്റ് സ്റ്റാന്ഡ്' എന്ന സിനിമയിലാണ് ആദ്യമായി ഡീ ഏജിങ് ടെക്നിക് ഉപയോഗിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തു പ്രൊഫെസ്സര് എക്സിന്റെയും മഗ്നെറ്റോയുടെയും ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി ഡീ ഏജിങ് ഉപയോഗിച്ചിട്ടുണ്ട്. അവിടുന്നിങ്ങോട്ട് നിരവധി ഹോളിവുഡ് സിനിമകളില് അഭിനേതാക്കളുടെ പ്രായത്തെ മാറ്റിയെടുക്കാനായി ഡി ഏജിങ് ഉപയോഗിച്ചു. പ്രായം പിന്നോട്ട് പോകുന്ന കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് 'The Curious Case of Benjamin Button' എന്ന സിനിമയില് അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോള് 20 കളിലുള്ള ബ്രാഡ് പിറ്റിന്റെ രൂപത്തെ സ്ക്രീനിലെത്തിക്കാന് ഉപയോഗിച്ചത് ഡീ ഏജിങ് ആയിരുന്നു.

'ക്യാപ്റ്റന് മാര്വെല്ലി'ന്റെ ആദ്യ ഭാഗത്ത് സാമുവേല് എല് ജാക്സണ് അവതരിപ്പിച്ച നിക്ക് ഫ്യൂരിയെ 23 വയസ്സ് കുറഞ്ഞ രൂപത്തില് അവതരിപ്പിച്ചത് ഡീ ഏജിങിന്റെ സഹായത്തോടെയാണ്. ഹോളിവുഡിലെ പ്രശസ്തമായ വിഷ്വല് എഫ്ഫക്റ്റ് കമ്പനി ആയ ലോല വിഎഫ്എക്സ് ആയിരുന്നു അതിന് നേതൃത്വം നല്കിയത്. 2019 ല് പുറത്തിറങ്ങിയ 'ജെമിനൈ മാന്', 'ദി ഐറിഷ് മാന്' എന്നീ സിനിമകളാണ് ഡി ഏജിങ് ടെക്നോളജിയെ അതിന്റെ പരമോന്നതിയില് ഉപയോഗിച്ചത്. വില് സ്മിത്ത് നായകനായി എത്തിയ 'ജെമിനൈ മാനി'ല് ഒരു മുഴുനീള കഥാപാത്രമായി വില് സ്മിത്തിന്റെ ഡി ഏജ്ഡ് കഥാപാത്രം എത്തുന്നുണ്ട്. പ്രായമായ വില് സ്മിത്തും ഈ ഡി ഏജ്ഡ് വില് സ്മിത്തും തമ്മിലുള്ള സംഘട്ടന രംഗങ്ങളൊക്കെ ഈ സിനിമയുടെ ഹൈലൈറ്റ് ആണ്.

മാര്ട്ടിന് സ്കോര്സെസെ ഒരുക്കിയ 'ഐറിഷ്മാനി'ല് റോബര്ട്ട് ഡിനീറോ, അല് പാചീനോ, ജോ പെഷി എന്നിവരെ ചെറുപ്പക്കാരായി അവതരിപ്പിക്കാനായിരുന്നു ഡി ഏജിങ് ഉപയോഗിച്ചത്. 2023 ല് പുറത്തിറങ്ങിയ 'Indiana Jones and the Dial of Destiny' എന്ന സിനിമയില് 80 വയസ്സുള്ള ഹാരിസണ് ഫോര്ഡിനെ സിനിമയുടെ ആദ്യ ഭാഗങ്ങളില് 40 കാരനാക്കിയെടുത്തതും ഇതേ ഡി ഏജിങ് ടെക്നോളജിയാണ്.

ഇന്ത്യന് സിനിമയില് ഡി ഏജിങ് എന്ന കോണ്സെപ്റ്റ് ഏറ്റവും നന്നായി ഉപയോഗിച്ച ചിത്രമായിരുന്നു ഷാരൂഖ് ഖാന് നായകനായി എത്തിയ 'ഫാന്'. ആര്യന്, ഗൗരവ് എന്ന രണ്ട് കഥാപാത്രങ്ങളായി ഷാരൂഖ് എത്തിയ ചിത്രത്തില് സൂപ്പര്സ്റ്റാര് ആര്യന്റെ ഫാന് ആയ ഗൗരവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന് ആണ് ഷാരൂഖ് ഡീ ഏജിങ് ഉപയോഗിച്ചത്. എന്നാല് പൂര്ണമായും ഡി ഏജിങ് മാത്രമല്ലാതെ പ്രോസ്തെറ്റിക്സിന്റെയും വിഎഫ്എക്സിന്റെയും സഹായം കൂടി ഉപയോഗിച്ചാണ് 'ഫാനി'ല് ഗൗരവിനെ സൃഷ്ടിച്ചത്. 'ലാല് സിങ് ഛദ്ദ' എന്ന ആമിര് ഖാന് സിനിമയിലും ഒരു ചെറിയ സമയത്തേക്ക് ഷാരൂഖ് ഖാനെ ഡി ഏജിങ് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.

വെങ്കട്ട് പ്രഭുവിന്റെ 'ഗോട്ട്' തിയറ്ററിലെത്തുമ്പോള് അത് തമിഴ് സിനിമയിലേക്ക് ഡീ ഏജിങ് എന്ന ടെക്നോളജി ആദ്യമായി തുറന്നുകൊടുക്കുകയാണ്. 'അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ', 'അവഞ്ചേഴ്സ് ഏൻഡ് ഗെയിം', 'ജുറാസിക്ക് പാർക്ക് : ദി ഫോളൻ കിങ്ഡം', 'ഗാർഡിയൻസ് ഓഫ് ഗാലക്സി 2' തുടങ്ങിയ സിനിമകള്ക്കായി വിഷ്വല് എഫ്ക്റ്റ് കൈകാര്യം ചെയ്ത ലോല വിഷ്വല് എഫ്ക്റ്റ് കമ്പനിയാണ് 'ഗോട്ടി'നായി ഡീ ഏജിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

സ്പാര്ക് സോങിലും, ടീസറിലും ഡീ ഏജ്ഡ് കഥാപാത്രത്തിന് ലഭിച്ച മോശം അഭിപ്രായങ്ങളെ കണക്കിലെടുത്തു സിനിമയുടെ അണിയറപ്രവര്ത്തകര് കാര്യമായ മാറ്റങ്ങള് ആ കഥാപാത്രത്തിന് വരുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്ത്തകര് തന്നെ അറിയിച്ചിട്ടുണ്ട്. 'ജെമിനൈ മാന്' പോലെ ഒരു മുഴുനീള കഥാപാത്രമായി 'ഗോട്ടി'ല് വിജയ്യുടെ ഈ ഡീ ഏജ്ഡ് കഥാപാത്രമെത്തുമ്പോള് അത് എത്രത്തോളം വിജയകരമാകുമെന്ന് കാത്തിരുന്നു കാണാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us