'ദേവര' വിജയിച്ചാൽ ഇനി പാൻ ഇന്ത്യൻ ഹീറോ, ജൂനിയര്‍ എന്‍ടിആറിൻ്റെ സമയം

ആര്‍ ആര്‍ ആറിന്റെ വമ്പന്‍ വിജയത്തിന് ശേഷം എത്തുന്ന ജൂനിയര്‍ എന്‍ടിആറിന്റെ സോളോ റിലീസ് ആണ് 'ദേവര'.

രാഹുൽ ബി
1 min read|27 Sep 2024, 02:48 pm
dot image

ഒരു സിനിമ ഹിറ്റായാല്‍ അടുത്ത നാല് സിനിമകള്‍ ഫ്ലോപ്പായിരിക്കും എന്ന് മാധ്യമങ്ങള്‍ വരെ പുച്ഛിച്ച നടന്‍. മുത്തച്ഛനും അങ്കിളും തെലുങ്ക് സിനിമയുടെ നെടുംതൂണുകളായത് കൊണ്ട് മാത്രം പരാജയങ്ങളില്‍ മുങ്ങിയിട്ടും തുടരെ സിനിമകള്‍ ലഭിക്കുന്നുവെന്ന് പരാതി. തടിയുടെ പേരിലും കാണാന്‍ ഒരു സിനിമാ നടന്റെ സോ കോൾഡ് സൗന്ദര്യം ഇല്ല എന്ന പേരിലും നിരന്തരം വേട്ടയാടപ്പെടുകയും കളിയാക്കപ്പെടുകയും ചെയ്ത നടന്‍. നന്ദമുരി താരക രാമറാവു ജൂനിയർ എന്ന ജൂനിയര്‍ എന്‍ടിആര്‍.

ആ പരാജയങ്ങളെയും കളിയാക്കലുകളെയും മറികടന്ന് ഇന്ന് തെലുങ്ക് സിനിമയില്‍ ഒന്നാം നിരയില്‍ സ്ഥാനം നേടിയെടുത്തിരിക്കുകയാണ് ആ നടന്‍. യങ് ടൈഗര്‍ എന്ന് തെലുങ്ക് പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജൂനിയർ എന്‍.ടി.ആര്‍ ഇന്ന് തുടരെത്തുടരെ ഹിറ്റടിക്കുന്ന ബോക്‌സ് ഓഫീസിലെ ഗ്യാരന്റി സ്റ്റാര്‍ ആണ്. വിജയസിനിമകള്‍ ഇല്ലെന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ 1400 കോടി മൂല്യമുള്ള സിനിമയുടെ ഭാഗമായി, ഗ്ലോബല്‍ സ്റ്റാറായി പുതിയൊരു അധ്യായമെഴുതി.

സ്റ്റുഡന്റ് നമ്പര്‍ വണ്‍, സിംഹാദ്രി, യമദോന്‍ഗ തുടങ്ങിയ ചുരുക്കം ചിത്രങ്ങള്‍ മാത്രമായിരുന്നു ജൂനിയര്‍ എന്‍.ടി.ആറിന് ആദ്യ കാലത്ത് വിജയങ്ങളായി ഉണ്ടായിരുന്നത്. ബാക്കി എല്ലാം പരാജയങ്ങള്‍. രാഖി എന്ന ചിത്രത്തിലെ രാഖി രാഖി എന്ന ഗാനത്തിലെ എന്‍ടിആറിന്റെ എക്‌സ്‌പ്രഷനുകൾ ട്രോളുകളായി മാറി. അയാളുടെ അഭിനയത്തെയും നിലനില്പിനെയും വരെ ഇത് ചോദ്യം ചെയ്തു.

ജൂനിയര്‍ എന്‍.ടി.ആറിന്റെ കരിയറിനെ രണ്ടായി തരം തിരിക്കാം ടെംപറിന് മുന്‍പും ടെംപറിന് ശേഷവും. 2015, കൃത്യമായി പറഞ്ഞാല്‍ ടെംപര്‍ റിലീസിന് മുന്‍പ് വരെ തീര്‍ത്തും തെലുങ്ക് സ്‌റ്റൈലിലുള്ള ഓവര്‍ ദി ടോപ് ആയ സിനിമകളായിരുന്നു ജൂനിയര്‍ എന്‍ടിആറിന്റെ സംഭാവനകള്‍. അറുബോറന്‍ തിരക്കഥയും, നെറ്റിചുളിപ്പിക്കുന്ന റൊമാന്‍സും ഫിസിക്‌സിനേയും ലോജിക്കിനെയും മറക്കുന്ന ഫൈറ്റുമായിരുന്നു എല്ലാ ജൂനിയര്‍ എന്‍ടിആര്‍ സിനിമകളിലെയും സ്ഥിരം കാഴ്ച. സിനിമകള്‍ മാറുന്നതല്ലാതെ അഭിനയമോ, കഥാപാത്രനിര്‍മിതിയോ തെല്ലുമേ മാറാത്ത അവസ്ഥ.

അവിടേക്കാണ് പുരി ജഗന്നാഥ് എന്ന കൊമേര്‍ഷ്യല്‍ കിംഗ്മേക്കര്‍ ടെംപറിലൂടെ എന്‍ടിആറിനെ പുതുക്കിപ്പണിയുന്നത്. തടിയുടെ പേരില്‍ കളിയാക്കിയവര്‍ക്ക് മുന്നില്‍ സിക്‌സ് പാക്ക് വച്ച് അയാള്‍ ഞെട്ടിച്ചു. ചിത്രത്തിലെ കറപ്റ്റ് പോലീസ് ഓഫീസര്‍ ദയ അതുവരെ വന്ന സ്ഥിരം രക്ഷകനായ നായകനായിരുന്നില്ല, അല്പം വില്ലനിസവും കലര്‍ന്ന ദയ ജൂനിയര്‍ എന്‍ടിആറിലെ അഭിനേതാവിനാണ് ഊന്നല്‍ കൊടുത്തത്. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് ടെംപര്‍ ജൂനിയര്‍ എന്‍ടിആറിനെ എന്നെന്നേക്കുമായി കരകയറ്റി. പിന്നെ അയാള്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

നന്നാക്കു പ്രേമതോ, ജനത ഗാരേജ്, ജയ് ലവ കുശ, അരവിന്ദ സമേത എന്നീ സിനിമകള്‍ വന്‍ വിജയമായി 100 കോടി ക്ലബുകളില്‍ തുടര്‍ച്ചായി ഇടം പിടിക്കാന്‍ ആരംഭിച്ചതോടെ ബോക്‌സ് ഓഫീസില്‍ മൂല്യമുള്ള താരമായി ജൂനിയര്‍ എന്‍ടിആര്‍. ജനത ഗാരേജിലൂടെ മോഹന്‍ലാലിനൊപ്പമെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാനും ജൂനിയര്‍ എന്‍ടിആറിനായി.

തന്റെ ഘനഗാഭീര്യമായ ശബ്ദത്തില്‍ തിയേറ്റര്‍ പിടിച്ചുകുലുക്കുംവണ്ണം ജൂനിയര്‍ എന്‍ടിആറിന്റെ ഡയലോഗ് ഡെലിവറിയില്‍ മാറ്റമുണ്ടായി. ഫൈറ്റ് സീനുകളില്‍ പെര്‍ഫെക്ഷന്‍ വന്നുതുടങ്ങി. അരവിന്ദ സമേതയിലെ ആദ്യ ഫൈറ്റില്‍ തുടങ്ങുന്ന മാസ്സ്, സിനിമയുടെ അവസാനം വരെയും ജൂനിയര്‍ എന്‍ടിആര്‍ ഭദ്രമായി കൊണ്ടുപോകുന്നുണ്ട്.

നായികയെയും കുടുംബത്തെയും വില്ലന്മാര്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ മറുതലക്കല്‍ നിന്ന് ഒരൊറ്റ ഫോണ്‍ കോളിലൂടെ അവരെ ഭയപ്പെടുത്തുന്ന സീന്‍ ഏറ്റവും കണ്‍വിന്‍സിംഗ് ആകുന്നത് അത് ജൂനിയര്‍ എന്‍ടിആര്‍ ചെയ്യുന്നതിനാലാണ്.

ഒരു ട്രെയിന്‍ഡ് കുച്ചിപ്പുടി ഡാന്‍സര്‍ കൂടിയാണ് ജൂനിയര്‍ എന്‍ടിആര്‍. അസാമാന്യമായ മെയ് വഴക്കത്തോടെ പാട്ടിനൊത്ത് അയാള്‍ ചുവടുവയ്ക്കുമ്പോള്‍ കണ്ണിമവെട്ടാതെ ആരും നോക്കി ഇരുന്നുപോകും. ലോകം മുഴുവന്‍ ചുവടുവെച്ച നാട്ടു നാട്ടുവിലെ ബ്രെത്ത് ടേക്കിങ് സ്റ്റെപ്‌സിനെ അവിശ്വസനീയമാംവിധം അവതരിപ്പിച്ചത് ആര്‍ക്കാണ് മറക്കാനാകുക?

ഇങ്ങനെ പരാജയങ്ങളെയും പരിഹാസങ്ങളെയും മറികടന്നെത്തുന്ന ജൂനിയര്‍ എന്‍.ടി.ആര്‍ തന്റെ കരിയറിലെ അടുത്ത വമ്പന്‍ റിലീസിനായി ഒരുങ്ങിയിരിക്കുകയാണ്, ദേവര. ആര്‍ ആര്‍ ആറിന്റെ വമ്പന്‍ വിജയത്തിന് ശേഷം എത്തുന്ന ചിത്രം. ആറ് വര്‍ഷത്തിന് ശേഷമുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സോളോ റിലീസ്. ദേവരക്ക് കാത്തിരിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്.

തെലുങ്ക് സിനിമയില്‍ നിലനില്‍ക്കുന്ന ഒരു അന്ധവിശ്വാസമുണ്ട്. രാജമൗലിയുടെ ഒരു വിജയ സിനിമയ്ക്ക് ശേഷം ആ ചിത്രത്തിലെ നായകന്റെ അടുത്ത ചിത്രം പരാജയപ്പെടും എന്നതാണ് അത്. പ്രഭാസ്, രാംചരണ്‍, രവിതേജ, നാനി തുടങ്ങിയവരുടെയും ജൂനിയര്‍ എന്‍.ടി.ആറിന്റെ തന്നെയും ഫില്‍മോഗ്രഫി ചൂണ്ടിക്കാണിച്ചാണ് പലരും ഇത് പറയുന്നത്.

എന്നാല്‍, ചില സിനിമകള്‍ ജയിക്കും ചിലത് പരാജയപ്പെടും എന്നതിനപ്പുറം ഒന്നുമില്ലെന്ന് കരുതുന്നവരും ഉണ്ട്. എന്തായാലും ദേവരയിലൂടെ രാജമൗലി കഴ്‌സ് എന്ന അന്ധവിശ്വാസത്തെ കൂടി ജൂനിയര്‍ എന്‍ടിആര്‍ പൊളിക്കുമോയെന്നതും ദേവരയ്ക്കായുള്ള ആകാംക്ഷ കൂട്ടുന്നു.

പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ദേവര വിജയിച്ചാല്‍ അത് ജൂനിയര്‍ എന്‍ടിആറിന് മുന്നില്‍ തുറന്നിടുക പുതിയൊരു അധ്യായമായിരിക്കും. പ്രശാന്ത് നീലുമായുള്ള ചിത്രവും ബോളിവുഡില്‍ ഹൃതിക്ക് റോഷനൊപ്പമുള്ള വാര്‍ രണ്ടാം ഭാഗവും ലൈനപ്പിലുള്ള ജൂനിയര്‍ എന്‍.ടി.ആര്‍ മുന്നോട്ടു കാണുന്നത് വലിയ ഉയരങ്ങളാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us