ഖാന്മാർക്ക് പിന്നിലല്ല, ഇനി മുന്നിൽ; സൂപ്പർസ്റ്റാർ രൺബീർ കപൂർ

രാമായണം ഉൾപ്പെടെയുള്ള വലിയ സിനിമകൾ ഇറങ്ങാനിരിക്കവേ ഖാൻ ത്രയങ്ങൾക്കപ്പുറം മറ്റൊരു സൂപ്പർസ്റ്റാർ ബോളിവുഡിൽ ജനിച്ചു കഴിഞ്ഞു.

രാഹുൽ ബി
1 min read|28 Sep 2024, 03:25 pm
dot image

അനിമലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓർമ്മയുണ്ടോ? ഡ്രെസ്സിൽ മുഴുവൻ ചോരയും കയ്യിൽ കോടാലിയുമായി സിഗരറ്റ് വലിക്കുന്ന രൺബീർ കപൂർ. പക്ഷേ അന്ന് എല്ലാവരുടേയും ശ്രദ്ധ പോയത് ഒരു ടാഗ് ലൈനിലേക്കായിരുന്നു. 'സൂപ്പർസ്റ്റാർ രൺബീർ കപൂർ'. സൂപ്പർസ്റ്റാറോ, എന്ത് സൂപ്പർസ്റ്റാർ? ഷാരുഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും ബോളിവുഡിൽ ഇന്നും കൊടികുത്തി വാഴുന്നിടത്ത് ഇന്നലെ വന്ന ഒരു ചെക്കൻ സൂപ്പർസ്റ്റാർ ആയെന്നോ! ഉടൻ തുടങ്ങി ട്രോളുകളും കളിയാക്കലുകളും..

പക്ഷേ ഒരൊറ്റ ടീസർ, അവിടെ തീർന്നു എല്ലാ കളിയാക്കലും. ഡിസംബർ ഒന്നിന് പടമിറങ്ങി കത്തിക്കയറി. നൂറോ ഇരുന്നൂറോ അല്ല 900 കോടിയാണ് ഇവർ പറഞ്ഞ ചെക്കൻ അടിച്ചെടുത്തത്. Is Ranbir Kapoor A SUPERSTAR OR NOT? എന്ന ചോദ്യത്തിന് അവിടെ തിരശീല വീണു, ഉത്തരം പിറകെ വന്നു- HE IS A SUPERSTAR.

തുടക്കം മുതൽ ഒരു അർബൻ ഹീറോയുടെ എല്ലാ ലക്ഷണങ്ങളും ലുക്കും രൺബീറിനുണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം കൂടുതൽ റൊമാന്റിക് കോമഡി സിനിമകളിലേക്ക് അയാളെ വഴിതിരിച്ചുവിട്ടത്. അച്ഛന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി തുടങ്ങി സഞ്ജയ് ലീല ബൻസാലി സിനിമയിൽ അസ്സിസ്റ്റന്റും തുടർന്ന് നായകനുമായി സിനിമയുടെ ലോകത്തേക്ക് വന്ന രൺബീറിന് ചിലപ്പോൾ എൻട്രി ടിക്കറ്റ് സുലഭമായി ലഭിച്ചതാകും. പക്ഷേ അവിടുന്നയാൾ കെട്ടിപ്പടുത്ത ഓരോന്നും രൺബീറിലെ അഭിനേതാവിന് മാത്രം അവകാശപ്പെട്ടതാണ്.

'സാവരിയ'യും 'ബച്ച്നാ എ ഹസീന'യും വലിയ മാറ്റം കരിയറിൽ കൊണ്ടുവരാതിരിക്കുമ്പോഴാണ് ധർമ പ്രൊഡക്ഷൻസ് ഒരു പുതുമുഖ സംവിധായകനെ രൺബീറിന്റെ അടുത്തേക്ക് പറഞ്ഞുവിടുന്നത്, അയാൻ മുഖർജിയെ. ആ ചിത്രമാണ് 'വേക്ക് അപ്പ് സിഡ്'. ടീനേജിലുള്ള ഏതൊരു ചെറുപ്പക്കാരനെയും പോലെ കൺഫ്യൂസ്ഡ് ആയ, യാതൊരു ജീവിത ലക്ഷ്യവുമില്ലാതെയുള്ള കഥാപാത്രമായി രൺബീർ മാറി. ചിത്രമാകട്ടെ ഇന്നും ഏറെ ആരാധകരുള്ള ഫീൽ ഗുഡ് ചിത്രമായി.

അവിടുന്നങ്ങോട്ട് ഹിറ്റും അല്ലാത്തതുമായ കുറച്ചു ചിത്രങ്ങൾ. രൺബീറിലെ അഭിനേതാവിന് വേണ്ടിയിരുന്ന ട്രിഗ്ഗർ അതായിരുന്നു, 'റോക്‌സ്‌റ്റാർ'. ഒരു റോക്‌സ്‌റ്റാർ ആകാൻ ആവശ്യം പെയ്ൻ ആണെന്ന് മനസ്സിലാക്കി അത് തേടിപ്പോകുന്ന ജോർദാൻ. ഒടുവിൽ അയാളറിയാതെ അയാളിലേക്ക് വന്നുചേരുന്ന പ്രണയത്തിന്റെ, വിരഹത്തിന്റെ വേദന. രൺബീറിലെ അഭിനേതാവ് ഉയിര്‌ കൊടുത്ത് ഉള്ളിലേക്ക് ആവാഹിച്ച പ്രകടനം. കുൻ ഫയ കുന്നിൽ അയാളിലെ അഭിനേതാവ് അറിയാതെ സോൺ ഔട്ട് ആയി കഥാപാത്രത്തിലേക്ക് ലയിച്ചതും രൺബീറിലെ അഭിനേതാവിലെ ഒരു മികച്ച ഏടാണ്.

അവിടന്നങ്ങോട്ട് രണ്‍‍‍ബീറിലെ അഭിനേതാവിന്റെ പൂർണതയിലേക്കുള്ള യാത്രയായിരുന്നു. അർബൻ ബോയ് ഇമേജ് മാറ്റിപ്പിടിച്ച് ബർഫിയിൽ അഭിനയമികവിന്റെ മറ്റൊരു രൂപം രൺബീർ കൈകൊണ്ടു. 'യേ ജവാനി ഹേ ദീവാനി'യിൽ വീണ്ടും പ്രണയനായകനിലേക്കുള്ള തിരിച്ചുപോക്ക്. വല്ലാത്ത ഒരു ചാം ആണ് രൺബീറിലെ പ്രണയനായകന്. 'യേ ജവാനി ഹേ ദീവാനി' ഒരു ടിപ്പിക്കൽ ബോളിവുഡ് പ്രണയകഥയാകുമ്പോഴും ഈ അർബൻ ബോയ്ഷ് ചാം സ്‌ക്രീനിൽ അയാളെ കൂടുതൽ മനോഹരമാക്കുന്നു.

അതിന് ശേഷം രൺബീറിന് അടിതെറ്റി. 'ബേശ്രം', 'റോയ്', 'ബോംബെ വെൽവെറ്റ്' - മോശം സിനിമകളുടെ കൂമ്പാരത്തിൽ അയാളിലെ അഭിനേതാവും മുങ്ങിപ്പോയി. റോക്‌സ്‌റ്റാറിന് ശേഷമെത്തിയ ഇംതിയാസ് അലിയുടെ 'തമാശ' തിയേറ്ററിൽ പരാജയമായി പിന്നീട് കൾട്ട് സിനിമയായി.

വേദ് പലരുടെയും മിറർ ഇമേജ് ആയിരുന്നു. ജീവിതത്തിൽ ഒന്നാകാൻ ആഗ്രഹിച്ചു മറ്റൊരു വേഷത്തിൽ കാലംകഴിക്കേണ്ടി വരുന്ന ഒരു മിഡിൽ ക്ലാസ് ചെറുപ്പക്കാരനായി രൺബീർ മാറി. ഏറ്റവുമൊടുവിൽ അച്ഛന് മുന്നിൽ അയാൾ അത്രയും നാൾ മനസ്സിൽ ഒളിപ്പിച്ച് വച്ച കഥകൾ പറഞ്ഞു കരയുമ്പോഴുള്ള രൺബീറിന്റെ പ്രകടനം കണ്ണ് നനയ്ക്കും.

പ്രണയ നഷ്ടത്തെ, വിരഹത്തെ ആ വേദനയെ ആഴത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ രൺബീറിന് പ്രത്യേക കഴിവാണ്. കാഴ്ചക്കാരന്റെ ഉള്ളിൽ തറച്ച് കേറും വിധം ആ വേദന നമുക്കനുഭവപ്പെടും. ഏ ദിൽ ഹേ മുഷ്കിലിൽ ചന്നാ മേരെയാ പാടി രൺബീറിന്റെ ക്ലോസിങ് ഷോട്ടിൽ ചിത്രം അവസാനിപ്പിക്കുമ്പോൾ ആ നോവോടെ നമ്മളും ആ ചിത്രം കണ്ട് അവസാനിപ്പിക്കുന്നു. സഞ്ജുവിൽ സഞ്ജയ് ദത്ത് ആയി അത്ഭുതമാം വിധം രൺബീർ മാറി.

നീണ്ട 17 വർഷത്തെ കരിയർ, 21 സിനിമകൾ എന്നിട്ടും ഒരു റൊമാന്റിക് ഹീറോ പരിവേഷത്തിലേക്ക് മാത്രം അയാൾ ഒതുക്കപ്പെടുന്നു എന്ന പരാതി കേട്ടിടത്ത് നിന്ന് സന്ദീപ് റെഡ്‌ഡി വങ്ക എന്ന തെലുങ്ക് സംവിധായകൻ വേണ്ടി വന്നു രൺബീറിനെ അയാളുടെ ഏറ്റവും ഉഗ്രരൂപത്തിൽ അവതരിപ്പിക്കാൻ. ആനിമൽ രൺബീർ താണ്ഡവമായിരുന്നു.

വളരെ ട്രബിൾഡ് ആയ ഒരു ആൽഫ മെയിൽ കഥാപാത്രമായിട്ടും, സിനിമയിലെ കഥാപാത്രനിർമിതിയിലെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും രൺബീറിന്റെ പ്രകടനത്തെ മാറ്റിനിർത്താനാകില്ല, അക്ഷരാർത്ഥത്തിൽ അഴിഞ്ഞാട്ടം. പല പ്രായത്തിലുള്ള രൺവിജയ്‌ ആയും ക്ലൈമാക്സിലെ അസിസ് ദി ബുച്ചർ ആയും ഉള്ള പ്രകടനം. രൺബീറിനെ കൊണ്ട് ഇതൊന്നു താങ്ങില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ മൂന്നര മണിക്കൂർ രൺബീർ താണ്ഡവം.

നൂറും ഇരുനൂറും കോടിയും കടന്ന് ചിത്രം 900 കോടിയിൽ പ്രദർശനം അവസാനിപ്പിച്ചു. അഡ്വാൻസ് ബുക്കിങ്ങിലും ആദ്യ ദിനങ്ങളിലെ റെക്കോർഡും 'അനിമൽ' തൂത്തുവാരി. ഖാന്മാരുടെ മാത്രം കോട്ടയായിരുന്നിടത്ത് ആദ്യമായി മറ്റൊരു നടൻ മുന്നിലെത്തി. അയാൾ ഒരു ബ്രില്ല്യൻറ് ആക്ടർ ആണ് അതിനൊപ്പം തന്നെ ഒരു സ്റ്റാർ കൂടിയാണ് എന്ന സന്ദീപ് റെഡ്‌ഡി വങ്കയുടെ കണ്ടെത്തൽ പിഴച്ചില്ല. രാമായണം ഉൾപ്പെടെയുള്ള വലിയ സിനിമകൾ ഇനി ഇറങ്ങാനിരിക്കവേ ഖാൻ ത്രയങ്ങൾക്കപ്പുറം മറ്റൊരു സൂപ്പർസ്റ്റാർ ബോളിവുഡിൽ ജനിച്ചു കഴിഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us