'ഇതാണ് സ്വർണം, ഒരു പണിത്തൂക്കം ചെമ്പ് ഇല്ലാത്ത തനി തങ്കം' എന്ന തട്ടാൻ ഭാസ്കരന്റെ വാക്കുകളിൽ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ അവസാനിക്കുമ്പോൾ ഏതൊരു മലയാളിയും ആഗ്രഹിച്ച് പോകും, ഇനിയും ഈ കഥ തുടർന്നിരുന്നെങ്കിൽ എന്ന്. പശുവിനെ കളഞ്ഞ പാപ്പിയും ഉറഞ്ഞ് തുള്ളി കുളത്തിൽ ചാടിയ വെളിച്ചപ്പാടുമല്ലാം നിറഞ്ഞ തട്ടാൻ ഭാസ്കരന്റെ ലോകം സൃഷ്ടിച്ചത് രഘുനാഥ് പലേരി എന്ന മന്ത്രികനാണ്. കാലാതീതമായി നിൽക്കുന്ന ഒട്ടനവധി സിനിമകൾ രചിച്ച മലയാളിയുടെ പ്രിയപ്പെട്ട തിരക്കഥാകാരൻ.
മലയാളത്തിലെ ഏറ്റവും വേഴ്സറ്റൈൽ ആയ തിരക്കഥാകൃത്ത് എന്ന് വിളിക്കാം രഘുനാഥ് പലേരിയെ. കാരണം കുട്ടികളുടെ പ്രിയപ്പെട്ട കുട്ടിച്ചാത്തനും അമ്മിണിക്കുട്ടിയെ കെട്ടാൻ നാടുവിട്ട് പഴനിക്ക് പോയ വേലായുധൻ കുട്ടിയും ജനിച്ചത് ആ തൂലികയിലാണ്. ശങ്കരൻകുട്ടി മേനോനെ കൊണ്ട് മീശ വാസുവിനോട് 'ഈ മീശയും വെച്ച് കരയല്ലേടാ, വെള്ളം വീണു വീണു അത് ഇനിയും വളരും' എന്ന് പറയിപ്പിച്ച അതേ മനുഷ്യൻ തന്നെയാണ് ക്യാപ്റ്റൻ വിജയ് മേനോനെ കൊണ്ട് 'ഹി വാസ് മൈ ഗ്രേറ്റ് ഫാദർ ആൻഡ് ഐ ആം ദി ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് സൺ, എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി'' എന്ന് പറയിപ്പിച്ചതും. ചിരിയുടെ മേലേപ്പറമ്പിൽ ആൺവീട്ടിലേക്ക് നമ്മെ കൊണ്ടുപോയതും മകനെ തേടിയുള്ള പിറവിയിലെ രാഘവ ചാക്യാരുടെ നെഞ്ചുലയ്ക്കുന്ന യാത്ര വരച്ചുകാട്ടിയതും അദ്ദേഹം തന്നെ.
തന്റെ കഥകളേക്കാൾ രസകരമായിരുന്നു രഘുനാഥ് പലേരിയുടെ സിനിമയിലേക്കുള്ള കടന്നു വരവ് പോലും. സിനിമാക്കാരനാവുക എന്ന മോഹം മൂലം വായ്പയെടുത്ത് സിനിമ ഒരുക്കാൻ താൻ പദ്ധതിയിട്ടിരുന്നു എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛൻ വിലക്കി. ആ സമയമാണ് കണ്ണൂരിലെ മിനർവ സ്റ്റുഡിയോ ഉടമയും സുഹൃത്തുമായ നിർമൽ, സിനിമയ്ക്ക് തിരക്കഥ ഒരുക്കമോ എന്ന് അന്വേഷിച്ചെത്തുന്നത്. അങ്ങനെ നെടുമുടി വേണു നായകനായ, മോഹൻലാൽ സഹനടനായെത്തിയ നസീമ എന്ന സിനിമ ജനിച്ചു.
പിന്നീടാണ് മലയാളത്തിലെ, ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ വരുന്നത്. രഘുനാഥ് പലേരി എഴുതി ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ജിജോയുടെ അച്ഛനായ നവോദയ അപ്പച്ചനാണ്. ആ ചിത്രം രഘുനാഥ് പലേരിയിലേക്ക് എത്തിയതിന് പിന്നിലും ഒരു കൗതുകം നിറഞ്ഞ കഥയുണ്ട്. അദ്ദേഹത്തിന് മുന്നേ 13 പേര്‍ കുട്ടിച്ചാത്തന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതാനായി ശ്രമിച്ചിട്ടുണ്ട്. അതിൽ ഒരാള്‍ പത്മരാജനായിരുന്നു എന്ന് രഘുനാഥ് പലേരി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്!
ഒന്ന് രണ്ട് സിനിമകൾക്കപ്പുറം രഘുനാഥ് പലേരി എന്ന സംവിധായകനും ജനിച്ചു. അലീനയുടെയും അവരുടെ നാല് വയസുള്ള മകളുടെയും ജീവിതത്തിലേക്ക് ശബ്ദം കൊണ്ട് കടന്നു വന്ന ടെലിഫോൺ അങ്കിളിന്റെയും കഥ പറഞ്ഞ 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന ചിത്രം. 'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയെ എനിക്ക് സ്പർശിക്കാൻ സാധിച്ചിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ആ സൃഷ്ടിയിലേക്ക് എന്നെ നയിച്ച മഹാ മനസ്സുകൾ ഇന്നും എന്നിൽ അതേ വർണ്ണരാജിയോടെ പരിലസിക്കുന്നു. ആ സൃഷ്ടിയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ ഒരു പൂന്തോട്ടം തന്നെ എന്നിലുണ്ട്. ഞാൻ ഇന്നും ആ തോട്ടത്തിന്റെ കാവൽക്കാരനാണ്,' ഒരിക്കൽ രഘുനാഥ് പലേരി ആ സിനിമയെക്കുറിച്ച് കുറിച്ചത് ഇങ്ങനെ.
പിന്നീട് പൊന്മുട്ടയിടുന്ന താറാവ്, മഴവിൽ കാവടി, എന്നും നന്മകൾ, മേലേപ്പറമ്പിൽ ആൺവീട്, പിൻഗാമി, വിസ്മയം, ദേവദൂതൻ തുടങ്ങിയ വൈവിധ്യം നിറഞ്ഞ സിനിമകൾ അദ്ദേഹം രചിച്ചു. അതിൽ ഒട്ടുമുക്കാലും സാമ്പത്തികമായി വലിയ വിജയങ്ങളായിരുന്നു. സാമ്പത്തികമായി പരാജയപ്പെട്ട പിൻഗാമിയും ദേവദൂതനും പോലുളള സിനിമകൾ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യങ്ങൾ വരെ കാലക്രമത്തിൽ ഉയർന്നു. ദേവദൂതനാകട്ടെ 24 വർഷങ്ങൾക്കിപ്പുറം റീ റിലീസ് ചെയ്ത് കോടികൾ വാരി. ഈ സാമ്പത്തിക വിജയങ്ങൾക്കപ്പുറം ആ സിനിമകൾ കാലത്തെ അതിജീവിച്ച് ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു എന്നത് തന്നെയാണ് രഘുനാഥ് പലേരി എന്ന തിരക്കഥാകൃത്തിന്റെ വിജയവും.
2006 ൽ മധുചന്ദ്രലേഖയാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ അവസാന ചിത്രം. പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്ന അദ്ദേഹത്തെ വീണ്ടും ആ ലോകത്തിലേക്ക് കൊണ്ടുവന്നത് ഷാനവാസ് ബാവക്കുട്ടിയാണ്, തൊട്ടപ്പനിലൂടെ. എന്നാൽ ഇത്തവണ ഒരു അഭിനേതാവായാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ നാരദൻ, ലളിതം സുന്ദരം, നീരജ, ഓ ബേബി, മഹാറാണി തുടങ്ങിയ സിനിമകളിൽ നടൻ രഘുനാഥ് പലേരിയെ മലയാളികൾ കണ്ടു.
രചയിതാവും സംവിധായകനുമായി മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന രഘുനാഥ് പലേരിയിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവന്ന ഷാനവാസ് ബാവക്കുട്ടി, രഘുനാഥ് പലേരി എന്ന തിരക്കഥാകൃത്തിനെയും സിനിമയിലേക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ്. 'ഒരു കട്ടിൽ ഒരു മുറി' എന്ന സിനിമ തിയേറ്ററുകളിലെത്തുമ്പോൾ രഘുനാഥ് പലേരി എന്ന എഴുത്തുകാരൻ ഈ പുതിയ കാല സിനിമയ്ക്കായി മറ്റൊരു വിസ്മയം തീർക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.