കട്ട മാസും കട്ട സ്റ്റൈലും, The Stylish Filmmaker അമൽ നീരദ്

ഒരു അമൽ നീരദ് സിനിമ എന്ന ടാഗ് എഴുതികാണിക്കുമ്പോൾ മേക്കിങ്ങിൽ അടുത്ത എന്ത് പുതുമയുമായിട്ടാണ് അയാൾ ഞെട്ടിക്കാൻ എത്തുന്നതെന്ന് ചോദ്യമാണ് പ്രേക്ഷകരുടെയുള്ളിൽ.

രാഹുൽ ബി
1 min read|18 Oct 2024, 10:51 am
dot image

ലോ ആംഗിളിൽ ഒരു കാലിന്റെ ഷോട്ട്. അതിനെ പിന്തുടരുന്ന കൈയുടെ ഷോട്ടും ടോപ് ആംഗിൾ ഷോട്ടുകളും. പതിയെ സ്ലോ മോഷനിൽ ഫോക്കസ് ഔട്ടിൽ നിന്ന് പെരുപ്പിക്കുന്ന ബിജിഎമ്മിന്റെ അകമ്പടിയോടെ സ്‌ക്രീനിലെത്തുന്ന നായകന്മാർ. ഒരു ശരാശരി അമൽ നീരദ് സിനിമയിലെ നായകന്റെ ഇൻട്രോ. മേരി ടീച്ചറിന്റെ മകൻ ബിലാലും സാഗർ ഏലിയാസ് ജാക്കിയും അൻവറും മൈക്കിളപ്പനും എല്ലാം പ്രേക്ഷകരുടെ മുന്നിലേക്കെത്തിയത് ഇങ്ങനെയാണ്, നല്ല കട്ട മാസും സ്റ്റൈലിഷുമായി.

ഒരു അമൽ നീരദ് സിനിമ എന്ന ടാഗ് എഴുതികാണിക്കുമ്പോൾ മേക്കിങ്ങിൽ അടുത്ത എന്ത് പുതുമയുമായിട്ടാണ് അയാൾ ഞെട്ടിക്കാൻ എത്തുന്നതെന്ന് ചോദ്യമാണ് പ്രേക്ഷകരുടെയുള്ളിൽ. A stylish Filmmaker with an Ultra Stylish filmography. ഓരോ സിനിമയിലും മേക്കിങ്ങിലും കഥപറച്ചിലും കൊണ്ടുവരുന്ന പുതുമ. ഹോളിവുഡ് സ്റ്റൈൽ എന്ന് മലയാളി വിശേഷിപ്പിച്ച തരം മേക്കിങ്ങിനെ മലയാളത്തിലേക്ക് പറിച്ചുനട്ട ന്യൂ ജെൻ ഫിലിംമേക്കർ. ഒരു അമൽ നീരദ് സിനിമയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അയാളുടെ സ്ലോ മോഷൻ ഷോട്ടുകളോ പഞ്ച് ഡയലോഗുകളോ മാത്രമല്ല. അതുവരെ മലയാള സിനിമ പരിശീലിച്ച മേക്കിങ്ങിനെ അമൽ പൊളിച്ചെഴുതി, മറ്റാരും അതുവരെ പരീക്ഷിക്കാത്ത തരത്തിൽ.

ക്യാമറ ആംഗിളുകൾ

എക്സ്ട്രീം വൈഡ് ആംഗിളുകളും ലോ ആംഗിളുകളും ടോപ് ആംഗിൾ ഷോട്ടുകളും അമൽ നീരദ് സിനിമകളിലെ സ്ഥിരം കാഴ്ചയാണ്. നായകനെ അവതരിപ്പിക്കുമ്പോഴും അയാളുടെ ഓരോ ചലനങ്ങളിലും ആക്ഷൻ സീനുകളിലും ഇത്തരം ലോ ആംഗിൾ ഷോട്ടുകൾ ഉപയോഗിച്ചാണ് അമൽ നീരദ് നായകന്മാരെ അവതരിപ്പിക്കുന്നത്. കണ്ടിന്യൂയിറ്റി കട്ടുകൾ വളരെ മനോഹരമായിട്ടാണ് അമൽ നീരദ് ഉപയോഗിക്കുന്നത്.

ആക്ഷൻ സീനുകളിലാണ് ഇത്തരം കണ്ടിന്യൂയിറ്റി കട്ടുകൾ കൂടുതൽ ഉപയോഗിക്കുന്നത്. ഒരു ആംഗിളിൽ നിന്ന് മറ്റൊരു ആംഗിളിലേക്ക് ഷോട്ട് പെട്ടെന്ന് ഷിഫ്റ്റ് ആകുകയും അതേ സമയം ആ സീനിൽ ഒരു തുടർച്ച കാഴ്ചക്കാർക്ക് അനുഭവപ്പെടുകയും ചെയ്യും. ഉദാഹരണത്തിന് മേരി ടീച്ചറെ കൊല്ലുന്ന രംഗം നോക്കാം. ആദ്യം ഒരു ഫ്രണ്ട് ഷോട്ടിൽ നിന്ന് പെട്ടെന്ന് മേരി ടീച്ചർ വീഴുമ്പോൾ ഒരു ലോ ആംഗിൾ ബാക്ക് ഷോട്ടിലേക്ക് മാറുന്നു. അൻവറിൽ വിനയ് ഫോർട്ടിന്റെ അബുവിനെ കൊല്ലുന്ന രംഗത്തിലും ഇതേ ടെക്‌നിക് അമൽ ഉപയോഗിച്ചിരിക്കുന്നത് കാണാം.

അമൽ നീരദ് സിനിമകളിലെ കളർ ടോൺ

അമൽ നീരദ് സിനിമകളിലെ കളറിംഗ് ഇപ്പോഴും വളരെ മികച്ചതാകും. ബിഗ് ബിയിൽ ബിലാൽ കഥയിലേക്ക് എത്തുന്നത് ഒരു ബ്ലൂ കളറിന്റെ പശ്ചാത്തലത്തിലാണ്. സങ്കടത്തെയും ആ നിമിഷത്തെ ദുഃഖത്തെയുമൊക്കെ സ്‌ക്രീനിലെത്തിക്കുന്നത് ഈ കളർ ടോണിലാണ്. വരത്തൻ ആദ്യം ആരംഭിക്കുന്നത് ഒരു പച്ച ടോണിലാണ്. നായകനായ എബിന്റെ ജോലിയും പിറക്കാനിരിക്കുന്ന കുഞ്ഞും നഷ്ടമാകുന്നുണ്ട്. ഈ നഷ്ടവും പച്ചയുടെ സഹായത്തിലാണ് അമൽ അവതരിപ്പിക്കുന്നത്.

അവിടന്ന് പ്രിയയുടെ നാട്ടിലേക്ക് എത്തുമ്പോൾ കഥക്ക് ഒരു മഞ്ഞ കളർ ലഭിക്കുന്നു. ഏറ്റവുമൊടുവിൽ അതുവരെ പാവമെന്ന് തോന്നിപ്പിച്ച എബിന്റെ മറ്റൊരു മുഖത്തെ കഥയിൽ അവതരിപ്പിക്കുന്നത് രക്ത ചുവപ്പിന്റെ കളറിലൂടെയാണ്. ആ ലൈറ്റ് ചിത്രത്തിൽ തെളിയുമ്പോൾ പ്രേക്ഷകനും അവിടെ എന്തോ വലുത് നടക്കാനിരിക്കുന്നു എന്ന തോന്നൽ ലഭിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ മൂന്നാറിന്റെ പശ്ചാത്തലത്തിലാണ് ഇയ്യോബിന്റെ പുസ്തകം നടക്കുന്നത്. ആ കാലഘട്ടത്തിന്റെ സൂചനയെന്നോണം ഒരു യെല്ലോ കളർ ടോൺ ആണ് സിനിമയിൽ ഉടനീളം ഉള്ളത്. ഭീഷമയിലാകട്ടെ, പച്ചയും മഞ്ഞയും കലർന്ന് ഒരു വിന്റേജ് ഫീൽ തോന്നിപ്പിക്കുന്ന വാം കളറാണ് ഉപയോഗിച്ചിരിക്കുന്നത്.

എക്സ്ട്രീം വൈഡ് ഷോട്ടുകളിലൂടെയും ടോപ് ആംഗിൾ വിഷ്വലിലൂടെയും മൂന്നാറിന്റെ മലനിരകളെ അതിന്റെ ഏറ്റവും മനോഹാരിതയിൽ ഒപ്പിയെടുത്തിട്ടുണ്ട് അമൽ നീരദ്. സിനിമയുടെ കഥാപാത്രങ്ങളെയും ആ പശ്ചാത്തലത്തെയും മറ്റൊരു കഥാപാത്രത്തിന്റെ വോയിസ് ഒവറുകളിലൂടെ അവതരിപ്പിക്കുന്നതും ഒരു അമൽ നീരദ് സ്റ്റൈൽ ആണ്.

ബിഗ് ബിയിൽ ബിലാലിനെയും മേരി ടീച്ചറിന്റെ മറ്റു മക്കളെയും പരിചയപ്പെടുത്തുന്നത് വിജയരാഘവന്റെ കഥാപാത്രമാണ്. ഭീഷ്മയിൽ അഞ്ഞൂറ്റി കുടുംബത്തിന്റെ എല്ലാ വിവരങ്ങളും പ്രേക്ഷകർക്ക് നൽകുന്നത് ആദ്യത്തെ ഓട്ടോ ഡ്രൈവറുടെ സംഭാഷണത്തിലൂടെയാണ്.

അമൽ നീരദിന്റെ ടെക്‌നിക്കുകൾ

ചെക്കോവ്സ് ഗൺ എന്ന സിനിമാറ്റിക് പ്രിൻസിപ്പലിനെ വളരെ മികച്ചതായി അമൽ വരത്തനിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു എലമെന്റ് കഥയുടെ ഫസ്റ്റ് ആക്റ്റിൽ കാണിച്ചിട്ടുണ്ടെങ്കിൽ അത് തേർഡ് ആക്റ്റിനുള്ളിൽ ഉപയോഗിച്ചിരിക്കണമെന്നതാണ് ഈ നിയമം. വരത്തനിൽ എബിയും പ്രിയയും ആദ്യമായി എസ്റ്റേറ്റിൽ എത്തുമ്പോൾ അവിടെ തോക്ക്, നൈറ്റ് വിഷൻ ഗോഗിൾസ്, വീടിനുള്ളിലെ ബയോഗ്യാസ് പ്ലാന്റ് എന്നിവ പ്രേക്ഷകർ കാണിച്ചുകൊടുക്കുന്നുണ്ട്. ഓരോന്നിനും ക്ലൈമാക്സിൽ കൃത്യമായ പേ ഓഫ് നടക്കുന്നുണ്ട്.

മെക്സിക്കൻ സ്റ്റാൻഡ്ഓഫ് എന്ന വളരെ പ്രശസ്തമായ കോൺസെപ്റ്റിനെ അമൽ നീരദ് പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയിൽ മനുവിനെ കൂട്ടിക്കൊണ്ടു പോകാൻ റൊസാരിയോ ബ്രദർസിന്റെ പക്കൽ എത്തുമ്പോൾ അവിടെ ഒരു മെക്സിക്കൻ സ്റ്റാൻഡ് ഓഫ് അമൽ പ്ലേസ് ചെയ്തിട്ടുണ്ട്. ബാച്ചിലർ പാർട്ടിയിലും ഇതേ മെക്സിക്കൻ സ്റ്റാൻഡ് ഓഫ് അമൽ ഉപയോഗിക്കുന്നുണ്ട്.

Content Highlights: filmmaking techniques in amal neerad films

dot image
To advertise here,contact us
dot image