ആളുകൂടിയ സ്ഥലത്ത് പോകാൻ മടിക്കുന്ന, ഇൻട്രോവേർട്ട് ആയ ഒരു പയ്യൻ, ഭാവിയിൽ ബിസിനസുകാരനായി ഒതുങ്ങി ജീവിക്കാൻ ആഗ്രഹിച്ച ഒരു വ്യക്തി. സിനിമാക്കാരനായ തന്റെ വല്യച്ഛന്റെ നിർബന്ധം കാരണം ഒരു അഭിനയ പഠനക്ലാസിന് പോയി ചേർന്നു. തെന്നിന്ത്യയിലെ നിരവധി നടന്മാരെ അഭിനയം പഠിപ്പിച്ച സത്യനാഥിന്റെ അഭിനയ കളരിയിലായിരുന്നു ആ പയ്യൻ ചേർന്നത്.
പല രീതിയിൽ ട്രെയിൻ ചെയ്യിപ്പിച്ചിട്ടും ഈ പയ്യൻ മാത്രം ശരിയാവുന്നില്ല. പ്രണയരംഗങ്ങളിൽ നാണംകുണുങ്ങുന്ന, ഫൈറ്റ് രംഗങ്ങൾ ചെയ്യാൻ പേടിയുള്ള, അഭിനയിക്കാൻ പറയുമ്പോൾ സങ്കോചത്തോടെ ഇരിക്കുന്ന ഒരു പയ്യൻ. സിനിമാ കുടംബത്തിലെ നിരവധി പേരെ മികച്ച അഭിനേതാക്കളാക്കി മാറ്റിയ സത്യനാഥിന് ഈ ചെറുപ്പക്കാരനിൽ ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല.
പക്ഷെ ശേഷം കഥ നടന്നത് സ്‌ക്രീനിലായിരുന്നു… വർഷങ്ങൾക്ക് ശേഷം ആ ഇൻട്രോവേർട്ട് പയ്യൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായി. ആദ്യത്തെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായി. ആയിരം കോടിയെന്ന മാജിക് സംഖ്യ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തി.ആരാധകർ റിബൽ സ്റ്റാറെന്നും ഡാർലിങ് എന്നും സ്നേഹത്തോടെ വിളിക്കുന്ന ഉപ്പലപതി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്ന പ്രഭാസ് ആയിരുന്നു ആ താരം.
1979 ഒക്ടോബർ 23 തെലുങ്ക് സിനിമാനിർമാതാവായ സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്നാമത്തെ മകനായിട്ടാണ് പ്രഭാസ് ജനിക്കുന്നത്. അക്കാലത്ത് തെലുങ്കിൽ റിബൽ സ്റ്റാർ എന്ന് വിളിച്ചിരുന്ന കൃഷ്ണം രാജു പ്രഭാസിന്റെ അച്ഛന്റെ സഹോദരനായിരുന്നു. പൊതുവെ ഇൻട്രോവേർട്ട് ആയിരുന്നു പ്രഭാസിന് സിനിമയിൽ വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. ചെന്നൈയിലും ഹൈദരാബാദിലുമായി നടന്ന സ്‌കൂൾ വിദ്യഭ്യാസത്തിന് ശേഷം എഞ്ചിനീയറിങിൽ അദ്ദേഹം ബിരുദമെടുത്തു.
നല്ല ഭക്ഷണപ്രിയനായ പ്രഭാസിന് ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷെ സിനിമയിൽ എന്തായാലും ഒന്ന് ട്രൈ ചെയ്യാനുള്ള വല്ല്യച്ഛൻ കൃഷ്ണം രാജുവിന്റെ നിർബന്ധത്തിനെ തുടർന്നാണ് അദ്ദേഹം അഭിനയക്ലാസിന് ചേരുന്നത്. 2002 ൽ പ്രഭാസിനോട് സുകുമാർ ഒരു കഥ പറഞ്ഞെങ്കിലും അദ്ദേഹത്തിന് അതത്ര വർക്കായില്ല. അല്ലു അർജുൻ നായകനായി എത്തിയ ആര്യയായിരുന്നു ആ ചിത്രം.
ഈശ്വർ ആണ് പ്രഭാസിന്റെതായി ആദ്യമായി തിയേറ്ററിൽ എത്തിയ ചിത്രം. എന്നാൽ ആ സിനിമ ബോക്സോഫീസിൽ വീണു. രണ്ട് വർഷങ്ങൾക്ക് ശേഷം 2004 ലാണ് ആദ്യമായി പ്രഭാസിന് ഒരു ഹിറ്റ് ലഭിച്ചത്. ശോഭൻ സംവിധാനം ചെയ്ത വർഷം എന്ന ചിത്രമായിരുന്നു ഇത്. തെലുങ്കിൽ വർഷം വൻ ഹിറ്റായതോടെ പ്രഭാസ് തെലുങ്ക് ഇൻഡസ്ട്രിയിലെ ജനപ്രിയ താരമായി മാറി.
ഇതിനിടെ പ്രഭാസിനോട് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ കഥ പറയാൻ ഒരു സംവിധായകൻ എത്തി. എന്നാൽ അയാളെ പ്രഭാസിന് അത്ര ബോധിച്ചില്ല. പക്ഷെ സിംഹാദ്രി എന്ന ആ ചിത്രം റിലീസ് ആയപ്പോഴായിരുന്നു താൻ ചെയ്ത മിസ്റ്റേക് പ്രഭാസിന് മനസിലായത്. പിന്നീട് ഒരു പരിപാടിയിൽ വച്ച ആ സംവിധായകനോട് മറ്റേതെങ്കിലും കഥകൾ തനിക്ക് വേണ്ടിയുണ്ടോയെന്ന് പ്രഭാസ് ചോദിച്ചു. എസ് എസ് രാജമൗലിയായിരുന്നു ആ സംവിധായകൻ. അങ്ങനെ ഛത്രപതിയെന്ന പ്രഭാസിന്റെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്ന് സംഭവിച്ചു.
പിന്നീട് ഇടയ്ക്ക് വിജയങ്ങളും ഇടയ്ക്ക് പരാജയങ്ങളുമായി പ്രഭാസിന്റെ കരിയർ മുന്നോട്ട് പോയി. ഈ സമയത്താണ് ബില്ല, യോഗി, പൗർണമി, ബുജ്ജിഗഡു തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി എത്തുന്നത്. ഏറെ പ്രതീക്ഷകളോടെ 2012ൽ എത്തിയ പ്രഭാസിന്റെ റിബൽ ബോക്സോഫീസിൽ പരാജയമായി. എന്നാൽ തൊട്ടടുത്ത വർഷം റിലീസ് ആയ മിർച്ചി വിജയിച്ചു. 2013ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ചിത്രത്തിലെ അഭിനയത്തിന് പ്രഭാസിന് ആ വർഷത്തെ നന്ദി പുരസ്‌കാരവും ലഭിച്ചു.
ഇതിനിടെയാണ് രൗജമൗലി വീണ്ടും പ്രഭാസിന് അടുത്തെത്തുന്നത്. തന്റെ മനസിൽ ഒരാശയമുണ്ടെന്നും പക്ഷേ ആ ചിത്രത്തിനായി വർഷങ്ങൾ തന്നെ തനിക്കായി മാറ്റിവേക്കേണ്ടി വരുമെന്നും രാജമൗലി പറഞ്ഞു. അഞ്ച് വർഷം താൻ ഈ ചിത്രത്തിനായി രാജമൗലിക്ക് തരാമെന്നും പകരം അടുത്ത പത്ത് വർഷം തന്റെ പേര് ഇന്റസ്ട്രിയിൽ ഈ സിനിമയുടെ പേരിൽ അറിയപ്പെടുമെന്ന് ഉറപ്പു നൽകാമോയെന്നുമായിരുന്നു പ്രഭാസ് നൽകിയ മറുചോദ്യം. ആ സംഭാഷണത്തിനൊടുവിലാണ് ബാഹുബലിയെന്ന ഇന്ത്യൻ സിനിമയിലെ അത്ഭുതം പിറന്നത്. 2015 ലെ ബാഹുബലി ഒന്നാം ഭാഗവും 2017 ലെ ബാഹുബലി രണ്ടാം ഭാഗവും പ്രഭാസിനും ഇന്ത്യൻ സിനിമയ്ക്കും പുതിയ വഴിത്തിരിവായി. 1500 കോടിയെന്ന മാന്ത്രിക സംഖ്യയിലേക്ക് ബാഹുബലി എത്തി. ഇന്ത്യയ്ക്ക് പുറത്തും പ്രഭാസ് എന്ന താരം അറിയപ്പെട്ടു തുടങ്ങി.
സ്വാഭാവികമായും, പ്രഭാസിന്റെ തൊട്ടടുത്ത ചിത്രം സാഹോ വൻ പ്രതീക്ഷകളോടെയായിരുന്നു എത്തിയത്. എന്നാൽ ആദ്യ ഷോയിൽ തന്നെ ചിത്രത്തിന് മോശം അഭിപ്രായം വന്നു തുടങ്ങി. പിന്നീട് എത്തിയ രാധേശ്യാമിനും ഇതു തന്നെയായിരുന്നു അവസ്ഥ. പ്രഭാസിന്റെ ബാഹുബലി ഒറ്റത്തവണ അത്ഭുതമായിരുന്നെന്നും രാജമൗലിയില്ലാതെ പ്രഭാസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പലരും വിധിയെഴുതി. ഏറെ പ്രതീക്ഷകളോടെ എത്തിയ ആദിപുരുഷ് സമാനതകൾ ഇല്ലാത്ത വിമർശനങ്ങൾ പ്രഭാസിന് നേടികൊടുത്തു. ചിത്രത്തിലെ പ്രഭാസിന്റെ രൂപവും ആദിപുരുഷിലെ മോശം ഗ്രാഫിക്സും ഒരു ദയാദാക്ഷിണ്യവുമില്ലാതെ വിമർശിക്കപ്പെട്ടു.
ഇനിയൊരു തിരിച്ചുവരവ് പ്രഭാസിന് ഉണ്ടാവില്ലെന്ന് വിമർശകർ വിലയിരുത്തി. ട്രോൾ പേജുകളിൽ ആദി പുരുഷ് മീമുകൾ നിറഞ്ഞു. കെജിഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ ആയിരുന്നു പിന്നീട് പ്രഭാസിന്റെതായി തിയേറ്ററുകളിൽ എത്തിയത്. അത്രയേറെ വിമർശനങ്ങൾ ഉണ്ടായിട്ടും അതൊന്നും ബുക്കിങ്ങിനെ ബാധിച്ചില്ല. തെന്നിന്ത്യയിലെമ്പാടും ആവേശകരമായ ബുക്കിങ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തി. 270 കോടി മുടക്കിയ ചിത്രം 700 കോടിയോളം ബോക്സോഫീസിൽ നിന്ന് നേടി. എന്നാൽ അത് വരാൻ പോകുന്നതിന്റെ സാമ്പിൾ മാത്രമായിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി ആയിരുന്നു പ്രഭാസിന്റേതായി പിന്നീട് എത്തിയത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയവർ അഭിനയിച്ച ചിത്രം ആയിരം കോടിയിലധികമാണ് ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. അക്ഷരാർത്ഥത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിരുന്നു ഇത്.
സലാറിന്റെയും കൽക്കിയുടെയും രണ്ടാം ഭാഗങ്ങൾ ഇനിയും വരാനുണ്ട്. രാജാ സാഹേബ് എന്ന റൊമാന്റിക് കോമഡി ഹൊറർ ചിത്രമാണ് പ്രഭാസിന്റെതായി ഒരുങ്ങുന്ന അടുത്ത ചിത്രം. ഇന്ന് ഒരു തെലുങ്ക് സിനിമ താരം എന്നതിനുപരിയായി പാൻ ഇന്ത്യൻ സൂപ്പർ താരമാണ് ഇന്ന് പ്രഭാസ്. ഇന്ത്യൻ സിനിമയ്ക്ക് സ്വപ്നം പോലും കാണാൻ സാധിക്കാതിരുന്ന വിജയം മൂന്നിലധികം തവണ സ്വന്തമാക്കിയ പ്രഭാസിന് ഇനിയും ബോക്സോഫിസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. വെള്ളിത്തിരയിലെ ആ റിബൽ മാജിക് എന്തായിരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
Contnet Highlights: life story of Real Pan Indian Super Star Prabhas