പ്രഭുവിന്റെ മക്കൾ മുതൽ അജയന്റെ രണ്ടാം മോഷണം വരെ; മലയാള സിനിമയിൽ 12 വർഷം തികച്ച് ടൊവിനോ തോമസ്

2012 ഒക്ടോബർ 26 നാണ് ടൊവിനോ ആദ്യമായി അഭിനയിച്ച പ്രഭുവിന്റെ മക്കൾ എന്ന ചിത്രം റിലീസ് ചെയ്യുന്നത്.

dot image

ആൾക്കൂട്ടത്തിനിടയിൽ നിന്ന് നടന്നുവരുന്ന ഒരു ചെറിയ കഥാപാത്രം, അവിടെ നിന്ന് വില്ലനും സഹനടനും നായകനും സൂപ്പർ താരവുമായി മാറുക. ടൊവിനോ തോമസ് എന്ന നടൻ മലയാള സിനിമയില്‍ പന്ത്രണ്ട് വർഷം കൊണ്ട് നടന്നു തീർത്ത വഴികളാണിത്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിൽ തുടങ്ങി അമ്പതാം ചിത്രമായ അജയന്റെ രണ്ടാം മോഷണം വരെയാണ് ടൊവിനോയുടെ കരിയർ എത്തി നിൽക്കുന്നത്.

ഒരുപാട് കളിയാക്കലുകൾക്കും അപമാനങ്ങൾക്കും തടസങ്ങൾക്കും ഒടുവിലാണ് ടൊവിനോ തോമസ് എന്ന നടൻ ജനിക്കുന്നതും സിനിമയിൽ ഉയരങ്ങള്‍ കീഴടക്കിയതും. 2012 ഒക്ടോബർ 26 നാണ് ടൊവിനോ ആദ്യമായി അഭിനയിച്ച പ്രഭുവിന്റെ മക്കൾ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചെഗുവേര സുചീന്ദ്രൻ എന്ന റോളിലായിരുന്നു ടൊവി ചിത്രത്തില്‍ അഭിനയിച്ചത്.

Tovino Thomas First Movie Poster

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി നോക്കുകയായിരുന്ന ടൊവിനോ ഏറെ പരിശ്രമങ്ങൾക്കൊടുവിലായിരുന്നു സിനിമയിൽ എത്തിയത്. സിനിമയ്ക്കായി ജോലി രാജി വെക്കുന്ന കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അച്ഛൻ അടക്കമുള്ളവർ സമ്മതിച്ചിരുന്നില്ല. പിന്നീട് ചേട്ടന്റെ പിന്തുണയോടെയാണ് ടൊവിനോ അച്ഛനെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയതും സിനിമയ്ക്കായി പരിശ്രമിച്ച് തുടങ്ങിയതും.

ടൊവിനോയ്ക്ക് സിനിമയാണ് ആഗ്രഹമെങ്കിൽ അവനത് ചെയ്യട്ടെയെന്നായിരുന്നു ചേട്ടന്റെ നിലപാട്. ഒടുവിൽ ഒരു വർഷം സിനിമയ്ക്ക് വേണ്ടി പരിശ്രമിക്കാനും ശരിയായില്ലെങ്കിൽ തിരികെ വന്ന് ജോലിക്ക് കയറാനുമായിരുന്നു ടൊവിനോയോട് പിതാവ് പറഞ്ഞത്. ഇതിനിടയില്‍ സുഹൃത്ത് രൂപേഷ് പീതാംബരന്റെ തീവ്രം എന്ന സിനിമയിൽ സഹസംവിധായകനായും ടൊവിനോ പ്രവർത്തിച്ചു.

പിന്നീട് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിൽ യുവരാഷ്ട്രീയക്കാരനായ അഖിലേഷ് ആയി ടൊവിനോ എത്തി. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ടൊവിനോയ്ക്ക് കൂടുതൽ സിനിമകൾ കിട്ടി തുടങ്ങി. മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ കൂതറ, രൂപേഷ് പീതാംബരന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ യു ടൂ ബ്രൂട്ടസ്, മാർട്ടിൻ പ്രക്കാട്ടിന്റെ ദുൽഖർ ചിത്രം ചാർളി, പൃഥ്വിരാജ് നായകനായ 7 ത് ഡെ എന്നീ ചിത്രങ്ങളിലും ടൊവിനോ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ടൊവിനോ പൃഥ്വിരാജിന്റെ ശ്രദ്ധയിൽപ്പെടുകയും ആർ.എസ് വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിൽ പെരുമ്പറമ്പിൽ അപ്പു എന്ന കഥാപാത്രം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.

ടൊവിനോയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായി ഈ ചിത്രം മാറി. ഇതിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആദ്യ ഫിലിംഫെയർ അവാർഡും ടൊവിനോ നേടി. തൊട്ടുപുറകെ എത്തിയ ഗപ്പി എന്ന ചിത്രം ഒരു താരമെന്ന രീതിയിൽ ടൊവിനോയെ വളർത്തി.

ഉണ്ണി മുകുന്ദൻ നായകനായ സ്റ്റൈൽ എന്ന ചിത്രത്തിലെ വില്ലൻ വേഷവും ടൊവിനോയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തു.

Tovino Thomas Pic In Ennu Ninte Moideen Movie

2017 ൽ എത്തിയ 'മെക്സിക്കൻ അപാരത' ആയിരുന്നു അതുവരെ നായകനായ ചിത്രങ്ങളില്‍ വെച്ച് ടൊവിനോയുടെ ഏറ്റവും വലിയ വിജയചിത്രമായത്. അതേവർഷം ഇറങ്ങിയ ഗോദ, മായാനദി എന്നീ ചിത്രങ്ങളും ഏറെ ഹിറ്റായി. 2018ല്‍ ധനുഷ് നായകനായ മാരി 2 വിൽ വില്ലനായും ടൊവിനോ അഭിനയിച്ചിരുന്നു. ഇതിനിടെയാണ് കേരളത്തിൽ നൂറ്റാണ്ടിന്റെ പ്രളയമെന്ന് വിശേഷിപ്പിക്കാവുന്ന മഹാപ്രളയം ഉണ്ടായത്. ഇത് ടൊവിനോയുടെ മായാനദി സിനിമ റിലീസ് ചെയ്തത് കൊണ്ടാണെന്ന തരത്തിൽ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇതിനിടെ രക്ഷപ്രവർത്തനത്തിന് ഇറങ്ങിയ ടൊവിനോയ്ക്കെതിരെ സൈബർ ആക്രമണവും നടന്നു. ടൊവിനോ സിനിമയുടെ പ്രെമോഷന് വേണ്ടിയാണ് ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതെന്നും ഷോ ഓഫ് ആണെന്നുമെല്ലാമായിരുന്നു പ്രചരണം. താൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെയെന്ന് മനസിലാവുന്നില്ലെന്നും, തന്റെ സിനിമകൾ കണ്ടില്ലെങ്കിലും പ്രശ്നമില്ലെന്നും ടൊവിനോയ്ക്ക് പറയേണ്ടിയും വന്നു.

എന്നാൽ വർഷങ്ങൾക്ക് ശേഷം അതേ പ്രളയ കഥ പറഞ്ഞ 2018 എന്ന ചിത്രത്തിൽ നായകനായ ടൊവിനോ മലയാള സിനിമയ്ക്ക് 200 കോടി രൂപ നേടികൊടുക്കുകയും ചെയ്തു. സിനിമ കരിയറിൽ 2021 ടൊവിനോയെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു. നിർമ്മാതാവ് കൂടിയായി എത്തിയ കള, സൂപ്പർ ഹീറോ ആയി എത്തിയ മിന്നൽ മുരളി, കാണെകാണെ തുടങ്ങിയ ചിത്രങ്ങൾ ഈ വർഷമായിരുന്നു റിലീസ് ചെയ്തത്. അടുത്ത വര്‍ഷമിറങ്ങിയ ഡിയര്‍ ഫ്രണ്ടും വാശിയും തിയേറ്ററുകളില്‍ വിജയമായില്ലെങ്കിലും ടൊവിനോയുടെ പ്രകടനവും തിരക്കഥാ തെരഞ്ഞെടുപ്പും കയ്യടി നേടി.

Tovino Thomas

കരിയറിൽ ടൊവിനോ നേരിട്ട വിമർശനങ്ങളിൽ ഒന്ന് ഡാൻസ് കളിക്കാൻ സാധിക്കില്ല എന്നതായിരുന്നു. എന്നാൽ 2022 ൽ റിലീസ് ചെയ്ത തല്ലുമാല എന്ന ചിത്രത്തിലൂടെ ടൊവിനോ ഇത്തരം വിമർശനങ്ങളെ കാറ്റിൽ പറത്തി. ഏറ്റവുമൊടുവിൽ തന്റെ അമ്പതാം ചിത്രമായ അജയന്റെ രണ്ടാം മോഷണവും വിമർശകർക്കുള്ള മറുപടിയായിരുന്നു. അജയൻ, മണിയൻ, കേളു നമ്പ്യാർ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റോളുകളിലായിരുന്നു ചിത്രത്തിൽ ടൊവിനോ അഭിനയിച്ചത്. ഒരേ പാറ്റേണിലുള്ള അഭിനയമേ സാധിക്കൂ എന്ന വിമര്‍ശനത്തിന്‍റെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ നടന്‍‌ പുറത്തെടുത്തത്.

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായി മാറി. കരിയറിലെ ആദ്യ സോളോ 100 കോടിയെന്ന ഖ്യാതിയും എ.ആര്‍.എം ടൊവിനോയ്ക്ക് നല്‍കി. ഐഡന്റിറ്റി എന്ന ചിത്രമാണ് ടൊവിനോയുടെതായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. ഇതിന് പുറമെ 'ലൂസിഫറി'ന്‍റെ തുടർച്ചയായ എമ്പുരാനിലും ടൊവിനോ തോമസ് അഭിനയിക്കുന്നുണ്ട്.

Content Highlight : A short look back into Tovino Thomas's career as he completes 12 years in Malayalam cinema

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us