മലയാള സിനിമയുടെ തുടക്കകാലം മുതൽക്കേ വില്ലന്മാർ ഇങ്ങനെയാവണം എന്ന ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണയെ തകർത്ത് കൊണ്ടാണ് ആയ ഉമ്മർ വില്ലനായെത്തിയത്. അക്കാലത്ത് ഇത് അക്കാലത്ത് പൊതുബോധത്തെ വല്ലാതെ ആക്രമിക്കുന്ന ഒന്നായിരുന്നു. എക്കാലത്തെയും 'സുന്ദര'നായ വില്ലൻ എന്ന പേര് കെ പി ഉമ്മറെന്ന നടനല്ലാതെ മറ്റാർക്കാണ് ചേരുക! കെ പി ഉമ്മർ അനശ്വരമാക്കിയ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നാഴികക്കല്ല് തീർത്തവയാണ് എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. കോഴിക്കോട് കുറ്റിച്ചിറക്കാരനായ ഉമ്മർ നാല് പതിറ്റാണ്ട് കാലയളവിൽ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ മറക്കാൻ കഴിയാത്തതാണ്.
സ്റ്റേജ് വളർത്തിയ നടൻ
ചെറുപ്പം മുതലേ അഭിനയത്തോട് അഭിനിവേശമായിരുന്നു കെ പി ഉമ്മറിന്. വളരെയധികം എതിർപ്പുകളുണ്ടായിരുന്നിടത്ത്, അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് അമച്ച്വർ നാടകങ്ങളിൽ ഉമ്മർ എത്തുന്നത്. അക്കാലത്തെ നാടക വേദികളിലെ താരമായിരുന്നു ഉമ്മർ.
'ഞാൻ ഒരു തനി യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തിൽ നിന്നുവന്നയാളാണ്. അവിടെ കല എന്നു കേട്ടാൽ അപ്പോൾ വാളെടുക്കും. എം എസ് എ ഡ്രാമാറ്റിക് അസോസിയേഷൻ എന്ന ഞങ്ങളുടെ ആ ഭാഗത്തുള്ള മുസ്ലിം അസോസിയേഷനിൽ നാടകം കളിക്കാൻ ഒരു നായികയെ വേണമായിരുന്നു. അങ്ങനെ എന്നെ നായികയായി തിരഞ്ഞെടുത്തു. അങ്ങനെ തുടങ്ങി… സ്റ്റേജ് ആണ് എന്റെ സ്കൂൾ. സ്റ്റേജ് ആണ് എനിക്ക് അഭിനയ സമ്പന്നത എന്ന ബിരുദം നൽകിയത്.' - കെപി ഉമ്മർ
ടി എൻഎം ആലിക്കോയയുടെ 'ആരാണ് അപരാധി' എന്ന നാടകത്തിലാണ് ഉമ്മർ ആദ്യമായി മുഖത്ത് ചായമിടുന്നത്. ജമീല എന്ന സ്ത്രീ കഥാപാത്രത്തെ ഉമ്മർ അന്ന് വേദിയിൽ അവതരിപ്പിക്കുമ്പോൾ അഭിനയിച്ച് തകർക്കുന്ന ആ സ്ത്രീ ഒരു പുരുഷനായിരുന്നു എന്ന് കാണികൾ അറിഞ്ഞിരുന്നില്ല.
16 വയസിൽ 60 കാരനെ അവതരിപ്പിച്ചു, പിന്നീട് വെള്ളിത്തിരയിലേക്ക്
നാടകത്തിൽ നിന്ന് സിനിമയിലേക്കുള്ള ഉമ്മറിന്റെ യാത്രയ്ക്ക് പിന്നിൽ തന്നെ മെരുക്കിയെടുത്ത നാടകമുണ്ടായിരുന്നു. കെ ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തിലൂടെയാണ് ഉമ്മറിലെ കലകാരനെ നാട് അറിയാൻ തുടങ്ങുന്നത്. അക്കാലത്ത് വമ്പിച്ച വിജയം കണ്ട നാടകം എന്ന് വിശേഷിപ്പിക്കാം 'ഇത് ഭൂമിയാണ്' എന്ന നാടകത്തെ. അന്ന് 16,17 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഉമ്മർ അഭിനയിച്ചത് 60 വയസുള്ള ഒരു ഹാജിയാരായാണ്.
പ്രായത്തെ വെല്ലുന്ന ഉമ്മറിന്റെ ഉജ്ജ്വല പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു 60 കാരന്റെ ശരീര ഭാഷയും സംസാരത്തിലെ നീട്ടലും കുറുക്കലും ഇത് ഒരു 16കാരനെന്ന് കാണികളെ ഒരുഘട്ടത്തിലും തോന്നിപ്പിച്ചതേയില്ല, അവരത് വിശ്വസിച്ചതേയില്ല എന്ന് ഒരിക്കൽ ഒരഭിമുഖത്തിൽ ഉമ്മറിന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി ഇത് ഭൂമിയാണ് എന്ന നാടകം 500-ലധികം തവണയാണ് അവതരിപ്പിക്കപ്പെട്ടത്. ഈ നാടകം തന്നെയാണ് ഉമ്മറിനെ സിനിമയിലേക്ക് എത്തിക്കുന്നത്. പുതിയ ആകാശം പുതിയ ഭൂമി’, ‘ശരശയ്യ’, ‘അശ്വമേധം’ തുടങ്ങി ഒരു പിടി നാടകങ്ങളിൽ ഉമ്മർ സജീവമായി. ഹാജിയാരുടെ അരങ്ങിലെ പ്രകടനം കണ്ടിഷ്ടപ്പെട്ട ഭാസ്കരൻ മാഷ് 1956 ൽ 'രാരിച്ചൻ എന്ന പൗരൻ' എന്ന സിനിമയിലേക്ക് ഉമ്മറിന് ഒരു വേഷം നൽകുന്നതിലൂടെ കെ പി ഉമ്മർ എന്ന നടൻ മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു. ആദ്യ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് ‘സ്വർഗ്ഗരാജ്യം’, ‘ഉമ്മ’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം വീണ്ടും നാടകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
കെ പി എ സിയിൽ സജീവമായി തുടരുന്ന കാലത്താണ് സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തി 1965 ൽ എം ടി ‘മുറപ്പെണ്ണ്’ എന്ന സിനിമയിലേക്ക് ഉമ്മർ എത്തുന്നത്. സിനിമ ശ്രദ്ധനേടി. 1966 ൽ പുറത്തിറങ്ങിയ ‘കരുണ' കൂടി എത്തിയതോടെ ഉമ്മറിന്റെ കരിയർ മാറിമറിയാൻ തുടങ്ങി. കരുണയിലെ ഉപഗുപ്തൻ ഉമ്മറിന് വീണ്ടും വേഷങ്ങൾ ലഭിക്കാൻ കാരണമായി.
വില്ലൻ, സുന്ദരനായ വില്ലൻ
വില്ലൻ വേഷം എന്നാൽ ഉമ്മർ, അതായിരുന്നു ഒരിടയ്ക്ക് മലയാള സിനിമ. വെറും വില്ലനല്ല, മലയാളത്തിലെ സുന്ദരനായ വില്ലൻ എന്ന പരിവേഷം കെ പി ഉമ്മറിന് മാത്രം അവകാശപ്പെട്ടതായി. 'നഗരമേ നന്ദി'യിലെ വില്ലൻ കഥാപാത്രമാണ് അദ്ദേഹത്തിന് തുടർച്ചയായി വില്ലൻ വേഷങ്ങൾ ലഭിക്കാൻ കാരണമായത്. പിന്നീട് പ്രേം നസീറിന്റെ സ്ഥിരം പ്രതിനായകനായി ഉമ്മർ അവരോധിക്കപ്പെട്ടു. ഇതിനിടെ 'ഡിറ്റക്ടീവ് 909 കേരളത്തിൽ' എന്നൊരു ചിത്രത്തിൽ നായകനായി അഭിനയിച്ചെങ്കിലും ചേരുന്നത് വില്ലൻ വേഷം തന്നെയെന്ന് പ്രേക്ഷകരും വിധിയെഴുതി. ഐ വി ശശിയുടെ 'ഉത്സവ'മാണ് വില്ലൻ കഥാപാത്രങ്ങളിൽ നിന്നും ഉമ്മറിന് മോചനം നേടിക്കൊടുത്തത്. വില്ലനായി തന്നെ ടൈപ്പ്കാസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഉമ്മർ തന്നെ സ്വയം പുറത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ക്യാരക്ടർ റോളുകൾ തനിക്ക് നന്നായി കൈകാര്യം ഇണങ്ങുമെന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങൾ പിന്നീട് പുറത്തിറങ്ങി. 'തോക്കുകൾ കഥ പറയുന്നു', 'കരുണ', 'കാർത്തിക', 'ഭാര്യമാർ സൂക്ഷിക്കുക', 'കടൽപ്പാലം', 'മൂലധനം', 'രക്തപുഷ്പം', 'വിരുന്നുകാരി', 'തച്ചോളി മരുമകൻ ചന്തു', 'അരക്കള്ളൻ മുക്കാക്കള്ളൻ', 'ആലിബാബയും 41 കള്ളന്മാരും', '1921' തുടങ്ങിയ ചിത്രങ്ങളെല്ലാം ഉദാഹരണങ്ങളാണ്. സീരിയസ് റോളുകൾ മാത്രമല്ല കോമഡിയും അസാധ്യമായി തനിക്ക് വഴങ്ങും എന്ന് 'കാര്യം നിസാരം' എന്ന സിനിമയിലൂടെ കെ പി ഉമ്മർ കാട്ടിത്തന്നു.
അവാർഡ് നിരസിക്കാൻ മടിയില്ലാത്ത ഉമ്മർ
സിനിമയിൽ വില്ലനായപ്പോഴും യഥാർത്ഥ ജീവിതത്തിൽ കറ കളഞ്ഞ പച്ചയായ പരോപകാരിയായ, സ്നേഹ സമ്പന്നനായ ഉമ്മറെന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ കുറിച്ച് പറയുന്നത്. നിഷ്കളങ്കനാണെങ്കിലും തന്റെ നിലപാടുകൾ മറയില്ലാതെ എവിടെയും തുറന്നു സംസാരിക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
നാലു പതിറ്റാണ്ട് മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടും അംഗീകാരം കിട്ടാത്തതിനെക്കുറിച്ച് ഉമ്മർ പറഞ്ഞതായി ഉമ്മറിന്റെ ബന്ധുവും കെ പി ഉമ്മർ ഓർമപുസ്തകത്തിന്റെ എഡിറ്ററുമായ എ വി ഫർദിസ് പറഞ്ഞതിങ്ങനെ,
'ഞങ്ങളുടെ മുന്നിൽ നിന്ന് ഡയലോഗ് പറയുമ്പോൾ വിറച്ചുനിന്ന പയ്യന് അവന്റെ അച്ഛന്റെ രാഷ്ട്രീയസ്വാധീനം മൂലം വർഷങ്ങൾക്കുമുൻപ് നല്ല നടനുള്ള അവാർഡ് നൽകിയിരുന്നു. ഇതേതുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ഞാൻ എഴുതി, എനിക്ക് സർക്കാരിന്റെ അവാർഡ് വേണ്ടെന്ന്. പിന്നീട് എന്നെ അവാർഡിന് പരിഗണിക്കുമ്പോൾ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ എന്റെ കത്തെടുത്ത് അവരെ കാണിക്കുമത്രേ. അങ്ങനെ സ്ഥിരമായി അവാർഡ് നിരസിക്കാൻ കാത്തിരിക്കുന്ന ഒരാളായി എന്നെ ഉദ്യോഗസ്ഥർ മാറ്റി. ഒരു ജൂറി അംഗം പറഞ്ഞപ്പോഴാണ് പിന്നീട് ഞാനിതറിഞ്ഞത്.' -
എ വി ഫർദിസ്
അറുപതുകളുടെ തുടക്കത്തിൽ മലയാള സിനിമയിൽ അരങ്ങേറിയ നടൻ തൊണ്ണൂറുകളുടെ അവസാനം വരെ മലയാള സിനിമയെ സമ്പന്നമാക്കി. ഫാസിലിന്റെ ‘ഹരികൃഷ്ണൻസ്’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. 2001 ഒക്ടോബർ 29-നാണ് ആ അനശ്വര നടൻ അഭ്രപാളികളിൽ വേഷങ്ങൾ ബാക്കിയാക്കി മടങ്ങിയത്.
Content Highlights: Remembering KP Ummer on his 23rd death anniversary