'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ ദേവദൂതർ പാടി എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ഒരാളുടെ ട്രാൻസ്ഫോർമേഷൻ ആയിരുന്നു. ഗാനത്തിന്റെ താളത്തിനോട് ചേർന്ന് ആടിത്തിമിർക്കുന്ന കുഞ്ചാക്കോ ബോബൻ, അല്ല കൊഴുമ്മൽ രാജീവന്റെ പ്രകടനം. ചോക്ലേറ്റ് നായകനിൽ നിന്ന് കണ്ടാൽ പോലും പെട്ടെന്ന് തിരിച്ചറിയാത്ത കഥാപാത്രങ്ങളിലേക്കും പരുക്കൻ നായകനിലേക്കുമുള്ള കുഞ്ചാക്കോ ബോബന്റെ ചുവടുമാറ്റം. കരിയറിൽ പെട്ടെന്നൊരു ഗിയർ ഷിഫ്റ്റ് ചെയ്തത് പോലെ ഫാമിലി- ഫ്രണ്ട്‌ലി സിനിമകളിൽ മാത്രം തന്നെ തളച്ചിടാതെ 'ഇത് ആ പഴയ റൊമാന്റിക് നായകൻ തന്നെയാണോ, വിശ്വസിക്കാനാകുന്നില്ല' എന്ന് പ്രേക്ഷകരെ കൊണ്ട് ചോദിപ്പിക്കുന്ന ഇന്നത്തെ കുഞ്ചാക്കോ ബോബൻ വേർഷൻ 2.O.
കരിയറിന്റെ തുടക്കകാലത്ത് അയലത്തെ വീട്ടിലെ പയ്യൻ, റൊമാന്റിക് ഹീറോ പരിവേഷങ്ങളിൽ മാത്രം ഒതുക്കപ്പെട്ട കുഞ്ചാക്കോ ബോബൻ 2009 ൽ വി കെ പ്രകാശിന്റെ ഗുലുമാലിലൂടെ റീ എൻട്രി നടത്തിയത് ആ പഴയ ലേബലിലേക്ക് തിരിച്ചുപോകാൻ അല്ലായിരുന്നു. ഫാമിലി -ഫ്രണ്ട്‌ലി ആയ സിനിമകൾ ചെയ്യുമ്പോഴും അതിനൊപ്പം തന്റെ ഇമേജിനെ പൊളിച്ചുപണിയാനുള്ള ശ്രമം കുഞ്ചാക്കോ ബോബൻ പതിയെ നടത്തിയിരുന്നു. മലയാള സിനിമയുടെ മാറ്റാത്തിനൊത്ത് അദ്ദേഹത്തിലെ അഭിനേതാവും സഞ്ചരിച്ചു. ട്രാഫിക്കും സീനിയേഴ്സും ഗോഡ് ഫോർ സെയിലുമെല്ലാം ചാക്കോച്ചനിലെ അഭിനേതാവിന്റെ പുതിയ മുഖമായി. പ്രണയത്തിന്റെ മാത്രമല്ല പകയുടെയും പ്രതികാരത്തിന്റെയും രൗദ്ര ഭാവങ്ങൾ ആ മുഖത്ത് മികച്ചതായി പ്രതിഫലിക്കുമെന്ന് കുഞ്ചാക്കോ ബോബൻ തെളിയിച്ചു.
'റോമൻസ്', 'മല്ലു സിംഗ്', 'ഓർഡിനറി' തുടങ്ങി കൊമേർഷ്യൽ വിജയം നേടിയ സിനിമകളിൽ ഭാഗമാകുമ്പോഴും പുതുക്കിപ്പണിയാനുള്ള ഒരവസരവും കുഞ്ചാക്കോ ബോബൻ വിട്ടുകളഞ്ഞില്ല. 'വേട്ട'യിലെ മെൽവിൻ ഫിലിപ്പ് അതുവരെ വന്ന ചാക്കോച്ചൻ കഥാപാത്രങ്ങളുടെ യാതൊരു സാദൃശ്യവും ഇല്ലാത്ത വേഷപ്പകർച്ചയായിരുന്നു. 'വർണ്യത്തിൽ ആശങ്ക'യിലെ കൗട്ട ശിവനും 'അള്ള് രാമേന്ദ്ര'നിലെ രാമേന്ദ്രനും 'അഞ്ചാം പാതിര'യിലെ അൻവർ ഹുസ്സൈനും 'ചാവേറി'ലെ അശോകനുമെല്ലാം ഒരിക്കലും കുഞ്ചാക്കോ ബോബനിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളായി. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ നായകന്റെ യാതൊരു ബാധ്യതയുമില്ലാതെ ആ കഥയുടെ ഭാഗമായി മാറി, കുഞ്ചാക്കോ ബോബൻ. ടേക്ക് ഓഫും, അറിയിപ്പും, രാമന്റെ ഏദൻതോട്ടവുമെല്ലാം അത്തരം പരീക്ഷണങ്ങളായിരുന്നു.
പലപ്പോഴും മികച്ച സിനിമകളുടെ ഭാഗമാകുമ്പോഴും ബോക്സ് ഓഫീസിൽ റെക്കോർഡുകളുടെ പട്ടികയിൽ ഇടം പിടിക്കാൻ കുഞ്ചാക്കോ ബോബന് കുറച്ചധികം കാത്തിരിക്കേണ്ടിവന്നു. എന്നാൽ വൈകാതെ 'അഞ്ചാം പാതിര'യിലൂടെ അതിനെയും കുഞ്ചാക്കോ ബോബൻ പൊളിച്ചെഴുതി. അതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള പ്രീ റിലീസ് ഹൈപ്പും ആദ്യ ദിന തിരക്കുമെല്ലാം ആ ചിത്രത്തിലൂടെ ചാക്കോച്ചനും സ്വന്തമായി. അങ്ങനെ കരിയറിലെ ആദ്യ 50 കോടി നേട്ടത്തിലേക്ക് ചാക്കോച്ചൻ എത്തി. അതിന്റെ തുടർച്ചയായി ന്നാ താൻ കേസ് കൊടും വിജയിച്ചതോടെ കുഞ്ചാക്കോ ബോബന്റെ ഈ വേർഷനെ എല്ലാവരും സ്വീകരിച്ചു തുടങ്ങി.
പരാജയങ്ങൾ പിന്തുടരുമ്പോഴും സേഫ് സോണിന്റെ പിന്നാലെ പോകാതെ പരീക്ഷണങ്ങളിലേക്ക് തന്നെ വിട്ടുകൊടുക്കുന്നുണ്ട് കുഞ്ചാക്കോ ബോബനിലെ അഭിനേതാവ്. അതിന് ഉത്തമ ഉദാഹരണമാണ് 'ബോഗയ്ൻവില്ല'യിലെ റോയ്‌സ് തോമസ്. അമൽ നീരദിന്റെ സ്റ്റൈലിഷ് ഫ്രെയ്മിൽ കുഞ്ചാക്കോ ബോബൻ നടന്നുവരുമ്പോൾ അന്നത്തെ റൊമാന്റിക് നായകനിൽ നിന്ന് സ്റ്റൈലിഷ് ഹീറോയിലേക്കുള്ള അയാളുടെ മാറ്റം വ്യക്തമാണ്. അനിയത്തിപ്രാവിലെ സുധിയും നിറത്തിലെ എബിയുമെല്ലാം ഒരുകാലത്ത് പ്രേക്ഷക ഹൃദയം കീഴടക്കിയത് പോലെ ഇന്നും അയാളിലെ അഭിനേതാവ് അത്ഭുതപ്പെടുത്തുന്നു. ലുക്കിൽ മാത്രമല്ല വർക്കിലും ചാക്കോച്ചനിൽ അടിമുടി മാറ്റമുണ്ട്.
Content Highlights: the new version of Kunchacko Boban gets appreciation from audience