സമീപകാലത്തെ മോഹൻലാൽ സിനിമകളിൽ പലതിനും ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്. നേരിലെ വിജയമോഹനും ജയിലർ എന്ന സിനിമയിലെ കാമിയോയും ഒഴികെ ആരാധകർക്ക് ആഘോഷിക്കാൻ കഴിയുന്ന നടന്റെ കഥാപാത്രങ്ങളൊന്നുമുണ്ടായില്ല എന്ന വിമർശനങ്ങളുമുണ്ട്. ഒരു മോഹൻലാൽ ചിത്രം തിയേറ്ററുകളിലെത്തിയിട്ട് നാളുകളായിരിക്കുകയാണ് എന്നാണ് പലരും പറയുന്നത്. എന്നാൽ ഈ വിമർശനങ്ങളുടെ ആയുസ്സ് അധികമുണ്ടാകില്ല എന്ന് ഉറപ്പിക്കാൻ കഴിയുന്ന സിനിമകളാണ് മോഹൻലാലിൻ്റേതായി റിലീസ് കാത്ത് നിൽക്കുന്നതും അണിയറയിൽ ഒരുങ്ങുന്നതും.
മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയായ 'ബറോസാ'ണ് ആ ലൈനപ്പുകളിൽ ആദ്യത്തേത്. ഡിസംബര്‍ 25നാണ് ബറോസ് തിയേറ്ററുകളിലെത്തുക. ആ ദിവസത്തിന് തന്നെ മോഹൻലാലിന്റെ ജീവിതവുമായി ഒരു ബന്ധമുണ്ട്. നടൻ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' റിലീസ് ചെയ്തത് 1980 ഡിസംബർ 25 നായിരുന്നു. നടൻ മോഹൻലാലിനെ മലയാളികൾ ആദ്യമായി വിസ്മയത്തോടെ കണ്ട അതേ ദിനത്തിൽ സംവിധായകൻ മോഹൻലാലിനെയും പ്രേക്ഷകർ കാണുകയാണ്. ആരാധകർക്കും മലയാള സിനിമാപ്രേമികൾക്കും ഇതിലേറെ സന്തോഷിക്കാൻ വേറെ എന്തുവേണം?
മാത്രമല്ല ബറോസിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം കങ്കുവ എന്ന സിനിമയുടെ ഇടവേളകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. അതിഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ബറോസ് എന്ന് ഈ ട്രെയിലര്‍ ഉറപ്പ് നൽകുന്നുണ്ട് എന്നാണ് പലരുടെയും അഭിപ്രായം. 'സംവിധാനം മോഹന്‍ലാല്‍' എന്ന് കാണിച്ചപ്പോള്‍ തിയേറ്ററുകളില്‍ കരഘോഷം ഉയരുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ബറോസ് കൂടാതെ മറ്റൊരു മോഹൻലാൽ ചിത്രം റിലീസിനായി കാത്ത് നിൽപ്പുണ്ട്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. ലൂസിഫർ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ചിത്രം ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, അതും വമ്പൻ ബജറ്റിലാകുമ്പോൾ പ്രതീക്ഷകൾ നിസാരമാകില്ലല്ലോ. ലൂസിഫറിന്റെ അതേ ഗ്രാഫിൽ എമ്പുരാനെയും ഒരുക്കാൻ അതിന്റെ അണിയറപ്രവർത്തകർക്ക് സാധിച്ചാൽ, മലയാള സിനിമയിലെ പല റെക്കോർഡുകളും തകർക്കും എന്ന് ഉറപ്പ്.
നാണം കുണുങ്ങിയ ചെറുപുഞ്ചിരിയുമായി വരുന്ന മോഹൻലാലിന്റെ സാധാരണക്കാരൻ കഥാപാത്രങ്ങളെ എന്നും മലയാളികൾ നെഞ്ചേറ്റിയിട്ടുണ്ട്. അത്തരത്തിൽ ഒരു കഥാപാത്രത്തെ പ്രതീക്ഷിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും'. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നത് കൊണ്ട് തന്നെ തുടരും സിനിമാപ്രേമികളിൽ വലിയ പ്രതീക്ഷ ഉളവാക്കുന്നുണ്ട്. അതിനൊപ്പം മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.
ഇനി ആരംഭിക്കാനിരിക്കുന്ന മറ്റൊരു ഹിറ്റ് കോംബോ സിനിമയുണ്ട്, ടി പി ബാലഗോപാലൻ എം എയെയും സി ഐ ഡി ദാസനെയും മഞ്ഞണിമാമലയിൽ നിന്ന് വന്ന ആ ഗൂർഖയെയും മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ഹൃദയപൂർവ്വം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്നാണ് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഒപ്പം നടി സംഗീതയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇതുവരെ മോഹൻലാൽ എന്ന നായകന്റെ സിനിമകളെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ ഇനിയുള്ളത് മലയാളത്തിന്റെ BIG M's, ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്ന സിനിമയെക്കുറിച്ചാണ്. മഹേഷ് നാരായണനാണ് ഇരുവരെയും വീണ്ടും ഒന്നിപ്പിക്കുന്നത്. സിനിമയിൽ മോഹൻലാൽ കാമിയോ റോളിലാകുമെത്തുക എന്നും റിപ്പോർട്ടുകളുണ്ട്. ഇരുവർക്കുമൊപ്പം തെന്നിന്ത്യൻ നായിക നയൻതാര, കന്നഡ താരം ശിവരാജ്‌കുമാർ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ പേരുകളും കേൾക്കുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും സിനിമയുടെ അണിയറപ്രവർത്തകരുടെ വാക്കുകളിൽ നിന്ന് ഇതൊരു ഒന്നൊന്നര പടമായിരിക്കും എന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിൽ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ഇനി ചില 'മോഹൻലാൽ ലൈനപ്പ്' അഭ്യൂഹങ്ങളിലേക്ക് പോകാം. രോമാഞ്ചം, ആവേശം എന്നീ സിനിമകളുടെ സംവിധായകൻ ജിത്തു മാധവനൊപ്പം മോഹൻലാൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ അമൽ നീരദ്, അൻവർ റഷീദ്, കൃഷാന്ത് എന്നിവർക്കൊപ്പം മോഹൻലാൽ കൈ കൊടുത്തേക്കുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും, അഭ്യൂഹങ്ങളിൽ മാത്രം നിൽക്കുന്നതുമായ പ്രോജക്ടുകൾ എല്ലാം തന്നെ പ്രോമിസിംഗ് ആണ്. ഈ ലൈനപ്പുകൾ കാണുമ്പോൾ ഓരോ സിനിമാപ്രേമിയും പറഞ്ഞുപോകും 'മലയാളത്തിന്റ സ്വന്തം മോഹൻലാൽ വരുന്നു… ചില കളികൾ കാണാനും… ചിലത് പഠിപ്പിക്കാനും'.
Content Highlights: Mohanlal with a promising upcoming lineups in his career