അല്ലു മുതൽ ലാലേട്ടൻ വരെ… പിന്നെ ഒരു സിംഹവും; പ്രേക്ഷകരുടെ കാശ് കുറെ പൊട്ടും; വമ്പൻ റിലീസുകളുടെ ഡിസംബർ

ആവശ്യത്തിന് പൈസയൊക്കെ റെഡിയാക്കി വെച്ചോ… കേരള ബോക്സ് ഓഫീസിൽ കോടി കിലുക്കങ്ങൾക്ക് സമയമായി

dot image

അങ്ങനെ 2024 അതിന്റെ അവസാന ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. വമ്പൻ താരങ്ങളുടെ വമ്പൻ ഇനീഷ്യൽ മുതൽ ചെറിയ സിനിമകളുടെ വലിയ വിജയങ്ങൾ വരെ നിറഞ്ഞുനിന്ന ഈ വർഷം, അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുമ്പോഴും ഹൈപ്പിന് കുറവൊന്നുമില്ലാത്ത സിനിമകളാണ് റിലീസ് കാത്ത് നിൽക്കുന്നത്. ഡിസംബർ മാസം എന്നാൽ ക്രിസ്മസ് സീസണാണല്ലോ… കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരുമെല്ലാം ഒരുപോലെ തിയേറ്ററുകളിലേക്ക് വരുന്ന ഈ സീസണിൽ മാസ് മസാലയും ആക്ഷനും ഫാന്റസിയും എല്ലാം നിറഞ്ഞ സിനിമകളാണ് റിലീസിനായെത്തുന്നത്.

ഡിസംബർ മാസത്തെ റിലീസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് പുഷ്പ 2 വാണ്. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ വരവിൽ 'നാഷണൽ' ആയിരുന്നെങ്കിൽ ഇക്കുറി 'ഇന്റർനാഷണൽ' ആയാണ് പുഷ്പ വരിക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ലോകമെമ്പാടും പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന സിനിമയ്ക്ക് കേരളത്തിലും വമ്പൻ റിലീസാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു എന്നാൽ മലയാളികൾക്ക് 'മല്ലു അർജുൻ' ആണല്ലോ, അല്ലുവിന്‍റെ മാസ് അവതാരം വരുമ്പോൾ മലയാളി പ്രേക്ഷകർക്ക് അതൊരു തിയേറ്റർ ആഘോഷമായിരിക്കും. ഒപ്പം മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും കൂടി ചേരുമ്പോൾ ആ ആഘോഷം ഡബിൾ പഞ്ച് തരുമെന്ന് ഉറപ്പ്.

പുഷ്പ 2 സിനിമ

പുഷ്പയുടെ തിയേറ്റർ ആഘോഷങ്ങൾ കഴിഞ്ഞാൽ പിന്നെ വലിയ പ്രതീക്ഷ ഉണർത്തുന്ന മലയാളം സിനിമകളുടെ വരവാണ്. ആഷിഖ് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന റൈഫിൾ ക്ലബ്ബ് ആണ് അതിൽ ഒരു പ്രധാന റിലീസ്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, തുടങ്ങിയവർക്കൊപ്പം ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും പ്രധാന വേഷത്തിലെത്തുന്ന സിനിമ ഈ മാസം 19ന് തിയേറ്ററുകളിലെത്തും. റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വ്യത്യസ്തമായ ജോണറുകളിൽ കഥ പറഞ്ഞ് ഹിറ്റടിക്കുന്ന ആഷിക് അബുവിന്റെ റൈഫിൾ ക്ലബ്ബിന്റെ പോസ്റ്ററുകൾ മുതൽ ഗന്ധര്‍വ്വ ഗാനം എന്ന സോങ് വരെയുള്ള എല്ലാ അപ്ഡേറ്റുകൾക്കും വലിയ പ്രതീക്ഷ ഉണർത്താൻ കഴിഞ്ഞിട്ടുണ്ട്. ആ പ്രതീക്ഷയ്‌ക്കൊത്ത് റൈഫിൾ ക്ലബ്ബ് ഉയർന്നാൽ ഒരു വലിയ ഹിറ്റ് പ്രതീക്ഷിക്കാം.

റൈഫിൾ ക്ലബ്ബ്

ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോയാണ് മറ്റൊരു പ്രധാന റിലീസ്. 'മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം' എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന സിനിമ അടിമുടി ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതായിരിക്കും എന്നാണ് സൂചന. ചിത്രത്തിലെ ഫൈറ്റ് സീനുകളെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. 18 വയസ്സിനു താഴെയുള്ളവർക്ക് ‘മാർക്കോ’ തിയേറ്ററിൽ കാണാൻ കഴിയില്ലെന്നാണ് സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജഗദീഷ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാത്രമല്ല താൻ കണ്ടിട്ടുള്ള മുഴുവൻ കൊറിയൻ പടങ്ങളെക്കാൾ മാർക്കോയിൽ വയലൻസ് ഉണ്ടെന്നാണ് സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദ് പറഞ്ഞിരിക്കുന്നത്. അണിയറപ്രവർത്തകരുടെ ഈ വാക്കുകളോട് സിനിമയ്ക്ക് നീതി പുലർത്താൻ കഴിഞ്ഞാൽ യുവ പ്രേക്ഷകർക്കിടയിൽ മാർക്കോ തരംഗം തീർക്കുമെന്ന് കരുതാം.

മാർക്കോ

മോസ്റ്റ് വയലന്റ് പടം കണ്ടു കഴിഞ്ഞാൽ തിയേറ്ററുകളിൽ ചിരിച്ച് ആഘോഷിക്കാൻ ഒരു കോമഡി പടവും അന്നേദിവസം വരുന്നുണ്ട്, വെറും കോമഡി അല്ല ഡാർക്ക് കോമഡി. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ ഡി(എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി,ശ്യാം മോഹൻ, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

എക്സ്ട്രാ ഡീസന്റ്

മോളിവുഡിൽ ഇത്രത്തോളം റിലീസുകളുള്ള ഡിസംബർ 20 ന് ഒരു 'ഹോളിവുഡ് സിംഹവും' കളത്തിൽ ഇറങ്ങുന്നുണ്ട്. ഡിസ്നിയുടെ എക്കാലത്തെയും മികച്ച വർക്കുകളിൽ ഒന്നായ ലയൺ കിങ്ങിന്റെ പ്രീക്വൽ 'മുഫാസ: ദി ലയൺ കിങ്' റിലീസിന് ഒരുങ്ങുകയാണ്. ഇംഗ്ലീഷിന് പുറമേ ഇന്ത്യയില്‍ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം എത്തുന്നുണ്ട്. റിയൽ ആക്ഷൻ സിനിമകളോട് കിടപിടിക്കും വിധം ഫോട്ടോറിയലിസ്റ്റിക് ആനിമേറ്റഡായാണ് മുഫാസ കളത്തിലിറങ്ങുന്നത്. ഡിസ്‌നി സിനിമകൾക്ക് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. ഒപ്പം എക്കാലവും കുട്ടികൾക്ക് പ്രിയപ്പെട്ട സിനിമയും കഥാപാത്രവുമാണ് മുഫാസ. ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താൽ സിനിമ കേരളത്തിലും വലിയ ചർച്ചയായേക്കും.

മുഫാസ: ദി ലയൺ കിങ്

ഈ സിനിമകൾക്ക് ശേഷം, ക്രിസ്തുമസ് ദിനത്തിന്റെ അന്ന് മലയാള സിനിമ ഒരു ഭൂതത്തെ തുറന്നുവിടുന്നുണ്ട്. ഈ വർഷം ഡിസംബർ 25 ന് മോഹൻലാലിനെ നായകനാക്കി ഒരു 'നവാഗത സംവിധായകൻ' ഒരുക്കുന്ന ബറോസ് എന്ന സിനിമ റിലീസ് ചെയ്യുകയാണ്. ക്രിസ്മസ് പോലൊരു ഫെസ്റ്റിവൽ സീസണിൽ മോഹൻലാലിനെ പോലൊരു ബാങ്കബിൾ നടന്റെ ചിത്രം എത്തുമ്പോൾ വലിയ പ്രതീക്ഷകളുണ്ടാകുമല്ലോ, എന്നാൽ ബറോസിൽ അതിനപ്പുറം പ്രതീക്ഷകൾക്ക് വേറെയും കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്നാൽ, നേരത്തെ പറഞ്ഞ നവാഗത സംവിധായകന്റെ പേര് 'മോഹൻലാൽ' എന്നാണ്. ഫാന്റസി ഡ്രാമ ഴോണറിൽ, വലിയ ബഡ്ജറ്റിൽ, 3D യിലാണ് സിനിമ വരുന്നത് എന്നതും പ്രതീക്ഷകൾ ഉണർത്തുന്ന കാര്യമാണ്. പിന്നെ സിനിമയുടേതായി റിലീസ് ചെയ്ത ട്രെയിലറും വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്മസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ആക്ഷൻ സിനിമാപ്രേമികൾക്ക് ആക്ഷൻ സിനിമയും കോമഡി പടം കാണാൻ ആഗ്രഹമുള്ളവർക്ക് അതും, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒന്നിച്ച് ആഘോഷിക്കാൻ ഏറെ കൗതുകമുണർത്തുന്ന സിനിമകളും ഈ ക്രിസ്മസ് സീസണിൽ വരുന്നുണ്ട്. അപ്പോൾ ആവശ്യത്തിന് പൈസയൊക്കെ റെഡിയാക്കി വെച്ചോ… കേരള ബോക്സ് ഓഫീസിൽ കോടി കിലുക്കങ്ങൾക്ക് സമയമായി.

Content Highlights: December to have huge releases like Barroz, Marco, Pushpa 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us