തന്നെയും കുടുംബത്തെയും അപമാനിച്ച് വിട്ട ജ്വല്ലറിയിലേക്ക് ഭാസ്‌കറിന്റെ ഒരു തിരിച്ചുപോക്കുണ്ട്. 16 ലക്ഷം കൊടുത്ത് വാങ്ങിയ കാറില്‍ അവരുടെ മുന്നില്‍ ചെന്ന് അവരുടെ അഹങ്കാരത്തിന് മറുപടി നല്‍കുന്ന ഒരു മാസ് സീന്‍. പൊടിപാറുന്ന അടിയില്ല, പഞ്ച് ഡയലോഗുകള്‍ ഇല്ല. എന്നിട്ടും ഒരു സൂപ്പര്‍താര സിനിമകളില്‍ കാണുന്ന മാസ് സീനിന്റെ അതേ എഫക്ട് ലക്കി ഭാസ്‌കര്‍ നല്‍കുന്നുണ്ട്. 'ദിസ് ഈസ് ഇന്ത്യ ഇവിടെ പണം കൊടുത്താല്‍ എന്തും കിട്ടും. എന്നാല്‍ റെസ്‌പെക്റ്റ് കിട്ടണമെങ്കില്‍ നമ്മുടെ കയ്യില്‍ പണമുണ്ടെന്ന് നാലാളറിയണം'. എന്ന സാധാരണമായൊരു ഡയലോഗ് ദുല്‍ഖര്‍ പറയുമ്പോള്‍ അതിന് ഒരു പഞ്ച് അനുഭവപ്പെടുന്നുണ്ട്. ലക്കി ഭാസ്‌കറില്‍ ഉടനീളം ദുല്‍ഖറിനൊരു മാസ് പരിവേഷമുണ്ട്. പക്ഷെ അതൊരിക്കലും ഒരു ടിപ്പിക്കല്‍ നായകന്റെ രീതിയില്‍ അല്ല.
അറക്കല്‍ മാധവനുണ്ണിയും, ഇന്ദുചൂഡനും, ഭരത്ചന്ദ്രനുമെല്ലാം മലയാളീ സൂപ്പര്‍താരങ്ങളെ അവരുടെ പരമോന്നതിയില്‍ എത്തിച്ച മാസ് കഥാപാത്രങ്ങള്‍ ആയിരുന്നു. മുണ്ടും മടക്കി കുത്തി, മീശയും പിരിച്ച് ആരെയും കൂസാത്ത ആ സൂപ്പര്‍നായകരില്‍ നിന്ന് വ്യത്യസ്തമാണ് ദുല്‍ഖറിന്റെ മാസ് കഥാപാത്രങ്ങള്‍. കണ്ടുമടുത്ത ഓവര്‍ ദി ടോപ് നായകന്മാരില്‍ നിന്നും മാറി വളരെ സട്ടില്‍ ആയി ചില നോട്ടങ്ങള്‍ കൊണ്ടോ ഡയലോഗിലെ ഏറ്റക്കുറച്ചില്‍ കൊണ്ടോ ആകും ദുല്‍ഖര്‍ മാസ് കാണിക്കുക. ദുല്‍ഖറിലെ മാസ് നായകന്മാര്‍ വളരെ റിലേറ്റബിള്‍ ആണ്. ഒട്ടും സൂപ്പര്‍ഫിഷ്യല്‍ അല്ലാതെ, കാണുന്നവര്‍ക്ക് അയാളിലെ ഇമോഷന്‍ മനസിലാകുന്നിടത്താണ് ആ ദുല്‍ഖര്‍ കഥാപാത്രങ്ങള്‍ കൈയ്യടി നേടുന്നത്.
ആദ്യ സിനിമയായ സെക്കന്റ് ഷോയിലെ ലാലു ഒരു സാധാരണക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അയാള്‍ ഒരു ഘട്ടത്തില്‍ സ്മഗ്ലര്‍ ആയി മാറുന്നുണ്ട്. ആദ്യ സിനിമയുടെ പതര്‍ച്ചകളൊന്നും ഇല്ലാതെ ദുല്‍ഖര്‍ അവതരിപ്പിച്ച ലാലുവിന് ഒരു മാസ് പരിവേഷമുണ്ട്. പക്ഷെ അതൊരിക്കലും കണ്ടുമടുത്ത തരത്തിലായിരുന്നില്ല. മണല്‍ കടത്തികൊണ്ടിരുന്ന ലാലുവില്‍ നിന്ന് സ്മഗ്ലര്‍ ആയുള്ള അയാളുടെ വളര്‍ച്ചയിലേക്ക് ദുല്‍ഖര്‍ നല്‍കുന്നൊരു സിഗ്‌നേച്ചര്‍ ഉണ്ട്, അത് ശരീര ഭാഷയിലായിക്കൊള്ളട്ടെ, ഡയലോഗിലാകട്ടെ ദുല്‍ഖറിന് മാത്രം പറ്റുന്ന ഒന്ന്.
എന്തോ ഒരു പ്രത്യേക ഓറ ദുല്‍ഖറിനുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒട്ടും ലൗഡോ അമാനുഷികനോ ആകാതെ മാസ് എന്ന എലെമെന്റിനെ നോട്ടം കൊണ്ടോ അയാളുടെ സ്‌ക്രീന്‍ സ്‌പേസ് കൊണ്ടോ മാത്രം കാഴ്ചക്കാരിലേക്ക് എത്തിക്കാനാകുന്ന ഒരു ഓറ. വിക്രമാദിത്യനില്‍ ഓട്ടോയില്‍ വന്നിറങ്ങുന്ന ഒരു സാധാരണ ഇന്‍ട്രോ സീന്‍ ഒരു ഇമ്പാക്ട് ഉണ്ടാകുന്നത് ദുല്‍ഖറിലെ താരത്തിന്റെ മേന്മകൂടിയാണ്. ദുല്‍ഖറിന്റെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളില്‍ ഒന്നാണ് സോളോയിലെ ശിവ. സംഭാഷണങ്ങള്‍ ഒന്നുമില്ലാതെ, മുഖത്ത് ഭാവഭേദങ്ങള്‍ ഒന്നും കടന്നു പോകാതെയുള്ള സ്റ്റോണ്‍ ഫേസ് ആക്ടിങ്. മറ്റൊരു തരത്തില്‍ ബിഗ് ബിയില്‍ അമല്‍ നീരദ് മമ്മൂട്ടിയില്‍ പരീക്ഷിച്ച അതെ ടെക്നിക്ക്. 'ആലായാല്‍ തറ വേണം' എന്ന ഗാനത്തിന്റെ അകമ്പടിയോടെ സ്‌ക്രീനിലെത്തി ചുരുക്കം നേരം കൊണ്ട് ദുല്‍ഖറിന്റെ ശിവ നമ്മളെ കൈയ്യിലെടുത്തു. ഒരുപക്ഷെ ഒരു മുഴുനീള മാസ് സിനിമക്ക് നൽകാൻ കഴിയാത്ത ഫീലാണ് ആ കഥാപാത്രം നല്‍കിയത്. ഒരുപക്ഷെ നാളെ ബിലാല്‍ രണ്ടാമത് വരുകയാണെങ്കില്‍ അബു ആയി മറ്റാരെയും തിരയേണ്ടതില്ലെന്ന് ദുല്‍ഖര്‍ സോളോയിലേ തെളിയിച്ചതാണ്.
കോവിഡ് കാലത്ത് ജനങ്ങളെ കൂട്ടമായി തിയേറ്ററിലേക്ക് തിരിച്ചെത്തിച്ച കുറുപ്പിലും മാസിന്റെ മറ്റൊരു മുഖം ദുല്‍ഖര്‍ കാണിച്ചുതരുന്നു. സുകുമാരകുറുപ്പിന്റെ ജീവിതകഥയെ ഏത് ഷേഡിലാണ് ചിത്രം അവതരിപ്പിച്ചത് എന്നത് സംബന്ധിച്ച് വിമര്‍ശനാത്മകമായ അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ ഏറ്റവും സ്റ്റൈലിഷ് ആയ ഹീറോകളിലൊരാളാണ് എന്ന ചിത്രം അടിവരയിട്ടു. അടിയിടി പൊടിപൂരമില്ലാതെ നായകനെ അവതരിപ്പിച്ച ചിത്രം ദുല്‍ഖറിലെ മാസ് ഹീറോയുടെ മറ്റൊരു ഉദാഹരണമായിരുന്നു.
മുഴുനീള മാസ് നായകനിലേക്കുള്ള ദുല്‍ഖറിന്റെ ആദ്യ ചുവടുവെപ്പായിരുന്നു 'കിംഗ് ഓഫ് കൊത്ത'. സൂപ്പര്‍സ്റ്റാര്‍ഡത്തിലേക്കുള്ള ദുല്‍ഖറിന്റെ ആദ്യ പടിയെന്നോണം വന്ന സിനിമ ബോക്‌സ് ഓഫീസില്‍ അമ്പേ അടിപതറിയത് ദുല്‍ഖറിന് ഒരു തിരിച്ചടിയായി. അതുവരെ കണ്ട ദുല്‍ഖര്‍ മാസ് ഹീറോ അല്ലായിരുന്നു കൊത്തയിലെ രാജു. ഒരു തമിഴ് - തെലുങ്ക് ഫ്ളേവറിൽ ഉള്ള, പഞ്ച് ഡയലോഗുകളും ഫൈറ്റുകളുമായി വന്ന സിനിമ ഒരിക്കലും ദുല്‍ഖറിന്റെ മാസ് പരിവേഷത്തിന് ചേര്‍ന്നത് ആയിരുന്നില്ല. എന്നാല്‍ അപ്പോഴും സിനിമയുടെ രണ്ടാം പകുതിയില്‍ രാജു തിരിച്ചുവരുന്ന ഭാഗങ്ങളിലൊക്കെ ഡയലോഗ് കുറച്ച് ചെറിയ നോട്ടം കൊണ്ട് അയാളിലെ ഹീറോയിസം പുറത്തെടുക്കപ്പെടുന്നുണ്ട്.
ലക്കി ഭാസ്‌കറിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചുറ്റുമുള്ളവരുടെ കളിയാക്കലുകളിലും പരാജയങ്ങളിലും അയാള്‍ വീണു പോകുമ്പോള്‍ പ്രേക്ഷകര്‍ അയാളുടെ ഒപ്പം നില്‍ക്കുന്നത് ഭാസ്‌കര്‍ സാധാരണക്കാരന്റെ പ്രതിരൂപമാകുന്നത് കൊണ്ടാണ്. അയാളുടെ വിജയം പ്രേക്ഷകന്റേതു കൂടിയാകുന്നു. അയാളെടുക്കുന്ന ഓരോ തീരുമാനങ്ങളിലും പ്രേക്ഷകരും ഒപ്പമുണ്ടാകുന്നു. സാഹചര്യങ്ങളാണ് ഭാസ്‌കറിന് ഒരു മാസ് പരിവേഷം നല്‍കുന്നത്. 'യു ആര്‍ ലക്കി ഭാസ്‌കര്‍' എന്ന ഗാനത്തിനൊപ്പം ദുല്‍ഖര്‍ നടന്നുവരുമ്പോള്‍ അയാളിലെ മാസ് നായകന് കൂടുതല്‍ കിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ആ പാട്ടിന് പോലും സാധാരണക്കാരുടെയും സന്തോഷത്തിന്റെയും ഒരു തലമുണ്ട്. കട്ട് പഞ്ചോ വളരെ ലൗഡോ ആയ നായകന്റെ മാസ് ഗാനങ്ങളില്‍ നിന്നും വ്യത്യസ്തമാണത്.
എന്നാല്‍ പിന്നീട്, രണ്ടാം പകുതിയില്‍ പണമുണ്ടാക്കിയ ശേഷം ഭാസ്‌കറിനുണ്ടാകുന്ന ഒരു ട്രാന്‍സ്‌ഫോര്‍മേഷനുണ്ട്. അതുവരെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അപമാനിതനാകേണ്ടി വന്നു മാറി നിന്ന ഭാസ്‌കറിന്റെ മറ്റൊരു രൂപം പുറത്തെടുക്കപെടുന്നുണ്ട്. 'ഐ ആം നോട്ട് ബാഡ് ജസ്റ്റ് റിച്ച്' എന്നുപറയുമ്പോള്‍ അയാള്‍ക്കുണ്ടാക്കുന്ന നെഗറ്റീവ് ഷെഡിനെ വളരെ ബ്രില്ലിയന്റ് ആയിട്ടാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാസ്‌കറിന്റെ രണ്ടു തലങ്ങളെ വളരെ മികച്ചതായി ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ മാസ് പരിവേഷത്തിനും നല്ലവന്‍ ഇമേജിനും അപ്പുറം, ആരും ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഒരു നെഗറ്റീവ് സൈഡ് കൂടി ദുല്‍ഖറിലെ അഭിനേതാവിനുണ്ടെന്ന് അയാള്‍ തെളിയിച്ചു.
പണം അമിതമായി കുമിഞ്ഞ് കൂടുമ്പോള്‍ ഭാസ്‌കറിന് ഉണ്ടാകുന്ന ഒരു അഹന്തയുണ്ട്. താന്‍ മറ്റാരേക്കാളും മുകളിലാണെന്ന ചിന്ത അയാളെ തെറ്റായ പല കാര്യങ്ങളും ചെയ്യിപ്പിക്കുന്നുണ്ട്. ഇവിടെയൊക്കെ ദുല്‍ഖറിലെ അഭിനേതാവ് അതുവരെ ചെയ്തുവച്ച പ്രകടനങ്ങള്‍ക്കും മുകളിലെത്തുന്നുണ്ട്. വെറും നോട്ടം കൊണ്ടും ആറ്റിട്യൂട് കൊണ്ടും ഞെട്ടിച്ചത് പോലെ ഇനിയും മികച്ച കഥാപാത്രങ്ങള്‍ ദുല്‍ഖറിനെ തേടിയെത്തട്ടെ.
Content Highlights: Lucky Baskhar and other mass characters of Dulquer Salmaan