പുഷ്പ ഒന്നാം ഭാഗത്തിന്റെ ട്രൈലറിന്റെ അവസാനം ഒരൊറ്റ പഞ്ച് കൊണ്ട് ആ ട്രെയിലർ മൊത്തം സ്വന്തം പേരിലാക്കിയ ഫഫ മാജിക്. പാര്‍ട്ടി ഇല്ലേ പുഷ്പ എന്ന ഡയലോഗും ഭന്‍വര്‍ സിംഗ് ശെഖാവത്തും ചുരുക്കം സ്‌ക്രീന്‍ടൈമിനുള്ളില്‍ വന്ന് ഞെട്ടിച്ചിട്ട് പോയി. 'ഹീറോ എല്ലാം നേടി ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അയാളെ താഴേക്ക് വീഴ്ത്താന്‍ കെല്‍പ്പുള്ള ഒരാള്‍ വേണം. അതിന് ഞങ്ങള്‍ക്ക് ഒരു നല്ല ആക്ടര്‍ മാത്രമല്ല ഒരു സ്റ്റാറിനെ വേണമായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ഫഹദിലേക്ക് എത്തുന്നത്', എന്നായിരുന്നു ഫഹദിനെക്കുറിച്ച് അന്ന് അല്ലു അര്‍ജുന്‍ പറഞ്ഞത്. ചുരുക്കം നേരത്തേക്കാണെങ്കിലും ഭന്‍വര്‍ സിംഗ് ഞെട്ടിച്ചു. ഇപ്പോള്‍ പുഷ്പ രണ്ടാം ഭാഗമിറങ്ങുമ്പോള്‍ അല്ലുവിനൊപ്പം പ്രേക്ഷകര്‍ കാത്തിരിക്കുന്നത് അയാളുടെ വില്ലനിസത്തിന് വേണ്ടിയാണ്. പുഷ്പയെ കൊണ്ട് വരെ സാര്‍ എന്ന് വിളിപ്പിച്ച ഭന്‍വര്‍ സിംഗ് ശെഖാവത്.
പുഷ്പ ആദ്യ ഭാഗത്തിനും രണ്ടാം ഭാഗത്തിനുമിടയില്‍ ഫഹദ് ഫാസിലെന്ന അഭിനേതാവ് ഒരുപാട് വളര്‍ന്നിരിക്കുന്നു. അഭിനേതാവെന്ന നിലയില്‍ തുടക്കം മുതലേ പുതിയ ബെഞ്ച് മാര്‍ക്കുകള്‍ സൃഷ്ടിച്ച ഫഹദിന്റെ താരമൂല്യം കത്തിക്കയറിയ വര്‍ഷങ്ങളാണ് ഇക്കഴിഞ്ഞത്. ഇന്ന് അയാള്‍ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആണ്. തമിഴിലും, തെലുങ്കിലും ഉള്‍പ്പടെ മാര്‍ക്കറ്റ് വാല്യൂ ഉള്ള അഭിനേതാവായി ഫഹദ് മാറി. കോവിഡ് കാലത്തായിരുന്നു ഫഹദിന്റെ ശരിക്കുള്ള പാന്‍ ഇന്ത്യന്‍ വളര്‍ച്ച. മാലിക്ക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ ഒടിടി റിലീസിലൂടെ ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തി, ഒപ്പം ഫഹദ് എന്ന താരവും. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രവും ഷമ്മി എന്ന സൈക്കോയും അതിനൊപ്പം ശ്രദ്ധിക്കപെട്ടതോടെ മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും പൃഥ്വിരാജും നേരത്തെ കൈയടക്കിയ അന്യഭാഷാ മാര്‍ക്കറ്റിലേക്ക് ഫഹദ് അങ്ങനെ ചുവടുവെപ്പ് നടത്തി.
ബാംഗ്ലൂര്‍ ഡെയ്‌സ് തമിഴ്‌നാട്ടില്‍ ഹിറ്റായിരുന്ന സമയത്ത് നസ്രിയയുടെ ജീവിതപങ്കാളി എന്ന നിലയിലാണ് ഫഹദിനെ അവിടുത്തെ പ്രേക്ഷകര്‍ അഡ്രസ് ചെയ്തിരുന്നതെങ്കില്‍, പിന്നീട് വേലയ്ക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് എന്നീ സിനിമകളിലൂടെ ഫഹദ് തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതനായി. എന്നാല്‍ പുഷ്പയെത്തിയപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ഫഹദിലെ വില്ലനെ അഴിച്ചുവിട്ട കാഴ്ചയായിരുന്നു ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്. ഷമ്മിയിലൂടെ അയാളിലെ വില്ലന്റെ സ്പാര്‍ക് മലയാളികള്‍ക്ക് ലഭിച്ചിരുന്നെങ്കിലും പുഷ്പ അന്യഭാഷാ പ്രേക്ഷകരെ ഞെട്ടിച്ചു. പുഷ്പ ഫഹദിലെ പാന്‍ ഇന്ത്യന്‍ സ്റ്റാറിന്റെ വളര്‍ച്ചക്ക് തിയേറ്ററുകളിലൂടെ തുടക്കമിട്ട സിനിമയെന്ന് വേണമെങ്കില്‍ പറയാം.
ചിത്രത്തിന് ശേഷം നിരവധി അന്യഭാഷാ സിനിമകളാണ് ഫഹദിനെ തേടിയെത്തിയത്. ലോകേഷ് കനകരാജ് ചിത്രത്തിലെ അമര്‍ ഫഹദിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നായി. കമല്‍ ഹാസനോടൊപ്പം തോള്‍ചേര്‍ന്ന് നിന്ന പ്രകടനവും 'മീറപ്പെടും' എന്ന ഹുക്ക് ലൈനും ട്രെന്‍ഡിങ് ആയി. തുടര്‍ന്നെത്തിയ മാമന്നനിലെ രത്‌നവേല്‍ തമിഴ് പ്രേക്ഷകരെ ഒന്നടങ്കം ഫഹദ് ഫാസിലിനെ അഭിനേതാവിന്റെ ചൂട് അറിയിച്ച പടമായിരുന്നു.
ആവേശത്തിലെ രംഗണ്ണന്‍ ഒരു ആക്ടറുടെ സ്‌ക്രീനിലെ അഴിഞ്ഞാട്ടത്തിന്റെ എക്‌സ്ട്രീം വേര്‍ഷനായിരുന്നു. വൈറ്റ് ആന്‍ഡ് വൈറ്റ് വേഷവും സ്വര്‍ണ മാലകളും എടാ മോനെ എന്ന പഞ്ച് ഡയലോഗും ഒക്കെ കൂടി ഒരു പക്കാ കൊമേര്‍ഷ്യല്‍ അര്‍മാദിക്കല്‍. മലയാളം വേര്‍ഷന്‍ മാത്രമാണ് തിയേറ്ററില്‍ ഇറങ്ങിയതെങ്കിലും ആവേശം തമിഴിലും തെലുങ്കിലും നോര്‍ത്തിലുമടക്കം ട്രെന്‍ഡിങ് ആയി. രംഗണ്ണന്റെ ലുക്കും ഡയലോഗുകളും പടത്തിന്റെ ആക്ഷന്‍ സീനുകളുമെല്ലാം ഭാഷാഭേദമന്യേ തിയേറ്ററുകളില്‍ നിറഞ്ഞോടി. പാട്ടുകളും ഭാഷാഭേദമന്യേ പ്ലേ ലിസ്റ്റുകള്‍ അടക്കി ഭരിച്ചു. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം തമിഴില്‍ നാട്ടില്‍ ആവേശത്തിലൂടെ മലയാള സിനിമ മാര്‍ക്കറ്റ് നിലനിര്‍ത്തിയപ്പോള്‍ ഫഹദ് എന്ന സ്റ്റാര്‍ കൂടി സെലെബ്രെറ്റ് ചെയ്യപ്പെട്ടു. ഇന്ന് അയാള്‍ക്ക് അന്യഭാഷാപ്രേമികള്‍ക്കിടയില്‍ ഒരു ഫേസ് വാല്യൂ ഉണ്ട്.
നോര്‍ത്തില്‍ പല വമ്പന്‍ സിനിമ പേജുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളും ഫഹദിന്റെ അഭിനയത്തെ പുകഴ്ത്തി വിഡിയോകളും എഴുത്തുകളും പോസ്റ്റുകളും ചെയ്യുന്നു. അയാളുടെ കണ്ണുകളെപ്പറ്റിയും ഓരോ ചെറു ചലനങ്ങളെപ്പറ്റിയും വാചാലരാകുന്നു. ബാംഗ്ലൂര്‍ ഡേയ്‌സും, ചാര്‍ളിയും, പ്രേമത്തിനുമപ്പുറം മലയാള സിനിമകളെ കുറിച്ച് ധാരണയില്ലാത്ത സാധാരണ ബോളിവുഡ് പ്രേക്ഷകര്‍ പോലും മലയാള സിനിമയെയും ഫഹദിനെയും ശ്രദ്ധിച്ചുതുടങ്ങുന്നു.
പുഷ്പ 2 ഇറങ്ങുമ്പോള്‍ അത് ഫഹദിന് ലഭിക്കുന്ന ഏറ്റവും വലിയ റീച്ച് ആണ്. തമിഴിലും തെലുങ്കിലും അയാള്‍ ഉണ്ടാക്കിയെടുത്ത മാര്‍ക്കറ്റിനെ അതിന്റെ പതിന്മടങ്ങാക്കാക്കാന്‍ പുഷ്പയിലൂടെ ഫഹദിന് സാധിക്കും. നോര്‍ത്തില്‍ അയാളുടെ അഭിനയം കണ്ടു അത്ഭുതപെട്ടവര്‍ക്കും പുതിയൊരു ഫഹദ് അധ്യായമായിരിക്കും പുഷ്പ 2 . ലോകമാകെ 12000 സ്‌ക്രീനുകളില്‍, ആറ് ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ ഭാഗമാകുമ്പോള്‍ അതിലൂടെ ഫഹദിന് കിട്ടുന്ന സ്വീകാര്യത ചെറുതാകില്ല. ഭന്‍വര്‍ സിംഗ് ശെഖാവത്ത് പുഷ്പരാജിനും മുകളില്‍ കത്തിക്കയറുമെന്നതില്‍ സംശയമില്ല. വെറും മിനിറ്റുകള്‍ മാത്രം കൊണ്ട് ആദ്യ ഭാഗത്തില്‍ അയാള്‍ കൈയ്യടി നേടിയെങ്കിലും മൂന്നര മണിക്കൂര്‍ നീളമുള്ള രണ്ടാം അധ്യായത്തില്‍ ഫഹദ് അഴിഞ്ഞാടുമെന്നത് തീര്‍ച്ച.
Content Highlights: The Journey of Fahadh Faasil to a pan indian star