മാർക്കോയ്ക്ക് എന്തുകൊണ്ട് ഇത്ര ഹൈപ്പ്? അതിന് ചില കാരണങ്ങളുണ്ട്... ഇത് ഒന്നൊന്നര പടമാകും

മാര്‍ക്കോയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ അക്കമിട്ട് പറയുന്ന കാര്യങ്ങളേറെയാണ്

dot image

മലയാളത്തിലെ 'THE MOST VIOLENT MOVIE' എന്ന ബ്രാൻഡുമായി ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിലായി സിനിമ എത്തുമ്പോൾ സിനിമാപ്രേമികൾ ഒന്നടങ്കം അതിനായി കാത്തിരിക്കുകയുമാണ്. ആ കാത്തിരിപ്പിന് കാരണങ്ങൾ പലതാണ്.

മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലന്‍റ് ചിത്രമായിരിക്കും 'മാർക്കോ' എന്ന റിപ്പോർട്ടുകൾ തന്നെയാണ് അതിന് ഒരു കാരണം. സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും മാർക്കോയുടെ മേൽ വലിയ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് ഇതുവരെ നൽകിയിട്ടുള്ളതും. കരിയറിലെ ഏറ്റവും ക്രൂരമായ വേഷമാണ് താന്‍ ചെയ്തിരിക്കുന്നത് എന്നാണ് ജഗദീഷ് നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തനിക്ക് തന്നെ പേടിയാവുന്നുണ്ടെന്നും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ക്രൂരതകളാണ് ഈ സിനിമയിൽ ചെയ്യുന്നതെന്നും ജഗദീഷ് വാഴ സിനിമയുടെ റിലീസ് സമയത്ത് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല താൻ കണ്ടിട്ടുള്ള മുഴുവൻ കൊറിയൻ പടങ്ങളെക്കാൾ വയലൻസ് മാർക്കോയിൽ ഉണ്ടെന്നാണ് സിനിമയുടെ എഡിറ്റർ ഷമീർ മുഹമ്മദ് പറഞ്ഞിരിക്കുന്നത്. അങ്ങ് ജോൺ വിക്ക് മുതൽ ആനിമലും കില്ലുമെല്ലാം ആഘോഷിച്ച പ്രേക്ഷകർക്ക് മാർക്കോ ടീമിന്റെ ഈ വാക്കുകൾ മാത്രം മതി വലിയ പ്രതീക്ഷകൾക്ക്. മാത്രമല്ല വയലൻസ് സിനിമകൾക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് മാർക്കോയ്ക്ക് നൽകിയിരിക്കുന്നതും.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള കഥാപാത്രങ്ങളിൽ ഒന്നാണ് മാർക്കോ ജൂനിയർ. സ്വാഗ് കൊണ്ടും ലുക്ക് കൊണ്ടും നായകനെക്കാൾ നിറഞ്ഞുനിന്ന മാർക്കോയുടെ രണ്ടാം വരാവണോ ഇത് എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ അങ്ങനെയാകില്ല തികച്ചും പുതിയ പശ്ചാത്തലമാകും മാർക്കോയുടെ കഥ നടക്കുക എന്നും അഭിപ്രായങ്ങളുണ്ട്. എന്തായിരിക്കും മാർക്കോയുടെ ലോകത്തിൽ സംഭവിക്കുക എന്നറിയാനും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാത്രമല്ല കഥാപാത്രത്തിനായി ഉണ്ണി ശാരീരികമായി ഏറെ പരിവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ ചിത്രം

ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ സിനിമകളുടെ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റൈലിഷ് സിനിമകൾക്ക് പേരുകേട്ട ഹനീഫ് അദേനിയുടെ സംവിധാന മികവ് മാർക്കോയിലും പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ടീസർ, പോസ്റ്ററുകളിലെല്ലാം നിർമാതാക്കളായ ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ് ക്വാളിറ്റിയിൽ വിട്ടുവീഴ്ച ഒന്നും വരുത്തിയിട്ടില്ല എന്നതും പ്രതീക്ഷ ഉണർത്തുന്ന കാര്യമാണ്.

ആക്ഷൻ രംഗങ്ങളിൽ എന്നും തന്റെ മികവ് തെളിയിച്ചിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മാർക്കോയിൽ ഉണ്ണിക്കായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റണും സംഘവും ഒരുക്കി വെച്ചിരിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. വെറുതെ ആറോ ഏഴോ ഫൈറ്റ് അല്ല സിനിമയിൽ ഉള്ളത്. ഓരോ ആക്ഷൻ സീനിലും എന്തിനാണ് ഹീറോ വില്ലനുമായി ഫൈറ്റിൽ ഏർപ്പെടുന്നത് എന്നതിന് ഒരു കൃത്യമായ കാരണം തിരക്കഥയിൽ തന്നെ ഉണ്ട്' എന്നാണ് ഈ സംഘട്ടന രംഗങ്ങളെക്കുറിച്ച് ജഗദീഷ് പറഞ്ഞിരിക്കുന്നത്. അതിനാൽ തന്നെ മാർക്കോ ആക്ഷൻ സിനിമാപ്രേമികള്‍ക്ക് ഒരു വിഷ്വൽ ട്രീറ്റാകും എന്ന് ഉറപ്പ്.

മാർക്കോയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്രൂർ ആണ് എന്നതും സിനിമയുടെ മേൽ പ്രതീക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഉണ്ണിയുടെ ആക്ഷൻ രംഗങ്ങൾക്ക് നൽകുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ നിസമാകില്ല എന്ന് ഉറപ്പാണ്. സിനിമയിലെ ആദ്യ സിംഗിൾ ബ്ലഡ് ഡബ്സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്‍ദത്തിലെത്തി സോഷ്യൽമീഡിയ മുഴുവൻ കീഴടക്കിയിരുന്നു. മൂന്നാമതായെത്തിയ ബേബി ജീൻ പാടിയ മാർപ്പാപ്പ ഗാനവും തരംഗമായി. മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു.

ഹനീഫ് അദേനി മുതലുള്ള അണിയറപ്രവർത്തകരുടെ പേരുകളും ആക്ഷൻ രംഗങ്ങളിലൂടെ എന്നും കയ്യടി നേടുന്ന ഉണ്ണി മുകുന്ദനും ഒപ്പം ആത്മവിശ്വാസത്തോടെ നിൽക്കുന്ന ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ് എന്ന നിർമാണ കമ്പനിയും ചേരുമ്പോൾ വലിയ ഹൈപ്പ് തന്നെ സിനിമയ്ക്ക് ലഭിക്കുമല്ലോ. ആ ഹൈപ്പിനോട് നീതിപുലർത്താൻ കഴിഞ്ഞാൽ ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയർ ബെസ്റ്റ് വിജയമായി മാർക്കോ മാറുമെന്നതിൽ സംശയമില്ല. കാത്തിരിക്കാം, ദിവസങ്ങൾ മാത്രം… മലയാളത്തിലെ മോസ്റ്റ് വയലന്റ് മൂവിക്കായി.

Content Highlights: Some reasons for the theatre watch of Unni Mukundan movie Marco

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us