2024 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സൂപ്പർതാരങ്ങൾ മുതൽ യുവതാരങ്ങൾ വരെ ഒരുപോലെ തിളങ്ങിയ വർഷമായിരുന്നു ഇത്. ഈ ഹിറ്റ് വേട്ട തുടരുന്ന വർഷം തന്നെയായിരിക്കും 2025 എന്ന് ഉറപ്പ് നൽകുന്നതാണ് പുതുവർഷത്തിലെ ആദ്യ റിലീസുകൾ. കഴിഞ്ഞ വർഷങ്ങളിൽ പതിഞ്ഞ താളത്തിലായിരുന്നു കേരള ബോക്സ് ഓഫീസിന്റെ തുടക്കമെങ്കിൽ ഇക്കുറി വലിയ ഹിറ്റ് പ്രതീക്ഷിക്കുന്ന ഒരുപിടി സിനിമകൾ ആദ്യം തന്നെ എത്തുന്നുണ്ട്.
ഐഡന്റിറ്റി
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന 'ഐഡന്റിറ്റി'യാണ് അതിലെ ആദ്യ റിലീസ്. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി രണ്ടിന് തിയേറ്ററുകളിലെത്തും. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. ത്രില്ലർ ജോണറിലെത്തുന്ന സിനിമയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നാൽ അടുത്ത വർഷത്തെ ആദ്യ ഹിറ്റ് ജനുവരി രണ്ടിന് പിറക്കും.
രേഖാചിത്രം
സമീപകാലത്തെ ആസിഫ് അലി ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിലും നിരൂപകർക്കിടയിലും വലിയ രീതിയിൽ തിളങ്ങുന്നുണ്ട്. ആ തിളക്കം കൂട്ടുമെന്ന പ്രതീക്ഷയുമായാണ് ആസിഫിന്റെ പുതുവർഷത്തിലെ ആദ്യ സിനിമ എത്തുന്നത്, ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം'. സിനിമയുടെ പോസ്റ്ററുകളും ട്രെയ്ലറുമെല്ലാം ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുമുണ്ട്. അതിനൊപ്പം തന്നെ സിനിമയുടെ എഡിറ്ററായ ഷമീർ മുഹമ്മദ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ആൾട്ടർനേറ്റ് ഹിസ്റ്ററി ഴോണറിലുള്ള മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സിനിമയാണ് രേഖാചിത്രമെന്നാണ് ഷമീർ മുഹമ്മദ് പറഞ്ഞത്. 2025 ജനുവരി ഒമ്പതിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
എന്ന് സ്വന്തം പുണ്യാളൻ
രണ്ടു ത്രില്ലറുകൾക്ക് ശേഷം ചിരിക്കാൻ വക നൽകി കോമഡി വൈബിൽ ഒരു പടവും വരുന്നുണ്ട്, 'എന്ന് സ്വന്തം പുണ്യാളൻ'. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 10 നാണ് റിലീസ് ചെയ്യുന്നത്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഴിഞ്ഞ 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണിയാണ്.
നാരായണീന്റെ മൂന്നാണ്മക്കള്‍
കഴിഞ്ഞ വർഷങ്ങളിൽ തങ്ങളുടെ സിനിമകളിലൂടെ തിളങ്ങിയ അഭിനേതാക്കളാണ് സുരാജ് വെഞ്ഞാറമൂടും ജോജു ജോർജും. ഇരുവർക്കുമൊപ്പം അലന്‍സിയറും പ്രധാന വേഷത്തിലെത്തുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന സിനിമയും ജനുവരിയിൽ റിലീസിന് എത്തുന്നുണ്ട്. ഒരു നാട്ടിൻപുറത്തെ തറവാട് വീട് പശ്ചാത്തലമായാണ് സിനിമ കഥ പറയുന്നത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 16 നാണ് തിയേറ്ററുകളിലെത്തുന്നത്.
പ്രാവിൻ കൂട് ഷാപ്പ്
ഈ വർഷം തൊട്ടതെല്ലാം പൊന്നാക്കിയ നടനാണ് ബേസിൽ ജോസഫ്. ഗുരുവായൂരമ്പല നടയില്‍, നുണക്കുഴി, സൂക്ഷ്മദർശിനി തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'പ്രാവിൻ കൂട് ഷാപ്പ്'. ഒരു നാട്ടിന്‍ പുറത്തെ കള്ള് ഷാപ്പും അവിടെ നടക്കുന്ന ഒരു കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവും പശ്ചാത്തലമാക്കി കഥ പറയുന്ന സിനിമയിൽ സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹിറ്റുകളുടെ അമരക്കാരനായ അൻവർ റഷീദാണ് ചിത്രം നിർമിക്കുന്നത്. ജനുവരി 16 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
തുടരും
ഈ റിലീസുകൾക്ക് പിന്നാലെ മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു സിനിമയുമായെത്തുന്നുണ്ട്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും'. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അതിനാൽ തന്നെ സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങിയ സിനിമകളിൽ കണ്ട ആ 'തനിനാടൻ മോഹൻലാൽ' കഥാപാത്രത്തെ ഈ ചിത്രത്തിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. സിനിമയുടേതായി പുറത്തുവന്ന പോസ്റ്ററുകളും ബിടിഎസ് വീഡിയോയുമെല്ലാം ആ പ്രതീക്ഷയ്‌ക്കൊപ്പം നിൽക്കുന്നവയുമാണ്. മാത്രമല്ല മലയാളത്തിന്റെ ഹിറ്റ് ജോഡിയായ മോഹൻലാൽ-ശോഭന കൂട്ടുകെട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രം ജനുവരി 30 ന് തിയേറ്ററുകളിലെത്തും.
Content Highlights: January 2025 to have a splendid releases in mollywood