വലുതും ചെറുതുമായ നിരവധി സിനിമകളാണ് ഈ വർഷം തിയേറ്ററുകളിലെത്തിയത്. പല ഭാഷകളിലെ പല ഴോണറിലുള്ള സിനിമകൾ തിയേറ്ററിൽ ആളുകളെ നിറച്ചു. 100 കോടിയും 200 കോടിയും 1000 കോടിയും ഉൾപ്പടെയുള്ള സിനിമകൾ ഈ വർഷം പിറന്നപ്പോൾ ചില സിനിമകൾ നമ്മുടെ ക്ഷമ പരീക്ഷിച്ചു. വലിയ പ്രതീക്ഷയിലെത്തിയ ഒരുപറ്റം സിനിമകൾ തിയേറ്ററിൽ കഷ്ടപ്പെട്ട് കണ്ടുതീർക്കേണ്ട അവസ്ഥയിൽ പ്രേക്ഷകരെ കൊണ്ടെത്തിച്ചു. 2024 ൽ വലിയ പ്രതീക്ഷയിലെത്തി പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചില സിനിമകൾ നോക്കാം.
1 . മലൈക്കോട്ടൈ വാലിബൻ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബൻ പ്രതീക്ഷയുടെ അമിതഭാരത്താൽ തിയേറ്ററിൽ നിലംപൊത്തി. ഗംഭീര മേക്കിങ്ങും മോഹൻലാലിൻറെ മികച്ച പ്രകടനത്തിന്റെ പിൻബലവുമുണ്ടായിട്ടും വാലിബൻ നിരാശപ്പെടുത്തിയ അനുഭവമായി മാറി. റിലീസിന് മുൻപ് സിനിമക്ക് മേൽ ചാർത്തപ്പെട്ട അനാവശ്യ ഹൈപ്പ് ഫാന്‍സ് ഷോ കഴിഞ്ഞപ്പോള്‍
വാലിബന് എതിരായി.
2 . മലയാളീ ഫ്രം ഇന്ത്യ
നിവിൻ പോളിയുടെ കംബാക്ക് പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരെ അപ്പാടെ നിരാശപ്പെടുത്തിയ അനുഭവമായിരുന്നു മലയാളീ ഫ്രം ഇന്ത്യ. മോശം തിരക്കഥയും പ്രകടനങ്ങളും സിനിമക്ക് വിനയായി മാറിയപ്പോൾ ക്ഷമ പരീക്ഷിച്ച കാഴ്ചയായി ചിത്രം മാറി. ആദ്യ പകുതിയിലെ ചില തമാശകൾ മാറ്റി നിർത്തിയാൽ ഒരുതരത്തിലും കാഴ്ചക്കാരെ പിടിച്ചിരുത്താൻ സിനിമക്ക് സാധിച്ചില്ല. കണ്ടു മറന്ന ചില ബോളിവുഡ് സിനിമകളുമായുള്ള സാമ്യതയും രണ്ടാം പകുതിയിലെ അമിത രാജ്യസ്നേഹവും ഈ ഡിജോ ജോസ് ചിത്രത്തെ പിന്നോട്ടടിച്ചു. ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമക്കായില്ല.
3 . ഇന്ത്യൻ 2
ഈ വർഷത്തെ ഏറ്റവും മോശം സിനിമ എന്ന ചോദ്യത്തിന് എല്ലാ പ്രേക്ഷകരും ഒരുപോലെ ഉത്തരം നൽകുന്ന സിനിമയാകും ഇന്ത്യൻ 2 . ആദ്യ ഭാഗത്തിന്റെ പേരിന് കളങ്കം വരുത്തിയ ഈ രണ്ടാം ഭാഗം ഫാൻസി ഡ്രെസ്സിനെ ഓർമിപ്പിക്കും വിധമുള്ള ഗെറ്റപ്പും മോശം തിരക്കഥ കൊണ്ടുമാണ് പ്രേക്ഷകരെ കഷ്ടപ്പെടുത്തിയത്. ഷങ്കറിന്റെ ഏറ്റവും മോശം സിനിമയെന്ന ഖ്യാതി നേടിയ ഇന്ത്യന്‍ 2 ബോക്സ് ഓഫീസിൽ കൂപ്പുകുത്തുന്നതിനോടൊപ്പം ട്രോൾ മെറ്റീരിയൽ ആയി മാറുകയും ചെയ്‌തു. വലിയ ബഡ്ജറ്റിൽ എത്തിയ സിനിമയ്ക്ക് കളക്ഷനിൽ ഒരു നേട്ടവും ഉണ്ടാക്കാനായില്ല. വേറിട്ട കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും എന്നും വിസ്മയിപ്പിച്ചിട്ടുള്ള കമൽ ഹാസനെന്ന അതുല്യ പ്രതിഭയുടെ മോശം പ്രകടനവും അങ്ങനെ ഇന്ത്യൻ 2 വിലൂടെ പ്രേക്ഷകർക്ക് കാണാനായി.
4 . കങ്കുവ
മോശം സിനിമകളുടെ പട്ടികയില്‍ ഇന്ത്യൻ 2 വിന് ഒത്ത എതിരാളിയാണ് സൂര്യ നായകനായി എത്തിയ കങ്കുവ. വർഷങ്ങൾ നീണ്ട മേക്കിങ്ങും, വമ്പൻ ബഡ്ജറ്റും, മറ്റൊരിടത്തും കാണാത്ത പ്രൊമോഷൻസും ഒക്കെ കങ്കുവയ്ക്ക് റിലീസിന് മുൻപ് ചാർത്തികൊടുത്ത ഹൈപ്പ് ചെറുതൊന്നുമല്ല. പക്ഷെ, പുലർച്ചെ സിനിമ കാണാനെത്തിയ സൂര്യ ആരാധകരെയും മറ്റു പ്രേക്ഷകരെയും കളിയാക്കും വിധമുള്ള തിരക്കഥയും മേക്കിങ്ങുമായിരുന്നു സിനിമ സമ്മാനിച്ചത്. സൂര്യയുടെ കരിയറിലെ മോശം പ്രകടനം സിനിമയിലൂടെ പുറത്തുവന്നപ്പോൾ സംവിധായകൻ ശിവയുടെയും നിര്‍മാതാവ് ജ്ഞാനവേല്‍ രാജയുടെയും വാഗ്ദാനങ്ങളും ട്രോളായി മാറി. പ്രേക്ഷകർക്ക് പറഞ്ഞു ചിരിക്കാനുള്ള വെറുമൊരു മീം മെറ്റീരിയൽ ആയി സിനിമ മാറിയ കാഴ്ചയായിരുന്നു പിന്നെ കണ്ടത്.
5 . ദി ഗോട്ട്
വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ ദി ഗോട്ട് നായകന്റെ മുൻ ചിത്രങ്ങളിൽ നിന്നുള്ള റെഫെറൻസുകളും ഡയലോഗുകളും കൊണ്ട് മാത്രം കൈയ്യടി നേടാനായ സിനിമയാണ്. വെങ്കട്ട് പ്രഭുവിന്റെ മുൻ സിനിമകളിലുണ്ടായിരുന്ന പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ദി ഗോട്ട് വിജയ് എന്ന സ്റ്റാറിന്റെ താരമൂല്യത്തിലും മാത്രം ഊന്നിയാണ് വിജയിച്ചത്. സാധാരണ വിജയ് സിനിമകളിൽ കണ്ടു വരാറുള്ള മികച്ച ഗാനങ്ങളോ ഫൈറ്റ് സീനുകളോ പോലും ദി ഗോട്ടിന് അവകാശപ്പെടാനില്ലായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള രണ്ട് സിനിമകളിൽ ഒന്നെന്ന നിലയിൽ ഹൈപ്പ് സിനിമയെ ബോക്സ് ഓഫീസിൽ രക്ഷിച്ചെങ്കിലും ഈ വർഷം മോശം സിനിമാനുഭവങ്ങളിൽ ഒന്നായി ദി ഗോട്ട് മാറി.
6 . ദേവര
അനിരുദ്ധിന്റെ ഗംഭീര മ്യൂസിക്ക്, തരക്കേടില്ലാത്ത ട്രെയ്‌ലർ, നല്ല തോതിലുള്ള പ്രീ റിലീസ് ഹൈപ്പ് എന്നിവയുണ്ടായിട്ടും ദേവര തീർത്തും നിരാശപ്പെടുത്തിയ സിനിമയായി മാറി. മോശം തിരക്കഥയും ലോജിക്കിനെ മറന്നുള്ള സീനുകളും സിനിമക്ക് വെല്ലുവിളിയായപ്പോൾ വലിയ പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ പ്രേക്ഷകരെ അത് നിരാശരാക്കി. ഇരട്ട വേഷത്തിൽ ജൂനിയർ എൻടിആറിന്റെ പ്രകടനം ആദ്യ പകുതിയിൽ കൈയ്യടി നേടിയപ്പോൾ രണ്ടാം പകുതിയിലത് ട്രോളായി. അനിരുദ്ധിന്റെ പശ്ചാത്തലസംഗീതത്തിനൊപ്പം പിടിച്ചു നിൽക്കാൻ സാധിക്കാത്ത എഴുത്ത് സിനിമയ്ക്ക് വിനയായപ്പോൾ ദേവര ഈ വർഷത്തെ മോശം സിനിമകളിൽ ഒന്നായി മാറി.
7 . ഗുണ്ടുർ കാരം
രണ്ട് കൾട്ട് ക്ലാസിക് സിനിമകൾക്ക് ശേഷം ത്രിവിക്രമും മഹേഷ് ബാബുവും ഒന്നിച്ച ഗുണ്ടുർ കാരം സ്ഥിരം തെലുങ്ക് മാസ് മസാല സിനിമകൾക്ക് അപ്പുറം ഒന്നും വാഗ്ദാനം ചെയ്യാത്ത അനുഭവമായി. വലിച്ചു നീട്ടിയ തിരക്കഥയും കാര്യമായി ഒന്നും സംഭവിക്കാത്ത കഥാഗതിയും നായകന്റെ ചേഷ്ടകളും മാത്രമായി ഒതുങ്ങിയ സിനിമയെ ഒരുപരിധിവരെ താങ്ങി നിർത്തിയത് തമന്റെ സംഗീതം ആയിരുന്നു. സ്ഥിരം മഹേഷ് ബാബു സിനിമകളിലെ കാഴ്ചകൾ കൊണ്ട് കുത്തിനിറച്ച സിനിമ ഈ വർഷത്തെ തെലുങ്കിൽ നിന്നുള്ള ആദ്യ മോശം സിനിമയായി മാറി.
8 . സിങ്കം എഗെയ്ൻ
അവഞ്ചേഴ്സിന്റെ ഇന്ത്യൻ പതിപ്പ് എന്നോണം രോഹിത് ഷെട്ടി ഇറക്കിയ സിങ്കം എഗെയ്ൻ ഒരു തരത്തിലും രസിപ്പിക്കാത്ത സിനിമയായി മാറി. മോശം പ്രകടനങ്ങളുടെ നീണ്ട നിര സമ്മാനിച്ച സിനിമ ട്രോളുകൾക്ക് മാത്രമായി നിർമിച്ച സിനിമയാണോയെന്ന് വരെ തോന്നിപ്പിച്ചു. ബോളിവുഡിലെ മുന്‍നിര അഭിനേതാക്കളിൽ ഒട്ടുമിക്കവരും അണിനിരന്ന ചിത്രം കെട്ടുറപ്പില്ലാത്ത തിരക്കഥയുടെയും കണ്ടുപഴകിയ മാസ് സിനിമകളുടെ ഫോർമുലയും കുത്തിക്കയറ്റി പ്രേക്ഷകന്റെ യുക്തി പരീക്ഷിച്ച അനുഭവമായി മാറി. ഭയപ്പെടുന്നതിനും ത്രില്ലടിപ്പിക്കുന്നതും പകരം ചിരിപ്പിച്ച ചിത്രം മീം മെറ്റീരിയൽ ആയി മാറാൻ അധിക സമയമെടുത്തില്ല.
9 . ബഡെ മിയാൻ ചോട്ടെ മിയാൻ
അഭിനയത്തിലും മേക്കിങ്ങിലും സംവിധാനത്തിലും തുടങ്ങി അടിമുടി പരാജയമായ സിനിമ ആയിരുന്നു ബോളിവുഡ് ചിത്രമായ ബഡെ മിയാൻ ചോട്ടെ മിയാൻ. അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് പോലെ മികച്ച ആക്ഷൻ താരങ്ങളെ കയ്യിൽ കിട്ടിയിട്ടും എങ്ങുമെത്താത്ത തിരക്കഥയും കൈവിട്ടുപോയ അവതരണം കൊണ്ടും ഒരുതരത്തിലും കണ്ടിരിക്കാനാകാത്ത കാഴ്ചയായി സിനിമ മാറി. വലിയ പ്രതീക്ഷയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കബീർ എന്ന വില്ലൻ വേഷം റെജിസ്റ്റർ ചെയ്യപ്പെടാതെ പോയ മറ്റൊരു വില്ലൻ വേഷമായും മാറി. അക്ഷയ് കുമാറിന്റെ തുടർച്ചയായ ഫ്ലോപ്പ് സിനിമകളുടെ കൂട്ടത്തിൽ വലിയ പരാജയമായി ബഡെ മിയാൻ ചോട്ടെ മിയാൻ.
10 . ബറോസ്
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന നിലയിൽ വലിയ പ്രതീക്ഷകളായിരുന്നു ബറോസിനുണ്ടായിരുന്നത്. മികച്ച 3D യും വിഷ്വൽ എഫക്റ്റുകളും ചിത്രം വാഗ്ദാനം ചെയ്‌തെങ്കിലും കെട്ടുറപ്പില്ലാത്ത മേക്കിങ്ങും തിരക്കഥയിലെ പഴുതുകളും മോഹൻലാലിന് വിനയായി. കൂടുതലും വിദേശി അഭിനേതാക്കൾ ഭാഗമായ സിനിമയിലെ സംഭാഷണങ്ങളും ഡബ്ബിങ്ങും കാഴ്ച കൂടുതൽ വികൃതമാക്കി. മികച്ച പ്രൊഡക്ഷൻ വാല്യൂ സിനിമ മുന്നോട്ട് വയ്ക്കുമ്പോഴും ബറോസ് ഓർമയിൽ സൂക്ഷിക്കാൻ ഒന്നുമില്ലാത്ത സിനിമാനുഭവമായി മാറി.
അബ്രഹാം ഓസ്‌ലർ, അയലാൻ, രായൻ, നടികർ, ബോഗെയിൻവില്ല, ജയ് ഗണേഷ്, വേട്ടൈയ്യൻ, പുഷ്പ 2 തുടങ്ങിയ സിനിമകളും ഈ വർഷം നിരാശപ്പെടുത്തിയ സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ പല സിനിമകൾക്കും ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായെങ്കിലും അഭിപ്രായത്തിൽ പിന്നോട്ട് പോകുകയും ഒടിടി റിലീസിന് ശേഷം ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
Content Highlights: List of worst film of 2024