സൂപ്പര്‍ഹിറ്റ് സിനിമകളും കോടി ക്ലബ്ബുകളും കൊണ്ട് നിറഞ്ഞ വര്‍ഷമായിരുന്നു 2024 . പക്ഷെ ചിലരുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. പല ഭാഷകളിലായി പുതുമുഖ സംവിധായകരും പുതുമുഖ അഭിനേതാക്കളും കത്തികയറിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക് 2024 ഒരു മോശം വര്‍ഷമായി. ബോക്‌സ് ഓഫീസില്‍ സിനിമകള്‍ ചലനമുണ്ടാക്കിയെങ്കിലും പല സൂപ്പര്‍സ്റ്റാറുകള്‍ക്കും പ്രേക്ഷക മനസ്സില്‍ ഇടംപിടിക്കാനായില്ല. മോശം അഭിനയവും മോശം സിനിമാ തെരഞ്ഞെടുപ്പും സൂപ്പര്‍താരങ്ങളെ അകറ്റി നിര്‍ത്തി. എന്നാല്‍ 2025ല്‍ വര്‍ഷം പിറക്കുന്നത് വലിയ പ്രതീക്ഷകളുമായാണ്.
മോഹന്‍ലാലിന്റെ മോശം സമയം 2024 ലും തുടര്‍ന്നിരുന്നു. രണ്ടു സിനിമകളായിരുന്നു മോഹന്‍ലാലിന്റേതായി 2024 ല്‍ പുറത്തിറങ്ങിയത്, മലൈക്കോട്ടൈ വാലിബനും ബറോസും. എന്നാല്‍ വലിയ പ്രതീക്ഷയിലെത്തിയ രണ്ട് സിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാനായില്ല. വലിയ പ്രീ റിലീസ് ഹൈപ്പില്‍ എത്തിയ സിനിമകള്‍ പ്രേക്ഷകരെയും നിരൂപകരെയും തൃപ്തിപ്പെടുത്താത്ത അനുഭവമായി. എന്നാല്‍ തന്റെ കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് 2025 ല്‍ മോഹന്‍ലാല്‍. തുടരും, എമ്പുരാന്‍, ഹൃദയപൂര്‍വം എന്നീ മലയാള സിനിമകള്‍ക്കൊപ്പം വൃഷഭ എന്ന പാന്‍ ഇന്ത്യന്‍ സിനിമയും മോഹന്‍ലാലിന്റേതായി 2025 ല്‍ ഇറങ്ങുന്നുണ്ട്. വളരെ കാലത്തിന് ശേഷം ഒരു സാധാരണ ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ തുടരുമിലൂടെ എത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ ആദ്യ ഭാഗത്തേക്കാള്‍ ഗംഭീര തിയേറ്റര്‍ കളക്ഷന്‍ സ്വന്തമാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ പരാജയങ്ങള്‍ പല തവണ കമല്‍ ഹാസനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ 2 എന്ന ഒറ്റ സിനിമ കമല്‍ ഹാസനിലെ അഭിനേതാവിന് വരുത്തിവച്ചത് വലിയ ഡാമേജ് ആയിരുന്നു. മോശം പ്രകടനങ്ങള്‍ കൊണ്ടും എഴുത്ത് കൊണ്ടും ഇന്ത്യന്‍ 2 കൂപ്പുകുത്തിയപ്പോള്‍ കമലിനും കേള്‍ക്കേണ്ടി വന്നു പഴി. എന്നാല്‍ 2025ല്‍ തഗ് ലൈഫ് എന്ന മണിരത്‌നം സിനിമയുമായി വരുമ്പോള്‍ പ്രേക്ഷകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. സിനിമയുടെ ടീസറും പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. ടീസറിന്റെ അവസാനം കമല്‍ കണ്ണാടി താഴ്ത്തി വാതിലിനിടയിലൂടെ നോക്കുന്നതും 'വിന്‍വിളി നായകാ' എന്ന റഹ്‌മാന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ഇപ്പോള്‍ തന്നെ ട്രെന്‍ഡിങ്ങിലാണ്.
വര്‍ഷത്തിന്റെ തുടക്കത്തില്‍ മകള്‍ ഐശ്വര്യ രജനികാന്തിന്റെ ലാല്‍ സലാം എന്ന സിനിമയിലൂടെ രജിനിയെത്തിയെങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്ന് വലിയ പ്രതീക്ഷകളുമായി എത്തിയ വേട്ടയ്യനും വിജയിക്കാതിരുന്നത് രജനിക്ക് തിരിച്ചടിയായി. ജയ് ഭീം എന്ന സിനിമക്ക് ശേഷം ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം കാമ്പുള്ള കഥയും തരക്കേടില്ലാത്ത വിഷയവുമായിരുന്നിട്ടും രജനി എന്ന സ്റ്റാറിന്റെ ഭാരം താങ്ങാനാകാതെ ബോക്‌സ് ഓഫീസില്‍ നിലംപൊത്തി. അനിരുദ്ധിന്റെ ഗംഭീര പശ്ചാത്തലസംഗീതത്തിന് പോലും സിനിമയെ പിടിച്ചുനിര്‍ത്താനായില്ല. എന്നാല്‍ 2025 സൂപ്പര്‍സ്റ്റാര്‍ രസികര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ട്. ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. സിനിമയുടെ ഗ്ലിംമ്പ്‌സ് പുറത്തിറങ്ങിയപ്പോള്‍ തന്നെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. വമ്പന്‍ കാസ്റ്റുമായി വരുന്ന പടം കമലിന് വിക്രം സമ്മാനിച്ചതുപോലെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് രജനിക്കും സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദി ഗോട്ട് ബോക്‌സ് ഓഫീസില്‍ 400 കോടി നേടിയെങ്കിലും ഭൂരിഭാഗം വിജയ് ആരാധകരെയും തൃപ്തിപ്പെടുത്താതെ പോയ അനുഭവമായി. മോശം മേക്കിങ്ങും തിരക്കഥയും സിനിമക്ക് തിരിച്ചടിയായി. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വിജയ് അഭിനയിക്കുന്ന അവസാന സിനിമകളില്‍ ഒന്നായതിനാല്‍ ഉള്ള ഹൈപ്പും വിജയ്യുടെ സ്റ്റാര്‍ പവറുമാണ് സിനിമയെ രക്ഷിച്ചത്. എന്നാല്‍ 2025 ല്‍ ഹിറ്റ് മേക്കര്‍ എച്ച് വിനോദിനൊപ്പം അവസാന സിനിമയുമായി വിജയ് എത്തുമ്പോള്‍ അത് താരത്തിന് ഒരു പക്കാ സെന്റ് ഓഫ് തന്നെ ആകുമെന്നാണ് പ്രതീക്ഷ.
വര്‍ഷങ്ങള്‍ നീണ്ട ഷൂട്ടിംഗ്, നാട് നീളെയുള്ള പ്രൊമോഷന്‍, വമ്പന്‍ ഹൈപ്പ്, പക്ഷെ റിലീസിനെത്തിയ ശേഷം കങ്കുവക്ക് ഒരു ഘട്ടത്തിലും തിയേറ്ററില്‍ നിലയുറപ്പിക്കാനായില്ല. ആദ്യ ഷോ കഴിഞ്ഞത് മുതലുള്ള മോശം റിവ്യൂസ് സിനിമയെ പിന്നോട്ടടിച്ചു. അമിത സൗണ്ടും മോശം പ്രകടനങ്ങളും അതിലും മോശം എഴുത്തും കങ്കുവയ്ക്ക് വിനയായി. എന്നാല്‍ 2025 സൂര്യക്കായി കാര്‍ത്തിക്ക് സുബ്ബരാജ് ഒരുക്കിവെച്ചിരിക്കുന്നത് ഒരു പക്കാ കംബാക്ക് പടമാണ്. റെട്രോ ടീസര്‍ വന്നതുമുതല്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ച ഈ സിനിമയെക്കുറിച്ചാണ്. ചിത്രത്തില്‍ നിന്നുള്ള എഡിറ്റുകളും വീഡിയോകളും ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്. മികച്ച ആക്ഷന്‍ സീനുകളും ഒപ്പം റൊമാന്‍സും കൂടിക്കലര്‍ന്ന ഒരു പെര്‍ഫെക്റ്റ് എന്റര്‍ടൈനര്‍ ആകും സിനിമയെന്നതില്‍ സംശയമില്ല.
ഒരു ഹിറ്റിനായി കാത്തിരിക്കുകയാണ് വര്‍ഷങ്ങളായി ചിയാന്‍ വിക്രം. മോശം സിനിമകളിലൂടെ വിക്രം എന്ന അഭിനേതാവ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പിന്നോട്ട് പോകുകയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ വലിയ പ്രതീക്ഷകളോടെ എത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാകാനായില്ല. പതിവ് പോലെ വിക്രമിന്റെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ 2025 ല്‍ അരുണ്‍കുമാര്‍ സിനിമയായ വീര ധീര സൂരനിലൂടെ വിക്രം തിരിച്ചുവരുമെന്ന് തന്നെയാണ് പ്രേക്ഷകരും ആരാധകരും ഉറ്റുനോക്കുന്നത്. സിനിമയുടെ ടീസറിന് ഇതിനോടകം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
സൂപ്പര്‍താരങ്ങളുടെ ജയപരാജയങ്ങളെ ആശ്രയിച്ചല്ല ഇന്ന് ഒരു സിനിമാഇന്‍ഡസ്ട്രിയുടെയും നിലനില്‍പ്പെങ്കിലും ഈ താരങ്ങളുടെ വിജയം ആരാധകര്‍ക്കും ഇന്‍ഡസ്ട്രികള്‍ക്കും നല്‍കുന്ന ഊര്‍ജം ചെറുതല്ല. അതുകൊണ്ട് 2025ല്‍ താരരാജക്കന്മാര്‍ക്കും ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Superstars are going to comeback in 2025