വിജയ് എന്നാൽ 'വെറിത്തനം' ബ്രാൻഡ്; ആ സ്വാ​ഗിന് പകരം നിൽക്കാൻ റീമേക്കുകൾ കിതയ്ക്കും

അക്ഷയ് കുമാറിനോടും ചിരഞ്ജീവിയോടും വരുൺ ധവാനോടും 'ഉന്നാൽ മുടിയാത്...' എന്നാണ് ആരാധകർ ഒരേസ്വരത്തിൽ പറയുന്നത്

dot image

തെരി സിനിമയുടെ ഇന്റർവെൽ ബ്ലോക്ക് ഓർമയില്ലേ? വില്ലൻ, തന്റെ മകന്റെ കൊലയാളിയെക്കുറിച്ച് ചോദിക്കുമ്പോൾ അത് താനാണെന്ന് വിജയ് സ്വാഗിൽ പറയുന്ന ആ സീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും നിറഞ്ഞു നിൽക്കുകയാണ്. അതിന് കാരണമായത് ഒരു ബോളിവുഡ് ചിത്രവും. തെരിയുടെ ഹിന്ദി റീമേക്കായ ബേബി ജോൺ. ഡയലോഗ് ഡെലിവറി കൊണ്ടും സ്ക്രീൻ പ്രെസൻസ് കൊണ്ടും വിജയ് തിയേറ്ററുകളെ ഇളക്കി മറിച്ച ആ രംഗം ഹിന്ദിയിൽ ഒരു കോമഡി പീസായെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.

vijay in theri

ആ രംഗം മാത്രമല്ല, ബേബി ജോൺ എന്ന ചിത്രം ഉടനീളം ട്രോളുകൾക്ക് ഇരയാകുന്നുണ്ട്. വിജയ്ക്ക് പകരമാകാൻ വരുൺ ധവാനെക്കൊണ്ട് കഴിയില്ല എന്ന കമന്റുകൾ നിറയുകയാണ്. തിയേറ്ററിലും സിനിമ അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണുള്ളത്. ക്രിസ്തുമസ് ദിനമായ ഡിസംബർ 25 ന് പുറത്തിറങ്ങിയ സിനിമയ്ക്ക് ആദ്യദിനത്തിൽ 12.50 കോടി മാത്രമാണ് ലഭിച്ചത്. 2016 ൽ പുറത്തിറങ്ങിയ തെരി ആദ്യദിനത്തിൽ 13.1 കോടിയായിരുന്നു നേടിയത്. തെരി ആഗോളതലത്തിൽ 150 കോടിയിലധികം കളക്ട് ചെയ്തപ്പോൾ വരുൺ ധവാന്റെ ഹിന്ദി റീമേക്കാകട്ടെ 50 കോടി എന്ന സംഖ്യയിലേക്ക് പോലും എത്താന്‍ കിതയ്ക്കുകയാണ്.

vijay

ഇത് ആദ്യമായല്ല ഒരു വിജയ് സിനിമയുടെ ഹിന്ദി റീമേക്ക് വിമർശനങ്ങൾ കൊണ്ട് നിറയുന്നത്. വിജയ്‌യുടെ കരിയറിൽ എന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് തുപ്പാക്കി. എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം ഹോളിഡേ എന്ന പേരിൽ അക്ഷയ് കുമാർ റീമേക്ക് ചെയ്തിരുന്നു. തീയറ്ററിൽ ചിത്രം വിജയമായിരുന്നെങ്കിലും ചിത്രത്തിലെ ഇൻട്രോ സീൻ മുതൽ അക്ഷയ് കുമാറിന് ഒരു രംഗത്തിൽ പോലും വിജയ്‌യുടെ സ്വാഗിനോട് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല എന്ന് ആ സമയം പലരും വിമർശിച്ചിരുന്നു. സിനിമയുടെ ഇന്റർവെൽ സീനിൽ വിജയ്‍യും അക്ഷയ് കുമാറും 'ഐ ആം വെയ്റ്റിംഗ്' എന്നുള്ള ഡയലോഗ് പറയുന്നതിനെ താരതമ്യം ചെയ്തുള്ള ട്രോളുകളും അന്ന് ഹിറ്റായിരുന്നു.

vijay and akshay kumar

ഇനി മറ്റൊരു വിജയ് ചിത്രത്തിന്റെ റീമേക്കിലേക്ക് പോകാം. തുപ്പാക്കിക്ക് ശേഷം വിജയ്-മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമയായിരുന്നു കത്തി. നടൻ ഇരട്ട വേഷങ്ങളിലെത്തിയ സിനിമ കൈതി നമ്പർ 150 എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിരഞ്ജീവിയായിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. കത്തിയിൽ വിജയ്‌യുടെ കതിരേശനും ജീവാനന്ദവും ആഘോഷിക്കപ്പെട്ടപ്പോൾ ചിരഞ്ജീവി വേർഷൻസ് ഏറെ ട്രോൾ ചെയ്യപ്പെട്ടു. സിനിമയുടെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പല രംഗങ്ങളിലും ഈ റീമേക്കിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. അതും വിമർശനത്തിന് പാത്രമായി.

vijay and chiranjeevi

വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളെ അക്ഷയ് കുമാറും ചിരഞ്ജീവിയും ഇപ്പോൾ വരുൺ ധവാനും പുനരവതരിപ്പിച്ചപ്പോൾ അവരോട് 'ഉന്നാൽ മുടിയാത്...' എന്നാണ് ആരാധകർ ഒരേസ്വരത്തിൽ പറയുന്നത്. ഒരു കഥാപാത്രത്തെ ഡയലോഗ് മോഡുലേഷൻ കൊണ്ടും തന്റെ സ്റ്റൈലും സ്വാഗും കൊണ്ടും വിജയ് തന്റേതാക്കുന്നുവെന്നും മറ്റൊരു നടനും അയാൾ ചെയ്യും വിധം സ്റ്റൈലിഷായി ആ വേഷങ്ങൾ ചെയ്യാൻ കഴിയില്ലെന്നും ആരാധകർ ഉറപ്പിക്കുന്നു. നേരെ മറിച്ച് മറ്റൊരു ഭാഷയിൽ ഒരുങ്ങിയ സിനിമയുടെ വിജയ് റീമേക്കുകൾ തിയേറ്ററിൽ ആഘോഷമായതിന്റെ കണക്കുകളും ആരാധകർ ചൂണ്ടികാട്ടുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഗില്ലി. മഹേഷ് ബാബു നായകനായ ഒക്കഡു എന്ന തെലുങ്ക് സിനിമയുടെ റീമേക്കായിരുന്നു വിജയ് നായകനായ ഗില്ലി. റിലീസ് സമയത്ത് ഒക്കഡു തിയേറ്ററുകളിൽ വിജയം നേടിയപ്പോൾ, റിലീസിലും മിനി സ്ക്രീനിലും റീ റിലീസിലും 'ഓൾ ഏരിയ അയ്യാ ഗില്ലി ഡാ...' എന്ന് പറയുന്ന വിജയമാണ് ദളപതി വിജയ് നേടിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ റീ റിലീസ് സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനുകളിൽ ഒന്ന് ഗില്ലിയുടെ പേരിലാണ്.

vijay and mahesh babu

പിന്നീട് മഹേഷ് ബാബുവിന്റെ 'പോക്കിരി' കുപ്പായം വിജയ് എടുത്തിട്ടപ്പോൾ നടന്നത് പറയേണ്ടതില്ലല്ലോ. ഇതൊക്കെ റീമേക്കായിരുന്നോ എന്ന് തോന്നിപ്പിക്കും വിധം ഈ സിനിമകളെ വിജയ് തന്റേതാക്കി മാറ്റി. ഇതെല്ലാം ചൂണ്ടിക്കാട്ടി മറ്റു ഭാഷാ താരങ്ങളോട് ദളപതി രസികർ പറയുന്നത് എന്തെന്നാൽ നിങ്ങൾക്ക് സിനിമകൾ റീമേക്ക് ചെയ്യാം, എന്നാൽ വിജയ്‌യുടെ പെർഫോമൻസ് റീമേക്ക് ചെയ്യാൻ കഴിയില്ല എന്നാണ്. കാരണം 'അവങ്ക ആട്ടം വെറിത്തനമായിരിക്കും...!'

Content Highlights: Why Vijay movie remakes are not hit in other languages

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us