കങ്കുവയും ആടുജീവിതവും എങ്ങനെ ഓസ്കർ പട്ടികയിൽ എത്തി ?

മികച്ച സിനിമകളുടെ പ്രാഥമിക പട്ടികയില്‍ ഏഴ് ഇന്ത്യന്‍ സിനിമകളാണ് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്

രാഹുൽ ബി
1 min read|08 Jan 2025, 05:51 pm
dot image

തിയേറ്ററുകളില്‍ പ്രേക്ഷകരെ തീര്‍ത്തും നിരാശരാക്കിയ, മോശം തിരക്കഥ കൊണ്ടും അഭിനയം കൊണ്ടും ട്രോള്‍ മെറ്റീരിയല്‍ ആയ ചിത്രമായിരുന്നു കങ്കുവ. എന്നാല്‍ ഇന്നലെ വന്നൊരു വാര്‍ത്ത സൂര്യ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ഞെട്ടിച്ചു. 97ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടിലേക്ക് കങ്കുവ തിരഞ്ഞെടുക്കപ്പെട്ടു എന്നായിരുന്നു അത്. മികച്ച സിനിമക്കായുള്ള കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 207 സിനിമകളില്‍ ഒന്നായിട്ടാണ് കങ്കുവ ഓസ്‌കറിലേക്ക് മത്സരിക്കുന്നത്. മോശം പ്രതികരണം നേടിയിട്ടും ബോക്‌സ് ഓഫീസില്‍ കൂപ്പ്കുത്തിയിട്ടും കങ്കുവ എങ്ങനെ ഓസ്‌കര്‍ പ്രാഥമിക റൗണ്ടില്‍ എത്തി ? കങ്കുവയ്ക്ക് ഓസ്‌കര്‍ ലഭിക്കുമോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ശരിക്കും എങ്ങനെയാണ് ഒരു സിനിമ ഓസ്‌കറിലേക്ക് എത്തുന്നത് ?

മികച്ച സിനിമകളുടെ പ്രാഥമിക പട്ടികയില്‍ ഏഴ് ഇന്ത്യന്‍ സിനിമകളാണ് ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കങ്കുവ, ആടുജീവിതം, സന്തോഷ്, സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍, ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ്, പുട്ടുല്‍ എന്നിവയാണ് ആ സിനിമകള്‍. പലപ്പോഴും അക്കാദമി അവാര്‍ഡിനായി അപേക്ഷിക്കുന്ന എല്ലാ സിനിമകളുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നോ മലയാളത്തില്‍ നിന്നോ ഉള്ള സിനിമ ആ ലോംഗ് ലിസ്റ്റില്‍ വന്നാല്‍ ഓസ്‌കാര്‍ അവാര്‍ഡിനുള്ള പട്ടികയില്‍ ഇന്ത്യന്‍ സിനിമയെന്ന മട്ടില്‍ വാര്‍ത്തകള്‍ വരാറുണ്ട്. അപേക്ഷ കിട്ടി എന്ന രീതിയിലുള്ള പട്ടിക എന്നല്ലാതെ അതൊരിക്കലും ഓസ്‌കാറിനുള്ള പ്രധാന കടമ്പയായ നോമിനേഷന്‍ ലിസ്റ്റ് അല്ല.

കങ്കുവ എങ്ങനെയാണ് ഓസ്‌കറിന്റെ ഈ ആദ്യ പട്ടികയില്‍ ഇടം പിടിച്ചത് ? ചില എലിജിബിലിറ്റി ക്രൈറ്റീയകള്‍ പാലിച്ചു കഴിഞ്ഞാല്‍ ഏതൊരു ഇന്ത്യന്‍ സിനിമകള്‍ക്ക് അത് സാധ്യമാകും. സിറ്റി ഓഫ് ന്യൂയോര്‍ക്ക്, ദ ബേ ഏരിയ, ചിക്കാഗോ, ഡല്ലാസ് ഫോര്‍ട്ട് വോര്‍ട്ട്, അറ്റ്ലാന്‍റ

തുടങ്ങിയ സ്ഥലങ്ങളിലെ ഏതെങ്കിലുമൊരു കൊമേര്‍ഷ്യല്‍ തിയറ്ററില്‍ ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ ഒരാഴ്ച ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കണം. മാത്രമല്ല ഒരു ദിവസം മൂന്ന് ഷോ ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. ഈ മൂന്ന് ഷോകളിലെ ഒരു ഷോ വൈകിട്ട് ആറിനും പത്തിനും ഇടയിലായിരിക്കണം. ഫീച്ചര്‍ ഫിലിമുകള്‍ക്ക് 40 മിനിറ്റില്‍ കൂടുതല്‍ റണ്‍ ടൈം ഉണ്ടായിരിക്കണം എന്നും നിബന്ധനയുണ്ട്. ഈ നിയമങ്ങള്‍ ഒക്കെ പാലിക്കുന്ന സിനിമകള്‍ക്ക് ഓസ്‌കര്‍ പ്രാഥമിക പട്ടികയിലേക്ക് ഇടം നേടാനാകും. അങ്ങനെയാണ് കങ്കുവ ഈ ലിസ്റ്റില്‍ ഇടം പിടിച്ചത്. എന്നാല്‍ ഓസ്‌കറിലേക്ക് എത്താന്‍ ഇനിയും കടമ്പകളേറെയുണ്ട്.

ഓസ്‌കാറിന്റെ മാനദണ്ഡങ്ങളെ കൃത്യമായി പാലിച്ച സിനിമകളെയെല്ലാം ഉള്‍പ്പെടുത്തി ആദ്യമൊരു പട്ടിക തയ്യാറാക്കും, അതിനെ റിമൈന്‍ഡര്‍ ലിസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ കങ്കുവയും ആടുജീവിതവുമുള്ളത്. ഈ ലിസ്റ്റില്‍ നിന്ന് 15 സിനിമകള്‍ വോട്ടിങ്ങിലൂടെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടും. ഈ പതിനഞ്ച് സിനിമകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന അഞ്ച് സിനിമകളാണ് ഓസ്‌കറിന്റെ നോമിനേഷന്‍ ലിസ്റ്റിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്.

നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് സിനിമകളില്‍ നിന്ന് വോട്ടിംഗ് വഴിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. സംവിധായകര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍ തുടങ്ങി പതിനായിരത്തോളം വരുന്ന ഇന്‍ഡസ്ട്രി പ്രൊഫെഷണല്‍സ് ആണ് വോട്ടിംഗ് ചെയ്യുന്നത്. ഇവരെ പതിനേഴ് ക്യാറ്റഗറിയായി തരം തിരിച്ച് ഓരോ ക്യാറ്റഗറിക്കും ഓരോ വോട്ടിംഗ് ക്രമീകരിക്കുന്നു. ഉദാഹരണത്തിന് മികച്ച നടനെ തിരഞ്ഞെടുക്കുന്നത് അഭിനേതാക്കളുടെ ക്യാറ്റഗറിയിലുള്ള ആളുകളാകും, മികച്ച ഡയറക്ടറെ തിരഞ്ഞെടുക്കുന്നത് സംവിധായകരുടെ ക്യാറ്റഗറിയിലുള്ളവരും. എന്നാല്‍ മികച്ച സിനിമയെ തിരഞ്ഞെടുക്കാനായി ഈ പതിനേഴ് ക്യാറ്റഗറിയിലെ അംഗങ്ങള്‍ക്കും വോട്ട് ചെയ്യാവുന്നതാണ്. ഇന്ത്യയില്‍ നിന്ന് മദര്‍ ഇന്ത്യ, സലാം ബോംബെ, ലഗാന്‍ തുടങ്ങിയ ചിത്രങ്ങള്‍ അവസാന ഘട്ട നോമിനേഷനില്‍ എത്തിയപ്പോള്‍ 2022 ല്‍ ചെല്ലോ ഷോ എന്ന ഗുജറാത്തി സിനിമ രണ്ടാം ഘട്ടമായ ഷോര്‍ട്ട് ലിസ്റ്റിലേക്ക് എത്തിപ്പെടുകയും ചെയ്തിരുന്നു.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് നിയമാവലി പ്രകാരം പ്രദര്‍ശനം നടത്തുന്ന, അപേക്ഷിക്കപ്പെട്ട സിനിമകള്‍ മാത്രമേ ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷന് പരിഗണിക്കപ്പെടൂ. ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇത് ബാധകമല്ല. മികച്ച വിദേശ സിനിമകളെന്ന് അറിയപ്പെട്ടിരുന്ന, പിന്നീട് മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ സിനിമ എന്ന പേര് മാറ്റപ്പെട്ട വിഭാഗത്തെ നോമിനേറ്റ് ചെയ്യുന്നത് അതാത് രാജ്യങ്ങളാണ്. അതായത് ഇന്ത്യയ്ക്ക് അവരുടേതായ സിനിമകള്‍ നോമിനേറ്റ് ചെയ്യാം. അതുപോലെ മറ്റു രാജ്യങ്ങള്‍ക്കും ഓരോ സിനിമകള്‍ നോമിനേറ്റ് ചെയ്യാം. അവിടെ നിന്ന് വിദേശ ഭാഷാ ചിത്രത്തിനായുള്ള നോമിനേഷനിലേക്ക് എത്തണം. ഈ വര്‍ഷം മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലേക്ക് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിനെ ഇന്ത്യ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. എന്നാല്‍ ഓസ്‌കര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്ന് ചിത്രം പുറത്തായി.

അവാര്‍ഡ് മുന്നില്‍ കണ്ട് പോകുന്ന സിനിമക്ക് കൃത്യമായ ഒരു സ്ട്രാറ്റജി എപ്പോഴും ഉണ്ടായിരിക്കണം. അക്കാദമിയിലെ ആളുകളെ സിനിമ കാണിക്കുക എന്നത് തന്നെയാണ് ഏറ്റവും മുഖ്യമായ ഘട്ടം. ഒപ്പം പ്രേക്ഷകരെ ഈ സിനിമയിലേക്ക് എത്തിക്കുന്നതും പ്രധാന സ്റ്റെപ്പുകളില്‍ ഒന്നാണ്. സിനിമയുടെ നിര്‍മാതാക്കള്‍ സിനിമയെ പ്രൊമോട്ട് ചെയ്യുന്നത് സിനിമയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കും. 2023 ല്‍ ആര്‍ആര്‍ആര്‍ എന്ന സിനിമക്ക് ഓസ്‌കാറിലേക്കുള്ള വഴി എളുപ്പമാക്കിയത് സിനിമക്ക് പാശ്ചാത്യനാടുകളില്‍ കിട്ടിയ സ്വീകാര്യതയും നിര്‍മാതാക്കള്‍ സിനിമയെ അവിടെ പ്രൊമോട്ട് ചെയ്ത രീതിയുമായിരുന്നു.

രണ്ടാം റൗണ്ടിലേക്കുള്ള സിനിമകളെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗ് എട്ടാം തിയതി മുതല്‍ ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. ഈ റൗണ്ടില്‍ വിജയിച്ചാല്‍ മാത്രമേ കങ്കുവയ്ക്കും ആടുജീവിതത്തിനും ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിനും മികച്ച സിനിമക്കുള്ള നോമിനേഷന്‍ ലിസ്റ്റിലേക്ക് എത്താന്‍ സാധിക്കുകയുള്ളു.

Content Highlights: How did Kanguva and Aadujeevitham selected for the oscars

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us