ഒരു ഷാപ്പിൽ നടക്കുന്ന കൊലപാതകം. മഴയുള്ള ഒരു രാത്രിയിൽ പ്രാവിൻകൂട് ഷാപ്പിന്റെ മുതലാളിയായ കൊമ്പൻ ബാബുവിനെ ആരോ കൊന്ന് ഷാപ്പിന്റെ ഒത്ത നടുക്ക് കെട്ടിത്തൂക്കുന്നു. ഇതന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസർ. മൊത്തത്തിൽ ഒരു ക്രൈം ത്രില്ലറിന് പറ്റിയ കഥാഗതി. ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിൻകൂട് ഷാപ്പ് ജനുവരി 16 നു റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. തുടർച്ചയായുള്ള ഹിറ്റുകളുമായി മുന്നേറുന്ന ബേസിലിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന സൗബിന്റെയും 2025 ലെ ആദ്യ ചിത്രമായി പ്രാവിൻകൂട് ഷാപ്പ് എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. സിനിമ കാണാനുള്ള അഞ്ച് കാരണങ്ങൾ ഇവയൊക്കെയാണ്.
ബേസിൽ ജോസഫ് ഇന്നൊരു മിനിമം ഗ്യാരന്റി സ്റ്റാർ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. മികച്ച സിനിമകളും കഥാപാത്രങ്ങളും തുടർച്ചയായി ലഭിക്കുന്നതിനോടൊപ്പം ബോക്സ് ഓഫീസിലും ബേസിൽ സിനിമകൾക്ക് ഇന്ന് സ്വീകാര്യതയുണ്ട്. ഫാമിലി പ്രേക്ഷകർക്കിടയിൽ ബേസിലിന്റെ സ്വാധീനം വളരെ വലുതാണ്. അതുകൊണ്ട് തന്നെ ആദ്യ ദിനം മുതൽ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കും തിരക്കേറുകയാണ്. 2024 ലെ വിജയസിനിമകൾക്ക് ശേഷം ബേസിൽ പ്രാവിൻകൂട് ഷാപ്പുമായി എത്തുമ്പോൾ ഈ വർഷവും അദ്ദേഹത്തിലെ അഭിനേതാവ് ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമെന്നാണ് പ്രതീക്ഷ. പ്രാവിൻകൂട് ഷാപ്പിൽ ഒരു പൊലീസ് ഓഫീസർ ആയിട്ടാണ് ബേസിൽ എത്തുന്നത്. അല്പം കോമഡിയും കുറച്ച് മാസ്സും ഒക്കെയായി ഒരു അടിപൊളി കഥാപാത്രം തന്നെയാകും ബേസിലിന്റേത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
മികച്ച സിനിമകളും മികച്ച കഥാപാത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ച ഹിറ്റ് മേക്കർ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ആ ഒരൊറ്റ പേര് പ്രാവിൻകൂട് ഷാപ്പിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ബിലാലിനെയും തലയേയും പിള്ളേരെയും അണ്ണനെയും തമ്പിയേയുമൊക്കെ സൃഷ്ട്ടിച്ച അമരക്കാരൻ. ബേസിലിനെപ്പോലെ മിനിമം ഗ്യാരന്റി ഉറപ്പ് നൽകുന്ന പേര് കൂടിയാണ് അൻവർ റഷീദ്. സംവിധാനത്തിനൊപ്പം അൻവർ റഷീദ് നിർമിച്ച സിനിമകളൊക്കെയും പ്രേക്ഷകരുടെയുള്ളിൽ ഇടംപിടിക്കുന്നതിനോടൊപ്പം ബോക്സ് ഓഫീസിലും തരംഗം തീർത്തവയാണ്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ, ആവേശം തുടങ്ങിയ സിനിമകൾ തിയേറ്ററിൽ തീർത്ത ആവേശം ചെറുതൊന്നുമല്ല. അൻവർ റഷീദ് എന്റർടൈന്മെന്റ്സ് എന്ന ടൈറ്റിൽ തെളിയുമ്പോൾ അത് ഒരു ഉറപ്പ് കൂടിയാണ്, ആ സിനിമ നിരാശപ്പെടുത്തില്ല എന്നുറപ്പ്.
ഇൻവെസ്റ്റിഗേഷനൊപ്പം ഒരു ഡാർക്ക് ഹ്യൂമർ സ്വഭാവവും സിനിമയ്ക്കുണ്ടാകും എന്ന സൂചനയാണ് സിനിമയുടെ ട്രെയ്‌ലർ നൽകുന്നത്. ഒരു കൊലപാതകവും അതിന്റെ ചുരുളഴിയ്ക്കാൻ എത്തുന്ന പൊലീസുമൊക്കെയാകുമ്പോൾ അല്പം സീരിയസ് എന്ന് തോന്നിപ്പിക്കുമെങ്കിലും സിനിമ ചിരിപ്പിക്കുമെന്നും ട്രെയ്‌ലർ ഉറപ്പു നൽകുന്നു. ഡാർക്ക് ഹ്യൂമർ സിനിമകൾ ഇപ്പോൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സമയമാണ്. മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സും, എക്സ്ട്രാ ഡീസന്റുമെല്ലാം ഡാർക്ക് ഹ്യൂമർ സ്പേസിനെ വളരെയധികം മികച്ചതാക്കി ഉപയോഗിച്ച് കൈയ്യടി നേടിയ സിനിമകളാണ്. ആ സ്‌പേസിലേക്കാണ് പ്രാവിൻകൂട് ഷാപ്പും എത്തുന്നത്. ത്രില്ലും സസ്പെൻസിനോടൊപ്പം അതേ അളവിൽ ചിരിപ്പിച്ച് കൈയ്യടി നേടാനായാൽ അത് സിനിമയ്ക്ക് വലിയ ഗുണം ചെയ്യും.
ടെക്‌നിക്കലി മികച്ചൊരു സിനിമയാകും പ്രാവിൻകൂട് ഷാപ്പ് എന്നാണ് ട്രൈലറിലൂടെ മനസിലാകുന്നത്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായ 'പ്രേമലു'വിന്‍റെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ്‌യുടെ ഈ വർഷത്തെ ആദ്യ സിനിമയാണിത്. ഒപ്പം 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. അങ്ങനെ മികച്ച ഒരു ടെക്‌നിക്കൽ ടീമിന്റെ സപ്പോർട്ട് കൂടി പ്രാവിൻകൂട് ഷാപ്പിനുണ്ട്.
ബേസിലിനൊപ്പം സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് തുടങ്ങിയ മികച്ച അഭിനേതാക്കളുടെ പിൻബലവും പ്രാവിൻകൂട് ഷാപ്പിനുണ്ട്. മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടന് ശേഷം വീണ്ടും സൗബിൻ ഞെട്ടിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ബേസിലിനൊപ്പം കട്ടക്ക് നിന്ന് കഥാഗതിയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നയാളാകാം സൗബിന്റെ കഥാപാത്രം എന്നാണ് ട്രെയ്‌ലർ കാണുമ്പോൾ മനസിലാകുന്നത്. തൂമ്പ എന്ന ഏറെ പ്രേക്ഷക പ്രശംസ നേടിയ ഷോർട്ട് ഫിലിമിന് ശേഷം ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. തൂമ്പയാണ് പ്രാവിൻകൂടിലേക്ക് തനിക്ക് വഴിയൊരുക്കിയതെന്ന് ശ്രീരാജ് പറയുമ്പോൾ അയാളിലെ സംവിധായകനിലുള്ള ആത്മവിശ്വാസത്തിന്റെയും തെളിവാണത്. തൂമ്പ പോലെത്തന്നെ പ്രാവിൻകൂട് ഷാപ്പിലൂടെയും ശ്രീരാജിന് മികച്ച വിജയം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
2024 ലെ പോലെ തുടർവിജയങ്ങൾ പ്രാവിൻകൂട് ഷാപ്പിലൂടെ ബേസിലിന് ആവർത്തിക്കാനാവട്ടെ. കുട്ടേട്ടനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് പോലെ മറ്റൊരു പ്രിയപ്പെട്ട സിനിമയാകട്ടെ സൗബിന് ഈ ചിത്രം. ആവേശത്തിന് ശേഷം തിയേറ്ററിൽ വൻ വിജയമായി 2025 മികച്ചതായി തന്നെ ആരംഭിക്കാൻ അൻവർ റഷീദ് എന്റർടൈൻമെൻറ്സിന് പ്രാവിൻകൂട് ഷാപ്പിലൂടെ സാധിക്കട്ടെ.
Content Highlights: Basil Joseph, Soubin Shahir movie pravinkoodu shappu movie expectations