'മമ്മൂട്ടിക്ക് ഒരു 100 കോടി ചിത്രം ഉണ്ടാകുമോ?'
മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്‍ റിലീസ് ചെയ്തപ്പോള്‍ മുതലുള്ള പലരുടെയും പരിഹാസം നിറഞ്ഞ ചോദ്യമാണ് ഇത്. 2016 ഒക്ടോബറിലായിരുന്നു പുലിമുരുകന്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ തുടങ്ങിവെച്ച 100 കോടി ക്ലബ്ബിലേക്ക് പൃഥ്വിരാജും ഫഹദും നസ്ലെനുമെല്ലാം കയറിയപ്പോഴും മമ്മൂട്ടിയെ പലരും ട്രോളി. ഇപ്പോള്‍ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാര്‍ക്കോ 100 കോടി ക്ലബില്‍ എത്തിയപ്പോള്‍ ആ പരിഹാസം നിറഞ്ഞ ചോദ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ് 'മമ്മൂട്ടിക്ക് ഒരു 100 കോടി ചിത്രമുണ്ടാകുമോ?'
ഈ ചോദ്യം ഉന്നയിക്കുമ്പോള്‍ ആദ്യം നോക്കേണ്ടത് മമ്മൂട്ടിയുടെ സമീപകാലത്തെ സിനിമകളുടെ തിരഞ്ഞെടുപ്പിലേക്ക്, അതിനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തിലേക്കാണ്. കൊവിഡാനന്തരം മമ്മൂട്ടി തിരഞ്ഞെടുത്ത സിനിമകളും കഥാപാത്രങ്ങളും ഒട്ടുമിക്കതും കോടി ക്ലബുകള്‍ ലക്ഷ്യം വെച്ചുള്ളവയായിരുന്നില്ല. നേരെ മറിച്ച് അയാളിലെ നടനെയും മലയാള സിനിമയെ തന്നെയും വീണ്ടും വീണ്ടും തേച്ചുമിനുക്കാന്‍ പറ്റുന്നവയായിരുന്നു.
പുഴു എന്ന സിനിമ തന്നെ ഉദാഹരണമായെടുക്കാം. ഒരു സൂപ്പര്‍താരത്തിന്റെ കുപ്പായം അഴിച്ചുവെച്ച്, സാമൂഹ്യവ്യവസ്ഥയില്‍ ഒരിക്കലും മാറാത്ത ഒരു രോഗത്തിന് അടിമയായ, നെഗറ്റീവ് ഷെയ്ഡുള്ള കഥാത്രത്തെയാണ് മമ്മൂട്ടി പുഴുവില്‍ അവതരിപ്പിച്ചത്. നന്‍പകല്‍ നേരത്ത് മയക്കത്തിലാകട്ടെ, ഏതൊരു നടനും ആഗ്രഹിക്കുന്ന വൈവിധ്യമാര്‍ന്ന രണ്ടു ഭാവങ്ങളാണ് അദ്ദേഹം പകര്‍ന്നാടിയതും.
കാതല്‍ ദി കോര്‍ എന്ന ചിത്രത്തിലാകട്ടെ 'മലയാളിയുടെ പൗരുഷത്തിന്റെ പ്രതീകം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടി ക്വിയര്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തന്റെ സ്വത്വം തുറന്നു പറയാന്‍ മാത്യു ദേവസ്സിക്ക് ആദ്യം കഴിയാതെ വരുന്നതും, അത് അയാളില്‍ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളും മമ്മൂട്ടിയിലൂടെ കാണുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും ഒരു തിരിച്ചറിവാണ്. സമൂഹത്തില്‍ ഇത്തരം മാത്യു ദേവസ്സിമാരുണ്ടെന്ന തിരിച്ചറിവ്. കാതലിലൂടെ 'ക്വിയര്‍ ലൈഫ്' എന്നത് കോമണ്‍ ആണെന്നും നോര്‍മല്‍ ആണെന്ന് അദ്ദേഹം മലയാള സിനിമയെയും പ്രേക്ഷകരെയും ഓര്‍മപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മലയാളം സിനിമ എന്നല്ല ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച പ്രകടനം എന്ന് വിളിക്കാം ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയുടേത്. ശരീരഭാഷ കൊണ്ടും ശബ്ദം കൊണ്ടുമെല്ലാം മറ്റെല്ലാവരെയും അസൂയപ്പടുത്തും വിധം മമ്മൂട്ടി പകര്‍ന്നാടിയ വേഷം. സിനിമയുടെ അവസാന ഭാഗത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ കഥാപാത്രത്തിന് മുന്നില്‍ മമ്മൂട്ടി നടത്തുന്ന ഒരു പ്രകടനമുണ്ട്, കാണുന്ന പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒന്ന്. അതുപോലെ കൊടുമണ്‍ പോറ്റി ഭക്ഷണം കഴിക്കുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ആ ഭക്ഷണം കഴിക്കുന്ന രീതിയില്‍ പോലും വിസ്മയിപ്പിക്കുന്ന ഒരു പരകായ പ്രവേശമുണ്ട്.
ഈ കഥാപാത്രങ്ങളൊന്നും ഒരു സൂപ്പര്‍താരത്തെ ആഘോഷിക്കും വിധമുള്ളവല്ല. നേരെ മറിച്ച് മമ്മൂട്ടിയിലെ നടന്റെ പുതിയ സാധ്യതകള്‍ തേടി പോകുന്നവയായിരുന്നു. ഇതില്‍ റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ തുടങ്ങിയ സിനിമകള്‍ അദ്ദേഹം തന്നെയാണ് നിര്‍മിച്ചതും. മമ്മൂട്ടിയുടെ സമീപകാല റിലീസുകളില്‍ കോമേഴ്‌സ്യല്‍ ചേരുവകള്‍ കൊണ്ട് സമ്പന്നമായ സിനിമ ടര്‍ബോ മാത്രമായിരുന്നു. അവിടെയും തന്റെ എഴുപത്തിമൂന്നാം വയസ്സില്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് തന്നിലെ നടനെ തൃപ്തിപ്പടുത്താനാകാം അദ്ദേഹം നോക്കിയത്.
ഇനി വരാനിരിക്കുന്ന മമ്മൂട്ടി റിലീസുകള്‍ നോക്കിയാലോ…
ഓരോന്നും ഓരോ ഴോണറുകളില്‍ കഥ പറയുന്നവയാണ്. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ അവസാനം പുറത്തിറങ്ങിയ ട്രെയ്ലര്‍ വരെ ഒരു ഫണ്‍ വൈബ് മിസ്റ്ററി എന്ന സൂചനയാണ് നല്‍കുന്നത്. രാജമാണിക്യവും തുറുപ്പുഗുലാനും ഉള്‍പ്പടെയുള്ള സിനിമകള്‍ ആഘോഷമായപ്പോള്‍ പോലും കോമഡി ടൈമിങ്ങിന്റെ പേരില്‍ മമ്മൂട്ടി ട്രോള്‍ ചെയ്യപ്പെടാറുണ്ട്. ആ ട്രോളുകള്‍ക്ക് ഈ 'കലൂരിലെ ഷെര്‍ലോക് ഹോംസ്' മറുപടി നല്‍കുമെന്ന് കരുതാം.
ഡൊമിനിക്കിന് തൊട്ടുപിന്നാലെ തന്നെ മറ്റൊരു മമ്മൂട്ടി പടം അടുത്ത മാസം വരുന്നുണ്ട്, ഒരു ഗെയിം ത്രില്ലര്‍… ബസൂക്ക. കുറച്ച് കാലത്തിന് ശേഷം അടിമുടി മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് റോള്‍ പ്രതീക്ഷിക്കുന്ന സിനിമയാണ്. മലയാളത്തില്‍ ഇന്നുവരെ പറഞ്ഞിട്ടില്ലാത്ത ഴോണറില്‍ കഥ പറയുന്ന സിനിമയാണിത്. ബസൂക്കയിലൂടെ തന്റെ വിമര്‍ശകരോടും സ്‌റ്റൈലിഷ് സിനിമകള്‍ തേടി മറ്റു ഭാഷകളിലേക്ക് പോകുന്നവരോടും 'നമ്മള്‍ ചെയ്യാത്ത റോളൊന്നുമില്ല ഭായ്' എന്ന് മമ്മൂട്ടി ഓര്‍മിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
മമ്മൂട്ടിയിലെ നടനെ ചലഞ്ച് ചെയ്യുന്ന ഒരു കഥാപാത്രവും ഈ വര്‍ഷം വരുന്നുണ്ട്, ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത്, അതും ജോണ്‍ ബ്രിട്ടാസ് പറയുന്നത് പ്രകാരമാണെങ്കില്‍ ഒരു സ്ത്രീ പീഡകനായ വില്ലന്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ എല്ലാ സൂപ്പര്‍താര സങ്കല്‍പങ്ങളും തകര്‍ത്തുകൊണ്ടുള്ള മമ്മൂട്ടിയുടെ ജൈത്രയാത്രയില്‍ ഒരു പൊന്‍തൂവല്‍ തന്നെയായേക്കാം ഈ കഥാപാത്രം.
നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും മമ്മൂട്ടി ശ്രമിക്കുന്നത് കോടികള്‍ വാരുന്ന സിനിമകള്‍ക്കല്ല. മലയാളത്തിന്റെ, ഇന്ത്യന്‍ സിനിമയുടെ അടുത്ത തലമുറകള്‍ക്കുള്ള പുത്തന്‍ പരീക്ഷണങ്ങള്‍ക്കുള്ള വഴി തുറന്നുവെക്കാനാണ്. അതിനാല്‍ തന്നെയാണ് സൂര്യ മുതല്‍ വെട്രിമാരനും പാ രഞ്ജിത്തുമെല്ലാം അദ്ദേഹത്തിന്റ തിരഞ്ഞെടുപ്പുകളെ വാനോളം പ്രകീര്‍ത്തിച്ചതും അനുരാഗ് കശ്യപിനെ പോലുള്ളവര്‍ മമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ നോക്കൂ, എത്ര ബോളിവുഡ് നടന്‍മാര്‍ ചെയ്യും അതൊക്കെ' എന്ന് പറഞ്ഞതും.
100 കോടി, 200 കോടി ക്ലബുകളിലൂടെ വാണിജ്യപരമായി മലയാള സിനിമ വളരുകയാണ് എന്നതില്‍ എതിര്‍ അഭിപ്രായം വേണ്ട. അത് മലയാള സിനിമാവ്യവസായത്തിന് നല്‍കുന്നത് വലിയ ഊര്‍ജമാണെന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍ കോടി ക്ലബുകളുടെ പേരില്‍ മമ്മൂട്ടി എന്ന അഭിനേതാവിനെ അളക്കരുത്. കാരണം അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, കോടി ക്ലബിലല്ല, കോടിക്കണക്കിന് പ്രേക്ഷകരുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കാനാണ് ഈ യാത്ര എന്ന്.
Content Highlights: Mammootty should not be measured by the name of crore clubs